ഇന്ത്യക്കാര്‍ വീസയില്ലാതെ ഇനി വരേണ്ട; പ്രഖ്യാപനവുമായി ഈ രാജ്യം

തെക്കു കിഴക്കൻ യൂറോപ്പിലെ ഒരു രാജ്യമാണ് സെര്‍ബിയ. മുന്‍പ് ഹോട്ടൽ ബുക്കിങ്ങും ട്രാവൽ ഇൻഷുറൻസിന്‍റെ രേഖകളും ഫ്ലൈറ്റ് ടിക്കറ്റും മാത്രമുപയോഗിച്ച് ഇന്ത്യക്കാര്‍ക്ക് ഇവിടേക്ക് യാത്ര ചെയ്യാമായിരുന്നു. വർഷത്തിൽ 30 ദിവസം വീസയില്ലാതെ തങ്ങാനും സാധിക്കുമായിരുന്നു. എന്നാല്‍, 2023 ജനുവരി ഒന്നു മുതൽ മുതൽ ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് വീസയില്ലാതെ സെർബിയയിൽ പ്രവേശിക്കാനാകില്ല.

ഇതു സംബന്ധിച്ച്, സെർബിയൻ തലസ്ഥാനമായ ബെൽഗ്രേഡിലെ ഇന്ത്യൻ എംബസി ഇന്ത്യക്കാർക്ക് അറിയിപ്പു നൽകി. സാധാരണ ഇന്ത്യൻ പാസ്‌പോർട്ട് ഉള്ളവരോട് ജനുവരി ഒന്നിനു ശേഷം രാജ്യത്തേക്ക് പോകുന്നതിന് മുമ്പ് ബെൽഗ്രേഡിലെ സെർബിയൻ എംബസിയിൽ നിന്ന് വീസ നേടണമെന്ന് എംബസി ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലുള്ള പൗരന്മാർ വീസയ്‌ക്കായി ന്യൂഡൽഹിയിലെ സെർബിയ എംബസിയിലും അപേക്ഷിക്കണം

എന്നാല്‍, നിലവിൽ സാധുവായ ഷെങ്കൻ, യുകെ, യുഎസ് വീസകളോ ആ രാജ്യങ്ങളുടെ റസിഡൻസ് പെർമിറ്റോ കൈവശമുള്ള ഇന്ത്യക്കാർക്ക് 90 ദിവസത്തേക്ക് വീസയില്ലാതെ സെർബിയയിൽ പ്രവേശിക്കാനാകും.

ഇന്ത്യക്കാർക്ക് പുറമേ, ഗിനിയ-ബിസാവു, ടുണീഷ്യ, ബുറുണ്ടി എന്നിവിടങ്ങളിലെ പൗരന്മാർക്കും വീസ രഹിത യാത്രാ സൗകര്യം സെർബിയ അവസാനിപ്പിച്ചിരുന്നു. ഇത് കഴിഞ്ഞ നവംബർ 20 മുതൽ പ്രാബല്യത്തില്‍ വന്നു.

പുതിയ യൂറോപ്യൻ യൂണിയൻ വീസ നയത്തിന്‍റെ ഭാഗമായാണ് പുതിയ തീരുമാനം. കൂടാതെ അനധികൃതവും അമിതവുമായ കുടിയേറ്റ പ്രശ്നവും ഈ തീരുമാനത്തിന് പിന്നിലുള്ള ഘടകമാണ്. സമീപ വർഷങ്ങളിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരുടെ എണ്ണം വളരെയധികം കൂടിയിട്ടുണ്ട്. അഭയാർഥികളുടെ എണ്ണത്തിലും കുതിച്ചുചാട്ടം ഉണ്ടായിട്ടുണ്ട്.

രാജ്യത്തെത്തിയ ക്യൂബക്കാരുടെ എണ്ണം കഴിഞ്ഞ വർഷത്തെ 36 ൽ നിന്ന് 339 ആയി ഉയർന്നു. തുർക്കിക്കാരുടെ വരവ് 1,653 ൽ നിന്ന് 6,186 ആയി, കൂടാതെ, ഈ സമയത്ത് ഇന്ത്യയിൽ നിന്നുള്ള കുടിയേറ്റക്കാര്‍ 557 ൽ നിന്ന് 4,469 ആയി ഉയർന്നു, ഇത് സെർബിയയെ ആശങ്കയിലാഴ്ത്തി.

കുടിയേറ്റ പ്രതിസന്ധി മൂർദ്ധന്യത്തിലെത്തിയ 2015 ന് ശേഷം ഏറ്റവും കൂടുതൽ അനധികൃത അതിർത്തി ലംഘനങ്ങൾ റജിസ്റ്റർ ചെയ്തത് വെസ്റ്റേൺ ബാൾക്കൻ റൂട്ടിലാണ്. 2021 ഒക്ടോബറിൽ റിപ്പോർട്ട് ചെയ്യപ്പെട്ട 36,500 ബോർഡർ ക്രോസിങ്ങുകളിൽ 61 ശതമാനവും 22,300 ഡിറ്റക്‌ഷനുകളും രേഖപ്പെടുത്തിയിരിക്കുന്നത് വെസ്റ്റേൺ ബാൾക്കൻ റൂട്ടിൽ ആണെന്ന് യൂറോപ്യൻ ബോർഡർ ആൻഡ് കോസ്റ്റ് ഗാർഡ് ഏജൻസിയായ ഫ്രോണ്ടക്‌സ് വെളിപ്പെടുത്തി.

നിലവിൽ, അർമേനിയ, അസർബൈജാൻ, ബഹ്‌റൈൻ, ബൊളീവിയ, ചൈന, ക്യൂബ, ഇന്തൊനീഷ്യ, ജമൈക്ക, കിർഗിസ്ഥാൻ, കുവൈത്ത്, കസഖ്സ്ഥാൻ, ഒമാൻ, മംഗോളിയ, ഖത്തർ, സുരിനാം, തുർക്കി എന്നിവരുമായി സെർബിയയ്ക്ക് വീസരഹിത യാത്രക്കുള്ള കരാർ ഉണ്ട്. കൂടാതെ, റഷ്യൻ, ബെലാറസ് പൗരന്മാർക്ക് 30 ദിവസം വരെ വീസയില്ലാതെ സെർബിയ സന്ദർശിക്കാം.

വിനോദസഞ്ചാരത്തിന് വളരെയധികം പ്രാധാന്യമുള്ള നാടാണ് സെര്‍ബിയ. പർവതങ്ങളിലും സ്പാകളിലുമാണ് ഇവിടുത്തെ വിനോദസഞ്ചാരമേഖല പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സാവ, ഡാന്യൂബ് നദികളുടെ സംഗമസ്ഥാനമായ സെര്‍ബിയയിലെ രാത്രി ജീവിതം ആകര്‍ഷണീയമാണ്. വൈനറികളും പുരാതന ശൈലിയിലുള്ള കെട്ടിടങ്ങളുമെല്ലാം ഇവിടുത്തെ പ്രധാന ടൂറിസ്റ്റ് ആകര്‍ഷണങ്ങളില്‍പ്പെടുന്നു. എക്സിറ്റ്, ഗുക ട്രംപെറ്റ് ഫെസ്റ്റിവൽ എന്നിവ പോലെയുള്ള രാജ്യാന്തര പ്രശസ്തമായ നിരവധി സംഗീതോത്സവങ്ങളും സെർബിയയിൽ നടക്കുന്നു.

Advertisement