Home News Breaking News കൊല്ലത്ത് 500 കിലോ ഇരുമ്പില്‍ തീര്‍ത്ത ഭീമന്‍ ലോകകപ്പ് മാതൃക

കൊല്ലത്ത് 500 കിലോ ഇരുമ്പില്‍ തീര്‍ത്ത ഭീമന്‍ ലോകകപ്പ് മാതൃക

കൊല്ലം: ലോകം ഫുട്‌ബോള്‍ ലഹരിയിലാണ്. ആ ഫുട്‌ബോള്‍ ആവേശത്തെ ഏറ്റെടുത്തിരിക്കുകയാണ് കൊല്ലത്തെ ആദിച്ചനല്ലൂര്‍ പഞ്ചായത്ത്. നാട്ടുകാര്‍ക്ക് കൗതുകമായി ആദിച്ചനല്ലൂര്‍ പഞ്ചായത്തില്‍ ഭീമന്‍ ലോകകപ്പ് മാതൃകയാണ് ഒരുക്കിയിട്ടുള്ളത്. ലോകകപ്പ് ഫുട്ബോളിനെ വരവേറ്റ് ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി മാലിന്യനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ക്ക് അവബോധം നല്‍കി ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്തിന് മുന്നിലാണ് കൂറ്റന്‍ ലോകകപ്പ് മാതൃക സ്ഥാപിച്ചത്.
വൈസ് പ്രസിഡന്റ് ജെ സരസ്വതി അധ്യക്ഷത വഹിച്ച ഈ ലോകകപ്പ് മാതൃകയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിനോക്കി എഡ്വേര്‍ഡ് നിര്‍വഹിച്ചു. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ സുജിത് ലഹരി വിരുദ്ധ സന്ദേശം നല്‍കി. പഞ്ചായത്ത് പരിധിയിലെ 11 സ്‌കൂളുകള്‍ക്ക് ഫുട്ബോള്‍ വിതരണം ചെയ്തു.
കേരളത്തിലെ തന്നെ ഏറ്റവും വലിയ ലോകകപ്പ് മാതൃക ആണ് ഇത്. ഏകദേശം 500 കിലോ ഇരുമ്പില്‍ നിര്‍മിച്ച ഈ മാതൃകയില്‍ ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് ബോട്ടിലുകളാണ് നിറച്ചിരിക്കുന്നത്. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കാന്‍ വേണ്ടിയാണ് ഗ്രാമപഞ്ചായത്ത് ഈ മാതൃക സ്ഥാപിച്ചത്.
കാനറാ ബാങ്ക് ആദിച്ചനല്ലൂര്‍, ഹോളിക്രോസ്സ് ഹോസ്പിറ്റല്‍, സംസം മെറ്റല്‍സ്, പഞ്ചായത്തിലെ കോണ്‍ട്രാക്റ്റേഴ്സ് എന്നിവരുടെ സഹകരണത്തോടെ സ്ഥാപിച്ച ഈ മാതൃകയ്ക്ക് ഏകദേശം 20 അടിയോളം ഉയരം ഉണ്ട്. പഞ്ചായത്ത് പരിധിയിലെ സ്‌കൂളുകള്‍ക്ക് അല്‍മാസ് ഫുട്ബോളുകള്‍ സ്പോണ്‍സര്‍ ചെയ്തു. ആദിച്ചനല്ലൂര്‍ പഞ്ചായത്തിലെ ഷിബു, മനോഹരന്‍, ശിവശങ്കര പിള്ള എന്നീ കലാകാരന്‍മാരുടെ കരവിരുതില്‍ രണ്ട് ആഴ്ച കൊണ്ട് ആണ് ഈ കൂറ്റന്‍ മാതൃക പൂര്‍ത്തിയായത്.
പഞ്ചായത്തിന് അകത്തു നിന്നും പുറത്തു നിന്നും നിരവധി ആളുകളാണ് ഈ മാതൃക കാണാന്‍ എത്തുന്നത്. ഫുട്ബോള്‍ വരവ് അറിയിച്ചു കൊണ്ട് ഫുട്ബോള്‍ പ്രേമികള്‍ക്ക് ആവേശം പകര്‍ന്നു കൊണ്ട് ലഹരി മുക്ത പ്രവര്‍ത്തനങ്ങള്‍ക്ക് സന്ദേശം നല്‍കികൊണ്ട് പ്ലാസ്റ്റിക് കുപ്പികളും ഇരുമ്പ് കമ്പികളും ഉപയോഗിച്ച് നിര്‍മിച്ച ലോകകപ്പ് മാതൃക നാട്ടുകാര്‍ക്ക് വര്‍ണ്ണ വിസ്മയം തീര്‍ക്കുന്ന കാഴ്ചയാണ്. വേള്‍ഡ് കപ്പ് കഴിഞ്ഞു ലോകകപ്പ് മാതൃക ലേലം ചെയ്തു കിട്ടുന്ന തുക പഞ്ചായത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികളുടെ പഠനചെലവിനു കൊടുക്കാന്‍ ആണ് പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here