Home News പത്രം മലയാള ദിനപത്രങ്ങളിലൂടെ |ഇന്ന് 2026 മേയ് 24,ഞായര്‍ (1201 | ഇടവം 10, പൂരം)

പത്രം മലയാള ദിനപത്രങ്ങളിലൂടെ |ഇന്ന് 2026 മേയ് 24,ഞായര്‍ (1201 | ഇടവം 10, പൂരം)

Advertisement

പത്രം മലയാള ദിനപത്രങ്ങളിലൂടെ

തിയ്യതി: 2026 | മേയ് 24, ഞായര്‍ (1201 | ഇടവം 10, പൂരം)

വാർത്തകൾ തയ്യാറാക്കിയത്: രജനീഷ് മൈനാഗപ്പള്ളി

ഐഎഎസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയത് വിവാദത്തിൽ

വകുപ്പ് മന്ത്രിമാര്‍ അറിയാതെ ആറ് കളക്ടര്‍മാരുള്‍പ്പെടെ 15 ഐഎഎസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയതു വിവാദമായി. മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഡല്‍ഹിയിലായിരിക്കേ, ഫോണില്‍ അറിയിച്ചാണ് ചീഫ് സെക്രട്ടറി ഉത്തരവിറക്കിയത്. ചീഫ് സെക്രട്ടറിയുടെ നടപടിയില്‍ മന്ത്രിമാര്‍ എതിര്‍പ്പ് അറിയിച്ചു. വ്യവസായ വകുപ്പു ഡയറക്ടര്‍, ജല അതോറിറ്റി എംഡി എന്നിവരുടെ നിയമനം വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും ജനവിഭവവകുപ്പു മന്ത്രി മോന്‍സ് ജോസഫും അറിഞ്ഞില്ല. റവന്യൂ മന്ത്രിയെ അറിയിക്കാതെയാണ് ആറു ജില്ലാ കളക്ടര്‍മാരെ മാറ്റാന്‍ ഉത്തരവിട്ടത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കറെ നിയമിച്ചതും വിവാദമായിട്ടുണ്ട്.

വിവാദ സ്ഥലംമാറ്റ ഉത്തരവിന്റെ വിശദാംശങ്ങൾ

ചീഫ് സെക്രട്ടറി നടത്തിയ വിവാദ സ്ഥലംമാറ്റ ഉത്തരവ് ഇങ്ങനെ: പാട്ടീല്‍ അജിത് ഭഗവത് റാവുവിനെ ധനവകുപ്പ് സെക്രട്ടറിയായും പി. ബി നൂഹിനെ ജിഎസ്ടി കമ്മീഷണറായും നിയമിച്ചു. കെ ഇമ്പശേഖര്‍ വാട്ടര്‍ അതോറിറ്റി എംഡിയാകും. കണ്ണൂര്‍ കളക്ടറായ അരുണ്‍ കെ വിജയനെ വ്യവസായ വകുപ്പ് ഡയറക്ടറായും സ്നേഹില്‍ കുമാര്‍ സിങിനെ എന്‍ട്രന്‍സ് കമ്മീഷണറായും നിയമിച്ചു. കൊല്ലം, കോഴിക്കോട്, പാലക്കാട്, പത്തനംതിട്ട, കണ്ണൂര്‍, ആലപ്പുഴ ജില്ലാ കളക്ടര്‍മാരെ തിങ്കളാഴ്ച ചുമതലയേല്‍ക്കണമെന്ന നിര്‍ദേശത്തോടെ തിടുക്കത്തില്‍ മാറ്റിയിട്ടുണ്ട്.

യുഎസ് – ഇറാൻ സമാധാന കരാർ അന്തിമ ഘട്ടത്തിൽ

യുഎസും ഇറാനും തമ്മിലുള്ള സമാധാന കരാറിന്റെ ഭൂരിഭാഗം നിബന്ധനകളും ചര്‍ച്ച ചെയ്ത് ധാരണയിലെത്തിയതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഞങ്ങള്‍ ഒരു ധാരണാപത്രത്തിന്റെ അന്തിമ ഘട്ടത്തിലാണ്’ എന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മയില്‍ ബഖായ് പറഞ്ഞു.

പിഎം ശ്രീ പദ്ധതി: സംസ്ഥാനത്തിന് 93 കോടി രൂപ ലഭിച്ചു

പിണറായി സര്‍ക്കാര്‍ ഒപ്പിട്ട പിഎം ശ്രീ പദ്ധതി പ്രകാരം 93 കോടി രൂപ സംസ്ഥാന സര്‍ക്കാരിനു ലഭിച്ചിട്ടുണ്ടെന്നും പദ്ധതി നടപ്പാക്കുന്നതു സംബന്ധിച്ചു രാഷ്ട്രീയ തീരുമാനമെടുക്കുമെന്നും വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്‍. പ്ലസ് വണ്‍ സീറ്റ് വര്‍ധിപ്പിക്കേണ്ടിവരും. അധിക സീറ്റും താല്‍ക്കാലിക ബാച്ചുകളും ഉണ്ടാകും. പാഠപുസ്തക വിതരണം ഈ മാസം 29 നകം പൂര്‍ത്തിയാക്കും. മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ മന്ത്രിമാരുടെ വാഹന നമ്പറുകൾ പ്രഖ്യാപിച്ചു

സംസ്ഥാനത്തെ മന്ത്രിമാരുടെ ഔദ്യോഗിക വാഹനങ്ങള്‍ക്കുള്ള നമ്പറുകളായി. മുഖ്യമന്ത്രി വിഡി സതീശന്റെ കാറിന് ഒന്നാം നമ്പരും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടേതിന് ഒമ്പതാം നമ്പറുമാണ്. രണ്ടാം നമ്പര്‍ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ വാഹനത്തിനാണ്. മോന്‍സ് ജോസഫിന് മൂന്നും സണ്ണി ജോസഫിന് നാലും കെ മുരളീധരന് പതിനൊന്നും എപി അനില്‍കുമാറിന് ഏഴും നമ്പറുകള്‍ ലഭിച്ചു. പിസി വിഷ്ണുനാഥ്- 12, എം ലിജു- 18, റോജി എം ജോണ്‍- 16, ടി സിദ്ദീഖ്- 15, കെഎ തുളസി- 8, ബിന്ദു കൃഷ്ണ- 27, ഒജെ ജനീഷ് – 19, എന്‍ ഷംസുദ്ദീന്‍- 21, കെഎം ഷാജി- 13, പികെ ബഷീര്‍- 17, വിഇ അബ്ദുല്‍ ഗഫൂര്‍- 14, അനൂപ് ജേക്കബ്- 5, ഷിബു ബേബി ജോണ്‍ – 51, സിപി ജോണ്‍- 6 എന്നിങ്ങനെയാണ് അനുവദിച്ച വാഹന നമ്പറുകള്‍.

നവകേരള യാത്രയിലെ ‘രക്ഷാപ്രവർത്തനം’: അഞ്ച് പൊലീസുകാർ കുറ്റക്കാർ

നവകേരള യാത്രയില്‍ ‘രക്ഷാപ്രവര്‍ത്തനം’ നടത്തിയ അഞ്ച് പൊലീസുകാരും കുറ്റക്കാരാണെന്ന് ആരോപിച്ച് ആലപ്പുഴ മജിസ്ട്രേറ്റ് കോടതിയില്‍ പ്രത്യേക അന്വേഷണ സംഘം റിപ്പോര്‍ട്ട് നല്‍കി. അനില്‍, സന്ദീപ്, ഷൈജു, വിപിന്‍, അരുണ്‍ എന്നിവരാണു പ്രതികള്‍. വകുപ്പ് ചുമത്തിയിട്ടില്ല. അഞ്ചു പേര്‍ക്കുമെതിരെ വകുപ്പുതല നടപടിയും ഉണ്ടാകും.

കേസ് ഡയറി തിരുത്തൽ: എഡിജിപിക്കെതിരെ നടപടിക്ക് സാധ്യത

ഗണ്‍മാന്‍മാരുടെ മര്‍ദനത്തില്‍ വീഴ്ച ചൂണ്ടിക്കാണിച്ച ആദ്യ കേസ് ഡയറി തിരുത്തിയ എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ നടപടി വന്നേക്കും. എഡിജിപിയാണ് അട്ടിമറിച്ചതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ എസ്ഐടിക്കു മൊഴി നല്‍കിയിരുന്നു. കേസ് അട്ടിമറിച്ചവര്‍ക്കെതിരെ നടപടി വേണമെന്ന് മര്‍ദമേറ്റ ആലപ്പുഴ എംഎല്‍എ എഡി തോമസും അജയ് ജുവല്‍ കുര്യാക്കോസും ആവശ്യപ്പെട്ടു.

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ: ഹൈക്കോടതി നിലപാട് നിർണായകം

മലയിടംതുരുത്തിലെ ദളിത് കുടുംബങ്ങളുടെ കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട കേസില്‍ നാളെ ഹൈക്കോടതി സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാകും. എട്ടു കുടുംബങ്ങളെ ഒഴിപ്പിക്കാന്‍ സാവകാശം തേടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാനാണ് സര്‍ക്കാര്‍ നീക്കം.

പരാജയത്തിന് കാരണം പിണറായി മാത്രമല്ല: സിപിഎം കേന്ദ്ര കമ്മിറ്റി

നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിന് പിണറായി വിജയനെ മാത്രം കുറ്റപ്പെടുത്തുന്നതു ശരിയല്ലെന്നു സിപിഎം കേന്ദ്ര കമ്മിറ്റി. മാധ്യമങ്ങളോടുള്ള സമീപനവും സമൂഹമാധ്യമ വിഭാഗത്തിന്റെ പരാജയവും പരാജയത്തിനു കാരണമായിട്ടുണ്ട്. യുഡിഎഫ് ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ കഴിഞ്ഞില്ല. ജനങ്ങളുമായുള്ള വിടവ് നികത്താന്‍ കഴിഞ്ഞില്ലെന്ന് കേന്ദ്ര കമ്മിറ്റിയില്‍ അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുപ്പ് വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന നടപടി: സിപിഎം

ചീഫ് ഇലക്ടറല്‍ ഓഫീസറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെത്തന്നെ ചോദ്യം ചെയ്യുന്ന നടപടിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനുവേണ്ടി കമ്മീഷന്‍ പക്ഷപാതപരമായ പ്രവര്‍ത്തിച്ചെന്ന എല്‍.ഡി.എഫ് ആരോപണം ശരിവയ്ക്കുന്ന നടപടിയാണിതെന്നും സിപിഎം കുറ്റപ്പെടുത്തി.

കോൺഗ്രസ് കേന്ദ്രനേതൃത്വം നിലപാട് വ്യക്തമാക്കണം: പി രാജീവ്

മുഖ്യമന്ത്രി വിഡി സതീശന്റെ സെക്രട്ടറിയായി ചീഫ് ഇലക്ട്രല്‍ ഓഫീസറായിരുന്ന രത്തന്‍ ഖേല്‍ക്കറെ നിയമിച്ചതില്‍ കോണ്‍ഗ്രസ് കേന്ദ്രനേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് സിപിഎം നേതാവ് പി രാജീവ്. ബംഗാളില്‍ ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ ആയിരുന്നയാളെ ബിജെപി സര്‍ക്കാര്‍ ചീഫ് സെക്രട്ടറിയാക്കിയതിനെ രാഹുല്‍ഗാന്ധി വിമര്‍ശിച്ചിരുന്നെന്നും പി രാജീവ് പറഞ്ഞു.

എക്സ് അക്കൗണ്ട് പൂട്ടിച്ചത് അസഹിഷ്ണുത: പിണറായി വിജയൻ

‘കോക്രോച്ച് ജനത പാര്‍ട്ടി’യുടെ എക്സ് അക്കൗണ്ട് കേന്ദ്രസര്‍ക്കാര്‍ പൂട്ടിച്ചത് ജനാധിപത്യ പ്രതിഷേധങ്ങളോടുള്ള അസഹിഷ്ണുതയാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. ഈ കൂട്ടായ്മ വലിയ രാഷ്ട്രീയ പ്രസ്ഥാനമായി വളര്‍ന്നു വരുമോ എന്ന ഭയമാണ് ബിജെപിയെ ഭരിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

അൻസിബയുടെ ആരോപണത്തിൽ ഗൂഢാലോചന സംശയിക്കുന്നു: ശ്വേത മേനോൻ

ടിനി ടോമിനെതിരേ ടി അന്‍സിബ ഹസ്സന്‍ ഉന്നയിച്ച ആരോപണത്തിനു പിറകില്‍ ഗൂഢാലോചന സംശയിക്കുന്നുണ്ടെന്ന് താരസംഘടനയായ അമ്മയുടെ അധ്യക്ഷ ശ്വേത മേനോന്‍. അന്‍സിബയെ വിളിച്ചെങ്കിലും ഫോണ്‍ എടുത്തില്ല. മാധ്യമങ്ങളോടു പറഞ്ഞ പരാതി അമ്മയ്ക്കു ലഭിച്ചത് ഉച്ചയ്ക്കുശേഷമാണ്. രാജിക്കത്തില്‍ ടിനി ടോമിനെതിരായ പരാതിയില്ല. മത സ്ഥാപനത്തെ സ്പോണ്‍സറാക്കിയതിനെ അന്‍സിബ എതിര്‍ത്തിരുന്നു. ശ്വേത മേനോന്‍ പറഞ്ഞു. ‘അമ്മ’ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്ന് രാജിവെക്കാന്‍ കാരണം ടിനി ടോം ആണെന്നും തന്നെ ‘ജിഹാദി’ എന്ന് വിളിച്ച് അധിക്ഷേപിച്ചെന്നും, മറ്റ് പലരുമായും അവിഹിതമുണ്ടെന്ന് ആരോപിച്ച് അപവാദങ്ങള്‍ പ്രചരിപ്പിച്ചെന്നും അന്‍സിബ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

വിഷു ബമ്പർ കരുനാഗപ്പള്ളി സ്വദേശി പൊന്നന്

പന്ത്രണ്ടു കോടി രൂപയുടെ വിഷു ബമ്പര്‍ ലോട്ടറി കരുനാഗപ്പള്ളി സ്വദേശിയും ലോട്ടറി കച്ചവടക്കാരനുമായ പൊന്നന്. സ്ഥിരമായി ലോട്ടറിയെടുക്കുന്നയാളാണ് പൊന്നന്‍. പൊന്നനും ഭാര്യ രാധാമണിയും മകന്‍ വിനോദ് കുമാറും ലോട്ടറിക്കച്ചവടക്കാരാണ്. കൊറോണ സമയത്താണ് ലോട്ടറിക്കച്ചവടം തുടങ്ങിയത്.

പൊലീസിനെ വണ്ടിയിടിപ്പിച്ചു കൊല്ലാന്‍ ശ്രമിച്ച പ്രതി പിടിയിൽ

അനധികൃത മണല്‍ കടത്ത് തടയാന്‍ ശ്രമിച്ച പൊലീസിനെ ലോറി ഇടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതിയെ തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. പുതിയ കടപ്പുറം മുത്താട്ട് വീട്ടില്‍ റാസിഖാണ് (29) അറസ്റ്റിലായത്. തിരൂര്‍ സ്റ്റേഷനിലെ എസ്.ഐ അടക്കം മൂന്നുപേരെ ലോറി ഇടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചെന്നാണു കേസ്.

മുഖ്യമന്ത്രിക്കെതിരെ പോസ്റ്റ്: കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ ഫേസ്ബുക്കില്‍ അപകീര്‍ത്തികരമായ പോസ്റ്റിടുകയും ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുകയും ചെയ്തതിന് കെഎസ്ആര്‍ടിസി ഡ്രൈവറെ സസ്പെന്‍ഡ് ചെയ്തു. നെടുങ്കണ്ടം യൂണിറ്റിലെ ഡ്രൈവര്‍ എസ്. സുനില്‍കുമാറിനെതിരെയാണ് നടപടി സ്വീകരിച്ചത്.

പിണറായി വിജയനെതിരെ സിപിഐ വയനാട് ജില്ല എക്സിക്യൂട്ടീവ്

പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐ വയനാട് ജില്ല എക്സിക്യൂട്ടീവ്. പിണറായിയുടെ പെരുമാറ്റം ചക്രവര്‍ത്തിയെ പോലെയായിരുന്നെന്നും പ്രതിച്ഛായയാണ് തിരിച്ചടിയുടെ മുഖ്യകാരണമെന്നുമാണ് വിമര്‍ശനം.

അനധികൃത ഗ്യാസ് ഫില്ലിംഗ് കേന്ദ്രത്തിൽ പരിശോധന

ഗ്യാസ് സിലിണ്ടറുകളില്‍ നിന്ന് ഗ്യാസ് ചോര്‍ത്തി നിറച്ചു വില്‍ക്കുന്ന കേന്ദ്രത്തില്‍ തിരുവനന്തപുരം ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ പരിശോധന. ചിറയിന്‍കീഴ് പട്ടളയില്‍ സൂപ്പര്‍ ഗ്യാസ് എന്ന ഗോഡൗണില്‍നിന്ന് ചോര്‍ത്താനും നിറയ്ക്കാനുമുള്ള ഉപകരണങ്ങളും 261 സിലിണ്ടറുകളും പിടിച്ചെടുത്തു.

കടയ്ക്കലിൽ ദമ്പതികൾ മരിച്ച നിലയിൽ

കൊല്ലം കടയ്ക്കലില്‍ ദമ്പതികളെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ജീവനൊടുക്കിയതെന്നു പൊലീസ്. അഞ്ചുമുക്ക് സ്വദേശി സുഗതന്‍, ഭാര്യ ലത എന്നിവരാണു മരിച്ചത്.

പെൺകുട്ടിയെ പീഡിപ്പിച്ച സൈക്കോളജിസ്റ്റ് അറസ്റ്റിൽ

കൗണ്‍സിലിങ്ങിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ സൈക്കോളജിസ്റ്റ് അറസ്റ്റില്‍. കൊല്ലം മയ്യനാട് സ്വദേശി (69) സന്തോഷ് സുകുമാരനാണ് അറസ്റ്റിലായത്.

പേരാമ്പ്ര കാർ തീപിടുത്തം: ചികിത്സയിലായിരുന്ന ഭർത്താവും മരിച്ചു

കോഴിക്കോട് പേരാമ്പ്രയില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി ഗര്‍ഭിണി മരിച്ച സംഭവത്തില്‍ ചികിത്സയിലിരുന്ന ഭര്‍ത്താവും മരിച്ചു. മരിച്ച സോനയുടെ ഭര്‍ത്താവ് രജിന്‍ലാലാണ് ചികിത്സയിലിരിക്കെ മരിച്ചത്.

കലാമണ്ഡലം അധ്യാപകൻ തൂങ്ങിമരിച്ച നിലയിൽ

കേരള കലാമണ്ഡലം അധ്യാപകനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഹരി ആര്‍ നായരെ(45)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കേരളകലാമണ്ഡലം കഥകളി തെക്കന്‍ കളരി അധ്യാപകനാണ്.

ഷാർജയിൽ മലയാളി യുവതിയും മകളും മരിച്ച നിലയിൽ

യുഎഇയിലെ ഷാര്‍ജയില്‍ മലയാളി യുവതിയെയും അഞ്ചുവയസ്സുകാരിയായ മകളെയും മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ അഴീക്കോട് പുതിയകാവ് ‘ആര്‍ഷ അഷിത’ഭവനത്തില്‍ ആര്‍ഷയും ഏകമകള്‍ റൂഹിയുമാണ് മരിച്ചത്. ആര്‍ഷയ്ക്ക് 35 വയസ്സായിരുന്നു.

കപൂർത്തല ജയിലിൽ തടവുകാർ തമ്മിൽ ഏറ്റുമുട്ടൽ

പഞ്ചാബിലെ കപൂര്‍ത്തല ജയിലില്‍ തടവുകാര്‍ തമ്മില്‍ കൂട്ടത്തല്ലും തീവയ്പും. രാത്രി എട്ടരയോടെയാണ് ജയില്‍ വളപ്പു യുദ്ധക്കളമായത്. ജയിലിലെ ഒരു തടവുകാരനുമായി ഉണ്ടായ നിസ്സാരമായ തര്‍ക്കമാണ് പിന്നീട് തടവുകാരും വിചാരണ തടവുകാരും തമ്മിലുള്ള വലിയ ഏറ്റുമുട്ടലിലേക്ക് നയിച്ചത്. തടവുകാര്‍ ജയിലിലെ അടിസ്ഥാന സൗകര്യങ്ങള്‍തകര്‍ത്തു. നാലാം നമ്പര്‍ ബാരക്കിന്റെ ഭിത്തികള്‍ തടവുകാര്‍ ഇടിച്ചു നിരത്തി. ജയിലിന്റെ ഒരു ഭാഗത്തിന് തീയിടാന്‍ ശ്രമിക്കുകയും ചെയ്തു.

കോക്രോച്ച് ജനത പാർട്ടിയുടെ വെബ്സൈറ്റ് മരവിപ്പിച്ചു

കോക്രോച്ച് ജനത പാര്‍ട്ടിയുടെ വെബ്സൈറ്റ് കേന്ദ്ര സര്‍ക്കാര്‍ മരവിപ്പിച്ചെന്ന് സ്ഥാപകന്‍ അഭിജിത് ദിപ്കെ. ഇതോടെ തങ്ങളുടെ പ്രധാന ആശയവിനിമയ മാര്‍ഗ്ഗങ്ങളും രാഷ്ട്രീയ ക്യാമ്പെയിനുകളും തടസ്സപ്പെടുകയും പാര്‍ട്ടിയുടെ പ്രവര്‍ത്തനം വഴിമുട്ടുകയും ചെയ്തതായി അദ്ദേഹം അറിയിച്ചു. പത്തു ലക്ഷം പേര്‍ അംഗങ്ങളായി വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

നരേന്ദ്ര മോദിക്ക് വൈറ്റ് ഹൗസിലേക്ക് ക്ഷണം

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരം വൈറ്റ് ഹൗസിലേക്കു ക്ഷണിച്ച് യുഎസ് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ. ഡല്‍ഹിയിലെ പ്രധാനമന്ത്രിയുടെ ഓഫീസായ ‘സേവാ തീര്‍ത്ഥ്’ ഹാളില്‍ നടന്ന അതീവ പ്രാധാന്യമുള്ള കൂടിക്കാഴ്ചയിലാണ് റൂബിയോ ഈ ക്ഷണം കൈമാറിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം, പ്രതിരോധം, സാങ്കേതികവിദ്യ എന്നിവയിലെ സഹകരണം കൂടുതല്‍ ശക്തമാക്കുന്നതിനെക്കുറിച്ച് ഇരുവരും ഒരു മണിക്കൂറിലധികം ചര്‍ച്ച നടത്തി.

കാണാതായ പത്തുവയസ്സുകാരി കൊല്ലപ്പെട്ട നിലയിൽ: രണ്ടുപേർ അറസ്റ്റിൽ

തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ സുലൂര്‍ മേഖലയില്‍ വ്യാഴാഴ്ച വൈകുന്നേരം മുതല്‍ കാണാതായ പത്തുവയസ്സുകാരിയെ കണ്ണമ്പാളയം തടാകത്തിന് സമീപം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് കാര്‍ത്തിക്, മോഹന്‍ രാജ് എന്നിവരടങ്ങുന്ന രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.

സ്പേസ് എക്സ് സ്റ്റാർഷിപ്പ് റോക്കറ്റ് പൊട്ടിത്തെറിച്ചു

ഇലോണ്‍ മസ്‌കിന്റെ സ്പേസ് എക്സിന് വന്‍ തിരിച്ചടി. സ്റ്റാര്‍ഷിപ്പ് റോക്കറ്റ് പരീക്ഷണ പറക്കലിന് ശേഷം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ പൊട്ടിത്തെറിച്ചു. ഇന്ത്യന്‍ മഹാസമുദ്രത്തിലെ നിശ്ചിത സ്ഥാനത്ത് പതുക്കെ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ റോക്കറ്റിന് പെട്ടെന്ന് തീപിടിക്കുകയും നിമിഷങ്ങള്‍ക്കുള്ളില്‍ വന്‍ സ്ഫോടനത്തോടെ തകരുകയുമായിരുന്നു.

ഹിസ്ബുള്ളയ്ക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ഇറാൻ

ലെബനനിലെ സായുധ സംഘടനയായ ഹിസ്ബുള്ളയ്ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് ഇറാന്‍. യാതൊരു കാരണവശാലും ഹിസ്ബുള്ളയെ കൈവിടില്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി വ്യക്തമാക്കി.

ഹജ്ജ് കർമ്മങ്ങൾക്ക് നാളെ തുടക്കം

മക്കയില്‍ ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങള്‍ക്ക് നാളെ തുടക്കമാകും. ഇന്ത്യയില്‍ നിന്നുള്ള മുഴുവന്‍ തീര്‍ഥാടകരും ഇതിനകം മക്കയില്‍ എത്തി. തീര്‍ഥാടകരെ 17 എംബാര്‍ക്കേഷന്‍ കേന്ദ്രങ്ങളില്‍ നിന്നായി 34 ദിവസം നീണ്ടുനിന്ന വ്യോമ സര്‍വീസിലൂടെയാണ് മക്ക, ജിദ്ദ വഴി പുണ്യഭൂമിയില്‍ എത്തിച്ചത്.

അണ്ടർ 19 വനിതാ ക്രിക്കറ്റ്: തിരുവനന്തപുരത്തിന് ജയം

കെസിഎ അന്തര്‍ ജില്ലാ അണ്ടര്‍ 19 വനിതാ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ പത്തനംതിട്ടയെ തകര്‍ത്ത് തെക്കന്‍ മേഖലയിലെ ഒന്നാം സ്ഥാനക്കാരായി തിരുവനന്തപുരം. പത്തനംതിട്ടയെ അഞ്ച് വിക്കറ്റിനാണ് തിരുവനന്തപുരം തോല്‍പ്പിച്ചത്. ആലപ്പുഴയും കോട്ടയവും തമ്മിലുള്ള മറ്റൊരു മത്സരം മഴ മൂലം പൂര്‍ത്തിയാക്കാനായില്ല. നാല് മത്സരങ്ങളും ജയിച്ച് 16 പോയിന്റുകളുമായി തിരുവനന്തപുരം ഒന്നാമതെത്തിയപ്പോള്‍, പത്ത് പോയിന്റോടെ ആലപ്പുഴ രണ്ടാം സ്ഥാനത്തെത്തി.

ഐപിഎൽ: പഞ്ചാബ് കിംഗ്സിന് മിന്നും ജയം

ഐപിഎല്ലില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി പഞ്ചാബ് കിംഗ്‌സ്. ലക്‌നൗവില്‍ നടന്ന മത്സരത്തില്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ നേടിയ സെഞ്ചുറിയാണ് പഞ്ചാബിനെ വിജയത്തിലേക്ക് നയിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ലക്‌നൗ ആറ് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സാണ് നേടിയത്. 44 പന്തില്‍ 72 റണ്‍സ് നേടിയ ജോഷ് ഇന്‍ഗ്ലിസാണ് ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ പഞ്ചാബ് 18 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. സിക്‌സറടിച്ചാണ് ശ്രേയസ് അയ്യര്‍ സെഞ്ചുറിയും വിജയവും പൂര്‍ത്തിയാക്കിയത്.

ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതിയിൽ വെനസ്വേല മൂന്നാമത്

സൗദി അറേബ്യയെയും അമേരിക്കയെയും പിന്തള്ളി വെനസ്വേല ഇന്ത്യയുടെ മൂന്നാമത്തെ വലിയ ക്രൂഡ് ഓയില്‍ വിതരണക്കാരായി മാറി. റഷ്യയും യുഎഇയുമാണ് വെനസ്വേലയ്ക്ക് മുന്നിലുള്ളത്. മെയ് മാസത്തില്‍ മാത്രം പ്രതിദിനം 4,17,000 ബാരല്‍ എണ്ണയാണ് വെനസ്വേല ഇന്ത്യയിലെത്തിച്ചത്. ഏപ്രിലില്‍ ഇത് 2,83,000 ബാരല്‍ ആയിരുന്നു. മറ്റ് വിപണികളെ അപേക്ഷിച്ച് വെനസ്വേലയില്‍ നിന്നുള്ള എണ്ണയ്ക്ക് വില കുറവാണ്. മെയ് മാസത്തില്‍ ഇറാനില്‍ നിന്ന് ഒരു കപ്പലും ഇന്ത്യയിലെത്തിയിട്ടില്ല. ഫെബ്രുവരിയില്‍ 9,69,000 ബാരല്‍ ഉണ്ടായിരുന്ന ഇറാഖി എണ്ണ വരവ് മെയ് മാസത്തില്‍ 51,000 ബാരലായി വന്‍തോതില്‍ കുറഞ്ഞു. എണ്ണവില അമിതമായി വര്‍ധിപ്പിച്ചത് സൗദി അറേബ്യയ്ക്ക് തിരിച്ചടിയായി. ഏപ്രിലില്‍ 6,70,000 ബാരല്‍ ആയിരുന്ന സൗദി എണ്ണ ഇറക്കുമതി മെയ് മാസത്തില്‍ 3,40,000 ബാരലായി പകുതിയായി കുറഞ്ഞു. മെയ് മാസത്തില്‍ ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതി ഏപ്രിലിനെ അപേക്ഷിച്ച് 8% വര്‍ധിച്ച് പ്രതിദിനം 4.9 ദശലക്ഷം ബാരലിലെത്തിയിട്ടുണ്ട്. എന്നിരുന്നാലും, ഇറാന്‍ യുദ്ധത്തിന് മുന്‍പ് ഫെബ്രുവരിയില്‍ ഉണ്ടായിരുന്ന 5.2 ദശലക്ഷം ബാരല്‍ എന്ന നിലയിലേക്ക് ഇത് എത്തിയിട്ടില്ല.

റിയൽമി 16ടി സ്മാർട്ട്ഫോൺ വിപണിയിൽ

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ റിയല്‍മി അവരുടെ റിയല്‍മി 16 സീരീസ് വിപുലീകരിച്ച് പുതിയ ഫോണ്‍ പുറത്തിറക്കി. റിയല്‍മി 16ടി എന്ന പേരിലാണ് പുതിയ ഫോണ്‍ കമ്പനി അവതരിപ്പിച്ചത്. 144ഹെര്‍ട്സ് റിഫ്രഷ് റേറ്റും 1,200 നിറ്റ്‌സ് ബ്രൈറ്റ്നസ്സുമുള്ള 6.81 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് ഫോണിലുള്ളത്. മീഡിയടെക് ഡൈമന്‍സിറ്റി 6300 ചിപ്സെറ്റ് ആണ് ഇതിന് കരുത്തുപകരുന്നത്. 8ജിബി റാം വരെയുള്ള വേരിയന്റുകളും 256ജിബി ഇന്റേണല്‍ സ്റ്റോറേജും ഇത് വാഗ്ദാനം ചെയ്യുന്നു. ആന്‍ഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള റിയല്‍മി യുഐ 7.0ലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. 8,000 എംഎഎച്ച് സിലിക്കണ്‍-കാര്‍ബണ്‍ ബാറ്ററിയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. 50എംപി സോണി ഐഎംഎക്സ് 852 പ്രൈമറി റിയര്‍ കാമറയും 1080പി വീഡിയോകള്‍ റെക്കോര്‍ഡ് ചെയ്യാന്‍ കഴിയുന്ന 16എംപി സെല്‍ഫി കാമറയും ഇതിനുണ്ട്. ഇതിനൊപ്പം എഐ പോര്‍ട്രെയ്റ്റ് ഗ്ലോ, എഐ ഇന്‍സ്റ്റന്റ് ക്ലിപ്പ് തുടങ്ങിയ എഐ കാമറ ടൂളുകളും ലഭ്യമാണ്. 29,999 രൂപ മുതലാണ് വില ആരംഭിക്കുന്നത്. സ്റ്റാര്‍ലൈറ്റ് ബ്ലാക്ക്, സ്റ്റാര്‍ലൈറ്റ് ബ്ലൂ, സ്റ്റാര്‍ലൈറ്റ് റെഡ് എന്നി നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്.

കാട്ടാളൻ സിനിമയ്ക്ക് ‘എ’ സർട്ടിഫിക്കറ്റ്

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ‘കാട്ടാളന്‍’ എ സര്‍ട്ടിഫിക്കറ്റോടെ സെന്‍സര്‍ ചെയ്യപ്പെട്ടു. എ ഫോര്‍ ആക്ഷന്‍ എന്ന ടാഗ് ലൈനോടെയാണ് ചിത്രമെത്തുന്നത്. ക്യൂബ്സ് എന്റെര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിര്‍മ്മിച്ച് പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന ഈ ചിത്രം മെയ് ഇരുപത്തിയെട്ടിന് ലോകമെമ്പാടും റിലീസ് ചെയ്യുകയാണ്. മാര്‍ക്കോയിലൂടെ ആക്ഷന് പുതിയ തരംഗം സൃഷ്ടിച്ച ചലച്ചിത്ര നിര്‍മ്മാണ സ്ഥാപനമാണ് ക്യൂബ്സ് എന്റെര്‍ടൈന്‍മെന്റ്. കാട്ടാളന്‍ എന്ന പേരിന് അനുയോജ്യമാകുന്നത് നായകന്റെ കാട്ടുമൃഗങ്ങളോടുള്ള സാഹസ്സികമായ പോരാട്ടം തന്നെയാണ്. ആനയെ തളച്ച് അതിന്റെ മസ്തകം വെട്ടിപ്പിളര്‍ന്ന് പോരാട്ടം നടത്തുന്ന നായകനായ ആന്റെണി പെപ്പെയുടെ രംഗങ്ങള്‍ ടീസറിലൂടെ പുറത്തുവിട്ടിരുന്നു. കബീര്‍ദുഹാന്‍ സിംഗ്, തുഷാര വിജയന്‍, ജഗദീഷ്, ആന്‍സണ്‍ പോള്‍, സിദ്ദിഖ്, റാജ്കിരണ്‍ദാസ്, ഷോണ്‍ ജോ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

18 വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ‘പേട്രിയറ്റ്’

മലയാള സിനിമയിലെ രണ്ട് വന്‍ പ്രതിഭകളായ മമ്മൂട്ടിയും മോഹന്‍ലാലും 18 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിച്ച ചിത്രമാണ് ‘പേട്രിയറ്റ്’. മഹേഷ് നാരായണന്‍ ഒരുക്കിയ ചിത്രം ജൂണ്‍ 5 മുതല്‍ സീ5 ല്‍ മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളില്‍ റിലീസ് ചെയ്യും. ഡാനിയല്‍ ജെയിംസ് എന്ന സയന്റിഫിക് ഡയറക്ടര്‍ ആയാണ് മമ്മൂട്ടി എത്തുന്നത്. സംവിധാനത്തിന് പുറമെ തിരക്കഥ, സംഭാഷണം, എഡിറ്റിങ് എന്നിവ നിര്‍വഹിച്ചിരിക്കുന്നതും മഹേഷ് നാരായണനാണ്. ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, രേവതി, സറിന്‍ ഷിഹാബ്, ജിനു ഏബ്രഹാം, ഇന്ദ്രന്‍സ്, ദര്‍ശന രാജേന്ദ്രന്‍, ഗ്രേസ് ആന്റണി, ഷഹീന്‍ സിദ്ദിഖ്, സനല്‍ അമന്‍, വിനീത് തട്ടില്‍, ഗീതി സംഗീത എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ഒരു സര്‍പ്രൈസ് ക്യാരക്ടര്‍ ആയാണ് നയന്‍താര ചിത്രത്തിലെത്തുന്നത്.

ഹോണ്ട ഇസഡ്ആർ- വി എസ്‍യുവി അവതരിപ്പിച്ചു

സിറ്റി ഫെയ്‌സ് ലിഫ്റ്റിന്റെ ലോഞ്ചിനൊപ്പം പുതിയ എസ് യുവി മോഡലായ ഇസഡ്ആര്‍- വി അവതരിപ്പിച്ച് പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹോണ്ട. പ്രീ-ബുക്കിങ് ആരംഭിച്ചു. 2026 ജൂലൈ മുതല്‍ ഡെലിവറി ആരംഭിക്കും. വില ഏകദേശം 40 ലക്ഷം മുതല്‍ 50 ലക്ഷം രൂപ വരെ വരും. ഈ വാഹനം ഒരു 5-സീറ്റര്‍ മോഡലാണ്. ഏറ്റവും വലിയ ആകര്‍ഷണം അതിന്റെ 2.0-ലിറ്റര്‍ ഹൈബ്രിഡ് എന്‍ജിനാണ്. ഹോണ്ടയുടെ ഭാഷയില്‍ ‘e:HEV’ എന്ന് വിളിക്കുന്ന ഈ എന്‍ജിന്‍ ഒരു ഇലക്ട്രിക് മോട്ടോറുമായി ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. ഇത് കുറഞ്ഞ വേഗതയില്‍ ഇലക്ട്രിക് ഡ്രൈവും കൂടുതല്‍ വേഗം ആവശ്യമുള്ളപ്പോള്‍ പെട്രോള്‍ കരുത്തും നല്‍കുന്നു. എന്‍ജിന്‍ 142ബിഎച്പി കരുത്തും 189എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നു. ഇലക്ട്രിക് മോട്ടോര്‍ 182ബിഎച്പി കരുത്തും 315എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കുന്നു. കൂടാതെ വിവിധ ഡ്രൈവ് മോഡുകളും ഇതിലുണ്ട്. 22.80 കിലോമീറ്റര്‍/ലിറ്റര്‍ മൈലേജ് ആണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

പ്രശാന്ത് വാസുദേവിന്റെ ‘നാരീസ്തനഭര’ കഥാസമാഹാരം

സങ്കീര്‍ണ്ണമായ സ്ത്രീ -പുരുഷ ബന്ധങ്ങളിലൂടെയും അതിലും സങ്കീര്‍ണ്ണമായ സ്ത്രീ മനസ്സുകളിലൂടെയും കടന്നുപോവുക എന്നത് ഒരു ഗവേഷണ പഠനം പോലെയാണ്. അപ്പോള്‍ തീര്‍ത്തും അപൂര്‍വ്വമായ ചില ബന്ധങ്ങളും അതിസങ്കീര്‍ണ്ണമായ സ്ത്രീ മനസ്സുകളും നമുക്ക് കാണാന്‍ കഴിയും. ചിലരൊക്കെ നമ്മളോട് അവരുടെ ജീവിതാനുഭവങ്ങള്‍ പങ്കുവയ്ക്കുക കൂടി ചെയ്യുമ്പോള്‍ നമ്മള്‍ അത്ഭുതപ്പെട്ടിരുന്നുപോകും. ആ അത്ഭുതങ്ങളില്‍ നിന്ന് പറന്നകന്ന് നമ്മള്‍ ചില സാങ്കല്പിക ലോകങ്ങളില്‍ എത്തും. അത് വാക്കുകളും വരികളും ഖണ്ഡികകളുമായി മാറി തുടക്കവും ഒടുക്കവും ഉള്ള കഥകളായി മാറും. അത്തരം കഥകളാണ് ഈ കഥാസമാഹാരത്തില്‍ കൂടുതലും. ‘നാരീസ്തനഭര’. പ്രശാന്ത് വാസുദേവ്. നോറ പബ്ലിക്കേഷന്‍സ് തൊടുപുഴ. വില 220 രൂപ.

അമിതഭാരം കുറയ്ക്കാൻ പ്രഭാത വ്യായാമം നല്ലതെന്ന് പഠനം

അമിതഭാരം നിയന്ത്രിക്കുകയാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍ രാവിലെ എഴുന്നേറ്റ് വ്യായാമം ചെയ്യുന്നതാണ് നല്ലതെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. രാവിലെ ഏഴ് മണിക്കും ഒന്‍പതിനും ഇടയില്‍ വ്യായാമം ചെയ്യുന്നതാണ് ഏറ്റവും ഫലപ്രദം. രാവിലെ വ്യായാമം ചെയ്യുന്നവര്‍ക്ക് മറ്റ് സമയങ്ങളില്‍ വ്യായാമം ചെയ്യുന്നവരേക്കാള്‍ അരക്കെട്ടിന്റെ അളവും ബോഡി മാസ് ഇന്‍ഡെക്‌സും കുറവായിരിക്കുമെന്നും വിദഗ്ധര്‍ പറയുന്നു. രാവിലെ വ്യായാമം ചെയ്തവരുടെ ബിഎംഐ 27.4 ആണെങ്കില്‍ ഉച്ചയ്ക്ക് വ്യായാമം ചെയ്തവരുടെ ബിഎംഐ 28.4ഉം വൈകുന്നരം വ്യായാമം ചെയ്തവരുടെ ബിഎംഐ 28.2ഉം ആണെന്ന് കണ്ടെത്തി. അരക്കെട്ടിന്റെ ശരാശരി അളവ് യഥാക്രമം 95.9 സെന്റിമീറ്റര്‍, 97.9 സെന്റിമീറ്റര്‍, 97.3 സെന്റിമീറ്റര്‍ എന്ന തോതിലാണ്. രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും വ്യായാമം ചെയ്യുന്ന 5285 പേരുടെ വിവരങ്ങള്‍ ശേഖരിച്ചാണ് പഠനം നടത്തിയത്. വ്യായാമത്തിന്റെ സമയം ശരീരത്തിന്റെ സിര്‍കാഡിയന്‍ താളവുമായി ബന്ധപ്പെട്ടിരിക്കുന്നതാകാം ഈ വ്യത്യാസത്തിന് കാരണമെന്നാണ് വിദഗ്ധരുടെ അനുമാനം. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത ലഭിച്ചിട്ടില്ല. വെറും വയറ്റില്‍ വ്യായാമം ചെയ്യുമ്പോള്‍ ശരീരം ശേഖരിച്ച് വച്ചിരിക്കുന്ന കൊഴുപ്പ് കൂടുതല്‍ കത്തുന്നതുകൊണ്ടാകാം താരതമ്യേന കൂടുതല്‍ ഭാരം കുറയുന്നതെന്നാണ് കണ്ടെത്തല്‍.

<

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here