കാര്‍ കയറി പരിക്കേറ്റ മൂര്‍ഖന് ജില്ലാ വെറ്റിനറി കേന്ദ്രത്തില്‍ ശസ്ത്രക്രിയ

കൊല്ലം: കരിക്കോട് ടികെഎം കോളജിനടുത്ത് റോഡില്‍ കാര്‍ കയറിയിറങ്ങി പരിക്കേറ്റ മൂര്‍ഖന്‍ പാമ്പിനെ ജില്ലാ വെറ്റിനറി കേന്ദ്രത്തില്‍ ശസ്ത്രക്രിയ നടത്തി. പരിക്കേറ്റെങ്കിലും ശൗര്യത്തോടെനിന്ന മൂര്‍ഖനെ നാട്ടുകാര്‍ക്ക് എടുത്തു മാറ്റാനായില്ല. ഒടുവില്‍ സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ യൂണിറ്റിനെ വിവരം അറിയിച്ചു. അസി.കണ്‍സര്‍വേറ്റര്‍ അന്‍വറിനെ നേതൃത്വത്തില്‍ വനപാലക സംഘം എത്തി മൂര്‍ഖനെ പ്രത്യേക കൂട്ടിനുള്ളിലാക്കി. കുടല്‍മാല പുറത്തുവന്ന നിലയില്‍ കണ്ട മൂര്‍ഖനെ ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ എത്തിച്ചു.
ഒരുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കൊടുവില്‍ കുടല്‍മാല ഉള്ളിലാക്കി മുറിവുകള്‍ തുന്നി കെട്ടി. ആന്റിബയോട്ടിക്കുകള്‍ നല്‍കി. ഇനി അഞ്ചു ദിവസത്തെ മരുന്നുകളുടെ തുടര്‍ചികിത്സ കൂടി വേണം. ജില്ലാ മൃഗാശുപത്രി മേധാവി ഡോ. ഡി. ഷൈന്‍ കുമാറിന്റെ നേതൃത്വത്തില്‍ ഡോ. സജയ് കുമാര്‍, ഡോ. എസ്. കിരണ്‍ ബാബു, അജിത് മുരളി എന്നിവര്‍ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കി. മുറിവ് ഉണങ്ങുമ്പോള്‍ മൂര്‍ഖനെ കുളത്തൂപ്പുഴ വനമേഖലയിലേക്ക് തുറന്നു വിടുമെന്ന് വനം വകുപ്പ് അധികൃതര്‍ പറഞ്ഞു.

Advertisement