Home Blog Page 362

സമസ്ത ജന.സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ അന്തരിച്ചു
  

കോഴിക്കോട്: സമസ്ത ജന.സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍(75) അന്തരിച്ചു. 

2016ല്‍ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരുടെ വിയോഗത്തോടെയായിരുന്നു സമസ്തയുടെ ജനറല്‍ സെക്രട്ടറിയായി നിയമിതനായത്. മലപ്പുറം ജില്ലയിലെ ഇരുമ്പുഴി തെക്കുംമുറിയില്‍ തിരൂര്‍ക്കാട് കുന്നത്ത് മൂസ ഹാജിയുടെയും മാടമ്പി ഇയ്യാത്തുട്ടിയുടെയും മകനായി 1945ല്‍ ആയിരുന്നു ജനനം. 2013 മുതല്‍ കാസര്‍കോട് ജില്ലാ ഖാസിയായ ആലിക്കുട്ടി മുസ്‌ലിയാര്‍ 2003 മുതല്‍ പട്ടിക്കാട് ജാമിഅ നൂരിയ അറബിക് കോളജ് പ്രിന്‍സിപ്പല്‍ കൂടിയാണ്.

പ്രാഥമിക മതപഠനം പിതാമഹനായിരുന്ന കുന്നത്ത് ആലി ഹാജിയുടെ ഓത്തുപുരയിലും ഭൗതിക വിദ്യാഭ്യാസം തിരൂര്‍ക്കാട് മാപ്പിള സ്‌കൂളിലുമായിരുന്നു. ഏഴാം വയസ്സില്‍ ഇരുമ്പുഴി തെക്കുംമുറിയില്‍ ദര്‍സില്‍ ദര്‍സ് പഠനം ആരംഭിച്ചു. നാല് വര്‍ഷത്തിന് ശേഷം പുത്തനങ്ങാടി ജുമാമസ്ജിദിലെയും പിന്നീട് അരിപ്ര ദര്‍സിലും തുടര്‍ന്ന് പടിഞ്ഞാറ്റുമുറിയിലെ ദര്‍സിലുമായിരുന്നു ദര്‍സ് പഠനങ്ങള്‍. 1964ല്‍ ജാമിഅ നൂരിയ്യയില്‍ ചേര്‍ന്ന അദ്ദേഹം നാല് വര്‍ഷം അവിടെ പഠനം നടത്തി.

ശംസുല്‍ ഉലമാ, കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍, താഴെക്കോട് കുഞ്ഞലവി മുസ്‌ലിയാര്‍, പെരിന്തല്‍മണ്ണ സൈതാലി മുസ്‌ലിയാര്‍, വളപുരം കെ.ടി മുഹമ്മദ് മുസ്‌ലിയാര്‍, അബ്ദുല്‍ ഖാദര്‍(കായി) മുസ്‌ലിയാര്‍,പെരുമ്പലം ബാപ്പുട്ടി മുസ്‌ലിയാര്‍ എന്നിവരായിരുന്നു പ്രധാന ഉസ്താദുമാര്‍.



16 -ാം വയസ്സില്‍ തിരൂര്‍ക്കാട് മഹല്ല് പള്ളി ഖത്തീബായും 20-ാം വയസ്സില്‍ മഹല്ല് ഖാസിയായും നിയമിക്കപ്പെട്ട് ചെറുപ്പത്തിലേ നേതൃപാടവം തെളിയിച്ച വ്യക്തിത്വമാണ്. 1968ല്‍ പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജില്‍ നിന്ന് ഫൈസി ബിരുദം നേടിയതിന് ശേഷം മീനാര്‍കുഴി ദര്‍സിലാണ് ആദ്യ സേവനം. 1978ല്‍ ചെമ്മങ്കടവ് ദര്‍സിലേക്ക് മാറിയെങ്കിലും 1979ല്‍ പട്ടിക്കാട് ജാമിഅ നൂരിയയില്‍ ശംസുല്‍ ഉലമയുടെ ഒഴിവിലേക്ക് അധ്യാപകനായും പിന്നീട് 2003 മുതല്‍ അവിടെ പ്രിന്‍സിപ്പലായും നിയമിതനാവുകയായിരുന്നു.

1970ല്‍ സമസ്ത പെരിന്തല്‍മണ്ണ താലൂക്ക് സെക്രട്ടറിയായും 1976ല്‍ സമസ്ത മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. 1978 മുതല്‍ ജാമിഅ പൂര്‍വ വിദ്യാര്‍ഥി സംഘടനയായ ‘ഓസ്‌ഫോജന’ യുടെ ജന.സെക്രട്ടറിയാണ്. സമസ്ത മുശാവറ അംഗമായി 1986ലും എസ്.വൈ.എസ് ജന. സെക്രട്ടറിയായി 1992ലും തെരഞ്ഞെടുക്കപ്പെട്ടു. 2010ല്‍ സമസ്ത ജോ.സെക്രട്ടറിയുമായി. 2009 മുതല്‍ സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് വൈസ് പ്രസിഡന്റ് ആണ്.

ഇന്ത്യക്കകത്തും പുറത്തും നിരവധി വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചും ഇന്ത്യന്‍ മുസ്‌ലിംകളെ പ്രതിനിധീകരിച്ച് നിരവധി രാജ്യങ്ങളിലെ അന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുത്തിട്ടുമുള്ള ആലിക്കുട്ടി മുസ്‌ലിയാര്‍ നിലവില്‍ മുസ്‌ലിം വേള്‍ഡ് ലീഗിലെ ഇസ്‌ലാമിക് ഫിഖ്ഹ് കൗണ്‍സില്‍ മെംബര്‍ കൂടിയാണ്. 1978ല്‍ കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിനു കീഴിയില്‍ ഹൈദരാബാദില്‍ പ്രവര്‍ത്തിക്കുന്ന ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജസ് യൂനിവേഴ്‌സിറ്റി(ഇഫഌ)യുടെ സിലബസ് രൂപീകരണ കമ്മിറ്റിയിലും അംഗമായിട്ടുണ്ട്.



2008 ല്‍ ഈജിപ്തിലെ അല്‍ അസ്ഹര്‍ സര്‍വകലാശാലയില്‍ ശിഹാബ് തങ്ങളുടെ പകരക്കാരനായി അസ്ഹര്‍ പൂര്‍വ വിദ്യാര്‍ത്ഥി സംഗമത്തില്‍ സംബന്ധിച്ചു. 2011 ലിബിയയില്‍ പ്രസിഡണ്ട് മുഅമ്മര്‍ ഗദ്ദാഫിയുടെ നേതൃത്വത്തില്‍ നടന്ന അന്താരാഷ്ട്ര സൂഫീ സമ്മേളനത്തിലും 2012 ല്‍ മൊറോക്കോയില്‍ നടന്ന സൂഫീ സമ്മേളനത്തിലും തുടര്‍ന്നുള്ള രണ്ടുവര്‍ഷങ്ങളില്‍ ആഫ്രിക്കന്‍ രാജ്യമായ സെനഗലിലില്‍ നടന്ന സമ്മേളനങ്ങളിലും തസവ്വുഫ് സംബന്ധമായ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

2014 മുതല്‍ സുപ്രഭാതം ദിനപത്രത്തിന്റെ ചെയര്‍മാന്‍ ആണ്. 2003 മുതല്‍ 2006 വരെ കേരള  ഹജ്ജ് കമ്മിറ്റി ചെയര്‍മാനായിരുന്ന അദ്ദേഹം 2006 മുതല്‍ 2009 വരെ ഇന്ത്യാ ഹജ്ജ് കമ്മിറ്റി വൈസ് ചെയര്‍മാനായും പ്രവര്‍ത്തിച്ചു. മന്ത്രിയല്ലാത്ത ഒരാള്‍ ചെയര്‍മാന്‍ പദവിയില്‍ ആദ്യമായി എത്തുന്നത് ആലിക്കുട്ടി മുസ്ലിയാരാണ്. എസ്.വൈ.എസ് ജന.സെക്രട്ടറിയായി 1992 മുതല്‍ 2016 വരെ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2004 മുതല്‍ സംസ്ഥാന മുസ്ലിം ഓര്‍ഫനേജ് കോര്‍ഡിനേഷന്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് കൂടിയാണ്. അല്‍ മുഅല്ലിം, അല്‍ നൂര്‍ മാസികകള്‍, സുന്നി അഫ്കാര്‍ ചീഫ് എഡിറ്റര്‍ ആയും പ്രവര്‍ത്തിച്ച് വരുന്നു.

വീട്ടമ്മയെ കായലിൽ മരിച്ച നിലയിൽ കണ്ടെത്തി മണിക്കൂറുകൾക്കകം
മാതാവും മരിച്ചു


കരുനാഗപ്പള്ളി , വീട്ടമ്മയെ കായലിൽ മരിച്ച നിലയിൽ കണ്ടെത്തി. മണിക്കൂറുകൾക്കകം ഇവരുടെ മാതാവും മരണപ്പെട്ടു. വള്ളിക്കാവ്, ശിവസന്ധ്യയിൽ സന്ധ്യ(50) യെയാണ് കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ ടി എസ് കനാലിൽ കാട്ടിൽകടവിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. സംഭവമറിഞ്ഞ് പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മൃതദേഹം കരയ്ക്കെത്തിച്ചു. കൊല്ലം ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മാർട്ടം നടത്തി. ഇതിനിടെ ഉച്ചയ്ക്ക് ഒരു മണിയോടെ ഇവരുടെ മാതാവ് ഭാസുര (80) മരണപ്പെടുകയായിരുന്നു. ഇവർ ഏറെ നാളായി രോഗബാധിതയായി കിടപ്പിലായിരുന്നു. ഇരുവരുടെയും സംസ്കാര ചടങ്ങുകൾ ഇന്ന് (വ്യാഴം) വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പിൽ നടക്കും. മരിച്ച സന്ധ്യയുടെ ഭർത്താവ് വിജയൻ.
മക്കൾ: അങ്കുഷ്,അക്ഷയ
ഭാസുരയുടെ ഭർത്താവ് പരേതനായ ശിവദാസൻ. ഇവരുടെ  മകൻ: ശിവജിത്ത്.

നടിയെ ആക്രമിച്ച കേസിലെ പ്രതികൾക്ക് തിരിച്ചടി…ശിക്ഷാവിധി മരവിപ്പിക്കണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ പ്രതികൾക്ക് തിരിച്ചടി. ശിക്ഷാവിധി മരവിപ്പിക്കണമെന്ന രണ്ട് പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളി. അഞ്ചാം പ്രതി വടിവാൾ സലിം, ആറാം പ്രതി പ്രദീപ് എന്നിവരുടെ അപേക്ഷയാണ് തള്ളിയത്. നേരത്തെ ഒന്നാം പ്രതി പൾസർ സുനിയുടെ ആവശ്യവും ഡിവിഷൻ ബെഞ്ച് തള്ളിയിരുന്നു.

ശിക്ഷ മരവിപ്പിക്കാനുള്ള അസാധാരണമായ ഒരു സാഹചര്യവും നിലവിലില്ലെന്നായിരുന്നു സുനിയുടെ ഹരജി തള്ളിക്കൊണ്ട് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയത്. ജസ്റ്റിസ് രാജ വിജയരാഘവന്‍, കെ.വി വിജയകുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജിയില്‍ വാദം കേട്ടത്.

ദൃശ്യം ചിത്രീകരിച്ചു എന്ന് പറയപ്പെടുന്ന ഫോൺ കണ്ടെടുത്തിട്ടില്ലെന്ന് സുനി ഹൈക്കോടതിയിൽ നൽകിയ അപ്പീലിൽ പറഞ്ഞിരുന്നു. ഫോൺ ഇതുവരെ കണ്ടെത്താതിനാൽ ദൃശ്യങ്ങൾ പകർത്തി എന്നു പറയുന്നത് നിയമപരമായി നിലനിൽക്കില്ല. കൃത്യത്തിന് ഉപയോഗിച്ചു എന്ന് പറയുന്ന സിം കാർഡ് മറ്റൊരു വ്യക്തിയുടെ പേരിലുള്ളത്. ഇയാളെ പ്രതിയാക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ല.

ഡിഎൻഎ പരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിച്ചതിൽ കാലതാമസം ഉണ്ടായതിനാൽ തെളിവുകളിൽ കൃത്രിമം നടക്കാൻ സാധ്യതയുണ്ടെന്ന വാദം കോടതി മുഖവിലയ്ക്കെടുത്തില്ലെന്നും സുനി പറയുന്നു. കേസിൽ 20 വർഷം കഠിന തടവാണ് കോടതി പൾസര്‍ സുനിക്ക് വിധിച്ചത്. കേസിൽ മറ്റു പ്രതികളും ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരുന്നു. അഞ്ചാം പ്രതി വടിവാൾ സലീമും ആറാംപ്രതി പ്രദീപും നേരത്തെ തന്നെ അപ്പീലുമായി കോടതിയെ സമീപിച്ചിരുന്നു.

ഏതോ എംഎൽഎയുടെ ഭാര്യയായി നടിച്ച് പെന്‍ഷന്‍ വാങ്ങുന്നുവെന്ന് കുപ്രചരണം; വ്യാജവാര്‍ത്തയില്‍ പൊട്ടിക്കരഞ്ഞ് പി.കെ.ശ്രീമതി

തിരുവനന്തപുരം: തനിക്കെതിരെ ചില ദൃശ്യമാധ്യമങ്ങളും യൂട്യൂബ് ചാനലുകളും തുടർച്ചയായി അടിസ്ഥാനരഹിതവും അസംബന്ധവുമായ വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയാണെന്ന് സി.പി.എം കേന്ദ്രകമ്മിറ്റിയംഗവും മുൻ മന്ത്രിയുമായ പി.കെ. ശ്രീമതി. തുടർച്ചയായ വ്യക്തിഹത്യയിലും വ്യാജപ്രചാരണങ്ങളിലും മനംനൊന്ത് തിരുവനന്തപുരത്ത് മാധ്യമങ്ങൾക്ക് മുൻപിൽ അവർ വിതുമ്പി. ദുരനുഭവങ്ങൾ വിശദീകരിക്കുന്നതിനിടെയാണ് മുതിർന്ന പാർട്ടി നേതാവ് വികാരാധീനയായത്.

വ്യാജ വാർത്തകൾ ഉന്നയിച്ച് സമൂഹത്തിൽ അപമാനിക്കാൻ ശ്രമിക്കുന്ന മാധ്യമങ്ങൾക്കും യൂട്യൂബ് ചാനലുകൾക്കുമെതിരെ ശക്തമായ നിയമനടപടിയും മാനനഷ്ടക്കേസും ഫയൽ ചെയ്യുമെന്ന് അവർ വ്യക്തമാക്കി. തെളിവുകൾ ശേഖരിച്ച് വക്കീലിന് കൈമാറിക്കഴിഞ്ഞതായി പി.കെ. ശ്രീമതി അറിയിച്ചു.

കഴിഞ്ഞ മൂന്നാല് ദിവസമായിട്ടാണ് ചില മാധ്യമങ്ങൾ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത്. ഇല്ലാത്ത ഒരു വ്യക്തിയുടെ പേരിലാണ് നിലവിൽ വ്യാജ ആരോപണം ഉന്നയിച്ചിരിക്കുന്നത്. പി.ആർ. കൃഷ്ണൻ എന്നൊരു എം.എൽ.എ ഉണ്ടെന്നും, ആ വ്യക്തിയുടെ ഭാര്യയായി അഭിനയിച്ച് താൻ നിയമസഭയിൽ നിന്നുള്ള ഫാമിലി പെൻഷൻ കൈപ്പറ്റുന്നു എന്നുമാണ് പുതിയ പ്രചാരണം. ഇങ്ങനെയൊരു എം.എൽ.എ ഉണ്ടോ എന്ന് താൻ അന്വേഷിച്ചെങ്കിലും പാലക്കാടോ തൃശൂരോ ഇത്തരമൊരു വ്യക്തിയില്ലെന്നാണ് അറിഞ്ഞത്.

മകൻ അച്ഛനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു

തൃശ്ശൂർ: തൃശൂർ മടവാക്കരയിൽ മകൻ അച്ഛനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു. മടവാക്കര സ്വദേശി കൃഷ്ണൻ (89 ) ആണ് മരിച്ചത്. മകൻ രാധാകൃഷ്ണൻ (54) അറസ്റ്റിലായിട്ടുണ്ട്. ഭൂമി നൽകിയിട്ടും മകൻ അച്ഛന് ജീവനാംശം നൽകിയില്ല എന്നതാണ് പ്രകോപനം. മകനെതിരെ കേസ് കൊടുത്തതിന്റെ വൈരാഗ്യത്തിലാണ് കൊലപാതകം. മറ്റൊരു മകന്റെ വീട്ടിൽ തനിച്ചായിരുന്നു കൃഷ്ണന്റെ താമസം. ഇന്നലെയാണ് മൃതദേഹം കണ്ടെത്തിയത്.

പ്രതീക്ഷകൾ വിഫലം… സിക്കിം ടണൽ ദുരന്തത്തിൽ അകപ്പെട്ട അനീ‌ഷ് മോഹന്റെ മൃതദേഹം കണ്ടെത്തി

പാമ്പാടി: പ്രതീക്ഷകളെ വിഫലമാക്കി സിക്കിം ടണൽ ദുരന്തത്തിൽ അകപ്പെട്ട കോട്ടയം സ്വദേശിയായ അനീ‌ഷ് മോഹന്റെ (43) മൃതദേഹം കണ്ടെത്തി. ഇന്നലെ രാത്രി 11 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടം ഉൾപ്പെടെയുള്ള മറ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ഇന്നുതന്നെ കേരളത്തിലേക്ക് എത്തിക്കുമെന്നാണ് വിവരം. അതിനായുള്ള നടപടികൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.


മൃതദേഹം നിലവിൽ മണിപ്പാൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അനീഷിന്റെ ഭാര്യ സംഗീത, ഭാര്യാ സഹോദരൻ സനൽ, അനീഷിന്റെ സഹോദരൻ ബിനീഷ് മോഹൻ എന്നിവർ കഴിഞ്ഞ ദിവസം സിക്കിമിലെ അപകടസ്ഥലത്ത് എത്തിയിരുന്നു. നാംചി ജില്ലയിലുള്ള സമർദുംഗിൽ തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് തുരങ്കത്തിന്റെ പ്രവേശന കവാടം പൂർണമായും തടസ്സപ്പെടുത്തിക്കൊണ്ട് വൻ മണ്ണിടിച്ചിൽ ഉണ്ടായത്. ഈ സമയത്ത് തുരങ്കത്തിനുള്ളിൽ ജോലി ചെയ്തിരുന്ന നിരവധി തൊഴിലാളികൾ ഉള്ളിൽ കുടുങ്ങുകയായിരുന്നു.


കഴിഞ്ഞ ദിവസമാണ് അപകടത്തിൽപ്പെട്ടവരിൽ ഒരു മലയാളിയും ഉണ്ടെന്ന റിപ്പോർടുകൾ വന്നത്. ശേഷം എൻഎച്ച്പിസി സീനിയർ മാനേജർ ജിയോളജിസ്റ്റ് ആണ് അനീഷ് മോഹൻ ആണ് അപകടത്തിൽപ്പെ‌ട്ടതെന്ന് സ്ഥിരീകരിക്കുകയായിരുന്നു. തുരങ്കനിർമാണം നടക്കുന്ന സ്ഥലത്തെ പാറയിടുക്കളുടെ കാഠിന്യം, ജലാംശം എന്നിവ പരിശോധിക്കുന്ന ഉദ്യോഗസ്ഥസംഘത്തിലായിരുന്നു അനീഷ്. പാറ തുരക്കുമ്പോൾ തൊഴിലാളികൾക്കു നിർദേശം നൽകിയിരുന്നത് അനീഷാണ്.


പാറയ്ക്കുള്ളിലെ മീഥൈൻ വാതകം ചോർന്നതു മൂലമുള്ള സ്ഫോടനമാണ് തുരങ്കം തകരാൻ ഇടയാക്കിയത്. തുരങ്കത്തിനകത്തെ വാതകസാന്നിധ്യവും പ്രതികൂലകാലാവസ്ഥയും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായിരുന്നു. എട്ടുമാസം പ്രായമുള്ള ഇളയമകൾ കാർത്യായനിയുടെ ഇരുപത്തെട്ടുകെട്ട് ചടങ്ങിൽ പങ്കെടുക്കാൻ ഫെബ്രുവരിയിലാണ് ഏറ്റവുമൊടുവിലായി അനീഷ് നാട്ടിലെത്തിയത്.

യുവാക്കളുടെ ഭാവിയും ക്ഷേമവുമാണ് സര്‍ക്കാരിന് ഏറ്റവും പ്രധാനപ്പെട്ടത്… ചോദ്യപേപ്പര്‍ ചോര്‍ച്ചക്കേസുകളില്‍ വേഗത്തിലുള്ള വിചാരണയും കര്‍ശനമായ ശിക്ഷയും ഉറപ്പാക്കുന്നതിനായി ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിക്കും…. പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് രാജ്യതലസ്ഥാനത്ത് വിദ്യാര്‍ഥി പ്രക്ഷോഭവും പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധവും ശക്തമാകുന്നതിനിടെ, രാജ്യത്തെ യുവാക്കള്‍ക്ക് സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. യുവാക്കളുടെ ഭാവിയും ക്ഷേമവുമാണ് സര്‍ക്കാരിന് ഏറ്റവും പ്രധാനപ്പെട്ടതെന്നും ചോദ്യപേപ്പര്‍ ചോര്‍ച്ചക്കേസുകളില്‍ വേഗത്തിലുള്ള വിചാരണയും കര്‍ശനമായ ശിക്ഷയും ഉറപ്പാക്കുന്നതിനായി ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചതായും അദ്ദേഹം എക്‌സില്‍ കുറിച്ചു.

‘രാജ്യത്തെ യുവാക്കളുടെ ക്ഷേമത്തിനും ഭാവിക്കുമാണ് പ്രഥമ പരിഗണന. എല്ലാ പേപ്പര്‍ ചോര്‍ച്ച കേസുകളുടെയും വിചാരണ വേഗത്തിലാക്കാന്‍ ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിക്കും, ഉത്തരവാദികള്‍ക്ക് ഏറ്റവും വേഗത്തിലും കര്‍ശനമായും ശിക്ഷ ഉറപ്പാക്കും. ആവശ്യമായ നടപടികള്‍ ഉറപ്പാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിദ്യാര്‍ഥികളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി സര്‍ക്കാര്‍ എടുക്കുന്ന നിരവധി തീരുമാനങ്ങളിലെ പ്രധാന ഘട്ടമാണിത്. നമ്മുടെ യുവാക്കളുടെ ഭാവി വച്ച് കളിക്കാന്‍ ശ്രമിക്കുന്ന ഒരാളെയും വെറുതെ വിടില്ല’ -മോദി കുറിച്ചു.


ഡല്‍ഹിയില്‍ കോക്ക്‌റോച്ച് ജനത പാര്‍ട്ടിയുടെ (സിജെപി) പ്രതിഷേധത്തിന് പിന്തുണ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ പോസ്റ്റ് വന്നിരിക്കുന്നത്. വിഷയത്തില്‍ പ്രധാനമന്ത്രിയുടെ ആദ്യ പ്രതികരണമാണിത്. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ സിജെപി പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാച്ചിട്ടുണ്ട്. പരീക്ഷാ ക്രമക്കേടുകളുടെ ഉത്തരവാദിത്തമേറ്റ് വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം.

കേന്ദ്രസർക്കാരിൻ്റെ ജനാധിപത്യ ധ്വംസനത്തിന് എതിരേ പടിഞ്ഞാറേകല്ലട കോൺഗ്രസ് മണ്ഡലംകമ്മിറ്റി പ്രകടനം

പടിഞ്ഞാറേകല്ലട. കോൺഗ്രസ് മണ്ഡലംകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ Neet പരീക്ഷാ ക്രമക്കേടിൽ ഡൽഹിയിൽ സമരം ചെയ്ത വിദ്ദ്യാർത്ഥികളേയും യുവാക്കളേയും ക്രൂരമായി മർദ്ദിച്ചതിൽ പ്രതിഷേധിച്ച രാഹുൽ ഗാന്ധിയേയും കോൺഗ്രസ്സ് നേതാക്കളേയും അറസ്റ്റ് ചെയ്തതിലും, കേന്ദ്രസർക്കാരിൻ്റെ ജനാധിപത്യ ധ്വംസനത്തിന് എതിരേയും മണ്ഡലം പ്രസിഡൻ്റ് R. കൃഷ്‌ണകുമാറിൻ്റെ നേതൃത്വത്തിൽ തോട്ടത്തിൽ കടവിൽ നിന്നും കടപുഴവരെ പ്രതിഷേധ പ്രകടനം നടത്തി.

കോൺഗ്രസ്സ് ബ്ലോക്ക്, മണ്ഡലം ഭാരവാഹികളും , പഞ്ചായത്ത് മെമ്പർമാരും വാർഡ് ബൂത്ത് പോഷക സംഘടനാ ഭാരവാഹികൾ ഉൾപ്പെടെ നിരവധി പ്രവർത്തകർ പങ്കെടുത്തു ,സുരേഷ് ചന്ദ്രൻ ഉത്ഘാടനം ചെയ്യുകയും കടപുഴ മാധവൻ പിള്ള, ജോൺ പോൾ സ്റ്റഫ്, ശിവാനന്ദൻ, സുഖ്രഹ്മണ്യൻ, കുന്നിൽ ജയകുമാർ കലാധരൻ പിള്ള, ഷീജ, ഷൈലജ, ഗിരിജ, പ്രീതാ പ്രസാദ് , ഫിലിപ്പ് കുട്ടി, സെബാസ്റ്റിൻ നിയാസ്, ജോസ്, ആരോമൽ ജോൺസൺ തുടങ്ങിയവർ സംസാരിച്ചു കോയിക്കൽ ഭാഗം വാർഡ് പ്രസിഡൻ്റ് ബാലചന്ദ്രൻ നന്ദിയും പറഞ്ഞു.

ചോദ്യപേപ്പര്‍ ചോര്‍ച്ച, വേഗത്തിലുള്ള വിചാരണയും കര്‍ശനമായ ശിക്ഷയും ഉറപ്പാക്കുന്നതിന് ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിക്കും

ന്യൂഡല്‍ഹി: ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് രാജ്യതലസ്ഥാനത്ത് പ്രക്ഷോഭവും  പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധവും ശക്തമാകുന്നതിനിടെ, രാജ്യത്തെ യുവാക്കള്‍ക്ക് സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. യുവാക്കളുടെ ഭാവിയും ക്ഷേമവുമാണ് സര്‍ക്കാരിന് ഏറ്റവും പ്രധാനപ്പെട്ടതെന്നും ചോദ്യപേപ്പര്‍ ചോര്‍ച്ചക്കേസുകളില്‍ വേഗത്തിലുള്ള വിചാരണയും കര്‍ശനമായ ശിക്ഷയും ഉറപ്പാക്കുന്നതിനായി ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചതായും അദ്ദേഹം എക്‌സില്‍ കുറിച്ചു.

രാജ്യത്തെ യുവാക്കളുടെ ക്ഷേമത്തിനും ഭാവിക്കുമാണ് പ്രഥമ പരിഗണന. എല്ലാ പേപ്പര്‍ ചോര്‍ച്ച കേസുകളുടെയും വിചാരണ വേഗത്തിലാക്കാന്‍ ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിക്കും, ഉത്തരവാദികള്‍ക്ക് ഏറ്റവും വേഗത്തിലും കര്‍ശനമായും ശിക്ഷ ഉറപ്പാക്കും. ആവശ്യമായ നടപടികള്‍ ഉറപ്പാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിദ്യാര്‍ഥികളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി സര്‍ക്കാര്‍ എടുക്കുന്ന നിരവധി തീരുമാനങ്ങളിലെ പ്രധാന ഘട്ടമാണിത്. നമ്മുടെ യുവാക്കളുടെ ഭാവി വച്ച് കളിക്കാന്‍ ശ്രമിക്കുന്ന ഒരാളെയും വെറുതെ വിടില്ല’ -മോദി കുറിച്ചു.

ഡല്‍ഹിയില്‍ കോക്ക്‌റോച്ച് ജനത പാര്‍ട്ടിയുടെ (സിജെപി) പ്രതിഷേധത്തിന് പിന്തുണ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ പോസ്റ്റ് വന്നിരിക്കുന്നത്. വിഷയത്തില്‍ പ്രധാനമന്ത്രിയുടെ ആദ്യ പ്രതികരണമാണിത്. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ സിജെപി പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാച്ചിട്ടുണ്ട്. പരീക്ഷാ ക്രമക്കേടുകളുടെ ഉത്തരവാദിത്തമേറ്റ് വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. മോദിയുടെ ട്വീറ്റ്, റീട്വീറ്റ് ചെയ്തുകൊണ്ടും സിജെപി മന്ത്രിയുടെ രാജി ആവശ്യപ്പെട്ടിട്ടുണ്ട്.

വീടിന്റെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 87 ഗ്രാം എംഡിഎംഎ പൊലീസ് പിടികൂടി,ജീപ്പിൽ കയറ്റുന്നതിനിടെ പ്രതി ഉദ്യോഗസ്ഥരെ വെട്ടിച്ച് ഓടി രക്ഷപ്പെട്ടു

തിരുവനന്തപുരം : വീടിന്റെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 87 ഗ്രാം എംഡിഎംഎ പൊലീസ് പിടികൂടി. പുതുക്കുറിച്ചി ചേരമാൻതുരുത്ത് അസ്‌ജർ മൻസിലിൽ അസ്ജറിന്റെ വീട്ടിൽ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. കസ്റ്റഡിയിലെടുത്ത അസ്ജറെ (36) പൊലീസ് ജീപ്പിൽ കയറ്റുന്നതിനിടെ ഉദ്യോഗസ്ഥരെ വെട്ടിച്ച് ഓടി രക്ഷപ്പെട്ടു.

അസ്ജറിന്റെ മുറിയിലെ അലമാരയിലെ രഹസ്യ അറയിൽ രണ്ട് കവറുകളിലായി എംഡിഎംഎ പൊലീസ് കണ്ടെടുത്തിരുന്നു. ഇത് അളന്നുവിൽക്കാൻ ഉപയോഗിച്ചിരുന്ന ഇലക്ട്രോണിക് ത്രാസും പിടിച്ചെടുത്തു. സ്വന്തം ഉപയോഗത്തിനും വിൽപ്പന നടത്തുന്നതിനുമായാണ് ഇവ സൂക്ഷിച്ചിരുന്നതെന്ന് പ്രതി പൊലീസിനോടു പറഞ്ഞു.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ബുധനാഴ്ചയാണ് ഡാൻസാഫ് സംഘം അസ്ജറിന്റെ വീട്ടിൽ പരിശോധന നടത്തിയത്. പരിശോധന പൂർത്തിയാക്കി ജീപ്പിൽ കയറ്റുന്നതിനിടെയാണ് പൊലീസ് ഉദ്യോഗസ്ഥരുടെ കൈ തട്ടിമാറ്റി പ്രതി സമീപത്തെ മതിൽ ചാടിക്കടന്ന് രക്ഷപ്പെട്ടത്. പ്രതിക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.