Home Blog Page 363

വീടിന്റെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 87 ഗ്രാം എംഡിഎംഎ പൊലീസ് പിടികൂടി,ജീപ്പിൽ കയറ്റുന്നതിനിടെ പ്രതി ഉദ്യോഗസ്ഥരെ വെട്ടിച്ച് ഓടി രക്ഷപ്പെട്ടു

തിരുവനന്തപുരം : വീടിന്റെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 87 ഗ്രാം എംഡിഎംഎ പൊലീസ് പിടികൂടി. പുതുക്കുറിച്ചി ചേരമാൻതുരുത്ത് അസ്‌ജർ മൻസിലിൽ അസ്ജറിന്റെ വീട്ടിൽ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. കസ്റ്റഡിയിലെടുത്ത അസ്ജറെ (36) പൊലീസ് ജീപ്പിൽ കയറ്റുന്നതിനിടെ ഉദ്യോഗസ്ഥരെ വെട്ടിച്ച് ഓടി രക്ഷപ്പെട്ടു.

അസ്ജറിന്റെ മുറിയിലെ അലമാരയിലെ രഹസ്യ അറയിൽ രണ്ട് കവറുകളിലായി എംഡിഎംഎ പൊലീസ് കണ്ടെടുത്തിരുന്നു. ഇത് അളന്നുവിൽക്കാൻ ഉപയോഗിച്ചിരുന്ന ഇലക്ട്രോണിക് ത്രാസും പിടിച്ചെടുത്തു. സ്വന്തം ഉപയോഗത്തിനും വിൽപ്പന നടത്തുന്നതിനുമായാണ് ഇവ സൂക്ഷിച്ചിരുന്നതെന്ന് പ്രതി പൊലീസിനോടു പറഞ്ഞു.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ബുധനാഴ്ചയാണ് ഡാൻസാഫ് സംഘം അസ്ജറിന്റെ വീട്ടിൽ പരിശോധന നടത്തിയത്. പരിശോധന പൂർത്തിയാക്കി ജീപ്പിൽ കയറ്റുന്നതിനിടെയാണ് പൊലീസ് ഉദ്യോഗസ്ഥരുടെ കൈ തട്ടിമാറ്റി പ്രതി സമീപത്തെ മതിൽ ചാടിക്കടന്ന് രക്ഷപ്പെട്ടത്. പ്രതിക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.

സ്ത്രീകള്‍ക്ക് സുരക്ഷിതമായ രാത്രികാല യാത്ര ഉറപ്പാക്കാന്‍ ഇനി കെഎസ്ആര്‍ടിസിയുടെ ‘പിങ്ക് ബസ്’

തിരുവനന്തപുരം. സംസ്ഥാനത്ത് സ്ത്രീകള്‍ക്ക് സുരക്ഷിതമായ രാത്രികാല യാത്ര ഉറപ്പാക്കാന്‍ കെഎസ്ആര്‍ടിസിയുടെ ‘പിങ്ക് ബസ്’ സര്‍വീസുകള്‍ ആരംഭിക്കുന്നു. പ്രിയദര്‍ശിനി പദ്ധതിക്ക് പിന്നാലെയാണ് വനിതകള്‍ക്ക് മാത്രമായി പുതിയ പദ്ധതിയുമായി കെഎസ്ആര്‍ടിസി രംഗത്തെത്തുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ ഗതാഗത മന്ത്രി സിപി ജോണ്‍ നിര്‍വഹിക്കും.

ആദ്യഘട്ടത്തില്‍ തിരുവനന്തപുരത്താണ് പദ്ധതി ആരംഭിക്കുന്നത്. ഐടി ജീവനക്കാരുടെയും മറ്റ് വനിതാ യാത്രക്കാരുടെയും യാത്രാക്ലേശം പരിഹരിക്കുകയാണ് പ്രധാന ലക്ഷ്യം. കിഴക്കേക്കോട്ടയില്‍ നിന്ന് ആരംഭിച്ച് തമ്പാനൂര്‍, പട്ടം, മെഡിക്കല്‍ കോളജ്, ആര്‍സിസി, ഉള്ളൂര്‍, കഴക്കൂട്ടം, ടെക്നോപാര്‍ക്ക്, ഇന്‍ഫോസിസ്, ലുലു മാള്‍, കിംസ് ആശുപത്രി എന്നീ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചാണ് സര്‍വീസ്.

വൈകിട്ട് 4:30 മുതല്‍ രാത്രി 10:45 വരെയും, രാവിലെ 4:00 മുതല്‍ 8:00 വരെയുമാണ് സര്‍വീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. രാത്രി 9:05ന് ടെക്‌നോപാര്‍ക്കിലേക്കും രാത്രി 10:00ന് ടെക്‌നോപാര്‍ക്കില്‍ നിന്ന് തിരിച്ചുമുള്ള സര്‍വീസുകളും ഇതില്‍ ഉള്‍പ്പെടുന്നു. രാത്രി 9 മണിക്ക് ശേഷം നഗരത്തിലെത്തുന്ന വനിതാ യാത്രക്കാര്‍, രാത്രികാല ഷിഫ്റ്റുകളില്‍ ജോലി ചെയ്യുന്ന ഐടി ജീവനക്കാര്‍, ആശുപത്രി ജീവനക്കാര്‍, സിനിമ കഴിഞ്ഞ് മടങ്ങുന്നവര്‍, വൈകിട്ടത്തെ ട്രെയിനുകളില്‍ എത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും ഉള്‍പ്പെടെയുള്ളവര്‍ക്ക് സര്‍വീസ് വലിയ ആശ്വാസമാകും.

അയൽവാസിയെ ആക്രമിച്ച് വീടിന് തീയിട്ട യുവാവ് അറസ്റ്റിൽ

അയൽവാസിയെ ആക്രമിച്ച് വീടിന് തീയിട്ട യുവാവ് അറസ്റ്റിൽ. പരിക്കുകളോടെ വീട്ടുടമയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പത്തനാട് കുടപ്പനക്കുന്നേൽ രാധാകൃഷ്ണപിള്ളയ്ക്ക്(64) ആണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാത്രി 9:45-ഓടെയായിരുന്നു സംഭവം. പത്തനാട് കിഴക്കേമുറിയിൽ സൂരജ് വി നായർ (37) ആണ് കറുകച്ചാൽ പൊലീസിന്റെ പിടിയിലായത്. വ്യക്തിവിരോധമാണ് ക്രമണത്തിന് പിന്നിലെന്നാണ് ലഭിക്കുന്ന വിവരം.


രാധാകൃഷ്ണപിള്ളയുടെ മകനോടുള്ള വിരോധത്തെത്തുടർന്ന് സൂരജ് അവരുടെ വീട്ടിലെത്തി ബഹളമുണ്ടാക്കുകയായിരുന്നു. സംഭവസമയം രാധാകൃഷ്ണപിള്ള മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മകനെ തിരക്കിയശേഷം പിതാവിനെ ക്രൂരമായി മർദ്ദിക്കുകയും ശേഷം വീടിന് തീയിടുകയുമായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രാധാകൃഷ്ണപിള്ളയെ കോട്ടയം മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.


അടുക്കള ഒഴികെ മുറികളും വീട്ടുപകരണങ്ങളും പൂർണമായി കത്തിനശിച്ച നിലയിലാണ്. നാട്ടുകാരാണ് തീയണച്ചത്. വിവരമറിഞ്ഞ് കറുകച്ചാൽ പൊലീസ് സ്ഥലത്തെത്തി സമീപത്തുണ്ടായിരുന്ന സൂരജിനെ അറസ്റ്റുചെയ്യുകയുമായിരുന്നു. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ സൂരജിന്റെ പേരിൽ പൊലീസ് കാപ്പാ നടപടികൾ സ്വീകരിച്ചുവരുരികയാണ്. പ്രതിയെ റിമാൻഡ് ചെയ്തു.

ശബരിമല: ഇന്ന് കൂടുതൽ അറസ്റ്റിന് സാധ്യത, പി എസ് പ്രശാന്തിനെ കൊല്ലത്തേക്ക് കൊണ്ട് പോയി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോര്‍ഡ് മുൻ പ്രസിഡന്‍റ് പി എസ് പ്രശാന്തിനെ എസ് ഐ ടി കസ്റ്റഡിയിലെടുത്തതിന് പിന്നാലെ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്ന് സൂചന.
ബോര്‍ഡ് അംഗം അജികുമാറിനെയും തിരുവാഭരണം കമ്മീഷണറായിരുന്ന റെജിലാലിനെയും അറസ്റ്റ് ചെയ്യും. കരകുളം ഏണിക്കരയിലെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത പ്രശാന്തിനെ കൊല്ലത്തേക്ക് കൊണ്ട്പോയി. ചോദ്യം ചെയ്യലിന് ശേഷം കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കും.

ഏത് നിമിഷവും അറസ്റ്റ് ഉണ്ടായേക്കുമെന്ന് പ്രശാന്ത് ഇന്ന് ഫേസ്ബുക്കിൽ കുറിപ്പിൽ പറഞ്ഞിരുന്നു. രാവിലെ 9.15 ഓടെ
തിരുവനന്തപുരത്തെ വീട്ടിൽ നിന്നാണ് പ്രശാന്തിനെ കസ്റ്റഡിയിലെടുത്തത്. പ്രശാന്തിനെ ക്രൈം ബ്രാഞ്ച് ഓഫീസിൽ എത്തിക്കും. അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്ന് എസ്ഐടി അറിയിച്ചു.
1999-ൽ ശ്രീ കോവിലിലെ കട്ടിളയിലും ദ്വാരപാലക ശില്പങ്ങളിലും പതിപ്പിച്ച സ്വർണം, രേഖകളിൽ ചെമ്പ് എന്ന് കാണിച്ച് കടത്തിയെന്നാണ് കേസ്. കേസിൽ എത്രയും വേഗം അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

2019-ൽ സ്വർണം പൂശാനായി മാറ്റിയ പാളികളിൽ നിന്നും ഏകദേശം 1 കിലോഗ്രാമോളം സ്വർണം കാണാതായതാണ് തട്ടിപ്പിന് ആധാരം. ഈ സ്വർണം ചെമ്പ് എന്ന് രേഖപ്പെടുത്തി കടത്തുകയായിരുന്നു. മുൻ അസിസ്റ്റന്റ് പൂജാരി ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെയുള്ളവരെ നേരത്തെ ദേവസ്വം വിജിലൻസ് അറസ്റ്റ് ചെയ്തിരുന്നു. ദ്വാരപാലക ശില്പത്തിലെ പാളി കടത്താൻ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിനെയാണ് ഇപ്പോൾ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

പിഎസ് പ്രശാന്തിനെ കൂടി കസ്റ്റഡിയിലെടുത്തതോടെ പിണറായി സർക്കാരി ൻ്റെ കാലത്തെ മൂന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ്മാരും സ്വർണ്ണ കൊള്ളക്കേസിൽ അറസ്റ്റിലായി.

കോമൺവെൽത്ത്‌ ഗെയിംസിന്റെ 23–ാം പതിപ്പിന്‌ ഇന്ന്‌ തുടക്കം

ഗ്ലാസ്‌ഗോ (സ്‌കോട്ലൻഡ്‌) : കോമൺവെൽത്ത്‌ ഗെയിംസിന്റെ 23–ാം പതിപ്പിന്‌ ഇന്ന്‌ തുടക്കം. സ്‌കോട്ലൻഡ്‌ നഗരമായ ഗ്ലാസ്‌ഗോയിലാണ്‌ 11 ദിവസത്തെ ഗെയിംസ്‌. ഹൈഡ്രോ സ്‌റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 10.30ന്‌ ഉദ്‌ഘാടനചടങ്ങുകൾ ആരംഭിക്കും. ആഗസ്‌ത്‌ രണ്ടിനാണ്‌ സമാപനം. ഇന്ത്യ ഉൾപ്പെടെ 74 രാജ്യങ്ങൾ പങ്കെടുക്കും. 3,000 കായികതാരങ്ങൾ അണിനിരക്കും. മാർച്ച്‌പാസ്‌റ്റിൽ മീരാഭായ്‌ ചാനുവും ലവ്‌ലിന ബൊർഗോഹെയ്‌നും ഇന്ത്യൻ പതായകയേന്തും. സോണി സ്‌പോർട്‌സിലും സോണി ലിവ്‌ ആപ്പിലും തത്സമയം കാണാം.


വിപുലമായ ഉദ്‌ഘാടനച്ചടങ്ങാണ്‌ ഒരുക്കുന്നത്‌. നൃത്തവും സംഗീതവും സമന്വയിക്കുന്ന മെഗാവിരുന്നാണ്‌ തയ്യാറായിട്ടുള്ളത്‌. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന്‌ ചെലവ്‌ ചുരുക്കിയാണ്‌ സംഘാടനം. 2022ൽ ബർമിങ്ഹാമിലുണ്ടായിരുന്ന പല ഇനങ്ങളും ഒഴിവാക്കി. ഇത്തവണ അത്‌ലറ്റിക്‌സ്‌ അടക്കം 10 ഇനങ്ങളിലാണ്‌ മത്സരം. 3×3 ബാസ്‌കറ്റ്‌ബോൾ, ആർട്ടിസ്‌റ്റിക്‌ ജിംനാസ്‌റ്റിക്‌സ്‌, ബ‍ൗൾസ്‌, ബോക്‌സിങ്, ജുഡോ, നെറ്റ്‌ബോൾ, നീന്തൽ, സൈക്ലിങ്, ഭാരോദ്വഹനം എന്നിവയാണ്‌ മറ്റ്‌ ഇനങ്ങൾ. 215 സ്വർണമെഡലുകൾ ലക്ഷ്യമിട്ടാണ്‌ പോരാട്ടം. ഭിന്നശേഷിക്കാർക്കായി ആറ്‌ പാരാ ഇനങ്ങളുണ്ട്‌. വീൽചെയർ ബാസ്‌കറ്റ്‌ബോൾ, അത്‌ലറ്റിക്‌സ്‌, ബ‍ൗൾസ്‌, ട്രാക്ക്‌ സൈക്ലിങ്, നീന്തൽ, പവർലിഫ്‌റ്റിങ് എന്നിവയാണ്‌ പാരാ ഇനങ്ങൾ. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്‌, കാനഡ, ഇന്ത്യ എന്നിവയാണ്‌ ഗെയിംസിലെ പ്രധാനരാജ്യങ്ങൾ. കരുത്തരായ ഓസീസിന്‌ 386 അംഗ സംഘമാണ്‌.


കാനഡയ്‌ക്ക്‌ 149. ഇന്ത്യ 125 അംഗ ടീമിനെ അണിനിരത്തുന്നു. ഗെയിംസിന്റെ ചരിത്രത്തിൽ പതിനാല്‌ തവണയും ഓസ്‌ട്രേലിയയാണ്‌ ഓവറോൾ ജേതാക്കൾ. കഴിഞ്ഞ രണ്ടുതവണയും കിരീടം നേടി. ഇക്കുറി ഹാട്രിക്കാണ്‌ ലക്ഷ്യം. ഇംഗ്ലണ്ട്‌ ഏഴ്‌ തവണ ഒന്നാമതെത്തി. അവസാനനേട്ടം ഇതേ വേദിയിൽ 2014ൽ ആണ്‌. 1978ൽ മാത്രമാണ്‌ കാനഡ ചാമ്പ്യൻമാരായത്‌. ഇന്ത്യ ഒരിക്കലും ഒന്നാമതെത്തിയിട്ടില്ല. 2010ൽ ന്യൂഡൽഹി ആതിഥേയരായപ്പോൾ റണ്ണറപ്പായതാണ്‌ പ്രധാന നേട്ടം. 2022ൽ ബർമിങ്ഹാമിൽ നടന്ന ഗെയിംസിൽ ഓസ്‌ട്രേലിയ 67 സ്വർണമടക്കം 179 മെഡലുമായി ഓവറോൾ ചാമ്പ്യൻമാരായി. ഇംഗ്ലണ്ടിന്‌ 58 സ്വർണത്തോടെ 176 മെഡലും രണ്ടാംസ്ഥാനവും. കാനഡയ്‌ക്ക്‌ 26 സ്വർണമടക്കം 92 മെഡൽ. ഇന്ത്യ നാലാംസ്ഥാനത്തായിരുന്നു. 22 സ്വർണവും 16 വെള്ളിയും 23 വെങ്കലവും ഉൾപ്പെടെ 61 മെഡൽ. ബ‍ൗൾസ്‌ മത്സരങ്ങൾ ഇന്ന്‌ തുടങ്ങും.

കാമ്പസ് അക്രമരഹിതമാകണമെങ്കിൽ വിദ്യാർഥികളിൽ ലഹരി വിരുദ്ധ സൗഹൃദ മനസ്സ് ഉണ്ടാകണം: നിയമസേവന അതോറിറ്റി

ശാസ്താംകോട്ട.കൊല്ലം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയും കുന്നത്തൂർ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയും ചേർന്ന് ശാസ്താംകോട്ട കെ എസ് എം ഡി ബി കോളേജിൽ റാഗിംഗ് ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു. ഉന്നത വിദ്യാഭ്യാസത്തിനായി മറ്റു സംസ്ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കും കേരളത്തിലെ യുവത ചേക്കേറാൻ ലഹരിയുടെ അതിപ്രസരം മാത്രമല്ല റാംഗിംഗും കാരണമാകുന്നുണ്ട്. അതിനെതിരെയുള്ള ചെറുത്തുനിൽപ്പിന് പിന്തുണ നൽകാൻ നിയമസേവന അതോറിറ്റി വിദ്യാർത്ഥികളുടെ കൂടെയുണ്ടാകും.
ക്യാമ്പയിൻ താലൂക്ക് ലീഗൽ സർവീസസ് ചെയർപേഴ്സൺ ശാസ്താംകോട്ട കുടുംബ കോടതി ജഡ്ജി സഞ്ജു. ടി. ഉദ്ഘാടനം ചെയ്തു. വിദ്യാർഥി ക്ഷേമത്തിൽ നിയമ സേവന അതോറിറ്റിയുടെ പങ്ക് എന്ന വിഷയത്തിൽ ജില്ലാ ലീഗൽ സർവീസസ് സെക്രട്ടറിയും സബ് ജഡ്ജിയുമായ രേഖാ ലോറിയൻ മുഖ്യപ്രഭാഷണം നടത്തി. കോളേജ് പ്രിൻസിപ്പൽ ഡോ. കെ എസ് അനിൽകുമാർ അധ്യക്ഷത വഹിച്ചു.

ലീഗൽ സർവീസസ് പാനൽ അഭിഭാഷക അഡ്വ.എസ് സുകന്യ റാഗിംഗ് വിരുദ്ധ ബോധവൽക്കരണ ക്ലാസും ശാസ്താംകോട്ട എക്സൈസ് പ്രിവന്റീവ് ഓഫീസർ ജിനു തങ്കച്ചൻ ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസും എടുത്തു. ശാസ്താംകോട്ട ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. സിനി വിപിൻ, താലൂക്ക് ലീഗൽ സർവീസസ് സെക്രട്ടറി ഉദയ് ശബരീശം, കോളേജിലെ ആന്റി റാഗിംഗ് സെൽ കോഡിനേറ്റർ ഡോ.സുശാന്ത്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ. അരുൺ ഷാനോജ്, ഡോ. മീര എ.പി എന്നിവർ സംസാരിച്ചു.
പാരാ ലീഗൽ വാളണ്ടിയർ ശ്യാമ ചന്ദ്രൻ പ്രോഗ്രാം കോഡിനേറ്റ് ചെയ്തു.

പാലായിൽ LDF ന് വീണ്ടും കൈകൊടുക്കാൻ കോൺഗ്രസ്‌ കൗൺസിലർമാർ

കോട്ടയം. പാലായിൽ LDF ന് വീണ്ടും കൈകൊടുക്കാൻ കോൺഗ്രസ്‌ കൗൺസിലർമാർ.ചെയർപേഴ്സൺ തിരഞ്ഞെടുപ്പിലും സഹകരിക്കും. സ്വതന്ത്ര കൗൺസിലർ മായാ രാഹുലിനെ ചെയർപേർസണാക്കിയുള്ള നീക്കത്തിന് ഇരുകൂട്ടരും ധാരണ. ഭരണത്തിലേക്കില്ലെന്ന് ആവർത്തിച്ചു LDF, പുറത്തു നിന്നുള്ള പിന്തുണ മാത്രം. ടേം വ്യവസ്ഥയും ആലോചനയിൽ

വൈസ് ചെയർപേർസണന്റെ കാര്യത്തിലും ധാരണ. നഗരസഭാധ്യക്ഷ ദിയ ബിനു പുളിക്കകണ്ടത്തെ പുറത്താക്കിയതോടെ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വവും ഇടഞ്ഞ നിലയാണ്. കൗണ്‍സിലര്‍മാരെ അയോഗ്യരാക്കാന്‍ നിയമ നടപടിയിലേക്ക് നേതൃത്വം നീങ്ങിയിട്ടുണ്ട്.

കള്ളൻ വിജയൻ ഫീച്ചർ,അക്കാര്യം സമ്മതിച്ച് എം സ്വരാജ്

തിരുവനന്തപുരം.കള്ളൻ വിജയൻ ഫീച്ചർ കാരണമാണ് ദേശാഭിമാനി വാരന്തപ്പതിപ്പ് പുറത്തിറങ്ങാതിരുന്നതെന്ന് സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിൽ സമ്മതിച്ച് എം സ്വരാജ്. ആദ്യ പേജിൽ വി.എസും അവസാന പേജിൽ കള്ളൻ വിജയനും വരുന്നത് അനാവശ്യ ചർച്ചകൾക്ക് ഇടയാക്കും

കള്ളൻ വിജയൻ പിൻവലിക്കാൻ ആവശ്യപ്പെട്ടങ്കിലും അനുസരിക്കാൻ ചുമതലക്കാരൻ തയ്യാറായില്ല. ഇതോടെ ചുമതലയിൽ നിന്ന് കെ.ആർ അജയനെ മാറ്റി. ഉചിതമായ ഇടപെടലാണ് മാനേജ്മെൻ്റ് നടത്തിയതെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ്

തിരുവിതാങ്കൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പിഎസ് പ്രശാന്ത് എസ് ഐ റ്റി കസ്റ്റഡിയിൽ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംങ്കൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി.എസ് പ്രശാന്തിനെ എസ് ഐ റ്റി കസ്റ്റഡിയിലെടുത്തു. രാവിലെ 9.15 ഓടെ
അദ്ദേഹത്തിൻ്റെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത പ്രശാന്തിനെ ഉടൻ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിക്കും. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തിയേക്കും
സർക്കാരിന്‍റെ രാഷ്ട്രീയ സമ്മർദമാണ് ഇതിന് പിന്നിൽ എന്ന് ചൂണ്ടിക്കാട്ടി പ്രശാന്ത് ഇന്ന് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു.

പി.എസ്.സി. അഴിമതിക്കെതിരേ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള യുവതീയുവാക്കള്‍ മണ്ണുവാരിത്തിന്ന് സമരം ചെയ്യുമ്പോള്‍ കണ്ടില്ലേ,നടന്‍ ടൊവിനോ തോമസിന്റെ വീടിനുമുന്നില്‍ വായ മൂടിക്കെട്ടി പ്രതിഷേധ സമരം നടത്തി യുവമോര്‍ച്ച

തൃശൂര്‍: നടന്‍ ടൊവിനോ തോമസിന്റെ വീടിനുമുന്നില്‍ വായ മൂടിക്കെട്ടി പ്രതിഷേധ സമരം നടത്തി യുവമോര്‍ച്ച പ്രവര്‍ത്തകര്‍. ഡല്‍ഹിയില്‍ സമരംചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായി ടൊവിനോ പ്രസ്താവന നടത്തിയതിനു പിന്നാലെയാണ് പ്രതിഷേധം.

‘കേരളത്തിലെ പി.എസ്.സി. അഴിമതിക്കെതിരേ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള യുവതീയുവാക്കള്‍ മണ്ണുവാരിത്തിന്ന് സമരം ചെയ്യുമ്പോഴും സ്വന്തം ജില്ലയായ തൃശ്ശൂരില്‍ നഴ്സുമാര്‍ രാപ്പകല്‍ സമരം നടത്തുമ്പോഴും പ്രതികരിക്കാത്ത നടന്‍ രാഷ്ട്രീയം നോക്കി വായ തുറന്നു’ എന്ന് മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതിഷേധം.

ടൊവിനോയുടെ വീടിന് മുന്നില്‍ മുദ്രവാക്യങ്ങള്‍ എഴുതിയ ബാനര്‍ ഉയര്‍ത്തിയും വായ മൂടിക്കെട്ടിയുമായിരുന്നു പ്രതിഷേധം. ചെട്ടിപ്പറമ്പില്‍നിന്ന് ബസ് സ്റ്റാന്‍ഡിലേക്കുള്ള വഴിയിലെ വീടിനു മുന്നില്‍ നടത്തിയ സമരം യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് ആശിഷ ടി. രാജ് ഉദ്ഘാടനം ചെയ്തു.