ഭാര്യയെ തല്ലിച്ചതച്ച മോട്ടിവേഷൻ സ്പീക്കർക്കെതിരെ കേസ്

ന്യൂഡൽഹി: പ്രമുഖ മോട്ടിവേഷൻ സ്പീക്കർക്കെതിരെ ഗാർഹിക പീഡന പരാതിയുമായി ഭാര്യ. സോഷ്യൽ മീഡിയയിൽ താരമായ വിവേക് ​​ബിന്ദ്രയ്‌ക്കെതിരെയാണ് ഭാര്യ യാനിക പരാതി നൽകിയത്.

രണ്ടാഴ്ച മുമ്പാണ് ഇരുവരുടേയും വിവാഹം കഴിഞ്ഞത്. യാനികയുടെ സഹോദരൻ വൈഭവ് ക്വാത്ര നൽകിയ പരാതിയിൽ ബിന്ദ്രയ്‌ക്കെതിരെ ഗാർഹിക പീഡനത്തിന് നോയിഡയിലെ സെക്ടർ 126 പൊലീസ് കേസെടുത്തു. ബഡാ ബിസിനസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ സിഇഒയും യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ദശലക്ഷക്കണക്കിന് ആളുകൾ ഫോളോവേഴ്സുള്ള മോട്ടിവേഷൻ സ്പീക്കറാണ് ബിന്ദ്ര.

വിവാഹം കഴിഞ്ഞ് തൊട്ടടുത്ത ദിവസം മുതൽ വിവേക് ഭാര്യയെ അതിക്രൂരമായി പീഡീപ്പിക്കുന്നുവെന്നാണ് പരാതി. ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നുവെന്നും ക്രൂരമായ മർദ്ദനത്തിന് ഇരയാക്കിയെന്നും പരാതിയിൽ പറയുന്നു. വിവാഹ ശേഷം നവദമ്പതിമാർ നോയിഡയിലെ സെക്ടർ 94ലെ സൂപ്പർനോവ വെസ്റ്റ് റസിഡൻസിയിലാണ് താമസിച്ചിരുന്നത്. ഇവിടെ വെച്ചാണ് ഭാര്യയെ പ്രതി ആക്രമിച്ചതെന്ന് പരാതിയിൽ പറയുന്നു.

വിവാഹം കഴിഞ്ഞതിൻറെ പിറ്റേദിവസം, ഡിസംബർ ഏഴിന് പുലർച്ചെ ബിന്ദ്രയും അമ്മ പ്രഭയും തമ്മിൽ വീട്ടിൽ വെച്ച് രൂക്ഷമായ വാക്കുതർക്കമുണ്ടായി. അമ്മയും മകനും തമ്മിലുള്ള വഴക്കിൽ ഇരുവരെയും സമാധാനിപ്പിക്കാനെത്തിയ യാനികയെ വിവേക് ബിന്ദ്ര മർദ്ദിക്കുകയായിരുവെന്ന് പൊലീസ് പറഞ്ഞു. മർദ്ദനമേറ്റ് യാനികയുടെ ശരീരത്തിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ട്.

എഫ്‌ഐആർ പ്രകാരം ഡിസംബർ ആറിനാണ് ബിന്ദ്രയും യാനികയും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിലാണ് യാനിക ക്രൂരമായ അക്രമണത്തിന് ഇരയാകുന്നത്. അമ്മയുമായുള്ള വഴക്കിൽ ഇരുവരെയും പിന്തിരിപ്പിക്കാനെത്തിയ ബിന്ദ്ര യാനികയെ ഒരു മുറിയിലേക്ക് പിടിച്ച് വലിച്ച് കൂട്ടിക്കൊണ്ടുപോയി. ഇവിടെ വെച്ച് അസഭ്യം പറയുകയും മുടി വലിച്ച് ക്രൂരമായി മർദിക്കുകയും ഫോൺ എറിഞ്ഞ് തകർക്കുകയും ചെയ്തു. അടിയേറ്റ് യാനികയുടെ കേൾവിശക്തിക്ക് തരാറുണ്ടായതായും എഫ്ഐആറിൽ പറയുന്നു.

Advertisement