‘ഇങ്ങനെ ഒരിക്കലും തരംതാഴരുത്’, കജോളിനെ വിമർശിച്ച് ആരാധകർ

മുംബൈ: സാമൂഹ്യ മാധ്യമങ്ങളിൽ ഇന്ന് ഇടവേളയെടുക്കുന്നതായി ബോളിവുഡ് നടി കജോൾ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ജീവിതത്തിൽ ഒരു വലിയ പ്രതിസന്ധി താൻ നേരിടുകയാണ് എന്ന് വ്യക്തമാക്കിയാണ് കജോൾ തീരുമാനം അറിയിച്ചത്. ഇൻസ്റ്റാഗ്രാമിലെ പോസ്റ്റുകൾ നീക്കം ചെയ്‍തിരുന്നു. എന്നാൽ ഒരു സീരീസിന്റെ പ്രമോഷന്റെ ഭാഗമായാണ് കജോൾ ഇങ്ങനെ ചെയ്‍തതെന്ന് വ്യക്തമായതോടെ രൂക്ഷമായ വിമർശനവുമായി എത്തിയിരിക്കുകയാണ് ആരാധകർ.

‘ദ ട്രയലർ’ എന്ന സീരീസിന്റെ ടീസർ പങ്കുവെച്ചായിരുന്നു കജോൾ സാമൂഹ്യ മാധ്യമത്തിൽ തിരിച്ചെത്തിയത്. ഒരു അഭിഭാഷക ആയിട്ടാണ് കജോൾ സീരിസിൽ വേഷമിടുന്നത്. ജീവിതത്തിൽ അപ്രതീക്ഷിതമായുണ്ടാകുന്ന വലിയ ഒരു പ്രതിസന്ധിയിൽ വക്കീലാകാൻ വീണ്ടും നിർബന്ധിതയാകുന്ന വീട്ടമ്മയുടെ കഥയാണ് ‘ദ ട്രയൽ’ പറയുന്നത്. പ്രമോഷന് വേണ്ടി ഇത്രയും തരംതാഴരുതെന്നാണ് ടീസർ പങ്കുവെച്ച കജോളിനോട് ആരാധകർ പറയുന്നത്.

കജോളിന്റേതായി ‘സലാം വെങ്കി’ എന്ന ചിത്രമാണ് ഒടുവിൽ പ്രദർശനത്തിന് എത്തിയത്. നടി രേവതി സംവിധാനം ചെയ്‍ത ചിത്രമായിരുന്നു ‘സലാം വെങ്കി’ എന്ന പ്രത്യേകതയുമുണ്ട്. ‘സുജാത കൃഷ്‍ണൻ’ എന്ന കഥാപാത്രമായിരുന്നു ചിത്രത്തിൽ കജോളിന്. വിശാൽ ജേത്വ, അഹാന കുമ്ര, രാഹുൽ ബോസ്, രാജീവ്, പ്രകാശ് രാജ, ആനന്ദ് മഹാദേവൻ, പ്രിയാമണി, കമൽ സദാനന്ദ്, മാലാ പാർവതി, റിതി കുമാർ, അനീത്, രേവതി എന്നിവർക്കൊപ്പം ആമിർ ഖാനും കജോളിന്റെ ‘സലാം വെങ്കി’ എന്ന ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തി. സൂരജ് സിംഗ്, ശ്രദ്ധ അഗർവാൾ, വർഷ എന്നിവരായിരുന്നു നിർമാണം. ബിലൈവ് പ്രൊഡക്ഷൻസിന്റെയും ആർടേക്ക് സ്റ്റുഡിയോസിന്റെയു ബാനറിലാണ് നിർമാണം. സോണി പിക്ചേഴ്‍സ് റിലീസ് ഇന്റർനാഷണലായിരുന്നു ചിത്രത്തിന്റെ വിതരണം.

ഭർത്താവ് അജയ് ദേവ്‍ഗൺ നായകനായ ചിത്രം ‘തനാജി: ദ അൺസംഗ് വാരിയറാ’യിരുന്നു സമീപ വർഷങ്ങളിൽ കജോൾ മികച്ച ഒരു വേഷം അവതരിപ്പിച്ച മറ്റൊന്ന്. ‘തനാജി’യായി അജയ് ദേവ്‍ഗൺ എത്തിയപ്പോൾ ചിത്രത്തിൽ ഭാര്യ ‘സാവിത്രി ഭായി’ ആയി കജോൾ വേഷമിട്ടു. ഓം റൗട്ട് ആയിരുന്നു സംവിധാനം. അജയ് ദേവ്‍ഗൺ ഫിലിംസും കജോൾ ചിത്രത്തിന്റെ നിർമാണ പങ്കാളിയായിരുന്നു.

Advertisement