മിസ് യൂണിവേഴ്സ് ഫൈനലിസ്റ്റ് സിയന്ന വെയർ മരിച്ചു

Advertisement

സിഡ്നി: കുതിരപ്പുറത്ത് നിന്ന് വീണുണ്ടായ അപകടത്തിൽ പരുക്കേറ്റ് ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന മിസ് യൂണിവേഴ്സ് 2022 ഫൈനലിസ്റ്റും ഓസ്ട്രേലിയൻ ഫാഷൻ മോഡലുമായ സിയന്ന വെയർ (23) മരിച്ചു.

ഒരുമാസം മുൻപ് ഓസ്‌ട്രേലിയയിൽ വിന്റ്സർ പോളൊ മൈതാനത്ത് കുതിരസവാരി ചെയ്യുമ്പോഴായിരുന്നു അപകടം. വീഴ്ചയിൽ ഗുരുതരമായി പരുക്കേറ്റതിനെ തുടർന്ന് ജീവൻരക്ഷാ ഉപകരണങ്ങളുടെ പിൻബലത്തോടെയാണ് ജീവൻനിലനിർത്തിയിരുന്നത്.

സിയന്നയുടെ വിയോഗത്തിൽ അനുശോചിച്ച്, ഇവരുടെ മോഡലിംഗ് ഏജൻസി സ്‌കൂപ്പ് മാനേജ്‌മന്റ്, അവരുടെ നിരവധി ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ ” എന്നും ഞങ്ങളുടെ ഹൃദയങ്ങളിൽ”- എന്ന അടിക്കുറിപ്പോടെ പങ്കിട്ടിട്ടുണ്ട്.

2022ലെ ഓസ്ട്രേലിയൻ മിസ് യൂണിവേഴ്സ് മത്സരത്തിൽ 27 ഫൈനലിസ്റ്റുകളിൽ ഒരാളായതോടെയാണ് സിയന്ന ശ്രദ്ധിക്കപ്പെടുന്നത്. സിഡ്‌നി സർവകലാശാലയിൽ നിന്നും സൈക്കോളജിയിലും ഇംഗ്ലീഷ് സാഹിത്യത്തിലും ഇരട്ട ബിരുദങ്ങൾ നേടിയിട്ടുണ്ട്.

മോഡലിംഗിന് പുറമെ കുതിര സവാരിയിലും താത്‌പര്യമുള്ള ആളായിരുന്നു സിയന്ന. മൂന്നാം വയസിൽ ആരംഭിച്ച കുതിര സവാരിയില്ലാത്ത ജീവിതം സങ്കൽപ്പിക്കാനാകില്ലെന്ന് ഒരിക്കൽ അവർ പറഞ്ഞിരുന്നു.

Advertisement