Home Blog Page 969

കൊല്ലം കോര്‍പ്പറേഷന്‍ പിടിക്കാന്‍ യുവനിരയെയിറക്കി കോണ്‍ഗ്രസ്

തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊല്ലം കോര്‍പ്പറേഷന്‍ പിടിക്കാന്‍ യുവനിരയെയിറക്കി കോണ്‍ഗ്രസ്. 21 വയസുള്ള രണ്ട് വനിതകളടക്കം ഒമ്പത് സ്ഥാനാര്‍ത്ഥികളടങ്ങുന്ന രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് നേതാവ് വി എസ് ശിവകുമാറാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.

നിയമവിദ്യാര്‍ത്ഥികളായ ജയലക്ഷ്മി മുണ്ടയ്ക്കല്‍ ഡിവിഷനിലും ആര്‍ച്ച വള്ളിക്കീഴിലും മത്സരിക്കും. ഇരുവരും കെഎസ്‌യുവിന്റെ കോളേജ് യൂണിയന്‍ ഭാരവാഹികളാണ്. ഇതുവരെ ആകെ 22 സ്ഥാനാര്‍ത്ഥികളെയാണ് കൊല്ലം കോര്‍പ്പറേഷനിലേക്ക് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്.
മേയര്‍ സ്ഥാനാര്‍ത്ഥി അടക്കം 13 പേരുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് നേരത്തെ പുറത്തിറക്കിയിരുന്നു. അതേസമയം എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ തുടരുകയാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ പട്ടിക പുറത്തിറക്കും.

‘അജിത്തിന് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടോ എന്ന് ഞാന്‍ സംശയിച്ചിരുന്നു….മെസേജുകള്‍ പലതും കണ്ടിരുന്നു’…ഭര്‍തൃപീഡനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി രേഷ്മയുടെ ആത്മഹത്യാക്കുറിപ്പ്

ആലപ്പുഴ: ഭര്‍തൃപീഡനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി ആലപ്പുഴയില്‍ ജീവനൊടുക്കിയ രേഷ്മയുടെ ആത്മഹത്യാക്കുറിപ്പ്. ഭര്‍തൃവീട്ടുകാരുടെ മാനസിക പീഡനവും ഭര്‍ത്താവിന്റെ പരസ്ത്രീ ബന്ധവുമാണ് രേഷ്മയുടെ ജീവനെടുത്തതെന്ന് ആത്മഹത്യാക്കുറിപ്പില്‍ നിന്നും വ്യക്തമാണ്. ഏഴുപേജുള്ള ആത്മഹത്യാക്കുറിപ്പാണ് പുറത്തുവന്നിരിക്കുന്നത്. ഭര്‍ത്താവ് അജിത്തിന്റെ ചേട്ടത്തിയമ്മയായ സുജിതയുമായുള്ള ബന്ധത്തെക്കുറിച്ചാണ് രണ്ടര പേജില്‍ പറയുന്നത്. തന്റെ ഗര്‍ഭത്തിനുത്തരവാദി ഭര്‍ത്താവിന്റെ അച്ഛനാണെന്ന് അയാള്‍ അവകാശപ്പെട്ടപ്പോള്‍ ഭര്‍ത്താവ് എതിര്‍ത്തില്ലെന്നും രേഷ്മയുടെ ആത്മഹത്യാക്കുറിപ്പില്‍ ഉണ്ട്.”
‘എനിക്ക് അജിത്തേട്ടനെ മറക്കാന്‍ കഴിയില്ല. ആ സ്ഥാനത്ത് മറ്റൊരാളെ ചിന്തിക്കാന്‍ കഴിയില്ല. ഞാനും അജിത്തുമായി ഒരു പ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ല. പക്ഷേ ഞങ്ങള്‍ ഇന്ന് പരസ്പരം ഒരുപാട് അകലെയാണ്. സുജിതക്ക് സ്വന്തം ഭര്‍ത്താവുമായുള്ള ബന്ധം ഇനി ലഭിക്കില്ല എന്ന് തോന്നിയപ്പോള്‍ തന്റെ ജീവിതത്തിലേക്ക് കയറി പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ തുടങ്ങി. സുജിതയോട് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ ഞാന്‍ പറഞ്ഞിട്ടില്ല. എനിക്ക് എന്ത് അവകാശം ഉണ്ടെന്ന് സുജിത ചോദിച്ചപ്പോഴാണ് ഞാന്‍ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയതും ആത്മഹത്യക്ക് പ്രവണതയുണ്ടെന്ന് കത്ത് എഴുതിയതും. ഒരു പൊറോട്ട കഴിക്കാത്തതിന്റെ പേരിലാണ് വഴക്ക് തുടങ്ങിയത്. ഞാനും അജിത്തും തമ്മില്‍ വഴക്കുകള്‍ ഇല്ലാതെ ജീവിക്കുന്നത് സുജിതക്ക് ഇഷ്ടമല്ലായിരുന്നു. അജിത്തേട്ടന്‍ എന്നെ ശൂരനാട് കൊണ്ടുവിട്ടാല്‍ പിന്നെ വിളിക്കാറില്ല, ആംബ്രൂവിനെ വിളിക്കും. അജിത്ത് ഒന്ന് ചോദിച്ചിരുന്നെങ്കില്‍ എന്നെ കേള്‍ക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ ഇതൊന്നും സംഭവിക്കില്ലായിരുന്നു.
അജിത്ത് എന്റെ ഫോണ്‍ ഹാക്ക് ചെയ്തിരുന്നു. അജിത്തിന് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടോ എന്ന് ഞാന്‍ സംശയിച്ചിരുന്നു. ഒരു തവണ ഞാന്‍ അത് പിടിച്ചിരുന്നു. പക്ഷേ അതില്‍ അജിത്തിന്റെ ഭാഗത്ത് തെറ്റില്ലെന്നാണ് പറഞ്ഞത്. അതുകൊണ്ട് ഞാന്‍ അജിത്തിന്റെ കൂടെ നിന്നു. പിന്നീടും മെസേജുകള്‍ പലതും കണ്ടിരുന്നു. ഫോണ്‍ എന്റെ കയ്യില്‍ തന്നില്ല. സ്ത്രീധനമായി തന്ന 25 പവന്‍ സ്വര്‍ണവും അജിത്തിന്റെ ആവശ്യത്തിനായി പണയം വെച്ചു. അത് എവിടെയാണെന്നോ എന്ത് ആവശ്യത്തിനാണെന്നോ പറഞ്ഞില്ല. ഒരു ദിവസം ബാങ്കില്‍ നിന്ന് നോട്ടീസ് വന്നപ്പോഴാണ് ഞാന്‍ അറിയുന്നത്. സ്വര്‍ണത്തെ ചൊല്ലി പലതവണ വഴക്കുണ്ടാക്കി. പിന്നെ ഒന്നും ചോദിക്കാതെയായി. എനിക്ക് ജോലി ഉണ്ടായിരുന്നപ്പോള്‍ എന്റെയോ കുഞ്ഞിന്റെയോ ഒന്നും ചിലവുകള്‍ അറിയിച്ചിരുന്നില്ല. ജോലി ഇല്ലാതെ വന്നപ്പോള്‍ അജിത്തിനെ ആശ്രയിക്കേണ്ടി വന്നു. വീട്ടില്‍ ഇടുന്ന തുണികള്‍ കീറിയിട്ട് പോലും വാങ്ങിച്ചുതരാന്‍ പറഞ്ഞിട്ടില്ല.


വിവാഹം കഴിഞ്ഞ് 18-ാമത്തെ ദിവസം സ്വര്‍ണം പണയം വെച്ചു. ആറ് പവന്റെ താലിമാല 28 ദിവസം തികച്ച് ഞാന്‍ ഇട്ടിട്ടില്ല. ഞാന്‍ ജോലിക്ക് പോയി ഒന്നരപവന്റെ മാല വാങ്ങി. കുറേ മൈക്രോ ഫിനാന്‍സുകളില്‍ നിന്നും എന്റെ പേരില്‍ ലോണുകള്‍ എടുത്തിട്ടുണ്ട്. അതൊന്നും എന്റെ ആവശ്യത്തിനെടുത്തതല്ല. അജിത്തിന്റെ അച്ഛന്‍ എന്റെ മകനെ അയാള്‍ ഉണ്ടാക്കിയതാണെന്ന് വരെ പറഞ്ഞു. ഇതില്‍ കൂടുതല്‍ എങ്ങനെ സഹിക്കാനാകും. മകന്റെ ഭാര്യയുടെ ഗര്‍ഭം അയാള്‍ ഉണ്ടാക്കിയതാണെന്ന്. ഇത് കേട്ടപ്പോഴും അജിത്തിന് ഒന്നും തന്നെ പറയാനില്ല. സുജിതയും എന്റെ അമ്മായി അച്ഛനും അമ്മായി അമ്മയും എന്നെ ഒരുപാട് ബുദ്ധിമുട്ടിച്ചിരുന്നു. എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് കാരണം അവരാണ്’ ഇങ്ങനെ പോകുന്നു ആത്മഹത്യാക്കുറിപ്പിലെ രേഷ്മയുടെ വാക്കുകള്‍.
അച്ഛനും അമ്മയും വിഷമിക്കുന്നുണ്ടെന്ന് അറിയാമെന്നും പക്ഷേ തന്റെ വിധി ഇതാണെന്നും മാതാപിതാക്കള്‍ക്കുള്ള കുറിപ്പില്‍ രേഷ്മ വ്യക്തമാക്കുന്നു. സ്ത്രീധനമായി നല്‍കിയ ഉരുപ്പടികളെല്ലാം തിരികെ വാങ്ങണമെന്നും മകനെ നന്നായി നോക്കണമെന്നും നന്നായി പഠിപ്പിക്കണമെന്നും വിശദീകരിച്ചാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആലപ്പുഴ പുന്നപ്രയിലെ ഭര്‍തൃവീട്ടില്‍ 29കാരിയായ രേഷ്മ ജീവനൊടുക്കിയത്.

പുകഴ്ത്തി പുറത്തായി ഇനി തലച്ചിറ ഗണേശനൊപ്പം

വെട്ടിക്കവല. മന്ത്രി ഗണേഷ്കുമാറിനെ കായ്ഫലമുള്ള മരമെന്ന് പുകഴ്ത്തി കോണ്‍ഗ്രസില്‍നിന്നും പുറത്തായ തലച്ചിറ അസീസ് കേരള കോൺഗ്രസ് ബി യിലേക്ക്. വെട്ടിക്കവല ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് തലച്ചിറ അസീസിനെ മന്ത്രി ഗണേഷ് കുമാർ ഇന്ന് പാർട്ടിയിലേക്ക് സ്വീകരിക്കും..മന്ത്രി ഗണേഷ് കുമാറിനെ വേദിയിലിരുത്തി പുകഴ്ത്തിയതിന് കോൺഗ്രസ് തലച്ചിറ അസീസിനെ പുറത്താക്കിയിരുന്നു.

ശാസ്താംകോട്ട റെയില്‍വേ സ്റ്റേഷനില്‍ ട്രയിനുകള്‍ ധാരാളം, റോഡുകള്‍ ഇനി എന്നു നന്നാവും

ശാസ്താംകോട്ട. ആവശ്യം പോലെ ട്രയിന്‍,എന്നിട്ടും ശാസ്താംകോട്ട റെയില്‍വേ സ്‌റ്റേഷനിലേക്കുള്ള റോഡുകളുടെ വികസനം ഇന്നും സ്വപ്‌നം.

ഒരുകാലത്ത് സ്വപനം കണ്ടതിലേറെ വികസനമാണ് ശാസ്താംകോട്ട റെയില്‍വേ സ്‌റ്റേഷനുണ്ടായത്.ദീര്‍ഘദൂരമടക്കം നിരവധി ട്രയിനുകള്‍ക്ക് സ്‌റ്റോപ്പ്. ചവറ,തേവലക്കര പന്മന മണ്‍റോത്തുരുത്ത്,കിഴക്കേകല്ലട, പടിഞ്ഞാറേകല്ലട, ശൂരനാട്, കുന്നത്തൂര്‍,അടൂര്‍, പവിത്രേശ്വരം മേഖലകളില്‍ നിന്നെല്ലാം ധാരാളം യാത്രക്കാര്‍ തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള പതിവ് ഔദ്യോഗിക വിദ്യാഭ്യാസ യാത്രകള്‍ക്കും ദീര്‍ഘദൂര യാത്രകള്‍ക്കും ഇപ്പോള്‍ ശാസ്താംകോട്ട റെയില്‍വേ സ്‌റ്റേഷനെ ആശ്രയിക്കുന്നു. ഇക്കാര്യം രാവിലെയും വൈകിട്ടും സ്‌റ്റേഷനു പരിസരത്ത് നിന്നാല്‍ വ്യക്തമാവുന്നതാണ്.

സ്റ്റേഷനു സമീപത്തെ സാധാരണ യാത്രക്കാര്‍ക്ക് റോഡിലേക്ക് ഇറങ്ങാന്‍പോലും കഴിയാത്ത വിധമാണ് സ്‌റ്റേഷനിലേക്കുള്ള ട്രയിന്‍ യാത്രക്കാരുടെ പരക്കം പാച്ചില്‍. മോശപ്പെട്ട ഇടുങ്ങിയ റോഡ് ട്രയിന്‍ യാത്രക്കാര്‍ക്ക് സമയത്ത് സ്‌റ്റേഷനിലെത്തുന്നതിന് തടസമാണ്. സ്‌റ്റേഷന് അടുത്ത പ്രധാന പാതയായ ചവറ-ശാസ്താംകോട്ടറോഡിലെ കാരാളിമുക്ക് ഭാഗത്തേക്കുള്ള റോഡ് തകര്‍ന്ന നിലയിലാണ്. ഇത്രയും ജനമെത്തുന്ന ഒരു സ്‌റ്റേഷനിലേക്കും ഇതുപോലെ മോശം ഒരു റോഡ് കേരളത്തില്‍ എവിടെയുമുണ്ടാകില്ല.

ഈ റോഡിന്റെ വികസനത്തിന് തടസമായി പറയുന്നത് ഈ റോഡ് ചെന്നു കയറുന്നഭാഗത്തെ ഒരു മുറുക്കാന്‍കടക്കാരനെ മാറ്റിപാര്‍പ്പിക്കാനായില്ലെന്നതാണ്.30വര്‍ഷത്തിലേറെയായി ഈ ഒറ്റക്കാര്യമാണ് വികസത്തിന് തടസമായി പറയുന്നത് എന്നതാണ് പരിഹാസ്യം. കയറ്റത്തിലുള്ള ഈ റോഡിലേക്ക് വന്നുകയറുന്ന വാഹനങ്ങള്‍ കൂട്ടിയിടി പതിവാണ്. ജനകീയാസൂത്രണത്തിന്റെ അന്തരീക്ഷത്തിലോ കിഫ്ബി വികസനം തകര്‍ക്കുമ്പോഴോ ഈ വലിയ വികസനം ജനപ്രതിനിധികള്‍ മറക്കുകയാണ്. സ്റ്റേഷന് അടുത്തുകൂടിപോകുന്ന പൈപ്പ് റോഡ് വികസിക്കുകയും ഇതുവഴി ബസ് സര്‍വീസുകള്‍ കടന്നുപോകുകയും ചെയ്യുന്നതാണ് സ്‌റ്റേഷന്‍ വികസനത്തിന് ഏറ്റവും ഉപകരിക്കുന്ന പദ്ധതി. എന്നാല്‍ അതിനും ചിന്താശേഷിയുള്ളവര്‍ ജനങ്ങളെ നയിക്കാനില്ല.


ഒരു കെഎസ്ആര്‍ടിസി ബസ് ഇപ്പോള്‍ ഈ ഇടുങ്ങിയ റോഡിലൂടെ വന്നുപോകുന്നുണ്ട്. എന്നാല്‍ അത് ആശ്രയിച്ച് എത്താനാവില്ലെന്നതാണ് സ്ഥിതി. കുറ്റിയില്‍മുക്ക് സ്‌റ്റേഷന്‍ കാരാളിമുക്ക് റോഡും നെല്ലിക്കുന്നത്ത്മുക്ക് അല്ലെങ്കില്‍ പൊട്ടക്കണ്ണന്‍മുക്ക് -സ്റ്റേഷന്‍ റോഡ്, ട്രാക്കിന് മറുവശമുള്ള തോപ്പില്‍മുക്ക് സ്റ്റേഷന്‍ റോഡ് വിളവീട്ടില്‍മുക്ക്(പമ്പ്).-സ്റ്റേഷന്‍ റോഡ് എന്നിവ വികസിപ്പിക്കാം. ഇരുവശമുള്ള ഭൂമി ഏറ്റടുത്തിട്ടാണ് റോഡുകള്‍ വികസിപ്പിക്കേണ്ടത്. സ്റ്റേഷന് കിഴക്കുവശത്തുകൂടി ഒരു അടിപ്പാത എന്നിവ വികസനത്തിന് ഉതകും.

ആദ്യം നല്ലറോഡുകള്‍ വ്യക്തമായ കാഴ്ചപ്പാടോടുകൂടി സൃഷ്ടിക്കുകയും പിന്നീട് ചവറ-ശാസ്താംകോട്ട റോഡിലൂടെയും കരുനാഗപ്പള്ളി ശാസ്താംകോട്ടറോഡിലൂടെയും പോകുന്ന ഏതാനും ബസുകളെ സ്റ്റേഷന്‍വഴി എന്ന നിലക്ക് പെര്‍മിറ്റ് മാറ്റി ക്രമീകരിക്കുകയും ചെയ്താല്‍ വന്‍വികസനമാവും ഇവിടെയുണ്ടാകുക.

വികസന കാഴ്ചപ്പാടോടുകൂടി മുന്നിട്ടിറങ്ങാന്‍ആളില്ല എന്നതാണ് ഇവിടുത്തെ അവസ്ഥ

ഇ ഡി ചമഞ്ഞ് തട്ടിപ്പ് നടത്തിയ പ്രതി മെഡി. കോളേജ് ഐസിയുവിൽ നിന്നും ചാടിപ്പോയി

തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐസിയുവിൽ നിന്ന് പ്രതി ചാടിപ്പോയി. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ഉദ്യോഗസ്ഥൻ ചമഞ്ഞ് ലക്ഷങ്ങൾ കവർന്ന കേസിലെ പ്രിതിയായ കൊട്ടിയം സ്വദേശി രാജീവ് ഫെർണാണ്ടസാണ് രക്ഷപ്പെട്ടത്. കൊല്ലം ഈസ്റ്റ് പൊലീസ് പിടികൂടിയ പ്രതി പുലർച്ചെ ഐസിയുവിൽ നിന്നും രക്ഷപ്പെട്ടത്.


നിരവധി കേസിൽ പ്രതിയായ രാജീവ് ശനിയാഴ്ച വാഹനമോഷണക്കേസിലാണ് പിടിയിലായത്. പിടികൂടുന്ന സമയത്ത് നെഞ്ചുവേദനയുണ്ടെന്ന് പറഞ്ഞിരുന്നു. ഇതേ തുടർന്നാണ് ഇന്നലെ വൈകുന്നേരത്തോടെ മെഡിക്കൽ കോളേജ് ഐസിയുവിൽ പ്രവേശിപ്പിച്ചത്. പ്രതിക്കായി തെരച്ചിൽ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

സ്വര്‍ണവിലയില്‍ വൻ വര്‍ധനവ്, ഇന്നത്തെ നിരക്ക് അറിയാം

കൊച്ചി: സ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് വർധനവ്. ഇന്നലെ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ ആണ് ഇന്ന് മാറ്റം ഉണ്ടായിരിക്കുന്നത്.
പവന് 880 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഇന്ന് പവന് 90,360 രൂപയായി. ഒരു ഗ്രാമിന് 110 രൂപ വർധിച്ച്‌ 11,295 രൂപയായി. ഇന്നലെ ഒരു പവൻ സ്വർണത്തിന്റെ വില 89,480 രൂപ ആയിരുന്നു. ഒരു ഗ്രാമിൻ്റെ വില 11,185 രൂപയും ആയിരുന്നു. ഈ മാസം ഏറ്റവും കൂടുതല്‍ സ്വര്‍ണവില രേഖപ്പെടുത്തിയത് ഇന്നാണ്. ഈ മാസത്തില്‍ ഏറ്റവും കുറവ് വില രേഖപ്പെടുത്തിയത് ഇക്കഴിഞ്ഞ അഞ്ചാം തീയതിയായിരുന്നു. 89,080 രൂപയായിരുന്നു അന്നത്തെ വില.

റെയില്‍വേയില്‍ 2,569 ഒഴിവുകള്‍; നവംബര്‍ 30 വരെ അപേക്ഷിക്കാം, വിശദാംശങ്ങള്‍

വിവിധ സോണുകളിലായി 2,569 ഒഴിവുകളിലേക്ക് വിജ്ഞാപനം പുറത്തിറക്കി റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ്(ആര്‍ആര്‍ബി). ജൂനിയര്‍ എന്‍ജിനീയര്‍ (ജെഇ), ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട് (ഡിഎംഎസ്), കെമിക്കല്‍ & മെറ്റലര്‍ജിക്കല്‍ അസിസ്റ്റന്റ് (സിഎംഎ) എന്നീ തസ്തികകളിലാണ് നിയമനം.

യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ rrbapply.gov.in വഴി 2025 നവംബര്‍ 30 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

യോഗ്യതാ മാനദണ്ഡം
ജൂനിയര്‍ എഞ്ചിനീയര്‍(ജെഇ): സിവില്‍, മെക്കാനിക്കല്‍, പ്രൊഡക്ഷന്‍, ഓട്ടോമൊബൈല്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ്, ഇന്‍സ്ട്രുമെന്റേഷന്‍ & കണ്‍ട്രോള്‍, ടൂള്‍സ് & മെഷീനിങ്, ടൂള്‍സ് & ഡൈ മേക്കിങ്, കമ്പ്യൂട്ടര്‍ സയന്‍സ്, അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ എന്‍ജിനിയറിങ് എന്നിവയില്‍ മൂന്നുവര്‍ഷത്തെ ഡിപ്ലോമയോ ബി.എസ്.സി ബിരുദമോ ഉണ്ടായിരിക്കണം.

ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട് (ഡിഎംഎസ്):എന്‍ജിനിയറിങ്ങില്‍ ഏതെങ്കിലും വിഷയത്തിലുള്ള ത്രിവത്സര ഡിപ്ലോമ.

കെമിക്കല്‍ & മെറ്റലര്‍ജിക്കല്‍ അസിസ്റ്റന്റ് (സിഎംഎ): ഫിസിക്‌സും കെമിസ്ട്രിയും വിഷയങ്ങളായി, കുറഞ്ഞത് 45% മാര്‍ക്കോടെ ബി.എസ്.സി ബിരുദം നേടിയിരിക്കണം.

പ്രായപരിധി
2026 ജനുവരി 1-ന് അപേക്ഷകര്‍ക്ക് 33 വയസ്സ് കവിയരുത്. സംവരണ വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ നിയമങ്ങള്‍ക്കനുസരിച്ച് പ്രായപരിധിയില്‍ ഇളവ് ലഭിക്കും.

തിരഞ്ഞെടുപ്പ് പ്രക്രിയ
കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ (സിബിടി), തുടര്‍ന്ന് രേഖാപരിശോധന, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.

പരീക്ഷാ രീതി

സിബിടി ഒന്നാം ഘട്ടം: 100 മാര്‍ക്കിന്റെ 100 മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങള്‍; സമയം – 90 മിനിറ്റ്.
സിബിടി രണ്ടാം ഘട്ടം: 150 മാര്‍ക്കിന്റെ 150 മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങള്‍; സമയം – 120 മിനിറ്റ്.
രണ്ട് ഘട്ടങ്ങളിലും ഓരോ തെറ്റായ ഉത്തരത്തിനും മൂന്നിലൊന്ന് മാര്‍ക്ക് നെഗറ്റീവ് മാര്‍ക്കായി കുറയ്ക്കും.
ശമ്പള സ്‌കെയില്‍
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് പ്രതിമാസം 35,400 രൂപ മുതല്‍ 1,12,400 രൂപ വരെ ശമ്പളം ലഭിക്കും.

അപേക്ഷാ ഫീസ്
SC/ST, വനിതകള്‍, ട്രാന്‍സ്ജെന്‍ഡര്‍, ന്യൂനപക്ഷ, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗക്കാര്‍ക്ക് അപേക്ഷാ ഫീസ് 250 രൂപയാണ് (സിബിടി ഒന്നാം ഘട്ടത്തില്‍ പങ്കെടുത്താല്‍ ബാങ്ക് ചാര്‍ജുകള്‍ കിഴിച്ച് ഈ തുക തിരികെ നല്‍കും).

മറ്റെല്ലാ ഉദ്യോഗാര്‍ഥികള്‍ക്കും 500 രൂപയാണ് അപേക്ഷാ ഫീസ് (സിബിടി ഒന്നാം ഘട്ടത്തില്‍ പങ്കെടുത്താല്‍ ബാങ്ക് ചാര്‍ജുകള്‍ കിഴിച്ച് 400 രൂപ തിരികെ നല്‍കും).

അപേക്ഷാ ഫീസ് ഓണ്‍ലൈനായി അടയ്ക്കണം. വിശദവിവരങ്ങള്‍ക്കും ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനും ആര്‍ആര്‍ബിയുടെ ഔദ്യോഗിക പോര്‍ട്ടലായ rrbapply.gov.in സന്ദര്‍ശിക്കുക.

നല്ല ഉറക്കം ലഭിക്കാൻ മത്തങ്ങ വിത്ത് കഴിക്കാം; ആരോഗ്യ ഗുണങ്ങൾ ഇതാണ്

പോഷക ഗുണമുള്ള ഭക്ഷണങ്ങൾ കഴിച്ചാൽ മാത്രമേ നല്ല ആരോഗ്യം ലഭിക്കുകയുള്ളൂ. ഡയറ്റിൽ മത്തങ്ങ വിത്ത് ഉൾപ്പെടുത്തുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

മത്തങ്ങ വിത്തിൽ ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. കൂടാതെ മഗ്നീഷ്യം, സിങ്ക്, ഫോസ്ഫറസ് എന്നിവയും ഇതിലുണ്ട്. ഇത് നിങ്ങളുടെ ശരീരത്തിന്റെ പ്രവർത്തനത്തെ മെച്ചപ്പെടുത്തുന്നു. ഏതുരീതിയിൽ വേണമെങ്കിലും മത്തങ്ങ വിത്ത് നിങ്ങൾക്ക് കഴിക്കാവുന്നതാണ്. ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

1.ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു
മത്തങ്ങ വിത്ത് കഴിക്കുന്നതിലൂടെ ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സാധിക്കും. ഇതിൽ ആരോഗ്യമുള്ള കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ഇത് നല്ല കൊളെസ്റ്ററോളിനെ ഉയർത്താൻ സഹായിക്കുന്നു.

2.രക്ത സമ്മർദ്ദം കുറയ്ക്കുന്നു
രക്ത സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന വിത്താണ് മത്തങ്ങയുടേത്. അതിനാൽ തന്നെ പ്രമേഹം ഉള്ളവർക്കും ഇത് കഴിക്കാവുന്നതാണ്. പോഷകങ്ങൾ, ആരോഗ്യമുള്ള കൊഴുപ്പ്, ഫൈബർ എന്നിവ മത്തങ്ങ വിത്തിൽ ധാരാളം അടങ്ങിയിട്ടുണ്ട്.

  1. നല്ല ഉറക്കം ലഭിക്കുന്നു

നല്ല ഉറക്കം ലഭിക്കാൻ മത്തങ്ങ വിത്ത് കഴിക്കുന്നതിലൂടെ സാധിക്കും. കാരണം ഇതിൽ ധാരാളം മഗ്നീഷ്യവും ട്രിപ്റ്റോഫാനും അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ നല്ല ഉറക്കം ലഭിക്കാൻ മത്തങ്ങ വിത്ത് കഴിച്ചാൽ മതി.

  1. ഹോർമോൺ ആരോഗ്യം

മത്തങ്ങ വിത്തിൽ ധാരാളം മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്റെ പ്രവർത്തനത്തേയും എല്ലുകളുടെ ആരോഗ്യവും മെച്ചപ്പെടുത്തുന്നു. കൂടാതെ നല്ല ദഹനം ലഭിക്കാനും ഹൃദയത്തെ പിന്തുണയ്ക്കാനും ഇതിന് സാധിക്കും.

ക്രൈസ്തവരെ സര്‍ക്കാര്‍ അവഗണിക്കുന്നു,ജനാധിപത്യത്തിന്‍റെ നാല് തൂണുകളിലും കൃത്യമായ പരിഗണന ഉറപ്പാക്കണം, മുന്നറിയിപ്പുമായി കത്തോലിക്കാ സഭ

എറണാകുളം: രാഷ്ട്ര നിർമ്മിതിക്ക് ഏറ്റവും അധികം സംഭാവന നൽകിയിട്ടുള്ള ക്രൈസ്തവരെയും സിറോ മലബാർ സമുദായത്തെയും അവഗണിക്കുന്നുവെന്ന് , സിബിസിഐ അധ്യക്ഷൻ ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത്. ദീപിക പത്രത്തിലാണ് അദ്ദേഹത്തിന്‍റെ ലേഖനം ,2.78 കോടി ക്രിസ്ത്യാനികളുടെ നിഷേധിക്കപ്പെട്ട അവകാശങ്ങൾ ചോദിച്ചു വാങ്ങേണ്ട സാഹചര്യമുണ്ട്, ഈ അവകാശങ്ങൾ സർക്കാരുകളുടെ ഔദാര്യമല്ല,

പലയിടങ്ങളിലും ജയപരാജയങ്ങൾ തീരുമാനിക്കാൻ ക്രൈസ്തവർക്കാകും, ആരു വാഴണമെന്നും ആരു വീഴണമെന്നും തീരുമാനിക്കുന്നതിൽ സമുദായത്തിന് പങ്കുണ്ട്, വീണ്ടും പോരാട്ടത്തിന്റെ വഴിയിലേക്ക് സിറോ മലബാർ സഭയെ രാഷ്ട്രീയ നേതൃത്വം തള്ളി വിടരുത്, ജെ ബി കോശി കമ്മീഷൻ റിപ്പോർട്ടിലെ ശുപാർശകൾ സംസ്ഥാന സർക്കാർ നടപ്പാക്കണം, ക്രൈസ്തവരുടെ പിന്നോക്കാവസ്ഥ തടയാനുള്ള കാര്യങ്ങൾ നടപ്പാക്കുന്നതിന് സർക്കാരിനെ തടയുന്നത് ആരാണ്? സർക്കാർ ഭയക്കുന്നത് ആരെയാണെന്നും ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത്, തെരഞ്ഞെടുത്തിരിക്കെ ക്രൈസ്തവ സമുദായത്തെ സർക്കാർ കരുതലോടെ കാണണം, സർക്കാർ ഉദ്യോഗത്തിൽ അടക്കം ക്രൈസ്തവ സമുദായത്തിന് കൃത്യമായ പരിഗണന ലഭിക്കണം

തെരഞ്ഞെടുപ്പ് ആവേശത്തിനപ്പുറത്തെ ബിഹാർ; ‘വികസനം ഇല്ല, നേതാക്കൾ നല്കുന്നത് വാഗ്ദാനങ്ങൾ മാത്രം’, തുറന്ന് പറഞ്ഞ് ഗ്രാമീണർ

പാറ്റ്ന: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ രണ്ടാംഘട്ട പോളിംഗ് നാളെ നടക്കും. 20 ജില്ലകളിലെ 122 മണ്ഡലങ്ങളാണ് ജനവിധിയെഴുതുന്നത്. സീമാബൽ,ചമ്പാരൻ മേഖലകളിൽ ഈ ഘട്ടത്തിലാണ് വോട്ടെടുപ്പ് നടക്കുക. തെരഞ്ഞെടുപ്പ് ആവേശത്തിനും വാ​ഗ്ദാനങ്ങൾക്കുമപ്പുറം ബിഹാറിലെ ​ഗ്രാമങ്ങളിൽ നിസഹായതയുടെയും, ദാരിദ്ര്യത്തിന്റെയും കാഴ്ചകളാണ് കാണാനാവുക. പതിവുപോലെ വാ​ഗ്ദാനം നൽകി മടങ്ങുകയാണ് നേതാക്കളെന്നും, വർഷങ്ങളായി ജീവിതത്തിൽ ഒരു മാറ്റവുമില്ലെന്നുമാണ് ​ഗ്രാമവാസികൾ പറഞ്ഞത്. നിതീഷ് കുമാര്‍ പ്രഖ്യാപിച്ച ധനസഹായം കിട്ടിയില്ലെന്നാണ് പല സ്ത്രീകളും പറയുന്നത്. ​

ന​ഗരത്തിലുള്ളവർക്കാണ് എല്ലാം ലഭിക്കുന്നത്, ഞങ്ങൾക്ക് ഒരു രൂപ പോലും ലഭിക്കുന്നില്ല, വലിയ വലിയ ആളുകള്‍ക്ക് എല്ലാ നൽകും, ഞങ്ങൾക്ക് ആര് നൽകാൻ. ഇവിടെ വലിയ ബുദ്ധിമുട്ടാണ്, വലിയ കഷ്ടത്തിലാണ് ജീവിക്കുന്നത്. മഴ പെയ്താൽ ഇവിടെ നിറയെ ചളിയും വെള്ളവുമാണ്. 20 വർഷത്തിലധികമായി ഇവിടെ ജീവിക്കുന്നു. നേതാക്കൾ വരുന്നു പോകുന്നു, ഒരുമാറ്റവും ഇല്ല. 50 വർഷമായി ഒന്നും ഇവിടെ നിർമ്മിച്ചിട്ടില്ല, ഒരു വികസനവും ഇല്ല, കുറേ വാ​ഗ്ദാനങ്ങൾ നൽകി, പാവപ്പെട്ടവർക്ക് ഒന്നുമില്ല,വിലക്കയറ്റം കുതിച്ചുകയറുകയാണ്, വലിയ ആളുകൾക്ക് എല്ലാ കിട്ടുന്നു. പാവപ്പെട്ടവർക്ക് ഒന്നുമില്ല, ദരിദ്രർ കൂടുതൽ ദരിദ്രരാകുന്നു, പണക്കാർ കൂടുതൽ പണക്കാരാകുന്നു എന്നാണ് ഗ്രാമവാസികൾ പറയുന്നത്.