ശാസ്താംകോട്ട. കുന്നത്തൂർ താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയന്റെ ആഭിമുഖ്യത്തിൽ 80-മാത് സ്വാതന്ത്ര്യദിനആഘോഷം കുന്നത്തൂർ താലൂക്ക് യൂണിയൻ ആസ്ഥാനത്ത് ദേശീയ പതാക Nss ഡയറക്ടർ ബോർഡ് മെമ്പറും യൂണിയൻ പ്രസിഡന്റുമായ ശ്രീ.വി.ആർ.കെ.ബാബു ഉയർത്തി.സ്വാതന്ത്ര്യദിന സ്മരണ പുതുക്കി. സ്വാതന്ത്ര്യത്തിന് വേണ്ടി ധീരത്യാഗം സഹിച്ച ദേശ സ്നേഹികൾക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചു. ചടങ്ങിൽയൂണിയൻ സെക്രട്ടറി എം.അനിൽ കുമാർ, യൂണിയൻ പഞ്ചായത്ത് സമിതി പ്രസിഡന്റ് എൻ സോമൻ പിള്ള, യൂണിയൻ ഭരണസമിതി അംഗങ്ങൾ, യൂണിയൻ പഞ്ചായത്ത് സമിതി അംഗങ്ങൾ, വനിതാ യൂണിയൻ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
വിദ്യാരംഭം സെൻട്രൽ സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം അത്യുജ്ജ്വലമായി
ശാസ്താംകോട്ട: രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനാഘോഷം ഓപ്പറേഷൻ തൂ ഫാന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് വിദ്യാരംഭം സെൻട്രൽ സ്കൂളിൽ പ്രൗഢഗംഭീരമായ ചടങ്ങുകളോടെ സംഘടിപ്പിച്ചു. രാവിലെ 8.30ന് സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ സ്കൂൾ മാനേജർ വിദ്യാരംഭം ജയകുമാർ ദേശീയപതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി.
തുടർന്ന് ചക്കുവള്ളി മയ്യത്തുങ്കര പള്ളി അങ്കണത്തിൽനിന്ന് ആരംഭിച്ച പ്രൗഢഗംഭീരമായ സ്വാതന്ത്ര്യദിന റാലി ചക്കുവള്ളി ജംഗ്ഷനിൽ കുന്നത്തൂർ എം.എൽ.എ. ശ്രീ. ഉല്ലാസ് കോവൂർ ഉദ്ഘാടനം ചെയ്തു. സ്കൂൾ ചെയർമാൻ എ. എ. റഷീദ് ചടങ്ങിൽ സ്വാഗതം ആശംസിച്ചു. പ്രിൻസിപ്പൽ മഹേശ്വരി എസ്. സ്വാതന്ത്ര്യദിന സന്ദേശം നൽകി.
ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവൻ ബലിയർപ്പിച്ച മഹത് വ്യക്തികളുടെ ത്യാഗസ്മരണ പുതുക്കാനും രാജ്യത്തിന്റെ മതേതരത്വവും ഐക്യവും സംരക്ഷിക്കുന്നതിനായി വിദ്യാർത്ഥികൾ മുന്നിട്ടിറങ്ങണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ എം.എൽ.എ. ഓർമ്മിപ്പിച്ചു.
തുടർന്ന് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വർണ്ണാഭമായ മാർച്ച് പാസ്റ്റും നടന്നു. സ്വാതന്ത്ര്യസമര സേനാനികളെ അനുസ്മരിച്ചുകൊണ്ട് വിദ്യാർത്ഥികൾ അവതരിപ്പിച്ച വിവിധ ദൃശ്യാവിഷ്കാരങ്ങളും ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുടെ ഭാഗമായി അവതരിപ്പിച്ച ഫ്ലാഷ് മോബും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സ്കൂളിൽ ക്വിസ്, പ്രസംഗം തുടങ്ങിയ വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു. വൈസ് പ്രിൻസിപ്പൽ ജെ യാസിർഖാൻ, കോർഡിനേറ്റർ ശ്രീലക്ഷ്മി, ഷിംന, സ്റ്റാഫ് സെക്രട്ടറി ആൻസി, പി ടി എ സെക്രട്ടറി വിനിത, പ്രോഗ്രാം കോർഡിനേറ്റർമാരായ സാലിം, സുബി, കായികധ്യാപകരായ സന്ദീപ്, റാം എന്നിവർ റാലിക്കു നേതൃത്വം നൽകി.സ്കൂൾ മാനേജ്മെന്റ് പ്രതിനിധികൾ, അധ്യാപകർ, പി.ടി.എ. അംഗങ്ങൾ, രക്ഷിതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
കരുനാഗപ്പള്ളിയില്‍ കഞ്ചാവ് ചെടികളും 20 ഗ്രാം കഞ്ചാവും പിടികൂടി
ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ 5 ഗഞ്ചാവ് ചെടികളും 20 ഗ്രാം കഞ്ചാവും പിടികൂടി
കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കെ ബിജു വിന്റെ നേതൃത്വത്തിൽ കരുനാഗപ്പള്ളി തഴവ , കടത്തൂർ ദേശത്ത് നടത്തിയ പരിശോധനയിൽ 5 ഗഞ്ചാവ് ചെടികൾ വീട്ടിൽ നട്ട് പരിപാലിച്ചതിനും 20 ഗ്രാം ഗഞ്ചാവ് കൈവശം വച്ച് കൈകാര്യം ചെയ്തതിനും കരുനാഗപ്പള്ളി തഴവ കടത്തൂർ കാട്ടയ്യത്ത് വീട്ടിൽ റാഷിദ് (26 വയസ്സ് ) നെ അറസ്റ്റ് ചെയ്‌ത് കേസെടുത്തു.
പരിശോധനയിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ കെ ഷാജി,എക്‌സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ് )രഘു കെ ജി,അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ് )അജയകുമാർ പി എ സിവിൽ എക്സൈസ് ഓഫീസർമാരായ ചാൾസ് എച്ച് , ഗോപകുമാർ ജി , ഹരിപ്രസാദ് വനിതാ സിവിൽ എക്സൈസ് ഓഫിസർ മോളി വി അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഡ്രൈവർ അബ്‌ദുൾ മനാഫ് എ എന്നിവർ പങ്കെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. പത്ത് വർഷം വരെ തടവും ഒരു ലക്ഷം രൂപ വരെ ശിക്ഷയും ലഭിക്കുന്ന കുറ്റമാണ്.
ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി വിപുലമായ പരിശോധനകളാണ് കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസ് നടത്തിവരുന്നത് ഓപ്പറേഷൻ തണ്ടർ, തൂഫാൻ എന്നിവയുടെ ഫലമായി അന്യ സംസ്ഥാനത്ത് നിന്നുമുള്ള ലഹരിവസ്തുക്കളുടെ വരവ് നിലച്ചതിനാൽ സ്വന്തം ഉപയോഗത്തിനായിട്ടാണ് ടി പ്രതി കഞ്ചാവ് നട്ട് വളർത്തിയത്. മദ്യം, മയക്കുമരുന്ന് എന്നിവയെ സംബന്ധിച്ച വിവരങ്ങൾ 04762630831, 9400069456 എന്നീ നമ്പറുകളിൽ അറിയിക്കാവുന്നതാണ്.
പാതയോരങ്ങൾ പ്ലാസ്റ്റിക് മുക്തമാക്കാൻ ‘സ്പെക്സ്’ പദ്ധതി; സൈൻ പ്രിന്റിംഗ് അസോസിയേഷന്റെ സംരംഭത്തിന് സർക്കാരിന്റെ പച്ചക്കൊടി,
കേരളത്തിന്റെ പാതയോരങ്ങൾ മാലിന്യമുക്തമാക്കും: സൈൻ പ്രിന്റിംഗ് അസോസിയേഷൻ പദ്ധതിക്ക് സർക്കാരിന്റെ നിർണ്ണായക അംഗീകാരം
കേരളത്തിലെ പാതയോരങ്ങൾ പൂർണ്ണമായും മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ സൈൻ പ്രിന്റിംഗ് ഇൻഡസ്ട്രീസ് അസോസിയേഷൻ (SPIA) മുന്നോട്ടുവെച്ച ബൃഹദ് പദ്ധതിക്ക് സർക്കാരിന്റെ ചരിത്രപരമായ അംഗീകാരം
കേരളത്തിലെ സൈൻ പ്രിന്റിംഗ് വ്യവസായ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കമിടുന്നതാണ് ഈ പ്രഖ്യാപനം. സംഘടനയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു മണിക്കൂറോളം ബഹുമാനപ്പെട്ട മന്ത്രിയും ഉന്നത ഉദ്യോഗസ്ഥവൃന്ദവും ഒരു പദ്ധതിക്കായി സമയം മാറ്റിവെക്കുന്നത് എന്നത് ശ്രീ. സഞ്ജയ് പണിക്കറുടെ നേതൃത്വ പാടവത്തിനും പദ്ധതിയുടെ ഗൗരവത്തിനും ലഭിച്ച അംഗീകാരമായി.
സഞ്ജയ് പണിക്കറുടെ നേതൃത്വത്തിലുള്ള തന്ത്രപരമായ നീക്കങ്ങൾ
തിരുവനന്തപുരത്ത് നടന്ന ഉന്നതതല യോഗത്തിൽ പദ്ധതിയുടെ വിശദമായ പ്രസന്റേഷൻ അവതരിപ്പിച്ചത് സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. സഞ്ജയ് പണിക്കർ ആയിരുന്നു. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ഡോ. ദിവ്യ ഐ.എ.എസ്, പ്രൈവറ്റ് സെക്രട്ടറിമാർ മറ്റ് ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അവതരണം. തുടർന്ന് ഉദ്യോഗസ്ഥ തലത്തിലുണ്ടായ എല്ലാ സംശയങ്ങൾക്കും തികഞ്ഞ ആത്മവിശ്വാസത്തോടെയും കൃത്യതയോടെയും അദ്ദേഹം മറുപടി നൽകി.
പദ്ധതിയുടെ പ്രധാന സവിശേഷതകൾ
- ‘സ്പെക്സ്’ (SPECS) രൂപീകരണം: മാലിന്യ സംസ്കരണത്തിനായി കേരളത്തിലെ സൈൻ പ്രിൻറിംഗ് സംരംഭകർ അംഗങ്ങളായി ‘മാലിന്യ സംസ്കരണ സഹകരണ സംഘം’ (SPECS) രൂപീകരിച്ചു.
- ഒന്നാം ഘട്ട മുതൽമുടക്ക്: കണ്ണൂർ വലിയ വെളിച്ചത്തുള്ള കെഎസ്ഐഡിസി (KSIDC) ഇൻഡസ്ട്രിയിൽ പാർക്കിൽ ഒരു കോടി രൂപ മുതൽമുടക്കിൽ ഒരു ഏക്കർ സ്ഥലം ഇതിനോടകം റീസൈക്ലിംഗ് പ്ലാന്റിനായി സ്വന്തമാക്കിയിട്ടുണ്ട്.
- 14 ജില്ലകളിലും കളക്ഷൻ: പദ്ധതിയുടെ ഭാഗമായി കേരളത്തിലെ 14 ജില്ലകളിലും സൈൻ പ്രിന്റിംഗ് മെറ്റീരിയൽ വേസ്റ്റുകൾ ശേഖരിക്കും. പ്രമുഖ ഹരിത സംരംഭമായ ‘ഗ്രീൻ വേർമ്സ് പ്രൈവറ്റ് ലിമിറ്റഡ്’ ആണ് ഇതിന്റെ ടെക്നിക്കൽ പാർട്ണർ.
- സർക്കാർ നോഡൽ ഏജൻസി പദവി: പ്ലാന്റ് പൂർത്തീകരിച്ച ശേഷം സർക്കാരിന്റെ നോഡൽ ഏജൻസിയായി ‘സ്പെക്സ്’ (SPECS) നെ മാറ്റുമെന്ന് അധികൃതർ ഉറപ്പുനൽകിയിട്ടുണ്ട്.
- കർശന ലൈസൻസ് വ്യവസ്ഥ: പുതിയ ലൈസൻസുകൾ നൽകുന്ന വേളയിലോ നിലവിലുള്ളവ പുതുക്കുന്ന സമയത്തോ നോഡൽ ഏജൻസിയുടെ സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്ന കാര്യം സർക്കാർ പരിഗണിക്കും.
- നിയമപരമായ പിന്തുണ: പാതയോരങ്ങളിലെ അനധികൃത പരസ്യബോർഡുകൾ നീക്കം ചെയ്ത് സംസ്കരിക്കുന്നതിന് സ്പെക്സ് മുൻകൈയെടുക്കും. ഇതിനാവശ്യമായ നിയമസംരക്ഷണം ഉറപ്പാക്കണമെന്ന് സംഘടന ആവശ്യപ്പെടുകയും, മന്ത്രി ഇത് അനുഭാവപൂർവ്വം പരിഗണിച്ച് സർക്കാരിന്റെ പൂർണ്ണ പിന്തുണ ഉറപ്പുനൽകുകയും ചെയ്തു.
SPIA ഭാരവാഹികളായ ഡോ. പ്രേം, രാജീവ്, സംസ്ഥാന വൈസ് പ്രസിഡൻറ് ശ്രീ. വി.കെ. അബ്ബാസ് എന്നിവരും സന്നിഹിതരായിരുന്നു
പ്ലാന്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുന്നതോടുകൂടി കേരളത്തിലെ മാലിന്യ സംസ്കരണ രംഗത്ത് ഇതൊരു പുതിയ നാഴികക്കല്ലായി മാറും.
മുഖ്യമന്ത്രിയുടെ കുടുംബത്തോടൊപ്പം തൃഷ; വിജയ്ക്ക് സല്യൂട്ട്…സ്വാതന്ത്ര്യദിനാഘോഷ വേദിയിലെ ദൃശ്യങ്ങൾ വൈറൽ
ചെന്നൈ: ചെന്നൈയിലെ ഫോർട്ട് സെന്റ് ജോർജിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ നടി തൃഷയുടെ സാന്നിധ്യം വീണ്ടും ശ്രദ്ധനേടി. തമിഴ്നാട് മുഖ്യമന്ത്രി വിജയ് ദേശീയപതാക ഉയർത്തിയ ചടങ്ങിൽ മുഖ്യാതിഥികളിൽ ഒരാളായി പങ്കെടുത്ത തൃഷ, മുഖ്യമന്ത്രിയുടെ മാതാപിതാക്കളായ എസ്.എ. ചന്ദ്രശേഖറിനും ശോഭാ ചന്ദ്രശേഖറിനുമൊപ്പമാണ് മുൻനിരയിൽ ഇരുന്നത്.
മഞ്ഞ നിറത്തിലുള്ള സാരിയും മുല്ലപ്പൂവും അണിഞ്ഞെത്തിയ തൃഷയുടെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ചടങ്ങിനിടെ പരേഡ് വേദിയിലെത്തിയ വിജയ് ഗാലറിയിലേക്ക് നോക്കി കുടുംബാംഗങ്ങളെയും തൃഷയെയും അഭിവാദ്യം ചെയ്യുന്നതും, അതിന് മറുപടിയായി തൃഷ സല്യൂട്ട് നൽകുന്നതുമായ ദൃശ്യങ്ങൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.
ഇതിന് മുമ്പ് മെയ് 10-ന് ചെന്നൈ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന വിജയിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലും തൃഷ പങ്കെടുത്തിരുന്നു. അന്നും മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങൾക്കൊപ്പമായിരുന്നു താരത്തിന്റെ സാന്നിധ്യം. ചടങ്ങിനിടെ വിജയിയുടെ അമ്മ ശോഭാ ചന്ദ്രശേഖറിനെ തൃഷ സ്നേഹപൂർവം ആലിംഗനം ചെയ്തതും വലിയ ശ്രദ്ധ നേടിയിരുന്നു.
സ്വാതന്ത്ര്യദിനാഘോഷ വേദിയിലും വീണ്ടും മുഖ്യമന്ത്രിയുടെ കുടുംബത്തോടൊപ്പം തൃഷയെ കണ്ടതോടെ ആരാധകർക്കിടയിൽ കൗതുകം വർധിച്ചിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിൽ ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോകളും വ്യാപകമായി പങ്കുവെക്കപ്പെടുകയാണ്.
ഓണാഘോഷ ദിനത്തിലെ എട്ടാം ക്ലാസ് പരീക്ഷ മാറ്റി
തിരുവനന്തപുരം: സംസ്ഥാനത്ത് ഓഗസ്റ്റ് 21-ന് നടത്താനിരുന്ന എട്ടാം ക്ലാസിലെ ഓണപ്പരീക്ഷ മാറ്റി. അന്നേ ദിവസം സംസ്ഥാനത്തെ സ്കൂളുകളിൽ ഓണാഘോഷ പരിപാടികൾ നടക്കുന്നതിനാൽ ഉയർന്ന പ്രതിഷേധത്തെ തുടർന്നാണ് തീരുമാനം. മാറ്റിവെച്ച പരീക്ഷ സെപ്റ്റംബർ 1-ന് നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് സംസ്ഥാനത്ത് ഓണപ്പരീക്ഷകൾ ആരംഭിച്ചത്. എൽ.പി. വിഭാഗം പരീക്ഷകൾ വെള്ളിയാഴ്ച മുതൽ തുടങ്ങിയിരുന്നു. നിലവിലെ ക്രമീകരണമനുസരിച്ച് പരീക്ഷകൾ ഓഗസ്റ്റ് 20-ന് അവസാനിക്കും. തുടർന്ന് 21-ന് സ്കൂളുകളിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ച് അവധിക്കായി അടയ്ക്കും. ഹയർ സെക്കൻഡറി വിദ്യാർഥികൾക്കും പരീക്ഷകൾ പൂർത്തിയായ ശേഷം 21 മുതൽ ഓണാവധി ആരംഭിക്കും.
ഓണാഘോഷ ദിനത്തിൽ തന്നെ പരീക്ഷ നിശ്ചയിച്ചതിനെതിരെ അധ്യാപക സംഘടനകളും രക്ഷിതാക്കളും വ്യാപകമായി പ്രതിഷേധിച്ചിരുന്നു. കുട്ടികൾക്ക് ഓണാഘോഷങ്ങളിൽ പങ്കെടുക്കാനുള്ള അവസരം നഷ്ടപ്പെടുമെന്ന ആശങ്കയാണ് ഉയർന്നത്. പരീക്ഷ മാറ്റണമെന്നാവശ്യപ്പെട്ട് കെ.എസ്.ടി.എ വിദ്യാഭ്യാസ മന്ത്രിക്ക് വീണ്ടും നിവേദനം നൽകിയിരുന്നു.
ടൈംടേബിൾ സംബന്ധിച്ച് ചേർന്ന ക്യൂ.ഐ.പി യോഗത്തിലും ഭൂരിപക്ഷം സംഘടനകൾ ഓണാഘോഷം മുടക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. ഓഗസ്റ്റ് 21-ലെ പരീക്ഷ ഓണാവധിക്ക് ശേഷം നടത്തുന്നതിൽ എതിർപ്പില്ലെന്നും മുൻവർഷങ്ങളിലും സമാന രീതിയിൽ പരീക്ഷകൾ ക്രമീകരിച്ചിട്ടുണ്ടെന്നും സംഘടനകൾ ചൂണ്ടിക്കാട്ടി.
വ്യാപക പ്രതിഷേധം ഉയർന്നതോടെയാണ് സർക്കാർ പരീക്ഷ മാറ്റാൻ തീരുമാനിച്ചത്. ഇതോടെ വിദ്യാർഥികൾക്ക് സ്കൂൾതല ഓണാഘോഷ പരിപാടികളിൽ പങ്കെടുക്കാൻ അവസരം ലഭിക്കും.
സംസ്ഥാനത്ത് സർക്കാർ ജീവനക്കാർക്ക് ഓണം ബോണസായി 4500 രൂപയും ബോണസിന് അർഹത ഇല്ലാത്തവർക്ക് ഉത്സവ ബത്തയായി 3000 രൂപയും
തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ ജീവനക്കാർക്ക് ഓണം ബോണസായി 4500 രൂപയും ബോണസിന് അർഹത ഇല്ലാത്തവർക്ക് ഉത്സവ ബത്തയായി 3000 രൂപയും നൽകും. സർവിസ് പെൻഷൻകാർക്ക് 1250 രൂപ ലഭിക്കും. ആഗസ്റ്റ് 17 മുതൽ തുക ലഭ്യമാകും.
സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ഫുൾ ടൈം കണ്ടിജന്‍റ് ജീവനക്കാർക്കും മറ്റ് ജീവനക്കാർക്കും പെൻഷൻകാർക്കുമാണ് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഏക അധ്യാപക വിദ്യാലയങ്ങളിലേക്കും പെരിപതറ്റിക് വിദ്യാലയങ്ങളിലെയും അധ്യാപകർക്കും മറ്റ് ജീവനക്കാർക്ക് 1550 രൂപയാണ് ഉത്സവ ബത്തയായി ലഭിക്കുക.
എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴി നിയമിതരായ ദിവസ വേതനക്കാർക്ക് 1460 രൂപയും ബാലവാടി അംഗൻവാടി ഹെൽപർമാർക്കും ആയമാർക്കും പാലിയേറ്റീവ് കെയർ നഴ്സുമാർക്കും ഉത്സവ ബത്ത 1450 രൂപയുമായിരിക്കും. ഉത്സവ ബത്തക്ക് പുറമെ അഡ്വാൻസായി 20,000 രൂപയും ലഭിക്കും. ഇത് അഞ്ചുമാസം ഗഡുക്കളായി തിരിച്ചടക്കാം.
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം. ഇന്ന് പവന് ഒറ്റയടിക്ക് 520 രൂപയാണ് വര്‍ധിച്ചത്. 1,13,760 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 65 രൂപയാണ് വര്‍ധിച്ചത്. 14,220 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ആഗോള സമ്പദ് വ്യവസ്ഥയില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വം ഉള്‍പ്പെടെയുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഇതേത്തുടര്‍ന്ന് കഴിഞ്ഞ കുറച്ചുദിവസങ്ങളായി സ്വര്‍ണവിലയില്‍ ഏറ്റക്കുറച്ചിലുകള്‍ തുടരുകയാണ്. ഇന്നലെ രാവിലെ ഇടിഞ്ഞ സ്വര്‍ണവില ഉച്ചയോടെ തിരിച്ചുകയറി. ഈ മുന്നേറ്റം ഇന്ന് തുടരുന്നതാണ് കണ്ടത്.
വരും ദിവസങ്ങളിലും അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങള്‍ക്കനുസരിച്ച് സംസ്ഥാനത്തെ വിലയില്‍ വ്യതിയാനങ്ങള്‍ തുടരാന്‍ സാധ്യതയുണ്ട്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.
സമാനതകളില്ലാത്ത ചെറുത്തുനിൽപ്പാണ് സ്വാതന്ത്ര്യം: മന്ത്രി ഷിബു ബേബി ജോൺ
സമാനതകളില്ലാത്ത ചെറുത്ത് നിൽപാണ് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ചതെന്ന് വനം, വന്യജീവി -നൈപുണ്യ വികസന വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ. ജീവനും ജീവിതവും രാജ്യത്തിനായി സമർപിച്ച അനേകരുടെ ത്യാഗത്തിന്റെ ഫലമായി ലഭിച്ചതാണ് സ്വാതന്ത്ര്യം – ആശ്രാമം മൈതാനത്ത് 80-മത് സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ പതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ജനാധിപത്യവും മതേതരത്വവും മഹാവൃക്ഷ സമാനമായി രാജ്യത്ത് നിലനിൽക്കുന്നു.
പ്രകൃതിദുരന്തങ്ങൾ വിട്ടുപോയിട്ടില്ലാത്ത പശ്ചാത്തലത്തിലെ സ്വാതന്ത്യദിനത്തിലും ദുരന്തങ്ങൾക്കെതിരെ മുൻകരുതലെടുക്കുകയാണ്. വന്യമൃഗ ഭീഷണിയിൽ നിന്ന് സംരക്ഷണം ഒരുക്കാൻ ശ്രമങ്ങൾ തുടരുകയാണ്. ദുരന്തമുഖത്തേക്ക് സ്വമേധയാ രംഗത്ത് എത്തിക്കൊണ്ടിരിക്കുന്ന മത്സ്യ തൊഴിലാളികളിൽ പ്രതീക്ഷ അർപിക്കുകയാണ് നാട് എന്നും മന്ത്രി പറഞ്ഞു.
രാവിലെ ഒമ്പതിന് ഔദ്യോഗികപരിപാടിക്ക് തുടക്കമായി. മൈതാനത്തെത്തിയ മന്ത്രിയെ ജില്ലാ കലക്ടർ ആനി ജൂല തോമസ് സ്വീകരിച്ചു.
പൊലീസ്, എക്‌സൈസ്, ഫോറസ്റ്റ്, സ്റ്റുഡന്റ് പോലീസ്, എന്‍.സി.സി, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ്, ജൂനിയര്‍ റെഡ്‌ക്രോസ് ഉള്‍പ്പെടെ 23 പ്ലറ്റൂണുകള്‍ പരേഡില്‍ അണിനിരന്നു. ജിഎച്ച്എസ് പൂയപ്പള്ളി, ക്രിസ്തുരാജ് എച്ച്എസ്എസ്, എസ്പിസി കൊല്ലം, ഇൻഫാന്റ് ജീസസ് ആംഗ്ലോ ഇന്ത്യൻ എച്ച് എസ് എസ് എന്നിവയിലെ ബാന്‍ഡ് പ്ലറ്റൂണുകൾ പരേഡിന് മികവേകി.
ജില്ലാ പോലീസ് ആസ്ഥാനം റിസർവ് ഇൻസ്പെക്ടർ കെ മഹേഷ് പരേഡ് നയിച്ചു. ഡി.എച്ച്.ക്യു ക്യാമ്പിലെ സബ് ഇന്‍സ്‌പെക്ടര്‍ വി. ദിനേശായിരുന്നു സെക്കന്റ് ഇന്‍ കമാൻടന്റ്. പരേഡിൽ പങ്കെടുത്ത പ്ലറ്റൂണുകള്‍ക്ക് മന്ത്രി മെമെന്റോ സമ്മാനിച്ചു. സർക്കാർ ടി.ടി.ഐയിലെ സംഘത്തിന്റെ ദേശീയ ഗാനാലാപനത്തോടെ ചടങ്ങുകള്‍ അവസാനിച്ചു. പൂർണമായും ഹരിതച്ചട്ടവും പാലിച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
സിറ്റി പോലീസ് കമ്മിഷണർ ഹേമലത, റൂറൽ എസ് പി ഷാജി സുഗുണൻ എന്നിവരും അഭിവാദ്യം സ്വീകരിച്ചു.
മേയർ എ കെ ഹഫീസ് , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആർ ലതാദേവി,സബ് കലക്ടർ അഖിൽ വി. മേനോൻ, ഡെപ്യൂട്ടി മേയർ ഡോ കരുമാലിൽ ഉദയാ സുകുമാരൻ, എഡിഎം എസ് സജീദ്, കൊല്ലം തഹസിൽദാർ എ.എസ്. അജിലാൽ, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.






































