29.4 C
Kollam
Saturday 10th October, 2026 | 02:31:05 PM
Home News Breaking News മതം മറന്ന് മനുഷ്യസ്നേഹം; വീട്ടുജോലിക്കാരിക്ക് വൈദികന്റെ വീട്ടിൽ ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമം

മതം മറന്ന് മനുഷ്യസ്നേഹം; വീട്ടുജോലിക്കാരിക്ക് വൈദികന്റെ വീട്ടിൽ ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമം

ചോറ്റാനിക്കര: കാൽ നൂറ്റാണ്ടിലേറെ സ്വന്തം കുടുംബത്തിന്റെ ഭാഗമായി ജീവിച്ച വീട്ടുജോലിക്കാരിക്ക് ഓർത്തഡോക്സ് സഭാ വൈദികന്റെ വീട്ടിൽ ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമങ്ങൾ നടത്തി മാതൃകയായി ഒരു കുടുംബം.

അമ്പാടിമല ഓണശ്ശേരിൽ ഫാ. ഒ. ജെ. ജേക്കബിന്റെ വീട്ടിലെ സഹായിയായിരുന്ന ഇരുമ്പനം സ്വദേശിനി പാർവതി (പായമ്മ–88)യുടെ സംസ്കാരച്ചടങ്ങാണ് വൈദികന്റെ വീട്ടിൽ നടന്നത്. പാർവതിയുടെ ബന്ധുവായ സജീവ് ഹൈന്ദവ ആചാരപ്രകാരം കർമങ്ങൾ നിർവഹിച്ച ശേഷം എരുവേലി ശ്മശാനത്തിൽ സംസ്കാരം നടത്തി.

2000-ലാണ് പാർവതി ഫാ. ജേക്കബിന്റെ വീട്ടിലെത്തുന്നത്. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജ് പ്രൊഫസറായിരുന്ന വൈദികന്റെ ഭാര്യ മരിച്ചതിനെ തുടർന്ന് ആറുവയസ്സുകാരിയായ മകൾ മെറിനെ നോക്കാനായിരുന്നു അവരെ വീട്ടിലെത്തിച്ചത്. അടുത്ത ബന്ധുക്കൾ ആരുമില്ലാതിരുന്ന പാർവതി പിന്നീട് ആ കുടുംബത്തിലെ ഒരംഗമായി മാറുകയായിരുന്നു.

വാർദ്ധക്യസഹജമായ അസ്വസ്ഥതകൾ ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞ ആഴ്ചവരെ വീട്ടുകാര്യങ്ങളിൽ സജീവമായിരുന്നു പായമ്മ. ശാരീരിക ബുദ്ധിമുട്ടിനെ തുടർന്ന് ഞായറാഴ്ച രാത്രി ചോറ്റാനിക്കര ടാറ്റാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അവിടെവച്ചാണ് മരണം സംഭവിച്ചത്.

മൃതദേഹം രാത്രി തന്നെ വൈദികന്റെ വീട്ടിലെത്തിച്ച ശേഷം, പാർവതിയുടെ വിശ്വാസത്തിനും ആചാരങ്ങൾക്കും അനുസൃതമായി അന്ത്യകർമങ്ങൾ നടത്താനുള്ള എല്ലാ ഒരുക്കങ്ങളും ഫാ. ജേക്കബും കുടുംബാംഗങ്ങളും ചേർന്നാണ് നിർവഹിച്ചത്. മതത്തിനുമപ്പുറം മനുഷ്യസ്നേഹത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിച്ച ഈ സംഭവം സമൂഹത്തിൽ ശ്രദ്ധേയമായി.