പത്രം മലയാള ദിനപത്രങ്ങളിലൂടെ |2026 | ജൂണ്‍ 2, ചൊവ്വ | 1201 | ഇടവം 19, മൂലം
അമേരിക്ക-ഇറാൻ സംഘർഷം രൂക്ഷമാകുന്നു; ഇറാന്റെ സൈനിക കേന്ദ്രങ്ങളിൽ അമേരിക്കയുടെ വ്യോമാക്രമണം
വീണ്ടും യുദ്ധം. അമേരിക്ക ഇറാന്റെ സൈനിക കേന്ദ്രങ്ങളിലേക്ക് വ്യോമാക്രമണം നടത്തി. ഗോരുക് നഗരത്തിലേയും കൃഷം ദ്വീപിലേയും റഡാര്‍, ഡ്രോണ്‍ സംവിധാനങ്ങള്‍ക്കുനേരെയാണ് ആക്രമണമുണ്ടായത്. തൊട്ടുപിറകേ, ഇറാന്‍ യുഎസ് താവളങ്ങള്‍ക്കുനേരെ പ്രത്യാക്രമണവും നടത്തി. ഇറാന്‍ കുവൈറ്റിലും ഇസ്രയേല്‍ ലബനനിലും ആക്രമണം നടത്തി. വടക്കന്‍ ഇസ്രയേലിലെ എല്ലാവരോടും ഒഴിഞ്ഞുപോകണമെന്ന് ഇറാന്‍ അന്ത്യശാനം നല്‍കി. ഈ പ്രദേശത്ത് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയേക്കുമെന്നാണു റിപ്പോര്‍ട്ട്.
സിബിഎസ്ഇ പുനര്‍മൂല്യനിര്‍ണയ പോര്‍ട്ടല്‍ വീണ്ടും പണിമുടക്കി; വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കയിൽ
സിബിഎസ്ഇ പന്ത്രണ്ടാം ക്ളാസ് ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണത്തിന് അപേക്ഷിക്കാനുള്ള പോര്‍ട്ടല്‍ വീണ്ടും ചതിച്ചു. ഇന്നലെ മുതല്‍ സജ്ജമാകുമെന്നാണു സിബിഎസ്ഇ അധികൃതര്‍ അറിയിച്ചിരുന്നത്. കഴിഞ്ഞ മാസം 19 മുതല്‍ പോര്‍ട്ടല്‍ അവതാളത്തിലായിരുന്നു. പതിനായിരക്കണക്കിനു വിദ്യാര്‍ത്ഥികള്‍ മാത്രമല്ല, മാതാപിതാക്കളും കടുത്ത ആശങ്കയിലാണ്.
സംസ്ഥാനത്ത് ലഹരി വിരുദ്ധ പദ്ധതി ‘തൂഫാന്‍’ ഇന്നു മുതല്‍
സംസ്ഥാനത്തെ ലഹരി വിരുദ്ധ പദ്ധതിയായ ‘തൂഫാന്‍’ ഇന്നു മുതല്‍. തിരുവനന്തപുരം കോട്ടണ്‍ ഹില്‍ സ്‌കൂളില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അധ്യക്ഷത വഹിക്കും. പത്തു വര്‍ഷത്തിനിടെ 554 കോടി രൂപയുടെ രാസലഹരി പിടികൂടുകയും 48,371 കേസുകളെടുക്കുകയും ചെയ്തിരുന്നു. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ രാസലഹരി വ്യാപനം തടയാനാണ് പദ്ധതി നടപ്പാക്കുന്നത്.
അട്ടക്കുളങ്ങര ഗവ. സ്‌കൂളിൽ പ്രവേശനോല്‍സവ ദിനത്തില്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു
ഒരു വര്‍ഷം മുമ്പ് അറ്റകുറ്റപ്പണി നടത്തിയ സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര പ്രവേശനോല്‍സവ ദിനത്തില്‍ തകര്‍ന്നുവീണു. തിരുവനന്തപുരം അട്ടക്കുളങ്ങര ഗവണ്‍മെന്റ് സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂരയാണു തകര്‍ന്നു വീണത്. വൈകിട്ട് അഞ്ചരയോടെയാണ് അപകടം ഉണ്ടായത്. സ്‌കൂളില്‍ ആരും ഉണ്ടായിരുന്നില്ല.
സിനിമാ മേഖലയിലെ പ്രശ്നങ്ങള്‍: താരങ്ങളുടെ ഇടപെടല്‍ വൈകരുതെന്ന് മന്ത്രി പി സി വിഷ്ണുനാഥ്
സിനിമാ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മുതിര്‍ന്ന താരങ്ങളുടെ ഇടപെടല്‍ വൈകരുതെന്ന് സാംസ്‌കാരിക മന്ത്രി പി സി വിഷ്ണുനാഥ്. താര സംഘടനയിലാണ് കുറേ പ്രശ്നങ്ങളുള്ളത്. സര്‍ക്കാറിന് ഒരു പരാതിയും ലഭിച്ചിട്ടില്ല. എന്നാല്‍ സര്‍ക്കാര്‍ വേണ്ട ഘട്ടത്തില്‍ ഇടപെടും. സിനിമ മേഖലയിലെ സംഘടനാ ഭാരവാഹികളുടെ യോഗം ഇന്നു വൈകുന്നേരം ചേരുന്നുണ്ടെന്നും മന്ത്രി വിഷ്ണുനാഥ് അറിയിച്ചു.
ചാലക്കുടി പഴയപാലം ബുധനാഴ്ചയോടെ പൂര്‍ണമായും തുറക്കും
ചാലക്കുടി പുഴയ്ക്കു കുറുകെയുള്ള പഴയപാലത്തില്‍ അറ്റകുറ്റ പ്രവര്‍ത്തികള്‍ അവസാന ഘട്ടത്തിലേക്ക്. പാലം ബുധനാഴ്ചയോടെ പൂര്‍ണമായും തുറന്നു കൊടുക്കാനാകും. ബെയറിങ് മാറ്റിയശേഷം എക്‌സ്പാന്‍ഷന്‍ ജോയിന്റ് നേരെയാക്കല്‍ ഞായറാഴ്ച പൂര്‍ത്തീകരിച്ചു. കോണ്‍ക്രീറ്റിങ് ആരംഭിച്ചിട്ടുണ്ട്.
മുന്‍മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക മൊബൈല്‍ ഫോണ്‍ നമ്പര്‍ കട്ടുചെയ്തു
മുന്‍മുഖ്യമന്ത്രി പിണറായി വിജയന്റെ മൊബൈല്‍ ഫോണ്‍ നമ്പര്‍ കട്ടുചെയ്തു. മുഖ്യമന്ത്രിയെന്ന നിലയില്‍ അനുവദിച്ച നമ്പറാണ് കട്ട് ചെയ്തത്. പത്തുവര്‍ഷമായി ഉപയോഗിച്ച നമ്പറാണിത്.
വിമാനത്തിലെ പ്രതിഷേധം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരായ വ്യോമയാന വകുപ്പ് ഒഴിവാക്കി
മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില്‍ മുദ്രാവാക്യം മുഴക്കിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേ ചുമത്തിയ വ്യോമയാന വകുപ്പ് ഒഴിവാക്കി പോലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അംഗീകരിച്ചു.
വ്യാപാരിയെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട സംഘത്തിലെ ഒരാള്‍ പിടിയിലായി
വ്യാപാരിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് 15 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട സംഘത്തിലെ ഒരാള്‍ പിടിയിലായി. പാലക്കാട് കഞ്ചിക്കോട് കെടിസി ജംഗ്ഷന്‍ തേജസ്സില്‍ ബിനുവിനെയാണ് തട്ടിക്കൊണ്ടുപോയത്. തിരുനെല്ലായി സ്വദേശി രവീന്ദ്രനെയാണ് പൊലീസ് പിടികൂടിയത്.
ഡ്രൈവിംഗ് ലൈസന്‍സില്‍ തിരിമറി: കൊല്ലത്ത് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് സസ്പെന്‍ഷൻ
ഡ്രൈവിംഗ് ലൈസന്‍സില്‍ തിരിമറി നടത്തിയ കൊല്ലം ആര്‍.ടി.ഒ ഓഫീസിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ചാത്തന്നൂര്‍ മീനാട് സ്വദേശി അജയകുമാറിനെ സസ്പെന്റ് ചെയ്തു. മോട്ടോര്‍ വാഹന വകുപ്പിന്റെ യൂസര്‍ ഐ.ഡിയും പാസ്വേഡും ഒരു സ്വകാര്യ ഡ്രൈവിംഗ് സ്‌കൂളിന് നല്‍കി തിരിമറിക്ക് ഒത്താശ ചെയ്തതിനാണു നടപടി. വിരമിക്കാനിരിക്കെയാണ് നടപടി.
മില്‍മ പാല്‍ വില കൂട്ടിയ തീരുമാനം പിന്‍വലിക്കണമെന്ന് ബിജെപി
മില്‍മ പാല്‍ വില കൂട്ടിയ തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സാധാരണക്കാര്‍ പ്രയാസപ്പെടുമ്പോള്‍ വിലക്കയറ്റം അടിച്ചേല്‍പ്പിക്കാന്‍ അനുവദിക്കില്ല. എന്നാല്‍ ക്ഷീരകര്‍ഷകര്‍ക്ക് ന്യായമായ വില നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
ദേശീയപാതയില്‍ നടുറോഡില്‍ പടക്കംപൊട്ടിച്ച് ആഘോഷം; മൂന്ന് യുവാക്കള്‍ പിടിയില്‍
കൊടുവള്ളിയില്‍ നട്ടപ്പാതിരായ്ക്ക് ദേശീയപാതയില്‍ പടക്കം പൊട്ടിച്ച് ബലി പെരുന്നാള്‍ ആഘോഷിച്ച മൂന്ന് യുവാക്കള്‍ പിടിയില്‍. നാട്ടുകാരും യാത്രക്കാരും യുവാക്കളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വെല്ലുവിളിച്ചായിരുന്നു നടുറോഡില്‍ പടക്കംപൊട്ടിച്ചത്. കൊടുവള്ളി കിഴക്കോത്ത് സ്വദേശി മുഹമ്മദ് ഫായിസ്, മുഹമ്മദ് ഷാനിദ്, കുന്ദമംഗലം സ്വദേശി വി. അര്‍ഷാദ് എന്നിവരാണു പിടിയിലായത്.
സ്‌കൂള്‍ ബാഗുകളില്‍ മോദിയുടെയും മേയറുടെയും ചിത്രം; തിരുവനന്തപുരത്ത് വിവാദം
തിരുവനന്തപുരം കോര്‍പറേഷന്റെ മേയര്‍ കെയര്‍ പദ്ധതിയുടെ പേരില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്ത സ്‌കൂള്‍ ബാഗുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും തിരുവനന്തപുരം മേയര്‍ വി വി രാജേഷിന്റെയും ചിത്രം പതിപ്പിച്ചത് വിവാദമായി. തിരുവനന്തപുരം നഗരസഭ പരിധിയിലെ നിര്‍ധനരായ കുട്ടികള്‍ക്കാണ് സ്‌കൂള്‍ ബാഗും നോട്ട്ബുക്കും വിതരണം ചെയ്തത്.
നെടുമങ്ങാട് കുഞ്ഞിന്റെ കൊലപാതകം: പ്രതി അഷ്‌കറിനെതിരെ കൂടുതല്‍ പരാതികള്‍
നെടുമങ്ങാട് ഒന്നരവയസ്സുകാരന്റെ കൊലപാതകത്തില്‍ പ്രതി അഷ്‌കറിനെതിര കൂടുതല്‍ ഗുരുതര പരാതികള്‍. ആദ്യ ഭാര്യ ആമിനയുടെ സഹോദരന്റെ മുങ്ങി മരണത്തിലും അഷ്‌കറുമായി വിവാഹം നിശ്ചയിച്ചിരുന്ന മറ്റൊരു യുവതിയുടെ മരണത്തിലും അഷ്‌കറിന് പങ്കുണ്ടെന്നാണ് സംശയം. അഷ്‌ക്കറിനെതിരായ പരാതികളില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് മന്ത്രി ബിന്ദു കൃഷ്ണ വിമര്‍ശിച്ചു.
കേരളത്തില്‍ അടുത്ത അഞ്ച് ദിവസങ്ങളില്‍ പരക്കെ മഴയ്ക്ക് സാധ്യത
കേരളത്തില്‍ അടുത്ത അഞ്ച് ദിവസങ്ങളില്‍ പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളില്‍ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയും ഇടിമിന്നലും പ്രതീക്ഷിക്കുന്നു.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗി കട്ടിലില്‍ നിന്ന് താഴെ വീണ് മരിച്ചു
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരുന്ന കൊല്ലം സ്വദേശി കട്ടിലില്‍ നിന്ന് താഴെ വീണ് മരിച്ചു. പടപ്പക്കര ലെനിന്‍ ഭവനത്തില്‍ വില്‍ഫ്രഡ് (62) ആണ് മരിച്ചത്. സംഭവത്തില്‍ മെഡിക്കല്‍ കോളേജ് പോലീസ് കേസെടുത്തു. വില്‍ഫ്രഡിന്റെ മകന്‍ ലെനിന്‍ നല്‍കിയ പരാതിയിലാണ് കേസ്.
സിബിഎസ്ഇ പന്ത്രണ്ടാം ക്ളാസ് പരീക്ഷാ വിവാദം: കേന്ദ്രം ആഭ്യന്തര അന്വേഷണം തുടങ്ങി
സിബിഎസ്ഇ പന്ത്രണ്ടാം ക്ളാസ് പരീക്ഷാ വിവാദത്തില്‍ കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം ആഭ്യന്തര അന്വേഷണം തുടങ്ങി. പുനര്‍മൂല്യനിര്‍ണ്ണയത്തിന് അപേക്ഷ നല്‍കേണ്ട സൈറ്റ് ഇതുവരെ പ്രവര്‍ത്തനക്ഷമമായില്ല.
സിബിഎസ്ഇ ‘ഓണ്‍-സ്‌ക്രീന്‍ മാര്‍ക്കിംഗ്’ ടെന്‍ഡറില്‍ വന്‍ അഴിമതിയെന്ന് രാഹുല്‍ ഗാന്ധി
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ ‘ഓണ്‍-സ്‌ക്രീന്‍ മാര്‍ക്കിംഗ്’ ടെന്‍ഡറില്‍ വന്‍ അഴിമതി നടന്നതായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ആരോപിച്ചു.
നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: ഡല്‍ഹിയില്‍ സമരത്തിനൊരുങ്ങി കോക്രോച് ജനത പാര്‍ട്ടി
നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയും സിബിഎസ്ഇ പരീക്ഷാഫല പ്രശ്നങ്ങളും യുവജനങ്ങളോടുള്ള ദ്രോഹമാണെന്നു ചൂണ്ടിക്കാട്ടി കോക്രോച് ജനത പാര്‍ട്ടി ഡല്‍ഹിയില്‍ സമരത്തിന്. ജന്തര്‍ മന്തറില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനെതിരെ സമരമിരിക്കുമെന്ന് അമേരിക്കയിലുള്ള പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദിപ്കെ. ജൂണ്‍ ആറിന് താന്‍ ഡല്‍ഹിയില്‍ എത്തുമെന്നും സമരത്തിനു പോലീസിന്റെ അനുമതി തേടുമെന്നും അദ്ദേഹം പറഞ്ഞു.
എയര്‍ ഇന്ത്യ ആഭ്യന്തര വിമാന സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുന്നു
എയര്‍ ഇന്ത്യ ആഭ്യന്തര വിമാന സര്‍വീസുകളില്‍ 22 ശതമാനം വരെ വെട്ടിക്കുറയ്ക്കുമെന്നു പ്രഖ്യാപിച്ചു. ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയാണ് ഈ നിയന്ത്രണം. വിമാന ഇന്ധനമായ എവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവലിന്റെ വിലയും പ്രവര്‍ത്തനച്ചെലവും വര്‍ധിച്ചതാണ് കാരണം.
വാണിജ്യ ഉപയോഗത്തിന് എഥനോള്‍ സ്റ്റൗവുകള്‍ ഉടന്‍ പുറത്തിറങ്ങും
വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറുകള്‍ക്കു പകരം എഥനോള്‍ അടിസ്ഥാനമാക്കിയുള്ള സ്റ്റൗവുകള്‍ ഉടന്‍ പുറത്തിറങ്ങും. വാണിജ്യ എല്‍പിജി വില കുതിച്ചുയരുന്നതിനാല്‍ ഹോട്ടലുടമകള്‍ക്കും മറ്റ് ഉപഭോക്താക്കള്‍ക്കും എഥനോള്‍ സ്റ്റൗവുകള്‍ ആശ്വാസമാകും.
ലഹരി ഉപയോഗം തടയാന്‍ ലഡാക്കില്‍ മദ്യനയം ഉദാരമാക്കി
ലഡാക്കില്‍ യുവാക്കള്‍ക്കിടയില്‍ മയക്കുമരുന്ന്-ലഹരി ഉപയോഗം വര്‍ദ്ധിക്കുന്നതു തടയാന്‍ മദ്യനയം ഉദാരമാക്കി. കൂടുതല്‍ മദ്യശാലകള്‍ തുറക്കാന്‍ ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്സേന അനുമതി നല്‍കി.
മിലിട്ടറി നഴ്സിംഗ് സര്‍വീസ് പുതിയ എഡിജിയായി മലയാളി മേജര്‍ ജനറല്‍ റേച്ചല്‍ തോമസ്
മിലിട്ടറി നഴ്സിംഗ് സര്‍വീസിന്റെ പുതിയ അഡീഷണല്‍ ഡയറക്ടര്‍ ജനറലായി മലയാളി മേജര്‍ ജനറല്‍ റേച്ചല്‍ തോമസ് ചുമതലയേറ്റു. നാലു പതിറ്റാണ്ടുകാലത്തെ സേവനത്തിനു ശേഷം മെയ് 31 ന് വിരമിച്ച മേജര്‍ ജനറല്‍ പി വി. ലിസ്സമ്മ വിരമിച്ച ഒഴിവിലാണ് നിയമനം.
താന്‍ മുഖ്യമന്ത്രിയല്ല മുഖ്യസേവനകനെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്
മുഖ്യമന്ത്രി അല്ല താന്‍ മുഖ്യസേവനകനാണെന്നു തമിഴ്നാട് മുഖ്യമന്ത്രി വിജയ്. തിരുച്ചിറപ്പള്ളിയിലെ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തമിഴ്നാട്ടിലെ എല്ലാവര്‍ക്കും നന്ദി. എന്‍ നെഞ്ചില്‍ കുടിയിരിക്കും തമിഴക മക്കള്‍ എന്നാണ് വിജയ് ജനങ്ങളെ അഭിസംബോധന ചെയ്തത്.
ഗുജറാത്തില്‍ ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ അനധികൃത സ്വത്ത് കേസില്‍ പിടിയില്‍
വിരമിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, ഗുജറാത്തില്‍ ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറായ അശ്വിന്‍ ബി ചൗധരി അനധികൃത ആസ്തികളുമായി വിജിലന്‍സിന്റെ പിടിയിലായി. രണ്ടു കോടിയിലധികം രൂപയുടെ അനധികൃത സ്വത്ത് സമ്പാദന കേസിലാണു പിടിയിലായത്. ഇദ്ദേഹത്തിന്റെ വാഹനത്തില്‍നിന്ന് അഞ്ചര ലക്ഷം രൂപ പിടിച്ചെടുക്കുകയും ചെയ്തു.
പുതിയ പാര്‍ട്ടി അഭ്യൂഹങ്ങള്‍ക്കിടെ കെ അണ്ണാമലൈ ഡല്‍ഹിയിലേക്ക്
തമിഴ്‌നാട് ബിജെപി മുന്‍ അധ്യക്ഷന്‍ കെ അണ്ണാമലൈ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ, ‘രണ്ട് ദിവസം കാത്തിരിക്കൂ’ എന്ന പ്രതികരണവുമായി അദ്ദേഹം ഡല്‍ഹിയിലേക്കു പോയി. പാര്‍ട്ടി പതാകയില്ലാത്ത കാറിലെ യാത്രയും അനുയായികളുടെ പോസ്റ്ററുകളും പുതിയ രാഷ്ട്രീയ നീക്കത്തിന്റെ സൂചനയാണ്.
അമേരിക്കയുമായി ചര്‍ച്ചകള്‍ നടക്കുന്നില്ലെന്ന് ഇറാന്‍
അമേരിക്കയുമായി ഒരു ചര്‍ച്ചയും നടക്കുന്നില്ലെന്ന് ഇറാന്‍. സൈനിക നീക്കങ്ങളെത്തുടര്‍ന്ന് സംഘര്‍ഷം രൂക്ഷമായതിനാല്‍ ചര്‍ച്ചയെല്ലാം നിര്‍ത്തിവച്ചെന്ന് ഇറാന്‍ വ്യക്തമാക്കി.
ഇറാന്‍ ആക്രമണം: ഗള്‍ഫിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് വന്‍ നാശനഷ്ടമെന്ന് റിപ്പോർട്ട്
ഇറാന്‍ നടത്തിയ ആക്രമണങ്ങളില്‍ ഗള്‍ഫിലെ 20 അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്കു നാശനഷ്ടം വന്നതായി റിപ്പോര്‍ട്ട്. ഉപഗ്രഹ ചിത്രങ്ങളും പുറത്തുവന്ന വീഡിയോകളും വിശകലനം ചെയ്ത് ബിബിസിയാണ് റിപ്പോര്‍ട്ട് ചെയ്തത്. യുഎസ് താവളങ്ങളിലെ അത്യാധുനിക വ്യോമപ്രതിരോധ സംവിധാനങ്ങള്‍, ഇന്ധനം നിറയ്ക്കുന്ന വിമാനങ്ങള്‍, റഡാറുകള്‍ എന്നിവയ്ക്ക് വന്‍ നാശനഷ്ടമുണ്ടായിട്ടുണ്ട്.
ഫിഫ ലോകകപ്പ് ഇന്ത്യയിൽ ‘യുണൈറ്റ്8 സ്‌പോര്‍ട്‌സ്’ വഴി തത്സമയം കാണാം
ഫിഫ ലോകകപ്പ് ഇന്ത്യയില്‍ സീ എന്റര്‍ടൈന്‍മെന്റിന്റെ പുതിയ കായിക ചാനലായ ‘യുണൈറ്റ്8 സ്‌പോര്‍ട്‌സ്’ വഴി തത്സമയം കാണാം. 48 ടീമുകള്‍ മാറ്റുരയ്ക്കുന്ന ലോകകപ്പ് മത്സരങ്ങള്‍ ‘സീ5’ ഒ.ടി.ടി. പ്ലാറ്റ്ഫോമിലും തത്സമയം സ്ട്രീം ചെയ്യും. യു.എസ്.എ., മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങള്‍ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് മത്സരങ്ങള്‍ ജൂണ്‍ 11 ന് ആരംഭിച്ച് ജൂലൈ 19 ന് അവസാനിക്കും.
റെക്കോർഡ് നേട്ടം; ഇന്ത്യയുടെ ജിഎസ്ടി വരുമാനം 1.94 ലക്ഷം കോടി രൂപയായി ഉയര്‍ന്നു
ഇന്ത്യയുടെ ജിഎസ്ടി വരുമാനം മെയ് മാസത്തില്‍ 1.94 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തേക്കാള്‍ 3.2 ശതമാനം വളര്‍ച്ച. റീഫണ്ടുകള്‍ കിഴിച്ച ശേഷമുള്ള നെറ്റ് ജിഎസ്ടി വരുമാനം 1.66 ലക്ഷം കോടി രൂപയായി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 3.3 ശതമാനം കൂടുതലാണിത്. മേയ് മാസത്തില്‍ സര്‍ക്കാര്‍ നല്‍കിയ ആകെ റീഫണ്ടുകള്‍ 27,281 കോടിയായിരുന്നു. ഇന്റഗ്രേറ്റഡ് ജിഎസ്ടി -1,11,644 കോടി, സെന്‍ട്രല്‍ ജിഎസ്ടി -37,397 കോടി, സ്റ്റേറ്റ് ജിഎസ്ടി -45,143 കോടി എന്നിങ്ങനെയാണ് കഴിഞ്ഞ മാസത്തെ വരുമാനം. ആഭ്യന്തര ഇടപാടുകളില്‍ നിന്നുള്ള ജിഎസ്ടി വരുമാനം 2.6 ശതമാനം കുറഞ്ഞ് 1,34,530 കോടി രൂപയായി. എന്നാല്‍ ഇറക്കുമതികളില്‍ നിന്നുള്ള ജിഎസ്ടി വരുമാനം 19.1 ശതമാനം ഉയര്‍ന്ന് 59,654 കോടിയിലെത്തി. 2026-27 ലെ ഏപ്രില്‍-മേയ് കാലയളവില്‍ രാജ്യത്തിന്റെ ആകെ ജിഎസ്ടി സമാഹരണം 4.36 ലക്ഷം കോടി രൂപയായി. കഴിഞ്ഞ വര്‍ഷം 4.11 ലക്ഷം കോടിയാണ് ജിഎസ്ടി വരുമാനമായി ലഭിച്ചത്. 6.2 ശതമാനം വര്‍ധന.
പ്രീമിയം ഒടിടികളും ഡാറ്റയും; പുതിയ ‘200 രൂപ ഒ.ടി.ടി പാസ്’ അവതരിപ്പിച്ച് റിലയന്‍സ് ജിയോ
വീണ്ടും അതിശയകരമായ ഓഫറുമായി റിലയന്‍സ് ജിയോ. ഒരൊറ്റ റീച്ചാര്‍ജില്‍ ഒട്ടുമിക്ക പ്രീമിയം ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളും ലൈവ് ടിവി ചാനലുകളും ഡാറ്റയും ലഭ്യമാക്കുന്ന പുതിയ ‘200 രൂപ ജിയോ ഒ.ടി.ടി പാസ്’ കമ്പനി അവതരിപ്പിച്ചു. വിനോദവും കണക്റ്റിവിറ്റിയും ഒന്നിച്ച് ചേര്‍ത്തുള്ള ഈ പുതിയ പാസ് 28 ദിവസത്തെ കാലാവധിയിലാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. പ്രതിമാസം ഏകദേശം 1,500 രൂപയോളം വിലമതിക്കുന്ന ആനുകൂല്യങ്ങളാണ് ജിയോ കേവലം 200 രൂപയ്ക്ക് ഈ പ്ലാനിലൂടെ വരിക്കാര്‍ക്ക് നല്‍കുന്നത്. നിലവില്‍ സജീവമായ ഒരു ബേസ് പ്ലാന്‍ ഉള്ള ഏത് ജിയോ ഉപഭോക്താവിനും ഈ പാസ് സ്വന്തമാക്കാം. 15 പ്രീമിയം ഒടിടി സബ്‌സ്‌ക്രിപ്ഷനുകളാണ് പ്ലാനിന്റെ ഏറ്റവും വലിയ സവിശേഷത. ഇതില്‍ പ്രധാന പ്ലാറ്റ്ഫോമുകളെല്ലാം ഉള്‍പ്പെടും. 1,000ത്തിലധികം ലൈവ് ടിവി ചാനലുകള്‍ ലഭ്യമാകുമെന്നതും ഒടിടി പാസിന്റെ പ്രത്യേകതയാണ്. 30 ജിബി ഹൈ-സ്പീഡ് 4ജി/5ജി ഡാറ്റയാണ് പ്ലാനിനൊപ്പം ലഭിക്കുക.
ജയസൂര്യ – വിനായകന്‍ ചിത്രം ‘ടൈറ്റന്‍സ്’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു
നേരമ്പോക്കിന്റെ ബാനറില്‍ പ്രിന്‍സ് ജോയ് സംവിധാനം ചെയ്യുന്ന ജയസൂര്യ – വിനായകന്‍ ചിത്രം ‘ടൈറ്റന്‍സ്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്കോടെയുള്ള ടൈറ്റില്‍ പുറത്തുവിട്ടു. വെള്ളത്തൊപ്പിയും വെള്ളസ്യൂട്ടും അണിഞ്ഞ മുഖം വ്യക്തമാകാത്ത നിരവധിപ്പേരുടെ ഇടയില്‍ വ്യത്യസ്ഥ നിറത്തിലുള്ള സ്യൂട്ടും തൊപ്പിയും ധരിച്ച ജയസൂര്യയും വിനായകനും ഇവര്‍ക്കൊപ്പം നിഹാലും റാപ്പര്‍ ബേബി ജീനും നില്‍ക്കുന്നതാണ് പോസ്റ്റര്‍. അഭിനേതാക്കളുടെ ലുക്കും ടൈറ്റന്‍സ് എന്ന പേരും ഒരു പാശ്ചാത്യസിനിമയെ ഓര്‍മ്മപ്പെടുത്തുന്നു. തികച്ചും ഫാന്റസി ഹ്യൂമര്‍ ജോണറിലാണ് ഈ ചിത്രത്തിന്റെ അവതരണം. സണ്ണി വെയ്ന്‍, സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ്, മണികണ്ഠന്‍ ആചാരി എന്നിവരും ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു. ഒക്ടോബര്‍ മാസത്തില്‍ പ്രദര്‍ശനത്തിനെത്തുും.
സജിന്‍ ബാബു സംവിധാനം ചെയ്യുന്ന ‘തര്‍ക്കം’; ഫസ്റ്റ് ലുക്ക് റിലീസായി
ദേശീയ അവാര്‍ഡ് ജേതാവായ സജിന്‍ ബാബു രചനയും സംവിധാനവും നിര്‍വഹിക്കുന്ന ‘തര്‍ക്കം’എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. പുതുമുഖങ്ങള്‍ക്ക് ഏറേ പ്രാധാന്യം നല്കി ഒരുക്കിയ ഈ ചിത്രത്തില്‍ ജാതി-ഫ്യൂഡല്‍ മേധാവിത്വത്തെ ഇന്നും ന്യായികരിച്ച് അഭിമാനത്തോടെ ജീവിക്കുന്ന ഒരു പോലീസ് ഓഫീസറും, ഡോക്ടര്‍ ബി ആര്‍ അംബേദ്കറുടെ പുരോഗമന ആശയങ്ങളില്‍ ആകൃഷ്ടനായി ലോകത്തെ കാണാനും, നയിക്കാനും ശ്രമിക്കുന്ന സുര്‍ജിത്ത് എന്ന യുവാവും തമ്മിലുണ്ടാകുന്ന സംഘര്‍ഷത്തിന്റെ സംഭവബഹുലമായ മുഹൂര്‍ത്തങ്ങള്‍ റിയാലിസ്റ്റ്ക് ത്രില്ലര്‍ ജോണറില്‍ ദൃശ്യവല്‍ക്കരിക്കുന്നു. ക്ലൈമാക്സ് രംഗങ്ങള്‍ ഒരേ സമയം ഏഴോളം ക്യാമറകള്‍ ഉപയോഗിച്ച് നാല് സിനീമേറ്റോഗ്രഫേഴിന്റെ മേല്‍നോട്ടത്തിലാണ് ചിത്രീകരിച്ചത്. കൊടുങ്ങല്ലൂര്‍ മഹാദേവീ ക്ഷേത്രത്തിലെ ഭരണി ആഘോഷത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രമാണിത്.
നിരത്തൊഴിഞ്ഞ പജേറോ തിരിച്ചു കൊണ്ടുവരാന്‍ ഒരുങ്ങി മിസ്തുബിഷി
അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് നിരത്തൊഴിഞ്ഞ പജേറോ തിരിച്ചു കൊണ്ടുവരാന്‍ ഒരുങ്ങുകയാണ് മിസ്തുബിഷി. ചില വിപണികളില്‍ ഈ വാഹനം മൊണ്ടേറോ ബാഡ്ജിങ്ങിലായിരിക്കും എത്തുക. ട്രൈറ്റണ്‍ പിക്ക്അപ്പ് ട്രക്കിന് അടിസ്ഥാനമൊരുക്കുന്ന ലാഡര്‍ ഫ്രെയിം പ്ലാറ്റ്‌ഫോമിലാണ് പുതിയ പജേറോ ഒരുങ്ങുക. അതുകൊണ്ടുതന്നെ യഥാര്‍ഥ പജേറോയെക്കാള്‍ പജേറോ സ്‌പോട്ടുമായി ചേര്‍ന്ന് നില്‍ക്കുന്ന ഡിസൈനിലാണ് പുതിയ പതിപ്പും ഒരുങ്ങുന്നത്. മികച്ച ഡ്രൈവിങ് എക്‌സ്പീരിയന്‍, സൗകര്യപ്രദമായ ക്യാബിന്‍, കാര്യക്ഷമമായ ഓഫ് റോഡ് ശേഷി എന്നിവയായിരിക്കും പുതുതായി ഒരുങ്ങുന്ന പജേറോയുടെ മുഖമുദ്ര. 1982-ലാണ് യഥാര്‍ഥ പജേറോയുടെ പിറവി. ഓഫ് റോഡ് വാഹനങ്ങളുടെ കരുത്തും പാസഞ്ചര്‍ വാഹനങ്ങളുടെ സൗകര്യവും ഒരുമിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ വാഹനം ഒരുങ്ങിയത്. നാല് തലമുറകളിലായി 170-ല്‍ അധികം രാജ്യങ്ങളിലാണ് പജേറോ എത്തിയത്. ഏകദേശം 3.25 ദശലക്ഷം പജേറോകള്‍ ലോകത്താകമാനം വിറ്റിട്ടുണ്ട്.
പുസ്തക പരിചയം: ‘ആനന്ദവനം’ – രാഹുല്‍ ശങ്കുണ്ണി
ആനന്ദവനത്തിലെ കഥാപാത്രങ്ങള്‍ അകപ്പെട്ടുപോകുന്നത് പ്രത്യക്ഷത്തില്‍ കാണുന്നതുപോലെ ഒരു വനത്തിലല്ല, അത്യന്തം സങ്കീര്‍ണ്ണമായ അനുഭവങ്ങളുടെ മഹാവിപിനത്തിലാണ്. അവിടെ ഒരേ ജന്മത്തിന്റെ അനേകം ഉള്‍വഴികളിലൂടെ അവര്‍ക്കു സഞ്ചരിക്കേണ്ടിവരുന്നു. പുനര്‍ജ്ജനിയിലെന്നതു പോലെ ആ വനഗര്‍ഭത്തില്‍ നിന്നും തിരിച്ചെത്തുന്ന ഏതാനും മനുഷ്യരുടെ ജീവിതത്തിന്റെ സൂക്ഷ്മസാക്ഷാല്‍ക്കാരമാണ് ഈ നോവല്‍. ‘ആനന്ദവനം’. രാഹുല്‍ ശങ്കുണ്ണി. ലോഗോസ് ബുക്സ്. വില 304 രൂപ.
ഉറക്കക്കുറവ് അര്‍ബുദസാധ്യത വര്‍ധിപ്പിക്കുമെന്ന് പുതിയ ആരോഗ്യ പഠനം
ഉറക്കക്കുറവ് അര്‍ബുദസാധ്യത വര്‍ധിപ്പിക്കുമെന്ന് പുതിയ പഠനം. അമ്പത് വയസ്സിന് താഴെയുള്ളവരില്‍ അര്‍ബുദസാധ്യത കൂട്ടുന്നതില്‍ ഉറക്കം കുറയുന്നത് വലിയൊരു ഘടകമാണെന്നാണ് പഠനം വ്യക്തമാക്കുന്നത്. ഹൂസ്റ്റണിലെ എംഡി ആന്‍ഡേഴ്സണ്‍ കാന്‍സര്‍ സെന്ററാണ് പഠനം നടത്തിയത്. 18-നും 50-നും ഇടയില്‍ പ്രായമുള്ള 18 ദശലക്ഷം യുഎസ് പൗരന്മാരുടെ ആരോഗ്യവിവരങ്ങള്‍ ശേഖരിച്ചാണ് വിലയിരുത്തലിലെത്തിയത്. ഉറക്കക്കുറവുള്ളവരില്‍ കുടലിനെ ബാധിക്കുന്ന അര്‍ബുദം, സ്തനാര്‍ബുദം, ഗര്‍ഭാശയാര്‍ബുദം അല്ലെങ്കില്‍ അണ്ഡാശയ കാന്‍സര്‍ എന്നിവ പിടിപെടാനുള്ള സാധ്യത കൂടുതലാണെന്ന് ഗവേഷകര്‍ കണ്ടെത്തി. ഉറക്കമില്ലായ്മ ബാധിച്ച 50 വയസ്സില്‍ താഴെയുള്ളവര്‍ക്ക് അഞ്ച് വര്‍ഷത്തിനുള്ളില്‍ കാന്‍സര്‍ പിടിപെടാനുള്ള സാധ്യത മൂന്ന് മടങ്ങാണെന്നും ഗവേഷകര്‍ പറയുന്നു. ഉറക്കക്കുറവിനൊപ്പം മദ്യപാനം, അമിതവണ്ണം, വ്യായാമമില്ലായ്മ, പുകവലി തുടങ്ങിയവ ഉണ്ടാകുന്നാതാവാം അര്‍ബുദ സാധ്യത കൂട്ടുന്നതെന്നും ഗവേഷകര്‍ കരുതുന്നു. ഉറക്കം കുറയുന്നത് പ്രതിരോധസംവിധാനത്തെ തകരാറിലാക്കും. ദുര്‍ബലമായ, രോഗപ്രതിരോധ സംവിധാനവും ചില കാന്‍സറുകളുടെ അപകടസാധ്യത വര്‍ധിപ്പിക്കുമെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ മൂന്ന് ദശകത്തിനിടയില്‍ അര്‍ബുദം ബാധിച്ച ചെറുപ്പക്കാരുടെ എണ്ണത്തില്‍ ഏകദേശം 80% വര്‍ധനവുണ്ടായെന്നും പഠനം പറയുന്നു. മുപ്പതുകളിലും നാല്‍പതുകളിലും ഉള്ളവരിലും അതില്‍ താഴെയുള്ളവരിലും കാന്‍സര്‍ മരണനിരക്ക് 27 ശതമാനമായി വര്‍ധിച്ചുവെന്നും പഠനത്തിലുണ്ട്.































