കുന്നത്തൂർ (കൊല്ലം):കുന്നത്തൂർ സ്വദേശിയായ ബിഎസ്എഫ് ജവാൻ സ്വയം വെടിവച്ച് മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു.ശാസ്താംകോട്ട മനക്കര സ്വദേശി പരതേനായ രാഘവൻപിള്ളയുടെ മകൻ കുന്നത്തൂർ തുരുത്തിക്കര പ്ലാവിള പുത്തൻ വീട്ടിൽ സന്തോഷ് കുമാറാണ് (46) മരിച്ചത്.തിങ്കളാഴ്ച രാവിലെ 6.30 ഓടെ ഡ്യൂട്ടിക്കിടെ സ്വയം നിറയൊഴിക്കുകയായിരുന്നു എന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം.
രാവിലെ 8 ഓടെയാണ് പശ്ചിമ ബംഗാളിൽ നിന്നും ഔദ്യോഗിക വിവരം നാട്ടിൽ ലഭിച്ചത്.ഡ്യൂട്ടിക്ക് പോകുന്നതിന് മുമ്പ് ഭാര്യയെ വിളിച്ചിരുന്നു.ഉച്ചകഴിഞ്ഞ് വിളിക്കാമെന്ന് പറഞ്ഞിരുന്നു.കഴിഞ്ഞ മാസം 15 ദിവസത്തെ അവധിക്ക് നാട്ടിൽ എത്തിയിരുന്നതാണ്.27 വർഷമായി ബിഎസ്എഫിൽ സേവനം അനുഷ്ഠിച്ച് വരികയാണ്.ആത്മഹത്യയ്ക്കുള്ള കാരണം അറിവായിട്ടില്ല.പശ്ചിമ ബംഗാളിലെ സൈനിക ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ചൊവ്വാഴ്ച നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ബുധനാഴ്ച നാട്ടിലെത്തിക്കുമെന്നാണ് അറിയുന്നത്.ഭാര്യ:ആശ (ജെ.ആർ.ടി ഓഫീസ്,ചക്കുവള്ളി).മക്കൾ:ദേവപ്രിയ, ദേവതീർത്ഥ്
തൃശൂര്‍. സിപിഐയിൽ നിന്ന് പുറത്താക്കിയ നാട്ടിക എംഎല്‍എയും സിപിഐ നാട്ടിക മണ്ഡലം കമ്മിറ്റിയംഗവുമായ സി സി മുകുന്ദൻ സ്വതന്ത്രനായി മത്സരിക്കും. പാർട്ടി പുറത്താക്കുമെന്ന ബോധ്യത്തോടെ തന്നെയാണ് കാര്യങ്ങൾ തുറന്ന് പറഞ്ഞത്. കൈകാലുകൾ ഇല്ലാത്തയാളുടെ പേരും ഫോട്ടോയും വെച്ച് പണം പിരിക്കാൻ പാർട്ടി ശ്രമിച്ചു.ഒരു സഹായവും പാർട്ടിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നും സി സി മുകുന്ദൻ പറഞ്ഞു.
കടുത്ത പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനത്തിന്‍റെ പേരില്‍ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്നും മുകുന്ദനനെ പുറത്താക്കിയതായി സിപിഐ നാട്ടിക മണ്ഡലം കമ്മിറ്റിയാണ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചത്.
കഴിഞ്ഞ അഞ്ചുവര്‍ഷമായി പാര്‍ട്ടിയെ പ്രതിനിധീകരിച്ച് നാട്ടിക നിയോജകമണ്ഡലം എംഎല്‍എയായി പ്രവര്‍ത്തിക്കുന്ന സി സി മുകുന്ദന്‍ നിരന്തരമായി പാര്‍ട്ടി അച്ചടക്കം ലംഘിച്ചുകൊണ്ട് പാര്‍ട്ടിവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണെന്നും സിപിഐ വ്യക്തമാക്കുന്നു. 22-ാം വയസ്സിൽ പാർട്ടി അംഗത്വം നൽകിയത് മുതൽ പാർട്ടി മുകുന്ദനും കുടുംബത്തിനും നൽകിയതൊക്കെ വിശദീകരിച്ചു കൊണ്ടായിരുന്നു പുറത്താക്കൽ വാർത്താക്കുറിപ്പ്.
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം മൂലം ഇന്ധന ലഭ്യതയെക്കുറിച്ച് പൊതുജനങ്ങളിൽ ഉയർന്ന ആശങ്കകൾക്കിടെ, രാജ്യത്ത് ഇന്ധനക്ഷാമം ഉണ്ടാകില്ലെന്ന് ഉറപ്പുനൽകി കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി. ഇന്ധനത്തിനായി ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും സർക്കാർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.
വിവിധ സ്രോതസ്സുകളിലൂടെയും മാർഗങ്ങളിലൂടെയും ഇന്ത്യയിലേക്കുള്ള ഇന്ധന ഇറക്കുമതി തുടരുന്നുണ്ടെന്നും അതിനാൽ വിതരണത്തിൽ തടസ്സങ്ങൾ ഉണ്ടാകില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഗാർഹിക ഉപഭോക്താക്കൾക്ക് 100 ശതമാനം സി.എൻ.ജി, പി.എൻ.ജി വിതരണം ഉറപ്പാക്കിയിട്ടുണ്ട്. വ്യവസായ ആവശ്യങ്ങൾക്കായി നിലവിൽ 70 മുതൽ 80 ശതമാനം വരെ വിതരണം നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാധാരണക്കാരുടെ ദൈനംദിന ജീവിതത്തെ ബാധിക്കാത്ത വിധം ഇന്ധനവും ഊർജവും ലഭ്യമാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി ആവർത്തിച്ചു.
രാജ്യത്തെ പലയിടത്തും പെട്രോൾ പമ്പുകൾ താത്കാലികമായി അടച്ചിട്ടതായുള്ള റിപ്പോർട്ടുകൾ ഉയർന്നതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ ഇടപെടൽ. ഇന്ധനക്ഷാമം ഉണ്ടാകാതിരിക്കാനും കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്നത് തടയാനും 1955-ലെ അവശ്യസാധന നിയമത്തിലെ വ്യവസ്ഥകൾ സർക്കാർ നടപ്പിലാക്കി. ഇതനുസരിച്ച് പെട്രോളിയം ഉൽപന്നങ്ങളുടെ ലഭ്യതയും വിതരണവും സർക്കാർ നേരിട്ട് നിയന്ത്രിക്കും. അനധികൃതമായി ഇന്ധനം ശേഖരിച്ചുവെക്കുന്നതും അന്യായമായ രീതിയിൽ വിതരണം ചെയ്യുന്നതും തടയാൻ കർശനമായ പരിശോധനകൾ ഉണ്ടാകും.
ശാസ്താംകോട്ട . വെസ്റ്റ് കല്ലട ഫ്ളോട്ടിംഗ് സോളാർ പവർ പ്രോജക്ട് നിർമ്മാണ ഉദ്ഘാടനം ബുധനാഴ്ച കൊച്ചിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കുമ്പോള്‍ നടപ്പിലാവുന്നത് നാശത്തിലേക്കു നീങ്ങിയ ഒരു പഞ്ചായത്തിനെ കൈപിടിച്ചുയര്‍ത്താന്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ കണ്ട സ്വപ്നം. 11.3.26 ന് 10.30 am ന് എറണാകുളം കലൂർ സ്റ്റേഡിയത്തിലാണ് ഉദ്ഘാടനം നടക്കുന്നത്. എറണാകുളത്തെ BPCL ൻ്റെ ഒരു പ്രോജക്ട് അടക്കം രാജ്യത്തെ മറ്റ് ചില പദ്ധതികളുടെയും ഉദ്ഘാടനം അവിടെ വച്ച് നടക്കുന്നു.
കരമണല്‍ഖനനവും ചെളിയെടുപ്പുംമൂലം പഞ്ചായത്തിലെ പുഞ്ചപ്പാടങ്ങള്‍ കയങ്ങളായി മാറിയ കാലത്ത് പരിസ്ഥിതിപ്രവര്‍ത്തകരുടെ ശക്തമായ സമരത്തിന്‍റെ അടിസ്ഥാനത്തില്‍ ഖനനം നിരോധിക്കാന്‍ ബി തൃദീപ്കുമാറിന്‍റെ നേതൃത്വത്തില്‍ പഞ്ചായത്തില്‍ അധികാരത്തിലേറിയ ഭരണ സമിതി തീരുമാനിച്ചു. ഖനനം നിരോധിക്കുന്നതോടെ പഞ്ചായത്തില്‍ രൂക്ഷമാവുന്ന തൊഴിലില്ലായ്മക്ക് ഫലപ്രദമായ പരിഹാരം കാണാന്‍ കൂട്ടായ ചര്‍ച്ചകള്‍ നടന്നു.
എല്‍എസ്ജിഡി പ്രിന്‍സിപ്പല്‍ സെക്രട്ടറി എസ്എം വിജയാനന്ദ്, പ്ളാനിംങ് ബോര്‍ഡ് വൈസ് ചെയ്ര്‍മാന്‍ കെ എം ചന്ദ്രശേഖര്‍ ,അംഗം ജി വിജയരാഘവന്‍, പ്ളാന്‍ ആന്‍റ് കോ-ഓര്‍ഡിനേഷനിലെ ശാസ്താംകോട്ട സ്വദേശിയായ ഉദ്യോഗസ്ഥന്‍ ഡി പ്രശാന്ത് എന്നിവരുമായി ബന്ധപ്പെട്ട് തൃദീപ് കുമാര്‍ നടത്തിയ ചര്‍ച്ചകളില്‍ താമരക്കൃഷി,മല്‍സ്യം വളര്‍ത്തല്‍, കന്നു കാലി വളര്‍ത്തല്‍ അങ്ങിനെ പലതും വന്നുവെങ്കിലും അക്കാലത്ത് ലോകത്തുതന്നെ ചര്‍ച്ച ചെയ്തു തുടങ്ങിയ ഫ്ളോട്ടിംങ് സോളാര്‍ പാനലുകള്‍ തടാകം പോലെയായ മണല്‍ക്കയങ്ങളില്‍ സ്ഥാപിച്ചാലോ എന്നആശയം ഉടലെടുക്കുകയായിരുന്നു.
ആദ്യം റവന്യൂവകയാണ് പാടത്തില്‍ ഏറെയെന്നുകണ്ടത് പിന്നീട് പഞ്ചായത്ത് വകയാണ് എന്നു വ്യക്തമായി. പഞ്ചായത്ത അടക്കമുള്ള 300ല്‍പരം ഉടമകളുടെ കൂട്ടായ്മയായ കമ്പനി രൂപീകരിക്കുന്നത് അടക്കം നിരവധി കടമ്പകളാണ് കടന്നത്.ഭിന്നശേഷി കമ്മീഷണായിരുന്ന എസ്എച്ച് പഞ്ചാപകേശനാണ് ഉടമകളുടെ അതിര്‍ത്തി പ്രശ്നങ്ങളില്‍ ഇടപെട്ട് അദാലത്തുകള്‍ നയിച്ചത്. 2014ല്‍ ആദ്യഘട്ട രൂപരേഖയായി. പിന്നീട് വന്ന പഞ്ചായത്ത് കമ്മിറ്റിയില്‍ പദ്ധതിയുടെ നൂലാമാലകള്‍ താമസിക്കാനിടയാക്കി. പ്രസിഡന്റ് ഡോ. സി ഉണ്ണികൃഷ്ണന്‍റെ നേതൃത്വത്തിലെത്തിയ അടുത്ത കമ്മിറ്റി സെക്രട്ടറി ദിലീപിന്‍റെ നേതൃത്വത്തില്‍ പദ്ധതി ത്വരിതഗതിയില്‍ മുന്നോട്ടുകൊണ്ടുപോയി.
പദ്ധതി പ്രാവർത്തികമായിക്കഴിഞ്ഞാൽ നാട്ടില്‍ 300ഓളം നിലം ഉടമകള്‍ക്ക് ലാഭ വിഹിതം ലഭിക്കും. ലാഭവിഹിതമായി ഗ്രാമ പഞ്ചായത്തിന് പ്രാരംഭ വർഷങ്ങളിൽ 750000 ലഭ്യമാകും. തൊഴിൽ നികുതി അടക്കമുള്ള വരുമാനം വേറെയും. 50mw വൈദ്യുതിയാണ് ഉത്പാദിപ്പിക്കുക.നാഷണൽ ഹൈഡ്രോ പവർ കോർപ്പറേഷൻ നിർവഹണ ഏജൻസിയാണ്. അപ്പോളോ കമ്പനിയാണ് നിർമ്മാണത്തിനുള്ള ടെണ്ടർ എടുത്തിട്ടുള്ളത്.
വാട്ടർ ലവൽ പരിപാലിക്കുന്നതിലേക്ക് KLDC ഫണ്ട് ഉപയോഗിച്ച് കടപ്പാക്കുഴിയിൽ ഒരു പമ്പ്ഹൗസ് സജ്ജമായിക്കഴിഞ്ഞു. വെട്ടിയ തോട് പമ്പ് ഹൗസ് പുനർനിർമ്മിക്കാൻ NHPC ഗ്രാമപഞ്ചായത്തിന് 52 ലക്ഷം രൂപ CSR ഫണ്ട് അനുവദിച്ച് ഉത്തരവായിട്ടുണ്ട്. ഇതിനുള്ള MOU ഈയാഴ്ച ഒപ്പുവയ്ക്കും മൈനർ ഇറിഗേഷൻ വകുപ്പിനാണ് നിർമ്മാണച്ചുമതല .
ഗ്രാമപഞ്ചായത്തിൻ്റെ 50 ഏക്കർ ഉൾപ്പെടെ 300 റോളം ഏക്കർ സ്ഥലത്താണ് പ്ലാൻ്റ് വരിക.
വെസ്റ്റ് കല്ലട നോൺ കൺവൻഷനൽ എനർജി പ്രമോട്ടേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ ഒരു കമ്പനി പഞ്ചായത്ത് പ്രസിഡൻ്റ് ,വസ്തു ഉടമ പ്രതിനിധികൾ എന്നിവരെ ഉൾക്കൊള്ളിച്ച് ഇതിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട് . ജില്ലാ കലക്ടറാണ് കമ്പനിയിലെ സർക്കാർ പ്രതിനിധി . ഈ കമ്പനിയാണ് വസ്തു കൈമാറ്റത്തിന് നേതൃത്വം നൽകിയത്
നിർമ്മാണവുമായി ബന്ധപ്പെട്ട പ്രാരംഭ പ്രവർത്തനങ്ങൾ ഇതിനകം പൂർത്തീകരിച്ചു കഴിഞ്ഞു. ശാസ്താംകോട്ടയിൽ NHPC യുടെ പ്രോജക്ട് ഓഫീസും ആരംഭിച്ചു.3.04 രൂപയ്ക്കാണ് KSEB വൈദ്യുതി എടുക്കുക. 20 കോടി രൂപ കേരള ഗവൺമെൻ്റ് വയബിളിറ്റി ഗ്യാപ് ഫണ്ടിനത്തിൽ കെ എസ് ഇ ബി ക്ക് ഇതിനായി നൽകും.
2010 മുതലുള്ള ഗ്രാമപഞ്ചായത്ത് ഭരണസമിതികളുടെ നിരന്തര ഇടപെടലിൻ്റെ ഫലമാണ് ഈ പദ്ധതി ‘ഗ്രാമ പഞ്ചായത്തിന് ഇക്കാര്യത്തിൽ സാമ്പത്തിക മുതൽമുടക്ക് ഒന്നുമില്ലായെന്നതാണ് സവിശേഷത.
കുന്നത്തൂർ: പശ്ചിമ ബംഗാളിൽ 67 Bn BSF ൽ സർവീസ് ചെയ്ത് കൊണ്ടിരുന്ന തുരുത്തിക്കര പ്ലാവിള പുത്തൻവീട്ടിൽ സന്തോഷ് കുമാർ ( 45 ) ഇന്ന് രാവിലെ ഡ്യൂട്ടിക്കിടെ മരണമടഞ്ഞതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു.ശാസ്താംകോട്ട മനക്കര സ്വദേശി പരതേനായ രാഘവൻപിള്ളയുടെ മകനാണ്. ആശാകുമാരിയാണ് ഭാര്യ. ദേവ പ്രീയ, ദേവ തീർത്ഥ് എന്നിവർ മക്കളാണ്. ഇന്ന് രാവിലെ ഡ്യൂട്ടിക്ക് പോകുന്നതിന് മുമ്പ് ഭാര്യയെ വിളിച്ചിരുന്നു. ഉച്ചകഴിഞ്ഞ് വിളിക്കാമെന്ന് പറഞ്ഞിരുന്നു.കഴിഞ്ഞ മാസം 15 ദിവസത്തെ അവധിക്ക് നാട്ടിൽ വന്നിരുന്നതാണ്.
പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ മൂന്ന് സാക്ഷികള്‍ പൊലീസിന് നല്‍കിയ മൊഴിമാറ്റി. കേസിലെ പ്രതി ചെന്താമരയുടെ സഹോദരന്‍, സഹോദരന്റെ ഭാര്യ, അയല്‍വാസി എന്നിവരാണ് പൊലീസിന് നല്‍കിയ മൊഴി കോടതിയില്‍ മാറ്റിപ്പറഞ്ഞത്. കൊലപാതകത്തിന് തലേദിവസം ചെന്താമര തന്നെ ഫോണില്‍ വിളിച്ചിരുന്നുവെന്ന മൊഴി ചെന്താമരയുടെ സഹോദരന്‍ രാധാകൃഷ്ണന്‍ കോടതിയില്‍ നിഷേധിച്ചു. മൂന്നുപേരെയും കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.
പാലക്കാട് അഡീഷണല്‍ ഡിസ്ട്രിക്റ്റ് സെഷന്‍സ് കോടതിയിലാണ് നെന്മാറ ഇരട്ടക്കൊലപാതകത്തിന്റെ വിചാരണ തുടരുന്നത്. 2025 ജനുവരി 27നാണ് ചെന്താമര പോത്തുണ്ടി ബോയെന്‍ നഗര്‍ സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും വെട്ടിക്കൊലപ്പെടുത്തിയത്. നേരത്തെ, നെന്മാറ സജിതാ വധക്കേസില്‍ പ്രതി ചെന്താമരയ്ക്ക് കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു.
പാലക്കാട്: കാട്ടാനയുടെ ആക്രമണത്തില്‍ ഫോറസ്റ്റ് വാച്ചര്‍ മരിച്ചു. തിരുവിഴാംകുന്ന് ഫോറസ്റ്റ് വാച്ചര്‍ ഷൈജുവാണ് മരിച്ചത്. 28 വയസ്സായിരുന്നു. കോട്ടോപ്പാടം ചെന്നേരികുന്നില്‍ വച്ചായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്.
ജനവാസ മേഖലയില്‍ ഇറങ്ങിയ ആനയെ തുരുത്തുന്നതിനിടെയായിരുന്നു സംഭവം. ഷൈജു സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. രണ്ട് കാട്ടാനാകളെ തുരത്തുന്നതിനിടെ ഒരാന തിരികെയത്തി ഷൈജുവിനെ ചവിട്ടുകയായിരുന്നു. ആന തിരിഞ്ഞുവന്നതോടെ ഒപ്പമുളളവര്‍ ഓടി രക്ഷപ്പെട്ടു. സ്ഥിരമായി കാട്ടാന ശല്യം ഉണ്ടാകാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ഇന്ന് രാവിലെ കാട്ടാനക്കൂട്ടമെത്തിയതോടെ നാട്ടുകാര്‍ വനംവകുപ്പിനെ അറിയിക്കുകയായിരുന്നു.
കൊല്ലം:- ഹൈവേ വികസനവുമായി ബന്ധപ്പെട്ട് കുടിയൊഴിപ്പിക്കപ്പെട്ട വാടക വ്യാപാരികൾക്ക് മാന്യമായ നഷ്ടപരിഹാരത്തിനു വേണ്ടിയും, പുനരധിവാസത്തിനും വേണ്ടിയും,പില്ലർ എലിവേറ്റഡ് ഹൈവേയ്ക്ക് വേണ്ടിയും ലാൻഡ് അക്യുസേഷൻ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (LANHI)യെ പ്രതി സ്ഥാനത്ത് നിർത്തി സമാന ചിന്താഗതിക്കാരുമായി ചേർന്ന് പ്രത്യക്ഷ സമരപരിപാടികൾ നടത്താനും,നിയമപരമായി നേരിടുവാനും യുണൈറ്റഡ് മർച്ചൻസ് ചേമ്പർ (യു എം സി )കൊല്ലം ജില്ലാ കമ്മിറ്റി തീരുമാനിച്ചു.
കൊല്ലം ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട യു എം സി വനിതാ വിംഗ് ,യൂത്ത് വിംഗ് സംസ്ഥാന ഭാരവാഹികൾക്ക് യു എം സി കൊല്ലം ജില്ലാ കമ്മിറ്റിക്ക് വേണ്ടി പ്രസിഡൻ്റ് നിജാം ബഷി സ്വീകരണം നൽകി. മാർച്ച് 31ന് മുമ്പായി യു എം സി, വനിതാ വിംഗ്,യൂത്ത് വിംഗ് യൂണിറ്റ്, താലൂക്ക് കമ്മിറ്റികൾ, പുനഃസംഘടിപ്പിക്കുവാൻ തീരുമാനിച്ചു. ഓരോ യൂണിറ്റിലും 250ൽ കുറയാത്ത അംഗങ്ങളെ ചേർക്കുവാനും, പ്രവർത്തന ഫണ്ട് സ്വരൂപിക്കുവാനും തീരുമാനിച്ചു. (യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ )യു എം സി കൊല്ലം ജില്ലാ വ്യാപാര ഭവനിൽ ചേർന്ന പ്രവർത്തക സമിതി യോഗം വനിതാ വിംഗ് സംസ്ഥാന പ്രസിഡന്റും കൊല്ലം ജില്ലാ പ്രസിഡന്റുമായ റൂഷ.പി.കുമാർ അദ്ധ്യക്ഷത വഹിച്ചു.
യു എം സി സംസ്ഥാന ട്രഷററും ,കൊല്ലം ജില്ലാ പ്രസിഡന്റുമായ നിജാം ബഷി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഡോ:ബി. ആർ. പ്രസാദ് സ്വാഗതവും, യൂത്ത് വിംഗ് കൊല്ലം ജില്ലാ പ്രസിഡൻറ് നിഹാർവേലിയിൽ നന്ദിയും പറഞ്ഞു. സംസ്ഥാന ജില്ലാ ഭാരവാഹികളായ എം സിദ്ദീഖ് മണ്ണാൻറയ്യം, എസ്. ഷംസുദ്ദീൻ വെളുത്ത മണൽ, എം.പി.ഫൗസിയ ബീഗം, രമ്യ.എസ്, ധന്യ ബി രാജ്, സുധീർ കാട്ടിത്തറയിൽ, എസ് രാജു, ബിനി അനിൽ,സെലീന, അജിതകുമാരി, ശ്രീതാ മോൾ,ഷറഫുദ്ദീൻ നിബ്രാസ് എന്നിവർ സംസാരിച്ചു.
തൃശൂര്‍: നാട്ടിക എംഎല്‍എയും സിപിഐ നാട്ടിക മണ്ഡലം കമ്മിറ്റിയംഗവുമായ സി.സി. മുകുന്ദനെ സിപിഐയില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരിലാണ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്നും പുറത്താക്കിയിരിക്കുന്നതെന്ന് സിപിഐ നാട്ടിക മണ്ഡലം കമ്മിറ്റിയാണ് വാര്‍ത്താക്കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ അഞ്ചുവര്‍ഷമായി പാര്‍ട്ടിയെ പ്രതിനിധീകരിച്ച് നാട്ടിക നിയോജകമണ്ഡലം എംഎല്‍എയായി പ്രവര്‍ത്തിക്കുന്ന സി സി മുകുന്ദന്‍ നിരന്തരമായി പാര്‍ട്ടി അച്ചടക്കം ലംഘിച്ചുകൊണ്ട് പാര്‍ട്ടിവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണെന്നും സിപിഐ വ്യക്തമാക്കുന്നു. ഇത്തരം അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി പല തവണകളില്‍ അച്ചടക്കനടപടി സ്വീകരിച്ചുകൊണ്ട് തിരുത്തല്‍ വരുത്താന്‍ പാര്‍ട്ടി ശ്രമിച്ചതാണ്. അതിന്റെ ഭാഗമായി കഴിഞ്ഞ പാര്‍ട്ടി സമ്മേളനകാലത്ത് പാര്‍ട്ടി അച്ചടക്കനടപടിയുടെ ഭാഗമായി ജില്ലാ എക്സിക്യുട്ടീവില്‍ നിന്നും മാറ്റി ഡി സിയില്‍ നിന്നും നാട്ടിക മണ്ഡലം കമ്മിറ്റിയംഗമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ആസന്നമായ അസംബ്ലി തെരഞ്ഞെടുപ്പില്‍ നാട്ടിക മണ്ഡലം സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് പാര്‍ട്ടി സംസ്ഥാന എക്സിക്യുട്ടീവ് തീരുമാനം വന്നശേഷം പാര്‍ട്ടിയ്ക്കെതിരെ ഗുരുതരവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങളാണ് സി സി മുകുന്ദന്‍ പൊതുസമൂഹത്തിന് മുമ്പാകെ ഉന്നയിച്ചിരിക്കുന്നത്. കൂടാതെ, കോണ്‍ഗ്രസ് നേതൃത്വവുമായി അങ്ങോട്ട് ബന്ധപ്പെട്ട് യുഡിഎഫ് സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന പരസ്യനിലപാട് സ്വീകരിക്കുകയാണ്. ഒരു പാര്‍ട്ടി അംഗവും പാര്‍ട്ടിയുടെ എംഎല്‍എയും എന്ന നിലയില്‍ പാലിക്കേണ്ടതായ പാര്‍ട്ടി അച്ചടക്കവും പാര്‍ട്ടി ബോധ്യവുമില്ലാതെ അങ്ങേയറ്റം ഗുരുതരമായ കടുത്ത അച്ചടക്കലംഘനമാണ് സി സി മുകുന്ദന്‍ നടത്തിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ സി സി മുകുന്ദനെ പാര്‍ട്ടി ഭരണഘടന അനുസരിച്ചുള്ള അച്ചടക്കനടപടി എന്ന നിലയില്‍ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായും ഈ നടപടി പാര്‍ട്ടിയുടെ തൃശൂര്‍ ജില്ലാ കൗണ്‍സിലിന്റെ അംഗീകാരത്തോടുകൂടിയുള്ളതാണെന്നും സിപിഐ നാട്ടിക മണ്ഡലം കമ്മിറ്റി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രണ്ടാമത്തെ പീഡന പരാതി നല്‍കിയ ബെംഗളൂരു സ്വദേശിനിയായ യുവതിയെ, കോടതിയില്‍ രഹസ്യമൊഴി നല്‍കിയതിന്റെ പിറ്റേദിവസം തന്നെ ഭയപ്പെടുത്താന്‍ രാഹുല്‍ ശ്രമിച്ചുവെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍. കേസില്‍ രാഹുലിന് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഹര്‍ജിയുടെ പ്രാരംഭ വാദത്തിലാണ് പ്രോസിക്യൂട്ടര്‍ കല്ലംമ്പള്ളി മനു ഇക്കാര്യം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. പരാതിക്കാരിയെ ഭയപ്പെടുത്തി കേസില്‍നിന്നു പിന്തിരിപ്പിക്കുകയായിരുന്നു രാഹുലിന്റെ ലക്ഷ്യമെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചു. ക്രൂരമായി പീഡനത്തിന് ഇരയായ പെണ്‍കുട്ടി രാഹുലിനെ ഭയന്നാണ് കെപിസിസിയില്‍ പരാതി നല്‍കിയത്. രാഹുല്‍ ജാമ്യ വ്യവസ്ഥ ലംഘിച്ചു എന്നു മാത്രമല്ല കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി. അവിവാഹിതയായ 21 വയസുകാരിയെ ഹോം സ്റ്റേയില്‍ കൊണ്ടുപോയി നിരവധി തവണ ബലാത്സംഗം ചെയ്തു ശാരീരിക മുറിവുകള്‍ ഏല്‍പ്പിച്ചുവെന്ന ഗുരുതരമായ കേസില്‍, ഇരയെ ബന്ധപ്പെടാന്‍ പാടില്ലെന്ന വ്യവസ്ഥയോടെയാണ് ജാമ്യം നല്‍കിയിരുന്നതെന്നു പ്രോസിക്യൂഷന്‍ അറിയിച്ചു. ജില്ലാ കോടതി മുന്‍കൂര്‍ ജാമ്യം അനുവദിക്കുമ്പോള്‍ നല്‍കിയിരുന്ന അഞ്ചാമത്തെ വ്യവസ്ഥ ലംഘിച്ചാണ് പ്രതി അതിജീവിതയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചതെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നാണ് കേസ് പരിഗണിക്കുന്നത്. നെടുമങ്ങാട് കോടതിയില്‍ രഹസ്യമൊഴി നല്‍കിയതിനു പിന്നാലെ ഫെബ്രുവരി 17ന് രാഹുല്‍ വാട്സാപ് കോള്‍ ചെയ്തതായി യുവതി പൊലീസിന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയുമായി പ്രത്യേക അന്വേഷണ സംഘം കോടതിയെ സമീപിച്ചത്.