ഭക്ഷ്യ അലർജിയോ? സൂക്ഷിക്കുക, കാരണം ഇതാകാം

ശരീരത്തിൽ ആവശ്യത്തിന് വൈറ്റമിൻ ഡി ഇല്ലാത്തത് ഭക്ഷ്യ അലർജിക്ക് സമാനമായ ലക്ഷണങ്ങൾ കുട്ടികളിലും മുതിർന്നവരിലും ഉണ്ടാക്കാമെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. അമേരിക്ക, ഓസ്ട്രേലിയ അടക്കമുള്ള രാജ്യങ്ങളിൽ ഒരു മഹാമാരി കണക്കേ ഈ വൈറ്റമിൻ ഡി അഭാവം പടരുന്നതായും ചില റിപ്പോർട്ടുകൾ പറയുന്നു. കഴിഞ്ഞ ഒരു ദശാബ്ദത്തിൽ കുട്ടികളിലെ വൈറ്റമിൻ ഡി അഭാവം 10 മുതൽ 12 ശതമാനം വരെ ഉയർന്നതായാണ് കണക്കുകൾ. പാശ്ചാത്യ രാജ്യങ്ങളിലെ 50 ശതമാനം പേർക്കെങ്കിലും വൈറ്റമിൻ ഡി അഭാവവും ഇത് മൂലമുള്ള ഭക്ഷ്യ അലർജി ലക്ഷണങ്ങളും ഉണ്ടെന്നും കരുതപ്പെടുന്നു.

വൈറ്റമിൻ ഡി അഭാവം മൂലമുളള ഭക്ഷ്യ അലർജിയുടെ ലക്ഷണങ്ങൾ ഇനി പറയുന്നവയാണ്.

1.ചർമത്തിൽ തിണർപ്പുകൾ, ചുവന്ന് തടിക്കലുകൾ, വരട്ടു ചൊറി

  1. ചൊറിച്ചിൽ
  2. വലിവ്
  3. സാധാരണ ഗതിയിൽ ശ്വാസോച്ഛാസം ചെയ്യാനുള്ള ബുദ്ധിമുട്ട്
  4. കണ്ണുകളിൽ ചുവപ്പ് നിറവും ജലാംശവും നീർക്കെട്ടും
  5. വയറിന് അസ്വസ്ഥത
  6. ഓക്കാനം

8.വേദന

  1. ഛർദ്ദി
  2. അതിസാരവും മലബന്ധവും
  3. മൈഗ്രേയ്നും തലകറക്കവും

മൂന്ന് തരത്തിൽ വൈറ്റമിൻ ഡിയുടെ തോത് ശരീരത്തിൽ ഉയർത്താവുന്നതാണ്.

  1. ഭക്ഷണം
    മുട്ടയുടെ മഞ്ഞ, ഫാറ്റി ഫിഷ്, സമ്പുഷ്ടീകരിച്ച പാൽ, ധാന്യങ്ങൾ, യോഗർട്ട്, ബീഫ്, ലിവർ, പഴച്ചാറുകൾ എന്നിങ്ങനെ വൈറ്റമിൻ ഡി സമൃദ്ധമായി അടങ്ങിയ വിഭവങ്ങൾ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താം.
  2. വെയിൽ കൊള്ളാം
    രാവിലെയും വൈകുന്നേരവും അൽപം സൂര്യപ്രകാശം ശരീരത്തിൽ ഏൽക്കുന്നത് ശരീരം വൈറ്റമിൻ ഡി ഉത്പാദിപ്പിക്കാൻ കാരണമാകും. എന്നാൽ അധികനേരം വെയിലത്ത് നിൽക്കാത്തിരിക്കാനും ശ്രദ്ധിക്കണം. അൾട്രാവയലറ്റ് രശ്മികൾ ചർമ്മ അർബുദം ഉൾപ്പെടെയുള്ള രോഗങ്ങൾക്ക് കാരണമാകാം.
  3. സപ്ലിമെൻറുകൾ
    ഭക്ഷണത്തിലൂടെയും സൂര്യപ്രകാശത്തിലൂടെയും ശരീരത്തിൽ വൈറ്റമിൻ ഡി തോത് ഉയരാത്തവർക്ക് സപ്ലിമെൻറുകളെ ആശ്രയിക്കാം. എന്നാൽ ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമേ വൈറ്റമിൻ ഡി സപ്ലിമെൻറുകൾ കഴിക്കാവൂ. സപ്ലിമെൻറുകൾ കഴിക്കുന്നവർ ഇടയ്ക്കിടെ വൈറ്റമിൻ ഡി തോത് പരിശോധിച്ച് ഇതിൻറെ അടിസ്ഥാനത്തിൽ ഡോസിൽ മാറ്റം വരുത്തേണ്ടതാണ്. അമിതമായ വൈറ്റമിൻ ഡി തോത് കിഡ്നിയിൽ കല്ലുകൾ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് കാരണമാകാം.
Advertisement