കൊച്ചി. പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമ വിദ്യാർത്ഥിനി ജിഷയുടെ മാതാവ് രാജേശ്വരി അന്തരിച്ചു. കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവേ, ഇന്ന് വൈകിട്ടാണ് അന്ത്യം.
മൃതദേഹം രാവിലെ 10മണിക്ക് മുടക്കുഴ ഐമുറിയിലെ വീട്ടിലെത്തിക്കും. മരണാനന്തര ചടങ്ങുകൾക്ക് ശേഷം, പെരുമ്പാവൂർ മലമുറി ശ്മശാനത്തിൽ മൃതദേഹം സംസ്കരിക്കും
വയനാട് മാനന്തവാടി പനമരം റൂട്ടിൽ കൂളിവയലിന് സമീപം കാറും കെഎസ്ആർടിസി ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച രണ്ടുപേരിൽ ഒരാളെ തിരിച്ചറിഞ്ഞു. കോടഞ്ചേരി സ്വദേശിയായ രഞ്ജു മാത്യുവിനെയാണ് തിരിച്ചറിഞ്ഞത്. 38 വയസ്സാണ് രഞ്ജുവിന്റെ പ്രായം. ഒപ്പം ഉണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളി മരിച്ചിട്ടുണ്ട്.
ഒപ്പം മറ്റൊരു ഇതര സംസ്ഥാനക്കാരനും കൂടി പരിക്കേറ്റ നിലയിലാണ് . ഇദ്ദേഹം മാനന്തവാടി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് . വൈകിട്ട് ആറരയോടെ ആയിരുന്നു അപകടം. കോഴിക്കോട് നിന്ന് മാനന്തവാടിക്ക് വന്നിരുന്ന ബസ്സും എതിർ ദിശയിൽ സഞ്ചരിച്ചിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. കൺസ്ട്രക്ഷൻ സ്ഥാപനത്തിൻറെ ഉടമയാണ് മരിച്ചയാൾ എന്നാണ് വിവരം. അഞ്ചുകുന്നിൽ വീട് നിർമ്മാണവുമായി ബന്ധപ്പെട്ട സ്ഥലത്തുനിന്ന് മടങ്ങുന്നതിനിടെയാണ് അപകടം. കെഎസ്ആർടിസി ഡ്രൈവർ അനിൽകുമാറിന് കാലിന് പരിക്കുണ്ട്
തിരുവനന്തപുരം: സര്ക്കാര് ആശുപത്രികളിലെ ഡോക്ടര്മാരുടെ ഒപി സമയം കൂട്ടി. രാവിലെ എട്ട് മണി മുതല് രണ്ട് വരെയാണ് സമയം കൂട്ടിയത്. നേരത്തേ ഇത് ഒരു മണി വരെയായിരുന്നു.
ആശുപത്രി സൂപ്രണ്ടുമാരുടെ ജോലി സമയവും കൂട്ടിയിട്ടുണ്ട്. രാവിലെ എട്ട് മണി മുതല് വൈകിട്ട് മൂന്ന് മണിവരെയാണ് സൂപ്രണ്ടുമാരുടെ ജോലി സമയം. ഡെപ്യൂട്ടി സൂപ്രണ്ടുമാരുടെ ജോലി സമയം രാവിലെ പത്ത് മണി മുതല് വൈകിട്ട് അഞ്ച് മണിവരെയാക്കിയും പുനഃക്രമീകരിച്ചിട്ടുണ്ട്. അതേസമയം ഒപി സമയം കൂട്ടിയതിനെതിരെ കെജിഎംഒഎ രംഗത്തെത്തി. ഡോക്ടര്മാരുടെ ജോലി ഭാരം കൂട്ടുന്നത് അംഗീകരിക്കാന് ആകില്ലെന്ന് കെജിഎംഒഎ പറഞ്ഞു. പുതിയ തസ്തികകള് സൃഷ്ടിക്കുകയാണ് വേണ്ടത്. ഉത്തരവ് പിന്വലിച്ചില്ലെങ്കില് സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നും കെജിഎംഒഎ അറിയിച്ചു.
കരുനാഗപ്പള്ളി . ഉൽപാദന പശ്ചാത്തല സേവന മേഖലകൾക്ക് പ്രാധാന്യം നൽകി നഗരസഭയിൽ 2026 – 27 വർഷത്തെ വാർഷിക ബഡ്ജറ്റ് അവതരിപ്പിച്ചു. വൈസ് ചെയർപേഴ്സൺ ബീന ജോൺസൺ ആണ് ബഡ്ജറ്റ് അവതരിപ്പിച്ചത്. ചെയർപേഴ്സൺ പി ശിവരാജൻ അധ്യക്ഷനായി. 84,516 5551രൂപ വരവും 59,0933110 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് അവതരിപ്പിച്ചത്.
ഉൽപ്പാദന മേഖലയിൽ ക്ഷീരകർഷകർക്ക് പാൽ സബ്സിഡി, തീറ്റവസ്തുക്കൾ നൽകൽ, മൃഗാശുപത്രിക്ക് സൗകര്യങ്ങൾ ഒരുക്കൽ,നാളികേര – വാഴകൃഷി വികസനം. പച്ചക്കറി തൈ വിതരണം, ഇടവിളകൃഷി, കന്നുകുട്ടി പരിപാലനം എന്നിവ ഉൾപ്പെടെയുള്ള പദ്ധതികൾക്ക് 2,12, 25250 കോടി രൂപയും പശ്ചാത്തല മേഖലയിൽ റോഡുകൾ, അംഗനവാടിയുടെ നവീകരണം, പാർക്കുകളുടെ നിർമ്മാണം, സിസിടിവി ക്യാമറകൾ സ്ഥാപിക്കൽ,
നഗരസഭ കാര്യാലയത്തിലും താലൂക്കാശുപത്രിയിലും സോളാർ സിസ്റ്റം സ്ഥാപിക്കൽ, കംഫർട്ട് സ്റ്റേഷൻ നിർമ്മാണം, മാർക്കറ്റ് നിർമ്മാണം എന്നിവയ്ക്കായി 62,206400 രൂപയും സേവനമേഖലയിൽ ഭവന പുനരുദ്ധാരണം, വിവിധ സ്കൂളുകളുടെ മെയിന്റനൻസ് വർക്കുകൾ,ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഗ്രൗണ്ട്, ചിൽഡ്രൻസ് പാർക്കുകൾ,സ്റ്റേഡിയം തുടങ്ങിയ പദ്ധതികൾക്കായി 11,9896810 കോടി രൂപയും മാറ്റി വച്ചിട്ടുണ്ട്. ബജറ്റ് അവതരണ യോഗത്തിൽ സ്ഥിരം സമിതി അധ്യക്ഷരായ പി രാജു,മുനമ്പത്ത് ഗഫൂർ,എം ശോഭന,മോഹൻദാസ്,ആശ അനിൽ, സെക്രട്ടറി വി എസ് സന്ദീപ് കുമാർ,നഗരസഭ കൗൺസിലർമാർ എന്നിവർ പങ്കെടുത്തു.
പോരുവഴി:കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്.പോരുവഴി കമ്പലടി ഉഷാ ഭവനത്തിൽ മഞ്ജേഷ് കുമാർ (37)നാണ് പരിക്കേറ്റത്.വീടിന് സമീപം എത്തിയ കാട്ടുപന്നി യുവാവിനെ ആക്രമിക്കുകയായിരുന്നു. അക്രമണത്തെ തുടർന്ന് നിലത്തു വീണ ഇദ്ദേഹത്തെ കാട്ടുപന്നി ശരീരത്തിൽ ചവിട്ടി നിന്നാണ് ആക്രമിച്ചത്.
നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തി ബഹളം വെച്ചതിനെ തുടർന്നാണ് പന്നി ഇവിടെ നിന്നും പോയത്.തുടർന്ന് ഇദ്ദേഹത്തെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.കൈക്കും,നെഞ്ചിലും, വയറ്റിലുമാണ് പരിക്കേറ്റത്
ശാസ്താംകോട്ട:ആദർശ ധീരനും നിർഭയനുമായ, ക്രാന്തദർശിയായിരുന്നു കുമ്പളത്ത് ശങ്കുപ്പിളളയെന്ന് ദേവസ്വം പ്രസിഡൻ്റ് കെ.ജയകുമാർ അഭിപ്രായപ്പെട്ടു.കെഎസ്എംഡിബി കോളേജിൽ സ്ഥാപക ദിനാഘോഷവും പ്രതിഭാ സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കോളേജിനെ കേരളത്തിലെ പ്രമുഖ കോളേജുകളിൽ ഒന്നാക്കി മാറ്റുവാനും വിദ്യാർത്ഥികൾക്ക് വരുംകാല മാറ്റങ്ങൾ ഉൾക്കൊള്ളുന്ന വിധത്തിൽ പഠനം നടത്തുന്നതിനാവശ്യമായ എല്ലാ സാഹചര്യങ്ങളും കോളേജിൽ ഉണ്ടാകും.ബോർഡിൻ്റെ ആദ്യ കോളേജ് എന്ന നിലയിൽ ബോർഡിൻ്റെ പ്രഥമ പരിഗണന ശാസ്താംകോട്ട കോളേജിന് ഉണ്ടാകുമെന്നും അദ്ദേഹം തുടർന്നു പറഞ്ഞു.
വിദ്യാർത്ഥികൾക്കും ജീവനക്കാർക്കുമുള്ള മെരിറ്റ് അവാർഡുകളുടെ വിതരണവും അദ്ദേഹം നിർവഹിച്ചു.ഡോ.ബി.രവി പിള്ള എൻഡോവ്മെൻ്റുകളുടെയും ജൂബിലി,പിടിഎ എൻഡോവ്മെൻ്റുകളുടെയും വിതരണം ബോർഡ് അംഗം അഡ്വ.കെ.രാജു നിർവഹിച്ചു.കോളേജിന് പുതിയ പ്രവേശന കവാടം,വനിതാ ഹോസ്റ്റലിന് രണ്ടാംനില,പത്മശ്രീ ഡോ.രവി പിള്ള സംഭാവന നൽകിയ മാതൃവന്ദനം ബ്ലോക്കിന് ഇഗ്നോ പരീക്ഷ കേന്ദ്രമായി പുതിയ നില,നാല് വർഷ ബിരുദ പഠനത്തിന് ജൂബിലി ബ്ലോക്കിന് പുതിയ നില,സെമിനാർ ഹാൾ ആധുനിക വൽക്കരണം,ഓഎഫ് സി നെറ്റ്വർക്കിങ്ങ്,ഫുഡ് പ്രോസസിങ് അടക്കമുള്ള ലാബുകളുടെ നവീകരണം എന്നിവക്ക് ബോർഡ് ആദ്യ ഘട്ട അനുമതി നൽകി.
പ്രിൻസിപ്പൽ പ്രൊഫ. കെ.എസ്. അനിൽകുമാർ അധ്യക്ഷനായിരുന്നു. പ്രൊഫ.എ ജി അമൃതകുമാരി,കെ.വി രാമാനുജൻ തമ്പി,പി.ചന്ദ്രഹാസൻ,ഡോ.അജേഷ് എസ്.ആർ,ഡോ.ആശ രാധാകൃഷ്ണൻ, ഡോ.മീര എ.പി,രാഗി ആർ.ജി,ഡോ.മിനി ആർ നായർ,ഡോ.ബിനുശ്രീജയൻ,ശ്രീജ.ആർ,എ.വി ആത്മൻ,സാമുവൽ എസ്.പന്മന ആശ്രമ അധികൃതർ,പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങൾ,പൂർവ്വ ജീവനക്കാർ എന്നിവർ പങ്കെടുത്തു.
കൊല്ലം: സമൂഹമാദ്ധ്യമങ്ങളിലടക്കം പ്രചരിക്കുന്ന ആരോപണങ്ങൾക്ക് മറുപടിയുമായി ഗതാഗത മന്ത്രി കെബി ഗണേശ് കുമാർ. സൈബർ ഇടത്തിൽ നടക്കുന്നത് വ്യാജ പ്രചാരണങ്ങളാണെന്ന് ഗണേശ് കുമാർ പറഞ്ഞു. ഇലക്ഷൻ അടുക്കുമ്പോഴുള്ള രാഷ്ട്രീയ മുതലെടുപ്പാണ് നടക്കുന്നത്. ഇതിനുപിന്നിൽ കോൺഗ്രസുകാരാണ്. തനിക്കെതിരെ പട്ടാഴിയിൽ ജാഥ നടത്തിയത് എൻഎസ്എസുകാരല്ല കോൺഗ്രസുകാരാണെന്ന് മന്ത്രി പറഞ്ഞു.
മന്ത്രിയുടെ വാക്കുകൾ ഇങ്ങനെ:’ എനിക്ക് പ്രണയമുണ്ടോ എന്ന് ചോദിച്ചാൽ നിരവധി പ്രണയമുണ്ടെന്ന് പറയും. എല്ലാവരോടും നിഷ്കളങ്കമായി പെരുമാറുന്നതാണ് എന്റെ വിജയം. പിതാവിന്റെ മരണശേഷം പിതാവിനെപ്പോലെ ഒപ്പമുള്ളയാളാണ് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ. അദ്ദേഹം പറഞ്ഞതുകൊണ്ടാണ് പത്തനാപുരം താലൂക്കിൽ പ്രവർത്തിക്കുന്നത്. ഇലക്ഷൻ അടുക്കുമ്പോൾ സമരം ചെയ്യാൻ ഉള്ളതല്ല എൻഎസ്എസ്.എന്റെ വ്യക്തിപരമായ കാര്യങ്ങളിൽ ആരും ഇടപെടേണ്ട. വീട്ടിനകത്തുള്ള കാര്യങ്ങളൊന്നും പുറത്ത് പറയേണ്ടതില്ല.
പത്തനാപുരംകാർക്ക് കഴിഞ്ഞ 25 വർഷമായി എന്നെ അറിയാം. 2001 മുതൽ ജയിക്കുന്നു. ഒരാളും പത്തനാപുരത്ത് രണ്ട് തവണയിൽ കൂടുതൽ ജയിക്കില്ലെന്ന വിശ്വാസമുണ്ടായിരുന്നു.ഞാൻ അഞ്ച് തവണയായി ജയിക്കുന്നു. വലിയ ആരോപണങ്ങളുണ്ടായപ്പോഴും വലിയ ഭൂരിപക്ഷത്തോടെ ഇവിടെ ജയിച്ചു. ഇന്നേവരെ അഴിമതി ചെയ്തിട്ടില്ല. പത്താനപുരത്തുകാർ ഇത് വിശ്വസിക്കില്ല.
പത്തനാപുരംകാർക്ക് തന്റെ എക്സ്റേ വരെ അറിയാം. ഇത്തവണയും വലിയ ഭൂരിപക്ഷത്തിൽ ജയിക്കും.എന്റെ വ്യക്തിജീവിതത്തിൽ ഇടപെടാൻ ആർക്കും അവകാശമില്ല. ഇപ്പോൾ ഉയർന്ന ആരോപണങ്ങൾ ഭൂരിപക്ഷം കൂട്ടും. വട്ട് മൂത്താൽ ആരും പരാതിപ്പെടും. എനിക്കും വേണമെങ്കിൽ പരാതിപ്പെടാം. ഇക്കാര്യത്തിൽ ഇടപെടാൻ ആർ ശ്രീലേഖ ആരാണ്? അവർ മേയർ സ്ഥാനം കിട്ടാത്തതിന്റെ കൊതിക്കെറുവ് തീർക്കുകയാണ്.’
ന്യൂ ഡെൽഹി : കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാർഥികളെ നിശ്ചയിക്കുന്നത് സംബന്ധിച്ച് ബിജെപി സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വവുമായുള്ള നിര്ണായക യോഗം അവസാനിച്ചു.വിശദമായ ചര്ച്ചയാണ് നടന്നതെന്നും സംസ്ഥാന ഘടകം നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പദ്ധതി അവതരിപ്പിച്ചുവെന്നും സ്ഥാനാര്ഥികളെ ഒറ്റ പട്ടികയായി പ്രഖ്യാപിക്കാനാണ് ശ്രമമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര് പറഞ്ഞു. വരും ദിവസത്തെ ചര്ച്ചയിൽ സ്ഥാനാര്ത്ഥി പട്ടിക അന്തിമമാക്കും. ഈ മാസം 20ഓടെ സ്ഥാനാര്ത്ഥി പ്രഖ്യാപനം നടത്തുമെന്നും രാജീവ് ചന്ദ്രശേഖര് പറഞ്ഞു.
ജെപി നദ്ദയുടെ വീട്ടിൽ നടന്ന യോഗം ഒന്നര മണിക്കൂര് നീണ്ടു. ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ, ബിജെപി ദേശീയ സംഘടന ജനറൽ സെക്രട്ടറി ബിഎൽ സന്തോഷ് , ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, ശോഭ കരന്ത്ലാജെ എന്നിവര് യോഗത്തിൽ പങ്കെടുത്തു. സംസ്ഥാന നേതൃത്വം തയ്യാറാക്കിയ സ്ഥാനാർഥി പട്ടിക ദേശീയ നേതൃത്വത്തിന് നൽകി.
ബിജെപി മുൻ സംസ്ഥാന അധ്യക്ഷന്മാരായ വി മുരളീധരൻ, കുമ്മനം രാജശേഖരൻ, കെ സുരേന്ദ്രൻ, ജന സെക്രട്ടറിമാർ, ദേശീയ നിർവാഹക സമിതി അംഗം പികെ കൃഷ്ണദാസ് എന്നിവരും യോഗത്തിൽ പങ്കെടുത്തു. അന്തിമ പട്ടികയ്ക്ക് 12 ന് പ്രധാനമന്ത്രി പങ്കെടുക്കുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ അംഗീകാരം നൽകും. ശേഷമാകും ഔദ്യോഗിക പ്രഖ്യാപനം.
ബോയ്ഫ്രണ്ടുമായി പിരിഞ്ഞു എന്ന കുറിപ്പോടെ നടിയും അവതാരകയുമായ മീനാക്ഷി രവീന്ദ്രന് ഇന്സ്റ്റഗ്രാമില് പങ്കുവച്ച കരയുന്ന വിഡിയോയ്ക്ക് പ്രതികരണങ്ങള് ഏറെ. ‘മതപരമായ വിശ്വാസങ്ങളുടെ പേരില് ബോയ്ഫ്രണ്ടുമായി വേര്പിരിഞ്ഞു. ഞാന് ദൈവമാണെന്ന് അവന് വിശ്വസിക്കുന്നില്ല.’ എന്നാണ് വിഡിയോയ്ക്കൊപ്പം മീനാക്ഷി കുറിച്ചത്. രസകരമായ വിഡിയോ ഇതിനോടകം വൈറലായിട്ടുണ്ട്. രസകരമായ കമന്റുകളാണ് വിഡിയോയില് നിറയുന്നത്. ‘ദൈവം കരയാറില്ല, കരയിക്കാറേയുള്ളൂ’, ‘പെണ്ണേ നീ നിര്ത്തിക്കോ’ എന്നിങ്ങനെ പോകുന്നു കമന്റുകള്. അതേസമയം, പോസ്റ്റിലെ തമാശ മനസ്സിലാകാതെ മീനാക്ഷിയെ ആശ്വസിപ്പിക്കാനെത്തുന്നവരുമുണ്ട്. കമന്റുകള് അധികമായതോടെ, തമാശ വിഡിയോയാണെന്ന് വ്യക്തമാക്കി താരം തന്നെ രംഗത്തെത്തുകയായിരുന്നു. കമന്റിലാണ് മീനാക്ഷി ഇക്കാര്യം വ്യക്തമാക്കിയത്. ”എല്ലാവരും സമാധാനിക്കൂ. ഇതൊരു തമാശ വിഡിയോ മാത്രമാണ്. കാര്യമായി ഒന്നും സംഭവിച്ചിട്ടില്ല. എല്ലാവരുടെയും സുഖാന്വേഷണത്തിന് നന്ദി. ഈ കരച്ചില് വിഡിയോയ്ക്ക് വേണ്ടി മാത്രം ചെയ്തതാണ്. ആക്ടിങ്, ആക്ടിങ്” മീനാക്ഷിയുടെ വാക്കുകള്. സമൂഹമാധ്യമങ്ങളില് ഇത്തരത്തിലുള്ള രസികന് വിഡിയോകള് മീനാക്ഷി ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്.
തിരുവനന്തപുരം. വയനാട് ടൗണ്ഷിപ്പ് സന്ദര്ശന വേളയില് ഉണ്ടായസംഭവ വികാസങ്ങളില് നടന് മമ്മുട്ടിയോട് പരസ്യമായിക്ഷമാപണം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്. മനസ്സിന് പ്രയാസം ഉണ്ടായിട്ടുണ്ടെങ്കില് ക്ഷമ ചാദിക്കുകയാണെന്ന് തിരുവനന്തപുരം ജനറല് ആശുപത്രി ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങില് മുഖ്യമന്ത്രി പറഞ്ഞു. സിപിഐഎം ജില്ലാ സെക്രട്ടറി കെ റഫീഖിനെ അപമാനിച്ചെന്നാരോപിച്ച് സിപിഐഎം സൈബര് സംഘങ്ങള് രൂക്ഷമായ വിമര്ശനമായിരുന്നു മുഖ്യമന്ത്രിക്കെതിരെ ഉന്നയിച്ചിരുന്നത്
തിരുവനന്തപുരം ജനറല് ആശുപത്രിയുടെ മന്ദിരത്തിന്റെ ഉദ്ഘാടന വേളയിലായിരുന്നു പ്രസംഗം. മമ്മുട്ടി ടൗണ്ഷിപ്പില് എത്തിയതിനെ മുഖ്യമന്ത്രി പ്രകീര്ത്തിച്ചു. ടൗണ്ഷിപ്പിലെത്തിയതിനെ തുടര്ന്നുണ്ടായ സംഭവങ്ങള് വിവാദമായതില് വിമര്ശനം. മമ്മുട്ടിയെ സൈബറിടത്തില് ആക്രമിച്ച സിപിഐഎം സോഷ്യല്മീഡിയ പോരാളികളെ എടുത്ത് പറഞ്ഞു മുഖ്യമന്ത്രി. ഒടുവില് പരസ്യമായി മാപ്പ് ചോദിച്ചു
കഴിഞ്ഞ ദിവസമായിരുന്നു മമ്മുട്ടിയുടെ ടൗണ്ഷിപ്പ് സന്ദര്ശനം. ഈ ഘട്ടത്തില് സിപിഐഎം ജില്ലാ സെക്രട്ടറി കെ റഫീഖിനോട് മാറി നില്ക്കാന് മമ്മുട്ടി ആവശ്യപ്പെടുന്ന ദൃശ്യം പുറത്തുവന്നതോടെയായിരുന്നുവിവാദം. സിപിഐഎം സൈബര് പ്രൊഫൈലുകള് മമ്മുട്ടിയെ ആക്രമിക്കുകയാണുണ്ടായത്. തുടര്ന്ന് മമ്മുട്ടി റഫീഖിനെ ഫോണില് വിളിച്ചു. ഇതിന് പിന്നാലെ വിവാദങ്ങള് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് റഫീഖ് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിട്ടും സൈബര് ആക്രമണം തുടര്ന്നു. മുഖ്യമന്ത്രിയുടെ പരസ്യമായ മാപ്പപേക്ഷയോടെ സിപിഐഎം സൈബറണികള് അടങ്ങിയേക്കും….