സോസ് രുചിച്ച ശേഷം തുപ്പൽ മറ്റൊരു പ്ലേറ്റിലാക്കി, വിദ്യാർത്ഥിക്കെതിരെ കോടതിയെ സമീപിച്ച് ഭക്ഷണശാല

Advertisement

സിറ്റി ഓഫ് ജിഫു: ഭക്ഷണ വിതരണത്തിനായുള്ള കൺവെയർ ബെൽറ്റിലെ പ്ലേറ്റിൽ തുപ്പൽ ആക്കിയ സ്കൂൾ വിദ്യാർത്ഥിക്കെതിരെ വൻ തുക പിഴ ആവശ്യപ്പെട്ട് ഭക്ഷണ ശൃംഖല. ജപ്പാനിലെ പ്രമുഖ ഭക്ഷണ ശൃംഖലയായ അകിൻഡോ സുഷിരോ കോ ആണ് ഹൈ സ്കൂൾ വിദ്യാർത്ഥിക്കെതിരെ കോടതിയെ സമീപിച്ചിരിക്കുന്നത്. കൺവെയർ ബെൽറ്റിലൂടെ ഭക്ഷണവുമായി വരുന്ന പ്ലേറ്റിലെ സോയ സോസ് വിരൽ ഉപയോഗിച്ച് രുചിച്ച ശേഷം മറ്റൊരു പ്ലേറ്റിൽ സ്പർശിച്ച ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

ഇത് രൂക്ഷമായ വിമർശനത്തിനും ഭക്ഷണ ശൃംഖലയ്ക്കെതിരെ പരാതികൾക്കും കാരണമായതിന് പിന്നാലെയാണ് നാല് കോടിയോളം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഭക്ഷണശാല കോടതിയെ സമീപിച്ചിരിക്കുന്നത്. ജപ്പാൻകാരുടെ സുപ്രാധാന ഭക്ഷണ ഇനമായ സുഷിയുടെ പ്ലേറ്റിലായിരുന്നു സ്കൂൾ വിദ്യാർത്ഥിയുടെ ചെറുതല്ലാത്ത തമാശ. കൺവെയർ ബെൽറ്റിൽ നിന്ന് സാധനങ്ങൾ എടുത്ത് കഴിഞ്ഞാൽ അത് തിരികെ വയ്ക്കുന്നത് മൂലം മറ്റൊരാളുടെ ഉച്ഛിഷ്ടം കഴിക്കേണ്ട അവസ്ഥ വേറൊരാൾക്കുണ്ടായെന്നതാണ് പരാതി. ഭക്ഷണ ശൃംഖലയിലെ അനാരോഗ്യകരമായ പ്രവണതയാണ് ഇതെന്നും സുഷി ഭീകരവാദം എന്ന പേരിലാണ് വീഡിയോ വൈറലായത്.

അകിൻഡോ സുഷിരോ കോയെ അപകീർത്തിപ്പെടുത്താൻ എതിരാളികൾ വീഡിയോ വ്യാപകമായി ഉപയോഗിക്കുകയും ചെയ്തിരുന്നു. ജനുവരിയിലാണ് വീഡിയോ വൈറലായത്. ഓസാക്ക ജില്ലാ കോടതിയിലാണ് പരാതി നൽകിയിട്ടുള്ളത്. വീഡിയോ പുറത്ത് വന്നത് കച്ചവടത്തെ സാരമായി ബാധിച്ചെന്ന് ഭക്ഷണ ശൃംഖല വിശദമാക്കുന്നു. പരാതി തള്ളണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥിയുടെ അഭിഭാഷകനും കോടതിയെ സമീപിച്ചിട്ടുണ്ട്. സംഭവത്തിൽ വിദ്യാർത്ഥി ക്ഷമാപണം നടത്തിയത് കണക്കിലെടുത്ത് പരാതി തള്ളണമെന്നാണ് ആവശ്യം.

Advertisement