ശാസ്താംകോട്ട:വിദ്യാലയമതിൽ കെട്ടുകൾക്കപ്പുറം അക്ഷരങ്ങളുടെ വസന്തം പൊതുസമൂഹത്തിലേക്ക് പകർന്നുനൽകി ബ്രൂക്ക് ഇന്റർനാഷണൽ സ്കൂളിലെ വിദ്യാർത്ഥികൾ നടത്തിയ വായനാവാരാഘോഷം ശ്രദ്ധേയമായി. ഭരണിക്കാവ് ജംഗ്ഷന്റെ സ്പന്ദനങ്ങളിലേക്കും കായൽവാരത്തിന്റെ ശാസ്താംകോട്ട പ്രകൃതിഭംഗിയിലേക്കും ഇറങ്ങിച്ചെന്ന് കുട്ടികൾ ഒരുക്കിയ അക്ഷരോത്സവം നാടിന് വേറിട്ടൊരു അനുഭവമായി മാറി.
കവിയും സാഹിത്യകാരനും നിരൂപകനുമായ സന്തോഷ് പ്ലാശ്ശേരി വായനാവാരാഘോഷത്തിൻ്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. വായനയിലൂടെ ഉണരുന്ന വിവേകമാണ് മനുഷ്യനെ പൂർണ്ണനാക്കുന്നതെന്നും, പുസ്തകങ്ങളെ പ്രണയിക്കുന്ന തലമുറയ്ക്ക് മാത്രമേ ഉത്തമസംസ്കാരമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കാൻ സാധിക്കൂ എന്ന് അദ്ദേഹം വിദ്യാർത്ഥികളെ ഓർമ്മിപ്പിച്ചു. സ്കൂൾ ഡയറക്ടർ ഫാദർ ഡോ. ജി. എബ്രഹാം തലോത്തിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വായനയിലൂടെ സ്വയം നവീകരിക്കാനും മറ്റുള്ളവർക്ക് വഴികാട്ടിയാകാനും ഏവർക്കും സാധിക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
വായനയുടെ മഹത്വം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഭരണിക്കാവിലെ യാത്രക്കാർക്ക് പുസ്തകങ്ങൾ സമ്മാനിച്ചുകൊണ്ടാണ് വായനദിനസന്ദേശം നൽകിയത്.
തുടർന്ന് കായൽ തീരത്ത്, മലയാളത്തിന്റെ പ്രിയ കവികളുടെ വേഷപ്പകർച്ചകളോടെ കുട്ടികൾ അരങ്ങിലെത്തി. പ്രശസ്തകവിതകളുടെ മനോഹരമായ ഗാനാലാപനം, കഥാകഥനം,നൃത്തം,കവിതാപാരായണം ദൃശ്യാവിഷ്കാരങ്ങൾ, വായനദിനപ്രതിഞ്ജ, എന്നിവ വായനാദിന പരിപാടികൾക്ക് മികവേകി. വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും പങ്കുചേർന്നു.




































