Home Blog Page 373

ഹിറ്റ് ആൻഡ് റൺ കേസുകൾ: ജില്ലതോറും പ്രത്യേക പൊലീസ് സ്ക്വാഡ് രൂപീകരിക്കാൻ ഹൈക്കോടതി നിർദേശം

കൊച്ചി: റോഡപകടം ഉണ്ടാക്കി വാഹനം നിർത്താതെ കടന്നുകളയുന്ന ഹിറ്റ് ആൻഡ് റൺ കേസുകൾ ഫലപ്രദമായി അന്വേഷിക്കാൻ ജില്ലതോറും പ്രത്യേക പൊലീസ് സ്ക്വാഡ് രൂപീകരിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ജില്ലാ പൊലീസ് മേധാവിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരിക്കണം സ്ക്വാഡിന്റെ പ്രവർത്തനമെന്നും കോടതി നിർദേശിച്ചു.

അപകടമുണ്ടാക്കിയ വാഹനങ്ങളെ കണ്ടെത്താനാകാത്തതിനാൽ ഇരകൾക്ക് ഇൻഷുറൻസ് നഷ്ടപരിഹാരം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നഷ്ടപ്പെടുന്ന സാഹചര്യത്തിലാണ് ജസ്റ്റിസ് ജി. ഗിരീഷ് നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. ഹിറ്റ് ആൻഡ് റൺ അപകടങ്ങളെ സംബന്ധിച്ച മൂന്ന് ഹർജികൾ പരിഗണിച്ച ശേഷമാണ് കോടതി നിർദേശം നൽകിയത്.

ജില്ലകളിലെ പ്രത്യേക സ്ക്വാഡുകൾ പരസ്പര ഏകോപനത്തോടെ പ്രവർത്തിക്കണമെന്നും ഇത്തരം കേസുകൾ സ്ക്വാഡിന്റെ ശ്രദ്ധയിൽപ്പെടുത്താൻ സംസ്ഥാന പൊലീസ് മേധാവി നിർദേശം നൽകണമെന്നും കോടതി വ്യക്തമാക്കി. അന്വേഷണത്തിന് സൈബർ പൊലീസിന്റെ സഹായം ഉറപ്പാക്കണമെന്നും പൊതുജനങ്ങൾക്ക് പരാതികൾ അറിയിക്കാൻ പ്രത്യേക ഫോൺ നമ്പറുകൾ ലഭ്യമാക്കണമെന്നും നിർദേശിച്ചു.

ഹിറ്റ് ആൻഡ് റൺ അപകടങ്ങളിൽ ഇരകൾക്ക് മതിയായ നഷ്ടപരിഹാരം ഉറപ്പാക്കാൻ നിയമഭേദഗതി പരിഗണിക്കണമെന്ന് കേന്ദ്രസർക്കാരിനോടും കോടതി ആവശ്യപ്പെട്ടു. നിലവിലെ ഹിറ്റ് ആൻഡ് റൺ മോട്ടോർ ആക്‌സിഡന്റ് സ്‌കീം-2021 പ്രകാരമുള്ള നഷ്ടപരിഹാര തുക അപര്യാപ്തമാണെന്നും ഓസ്ട്രിയ, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിലെ മാതൃകയിൽ പ്രത്യേക ഫണ്ട് രൂപീകരിച്ച് നഷ്ടപരിഹാരം നൽകുന്നതും പരിഗണിക്കാമെന്നും കോടതി അഭിപ്രായപ്പെട്ടു. ഇതിനുള്ള തുക പിഴയിനത്തിലോ ഇൻഷുറൻസ് പ്രീമിയത്തിലെ വിഹിതത്തിലോ നിന്ന് കണ്ടെത്താമെന്നും ചൂണ്ടിക്കാട്ടി.

തുടർനടപടികൾക്കായി കേന്ദ്ര കാബിനറ്റ് സെക്രട്ടറിക്കും സംസ്ഥാന ചീഫ് സെക്രട്ടറിക്കും സംസ്ഥാന പൊലീസ് മേധാവിക്കും വിധിപ്പകർപ്പ് അയയ്ക്കാനും കോടതി നിർദേശിച്ചു. കൊച്ചി കടവന്ത്രയിൽ സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചിട്ട് കടന്നുകളഞ്ഞ കേസും നെടുമ്പാശേരിയിൽ ബാങ്ക് ഉദ്യോഗസ്ഥനെ കാർ ഇടിച്ച കേസും ക്രൈംബ്രാഞ്ച് അന്വേഷിക്കാനും കോടതി ഉത്തരവിട്ടു.

റാന്നിയിൽ മൂന്ന് വയസ്സുകാരിക്ക് ഷോക്കേറ്റ് ദാരുണാന്ത്യം

പത്തനംതിട്ട: റാന്നിയിൽ മൂന്ന് വയസ്സുകാരി ഷോക്കേറ്റ് മരിച്ചു. വയലത്തല സ്വദേശികളായ ബിനോയ്–സാന്ദ്ര ദമ്പതികളുടെ മകൾ അവന്തികയാണ് മരിച്ചത്. സാന്ദ്രയുടെ കുടുംബവീട്ടിൽവെച്ചാണ് ദാരുണ സംഭവം ഉണ്ടായത്.

അമ്മ കുളിക്കാൻ പോയ സമയത്ത് മുറിക്കുള്ളിൽ കളിച്ചുകൊണ്ടിരുന്ന അവന്തികയ്ക്കാണ് വൈദ്യുതാഘാതമേറ്റത്. കുളി കഴിഞ്ഞ് മടങ്ങിയെത്തിയ സാന്ദ്ര കുട്ടി അബോധാവസ്ഥയിൽ നിലത്ത് കിടക്കുന്നതുകണ്ട് ഓടിയെത്തി തൊട്ടപ്പോൾ അമ്മയ്ക്കും വൈദ്യുതാഘാതമേറ്റു.

തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ കുട്ടിയെ റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അപകടത്തിന് കാരണമായ സാഹചര്യം ഇതുവരെ വ്യക്തമായിട്ടില്ല. വീട്ടിനുള്ളിൽ എവിടെ നിന്നാണ് വൈദ്യുതാഘാതമേറ്റതെന്ന് കണ്ടെത്താൻ റാന്നി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു

വിവാഹജീവിതം തകര്‍ത്തെന്ന് ആരോപണം; പിതാവിനെ അടിച്ചുകൊന്ന മകന്‍ അറസ്റ്റില്‍

ഗാന്ധിനഗര്‍: വിവാഹജീവിതം തകര്‍ത്തുവെന്നാരോപിച്ച് 70-കാരനായ പിതാവിനെ വടികൊണ്ട് മര്‍ദിച്ച് കൊലപ്പെടുത്തിയ മകന്‍ അറസ്റ്റില്‍. ഗുജറാത്തിലെ ദാഹോദ് ജില്ലയിലാണ് സംഭവം. വലഭായ് പാര്‍ഗിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന്‍ ബാബുഭായ് പാര്‍ഗിയെ പൊലീസ് അറസ്റ്റ് ചെയ്തു.

അഞ്ച് വര്‍ഷം മുമ്പ് ഭാര്യ പിരിഞ്ഞുപോയതിന്റെ പേരില്‍ മാതാപിതാക്കളെ നിരന്തരം കുറ്റപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ബാബുഭായ് കടുത്ത മദ്യപാനിയായിരുന്നുവെന്നും മദ്യലഹരിയില്‍ ഭാര്യയെ നിരന്തരം മര്‍ദിക്കുകയും വഴക്കുണ്ടാക്കുകയും ചെയ്തിരുന്നതായും അന്വേഷണത്തില്‍ വ്യക്തമായി. ഇതേത്തുടര്‍ന്നാണ് ഭാര്യ ബന്ധം അവസാനിപ്പിച്ച് വീടുവിട്ടുപോയതെന്ന് പൊലീസ് അറിയിച്ചു.

ഇതിനുശേഷം ഭാര്യയുടെ വേര്‍പിരിയലിന് മാതാപിതാക്കളെയാണ് ഉത്തരവാദികളെന്ന് ആരോപിച്ച് ബാബുഭായ് ഇരുവരോടും നിരന്തരം വഴക്കുണ്ടാക്കുകയായിരുന്നു. സംഭവദിവസവും ഉണ്ടായ തര്‍ക്കത്തിനിടെ പിതാവിനെ വടികൊണ്ട് ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ വലഭായ് പാര്‍ഗിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മരിച്ചയാളുടെ ഇളയമകന്‍ കാല്‍ജിഭായ് പാര്‍ഗി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഫത്തേപുര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന് ശേഷം ഒളിവില്‍ പോയ ബാബുഭായിയെ പിന്നീട് പിടികൂടി കോടതിയില്‍ ഹാജരാക്കി. പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്.

രാജ്യതലസ്ഥാനത്ത് സി ജെ പി പ്രതിഷേധത്തിനിടെ യുവാക്കൾക്കും വിദ്യാർത്ഥികൾക്കും നേരെ നടന്ന പൊലീസ് അതിക്രമത്തിൽ ശക്തമായ പ്രതിഷേധവുമായി കോൺഗ്രസ്

ന്യൂഡെല്‍ഹി: രാജ്യതലസ്ഥാനത്ത് അസാധാരണ സാഹചര്യമായി കോൺഗ്രസിന്‍റെയും സി ജെ പിയുടെയും പ്രതിഷേധം. യുവാക്കൾക്കെതിരെ ഇന്നലെ പൊലീസ് നടത്തിയ ലാത്തിചാർജ്ജിനെതിരായ പ്രതിഷേധം പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലേക്ക് കോൺഗ്രസ് മാറ്റിയതോടെ സ്ഥലത്ത് സംഘർഷാവസ്ഥ ശക്തമാകുകയാണ്. ലോക് കല്യാൺ മാർഗിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ അതിശക്ത പ്രതിഷേധം ഉയർന്നതിന് പിന്നാലെ കേന്ദ്ര സർക്കാർ നടത്തിയ അനുനയ നീക്കം പാളിയതോടെ സ്ഥിതി കൂടുതൽ സങ്കീർണമായി. പ്രധാനമന്ത്രിയുടെ ഓഫീസിന്‍റെ കൂടി ചുമതലയുള്ള കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗാണ് പ്രതിഷേധ സ്ഥലത്ത് നേരിട്ടെത്തി രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തിയത്.

പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരം എത്തിയ ജിതേന്ദ്ര സിംഗ് മുന്നോട്ട് വച്ച അനുനയ നീക്കം കോൺഗ്രസും രാഹുൽ ഗാന്ധിയും തള്ളിക്കളഞ്ഞു. കേന്ദ്രവുമായി ചർച്ച തുടങ്ങാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് കോൺഗ്രസ്. പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധം ശക്തമായതോടെ ദില്ലി പൊലീസ് ഇവരെ നീക്കാനുള്ള ശ്രമം വീണ്ടും തുടങ്ങിയിട്ടുണ്ട്. കേന്ദ്ര സേനയടക്കം സ്ഥലത്തെത്തിയെങ്കിലും ഇതുവരെയും നേരിട്ട് ഇടപെട്ടിട്ടില്ല. രാഹുൽ ഗാന്ധിക്കൊപ്പം കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുന ഖർഗെ, പ്രിയങ്ക ഗാന്ധി, കേരള മുഖ്യമന്ത്രി വി ഡി സതീശൻ, കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ, എ ഐ സി സി സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ തുടങ്ങി കോൺഗ്രസിലെ എം പിമാരും നേതാക്കളുമെല്ലാം തെരുവിലിറങ്ങിയിരിക്കുകയാണ്.

രാജ്യതലസ്ഥാനത്ത് സി ജെ പി പ്രതിഷേധത്തിനിടെ യുവാക്കൾക്കും വിദ്യാർത്ഥികൾക്കും നേരെ നടന്ന പൊലീസ് അതിക്രമത്തിൽ ശക്തമായ പ്രതിഷേധവുമായാണ് ഇന്ന് കോൺഗ്രസ് രംഗത്തെത്തിയത്. പ്രധാനമന്ത്രിയുടെ ഓഫീസിന് മുന്നിലേക്ക് സമരം വ്യാപിപ്പിച്ചുകൊണ്ട് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് അതിശക്ത പ്രതിഷേധവുമായി തെരുവിലിറങ്ങിയതോടെ ദില്ലിയിൽ അസാധാരണ സാഹചര്യമാണ് രൂപപ്പെട്ടിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രിയും ഉടനടി രാജിവയ്ക്കണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. രാജ്യത്തെ യുവജനങ്ങളുടെ ഭാവി നിലവിലെ സർക്കാർ തകർത്തുകൊണ്ടിരിക്കുകയാണെന്ന് വിമർശിച്ച അദ്ദേഹം, ഈ വിഷയം ചർച്ച ചെയ്യാൻ തയ്യാറായില്ലെങ്കിൽ പിന്നെ എന്തിനാണ് പാർലമെന്‍റ് എന്നും ചോദിച്ചു. വിഷയത്തിൽ കേന്ദ്ര സർക്കാർ ചർച്ചയ്ക്ക് തയ്യാറാകാതെ പ്രക്ഷോഭത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് കോൺഗ്രസ് നിലപാട്.

നീറ്റ് പരിക്ഷ ചോദ്യപേപ്പർ ചോർച്ചയടക്കമുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് സി ജെ പി ജന്തർ മന്ദറിൽ പ്രതിഷേധം ആരംഭിച്ചത്. ഇതുമായി ബന്ധപ്പെട്ട് നിരാഹാര സമരം നടത്തിവന്ന സോനം വാങ്ചൂക്കിനെ ബലമായി മാറ്റിയതോടെയാണ് പ്രതിഷേധം കനത്തത്. ഇന്നലെ ജന്തർ മന്ദറിലെ സമരപന്തൽ പൊളിച്ച് നീക്കിയതോടെയാണ് പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടിയത്. പൊലീസ് ലാത്തിചാർജിനെതിരെയാണ് ഇന്ന് പ്രതിഷേധം വീണ്ടും ശക്തമായത്.

സൂപ്പർഫാസ്റ്റ് ആംബുലൻസായി; വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റയാൾക്ക് രക്ഷകനായി കൊല്ലം കുന്നത്തൂർ സ്വദേശിയായ ഡ്രൈവർ സുനിൽകുമാർ

കോട്ടയം:ടിപ്പർ ലോറിക്ക് പിന്നിൽ തടി കയറ്റിവന്ന മിനിലോറി ഇടിച്ചു കയറിയതിനെ തുടർന്ന് ഗുരുതര പരിക്കേറ്റ് ക്യാബിനിൽ കുടുങ്ങിയ  മിനിലോറി ഡ്രൈവർ അടൂർ മഹർഷിക്കാവ് സ്വദേശി ഉദയന് രക്ഷകനായി കെഎസ്ആർടിസി കൊട്ടാരക്കര ഡിപ്പോയിലെ ഡ്രൈവർ കൊല്ലം കുന്നത്തൂർ സ്വദേശിയായ ഡ്രൈവർ സുനിൽകുമാർ.

തിങ്കളാഴ്ച രാവിലെ 5.45 ഓടെയാണ് സംഭവം.കോഴിക്കോട് നിന്നും കൊട്ടാരക്കരയിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസാണ് ഞൊടിയിടയ്ക്കുള്ളിൽ ആംബുലൻസായി മാറിയത്.കുറവിലങ്ങാട് കഴിഞ്ഞ് 12 കിലോമീറ്റർ അകലെയാണ് അപകടം സംഭവിച്ചത്.സംഭവം ശ്രദ്ധയിൽപ്പെട്ട സുനിൽകുമാർ ഉടൻ തന്നെ ബസ് നിർത്തുകയുയായിരുന്നു.ബസിൽ നിന്നും ചാടിയിറങ്ങി കണ്ടക്ടർ സജനുമായി എത്തുമ്പോൾ കണ്ടത് രക്തത്തിൽ കുളിച്ച് ക്യാബിനിൽ കുടുങ്ങി കിടക്കുന്ന മിനിലോറി ഡ്രൈവറെയാണ്.ഏറെ പ്രയാസപ്പെട്ട് ക്യാബിൻ വളച്ചൊടിച്ച് ഡ്രൈവറെ പുറത്തെടുത്ത് പല വാഹനങ്ങൾക്ക് കൈകാണിച്ചെങ്കിലും ആരും വാഹനം നിർത്താൻ തയ്യാറായില്ല.ഓടിക്കൂടിയവരും നിസഹായരായിരുന്നു.ഒടുവിൽ യാത്രക്കാരുടെ സഹായത്തോടെ പരിക്കേറ്റയാളെ സുപ്പർഫാസ്‌റ്റിൽ കയറ്റി ആശുപത്രിയിലേക്ക് കുതിക്കുകയായിരുന്നു.13 കിലോമീറ്ററോളം അകലെയുള്ള കോട്ടയം കാരിത്താസ് ആശുപത്രിയിലേക്ക് അപകടത്തിൽപ്പെട്ട ആളുമായി ആംബുലൻസ് പോലെ സൂപ്പർ ഫാസ്‌റ്റ് പറന്നെത്തി.ഇവിടെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് അപകടത്തിൽപ്പെട്ട ഉദയൻ.

മുമ്പ് ശാസ്‌താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവറായിരുന്ന സുനിൽ കുമാർ പൊള്ളലേറ്റ ഇടയ്ക്കാട് സ്വദേശിയായ കുട്ടിയെ വെറും 42 മിനിട്ടു കൊണ്ട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് ജീവൻ രക്ഷപ്പെടുത്തിയിരുന്നു.കൊല്ലം
മൺറോതുരുത്ത് പഞ്ചായത്തിലെ ആംബുലൻസ് ഡ്രൈവറായും സുനിൽകുമാർ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.അതിനിടെ ഗതാഗത വകുപ്പ് മന്ത്രിയുടെ ഓഫീസിൽ നിന്നും മന്ത്രിയുടെ നിർദ്ദേശപ്രകാരം സുനിൽകുമാറിനെ ഫോണിൽ വിളിച്ച് അഭിനന്ദിക്കുകയും മന്ത്രി നേരിട്ട് വിളിക്കുമെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്.

ബംഗളൂരുവില്‍ നിന്നും കേരളത്തിലേക്കുള്ള ഏതാനും പ്രത്യേക ട്രെയിനുകള്‍ റെയില്‍വേ റദ്ദാക്കി

തിരുവനന്തപുരം: ബംഗളൂരുവില്‍ നിന്നു കേരളത്തിലേക്കുള്ള ഏതാനും പ്രത്യേക ട്രെയിനുകള്‍ റെയില്‍വേ റദ്ദാക്കി. സര്‍വീസ് നടത്തുന്നതിലെ പ്രയാസമാണ് റദ്ദാക്കാന്‍ കാരണമെന്നു ദക്ഷിണ റെയില്‍വേ അറിയിച്ചു.

ഓഗസ്റ്റ് മൂന്നിനുള്ള എസ്എംവിടി ബംഗളൂരു- തിരുവനന്തപുരം നോര്‍ത്ത് വീക്കിലി സ്‌പെഷ്യല്‍ (06523), ഓഗസ്റ്റ് നാലിനുള്ള തിരുവനന്തപുരം നോര്‍ത്ത്- എസ്എംവിടി ബംഗളൂരു വീക്കിലി സ്‌പെഷ്യല്‍ (065243), ഓഗസ്റ്റ് അഞ്ചിനുള്ള എസ്എംവിടി ബംഗളൂരു- തിരുവനന്തപുരം നോര്‍ത്ത് വീക്കിലി സ്‌പെഷ്യല്‍ (06547), ഓഗസ്റ്റ് ആറിനുള്ള തിരുവനന്തപുരം നോര്‍ത്ത്- എസ്എംവിടി ബംഗളൂരു വീക്കിലി സ്‌പെഷ്യല്‍ (06548), ജൂലൈ 31നുള്ള എസ്എംവിടി ബംഗളൂരു- തിരുവനന്തപുരം നോര്‍ത്ത് വീക്കിലി സ്‌പെഷ്യല്‍ (06555), ഓഗസ്റ്റ് രണ്ടിനുള്ള തിരുവനന്തപുരം നോര്‍ത്ത്- എസ്എംവിടി ബംഗളൂരു വീക്കിലി സ്‌പെഷ്യല്‍ (06556) എന്നിവയാണ് റദ്ദാക്കിയത്.

ഓഗസ്റ്റ് ഒന്നിനും രണ്ടിനും മൂന്നിനുമുള്ള മൈസൂരു- തിരുവനന്തപുരം നോര്‍ത്ത് എക്‌സ്പ്രസ് (16315) പ്രതിദിന ട്രെയിന്‍ 105 മിനിറ്റ് വൈകിയോടുമെന്നും റെയില്‍വേ അറിയിച്ചു.

പീഡന പരാതി വ്യാജം, പോലീസുമായി ചേര്‍ന്ന് പരാതിക്കാരി കള്ളക്കേസില്‍ കുടുക്കി, ഹൈക്കോടതിക്കുമുന്നില്‍ ദമ്പതികളുടെ ആത്മഹത്യാശ്രമം

കൊച്ചി. ദമ്പതികളുടെ ആത്മഹത്യാശ്രമം. ആംബുലന്‍സില്‍ ഹൈക്കോടതിയ്ക്കു മുന്നിലെത്തിയ ദമ്പതികള്‍ വിഷം കഴിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ ഇരുവരെയും പോലീസ് ഇടപെട്ട് ആശുപത്രിയിലേക്ക് മാറ്റി.

ആംബുലന്‍സ് ഡ്രൈവറായ വിനുവും ഭാര്യയുമാണ് ഇന്ന് രാവിലെ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആംബുലന്‍സില്‍ ഹൈക്കോടതിയ്ക്ക് മുന്നിലെത്തിയ ദമ്പതികള്‍ വിഷം കഴിക്കുകയായിരുന്നു. തുടര്‍ന്ന് ബന്ധുവിനെ ഇക്കാര്യം ഫോണിൽ വിളിച്ച് അറിയിക്കുകയും ചെയ്തു. ബന്ധു നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ പോലീസ് ഇരുവരെയും അടിയന്തരമായി എറണാകുളം ജനറലാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക പരിശോധനകൾക്ക് ശേഷം, വിദഗ്ധ ചികിത്സയ്ക്കായി രണ്ടുപേരെയും സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി. വിനുവിനെതിരായ കേസുമായി ബന്ധപ്പെട്ടുണ്ടായ മാനസിക വിഷമമാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് പറയുന്നു. തനിയ്ക്കെതിരായ പീഡന പരാതി വ്യാജമാണെന്നും പോലീസുമായി ചേര്‍ന്ന് പരാതിക്കാരി തന്നെ കള്ളക്കേസില്‍ കുടുക്കിയെന്നും ആത്മഹത്യാശ്രമത്തിന് തൊട്ടുമുന്‍പ് ചിത്രീകരിച്ച വീഡിയോയില്‍ വിനു ആരോപിക്കുന്നുണ്ട്.

ഇരുവരും എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

മറ്റപ്പള്ളിയിൽ നാലംഗ കുടുംബം വിഷം കഴിച്ച സംഭവത്തിന് പിന്നിലെ പ്രശ്നം വ്യക്തമായി

കോട്ടയം. ളാക്കാട്ടൂര്‍ മറ്റപ്പള്ളിയിൽ നാലംഗ കുടുംബം വിഷം കഴിച്ച സംഭവത്തിന് പിന്നിൽ
ചിട്ടി തകർന്ന് ആളുകൾക്ക് പണം തിരികെ നൽകാനാവാത്തതിലെ മനോവിഷമമെന്ന് പൊലീസ് നിഗമനം. മരണപ്പെട്ട ജോസ്ന സ്വന്തമായി ചിട്ടി നടത്തിയിരുന്നുവെന്നും ആളുകൾ പണം തിരികെ ചോദിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു. 10 ലക്ഷം രൂപയുടെ ചിട്ടിയിൽ ചേർന്നിരുന്ന വിദേശത്തുള്ള യുവാവിന് ജൂലൈ മാസം നൽകാമെന്ന് പറഞ്ഞ ചിട്ടിയുടെ തുക നൽകാൻ കഴിഞ്ഞിരുന്നില്ല.

ഇതിലുണ്ടായ മനോ വിഷമമാകാം കൂട്ട ആത്മഹത്യക്ക് പിന്നിലെന്നാണ് പോലീസിന്റെ അനുമാനം.
യുവാവിന് പണം നൽകാമെന്നേറ്റ ദിവസം കുടുംബം കൂട്ടത്തോടെ വിഷം കഴിക്കുകയായിരുന്നു. ബാങ്കിലും മറ്റുമായി മറ്റു ബാധ്യതകളും കുടുംബത്തിനുണ്ടായിരുന്നു. കീടനാശിനി കഴിച്ച് ഗുരുതരാവസ്ഥയിലായ ജോസ്ന,ഭർത്താവ് തോമസ് എബ്രഹാം, മകൾ മരിയ തെരേസ എന്നിവർ കഴിഞ്ഞ ദിവസമാണ് മരിച്ചത്. മകൻ അലൻ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്

പാളയത്ത് യുവാവിന്റെ കൊലപാതകത്തിൽ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി

കോഴിക്കോട്. പാളയത്ത് യുവാവിന്റെ കൊലപാതകത്തിൽ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.കുളങ്ങര പീടിക സ്വദേശി ദീപക് എന്ന ഇരുപത്തി ഒന്നുകാരൻ ആണ് പിടിയിലായത്.വ്യക്തി വൈരാഗ്യമാണ് കൊലക്ക് പിന്നിലെന്ന് പൊലീസ്

കുളങ്ങര പീടിക സ്വദേശി ദീപകിനെ വീട്ടിൽ നിന്ന് ഇന്നലെ രാത്രിയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
കസബ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.മാനസിക ആസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് പ്രതിയെ നേരത്തെ കൊല്ലപ്പെട്ട ബിജുവും മറ്റു ബന്ധുക്കളും ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ഇതിന്റെ വൈരാഗ്യമാണ് കൊലയിലേക്ക് നയിച്ചത് എന്നാണ് പൊലീസ് പറയുന്നത്.പ്രതി ഒറ്റക്ക് തന്നെയാണ് കൃത്യം നടപ്പിലാക്കിയത് എന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.സിസിടിവി ദൃശ്യവും ദീപകിന്റെ കയ്യിലെ പരിക്കുമാണ് പ്രതിയെ തിരിച്ചറിയാൻ പോലീസിനെ സഹായിച്ചത്.ബിജുവിനെ കൊലപ്പെടുത്തുമ്പോഴാണ് പ്രതിക്ക് മുറിവ് സംഭവിച്ചത് എന്നാണ് പൊലീസ് കണ്ടെത്തൽ.

മരണാനന്തര ചടങ്ങ് നടക്കുമ്പോഴും പ്രതി ബിജുവിന്റെ വീട്ടിൽ ഉണ്ടായിരുന്നു.
ഞായറാഴ്ച്ച് പുലർച്ചെയാണ് ബിജുവിനെ വീടിനോട് ചേർന്നുള്ള മുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പുലർച്ചെ പശുവിനെ കറക്കാനായി മകനെ വിളിക്കാനെത്തിയ അമ്മ ബേബിയാണ് ആദ്യം മൃതദേഹം കണ്ടത്.പിന്നാലെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
തിരക്കേറിയ നഗരത്തിൽ നടന്ന കൊലപാതകം പോലീസിനെയും ഞെട്ടിച്ചിരുന്നു

തുടർച്ചയായ പൊലീസ് വീഴ്ച,ആഭ്യന്തര വകുപ്പിന് തലവേദന

തിരുവനന്തപുരം.തുടർച്ചയായ പൊലീസ് വീഴ്ചകൾ ആഭ്യന്തര വകുപ്പിന് തലവേദന ആകുന്നു. ഒരു വശത്ത് സമഗ്ര അഴിച്ചുപണിക്ക് ഒരുങ്ങുമ്പോൾ ആണ് പോലീസിന്റെ വൻ വീഴ്ചകൾ. ഇതിനെയെല്ലാം രാഷ്ട്രീയമായി പ്രതിരോധിക്കേണ്ട അവസ്ഥയിലേക്ക് കൂടി മന്ത്രി രമേശ് ചെന്നിത്തല എത്തി.

ഓപ്പറേഷൻ തൂഫാനിൽ തിളങ്ങുമ്പോൾ ആണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പോലീസ് വീഴ്ചകളിൽ കൂടി മറുപടി പറയേണ്ടി വരുന്നത്. രാഷ്ട്രീയമായ പ്രതിരോധവും ഉയർത്തേണ്ടി വരുന്നു. മെഡിക്കൽ വിദ്യാർഥി ആയിരുന്ന നിധിന്റെ മരണത്തിലെ പ്രതി ഡോ റാമിനെ പിടികൂടിയത് മാസങ്ങൾക്ക് ശേഷം. പിണറായി വിജയൻ സർക്കാർ ഏറെ പഴി കേട്ട വിഷയത്തിൽ സർക്കാർ മാറിയിട്ടും പോലീസിന് വലിയ മാറ്റം ഒന്നും സംഭവിച്ചിട്ടില്ല.പിടികൂടിയ പ്രതിയെ കൃത്യമായ റിപ്പോർട്ട് അടക്കം തയാറാക്കാതെ വിട്ടയച്ചു. കൃത്യമായ അന്വേഷണം ഉറപ്പുനൽകി ആഭ്യന്തരമന്ത്രിയെ കണ്ടു ഇറങ്ങിയതിനു പിന്നാലെ ആ വീട്ടുകാർക്ക് കാണേണ്ടി വന്ന കാഴ്ച പോലീസിന്റെ വീഴ്ചയായിരുന്നു.

ലഹരിവേട്ടയ്ക്ക് ആഭ്യന്തരമന്ത്രി തന്നെ നേരിട്ട് ഇറങ്ങുമ്പോഴാണ് അത് പിടികൂടേണ്ട ഡാൻസാഫ് സംഘം തന്നെ ലഹരി ഉപയോഗത്തിൽ പിടിയിലാകുന്നത്.

കൃത്യമായി ഇടപെട്ടിരുന്നുവെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്ന വയനാട്ടിലെ ആദിവാസി ബാലന്റെ കാര്യത്തിൽ പോലീസിന് സംഭവിച്ചത് കുറ്റകരമായ അനാസ്ഥ.

കഴിഞ്ഞ സർക്കാരിന് ഏറ്റവും കൂടുതൽ വിമർശനം കേൾക്കേണ്ടിവന്നത് പോലീസ് നടപടികളിലും വീഴ്ചയിലും കൂടിയാണ്. നവ കേരള യാത്രയിൽ അടക്കം പോലീസ് ചെയ്തികൾക്ക് രാഷ്ട്രീയമായി കൂടി കനത്ത വില നൽകേണ്ടിവന്നു പിണറായി വിജയൻ സർക്കാരിന്. കാര്യങ്ങൾ ഇങ്ങനെയായിരിക്കെ അതീവ ജാഗ്രതയോടെയാണ് സർക്കാർ മുന്നോട്ടുപോകാൻ തീരുമാനിച്ചതെങ്കിലും പോലീസിലെ പലരും അത് ഉൾക്കൊണ്ട മട്ടില്ല. വ്യാപകമായ അഴിച്ചു പണിക്കു ഒരുങ്ങിയാൽ അത് നിയമ കുരുക്ക് കൂടി ഉണ്ടാകും എന്ന് കൊണ്ടാണ് ഘട്ടം ഘട്ടമായുള്ള അഴിച്ചു പണിക്ക് സർക്കാർ നീങ്ങുന്നത്.