Home News Breaking News വസ്ത്രങ്ങള്‍ കീറി, പീഡനത്തിന്റെ സൂചനകള്‍….അങ്കണവാടി ജീവനക്കാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ പിടിയില്‍

വസ്ത്രങ്ങള്‍ കീറി, പീഡനത്തിന്റെ സൂചനകള്‍….അങ്കണവാടി ജീവനക്കാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ പിടിയില്‍

പത്തനംതിട്ട: പത്തനംതിട്ട ഗവിയില്‍ അങ്കണവാടി ജീവനക്കാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. വിനോദ് കുമാര്‍ എന്നയാളെയാണ് വണ്ടിപ്പെരിയാര്‍ പൊലീസ് പിടികൂടിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
വ്യാഴം രാവിലെയാണ് മീനാറിലെ അങ്കണവാടി ഹെല്‍പ്പറായ തമിഴ്‌നാട് സ്വദേശിനിയായ മേനകയെ (32) മൂന്ന് ഷെഡ് വളവില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വസ്ത്രങ്ങള്‍ കീറി, പീഡനത്തിന്റെ സൂചനകള്‍ മൃതദേഹത്തിലുണ്ടായിരുന്നു. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് മൂഴിയാര്‍ പൊലീസ് സ്ഥലത്തെത്തി. അക്രമി കുമളി ഭാഗത്തേക്കുള്ള ബസില്‍ കയറി രക്ഷപെട്ടതായി പൊലീസിന് വിവരം ലഭിച്ചു. തുടര്‍ന്നാണ് വണ്ടിപ്പെരിയാര്‍ പൊലീസ് വിനോദ് കുമാറിനെ കസ്റ്റഡിയിലെടുത്തത്.
രാവിലെ വീട്ടില്‍ നിന്നും അങ്കണവാടിയിലേക്ക് പുറപ്പെട്ടതായിരുന്നു യുവതി. അങ്കണവാടിയിലേക്ക് എത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടില്‍നിന്നും നാല് കിലോമീറ്ററോളം അകലെയുള്ള അങ്കണവാടിയിലേക്ക് എല്ലാദിവസവും നടന്നാണ് മേനക പോയിരുന്നത്. വ്യാഴാഴ്ച യുവതിയെ ബലമായി പിടിച്ചുകൊണ്ട് കാടിനുള്ളിലേക്ക് കൊണ്ടുപോയി അതിക്രൂരമായി ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം.
യുവതി ബലാത്സംഗത്തിനിരയായെന്ന് സംശയമുണ്ട്. എന്നാല്‍ ബലാത്സംഗം ചെയ്തിട്ടില്ലെന്നും വാക്കുതര്‍ക്കത്തിനിടെ പിടിച്ചുതള്ളിയപ്പോള്‍, മേനകയുടെ തല കല്ലില്‍ ഇടിച്ച് മരണപ്പെട്ടതാണെന്നും വിനോദ് കുമാര്‍ മൊഴി നല്‍കിയെന്നാണ് സൂചന.
കുമളി വള്ളക്കടവ് ചെക്ക് പോസ്റ്റിന് സമീപത്തുവെച്ചാണ് വിനോദ് കുമാറിനെ പിടികൂടിയത്. ഇയാള്‍ക്കൊപ്പം ഒരു പെണ്‍കുട്ടിയും ഉണ്ടായിരുന്നു. വിനോദ് കുമാറിനെ ചോദ്യം ചെയ്ത് വരികയാണ്. കൊലപാതകത്തില്‍ കൂടുതല്‍പേര്‍ക്ക് പങ്കുണ്ടോയെന്നും അന്വേഷിക്കും.