ഡീപ് ഫേക്ക് വിഡിയോകൾക്കെതിരെ കർശന നടപടി, നിർമ്മിക്കുന്നവർക്കും പ്രചരിപ്പിക്കുന്ന പ്ലാറ്റ്ഫോമുകൾക്കും കനത്ത പിഴ

Advertisement

ന്യൂഡൽഹി: നിർമ്മിത ബുദ്ധി ഉപയോഗിച്ചുള്ള ഡീപ് ഫേക്ക് വിഡിയോകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പ് നല്കി കേന്ദ്രസർക്കാർ. സാമൂഹിക മാധ്യമ കമ്പനികളുടെ പ്രതിനിധികളുടെയും, സാങ്കേതികരംഗത്തെ വിദ്ഗധരുടെയും യോഗം വിളിച്ചാണ് കേന്ദ്ര ഐടി മന്ത്രി അശ്വനി വൈഷ്ണവ് മുന്നറിയിപ്പ് നല്കിയത്.

സമൂഹത്തിനും ജനാധിപത്യത്തിനും ഭീഷണിയാണ് നിർമ്മിത ബുദ്ധിയുടെ ദുരുപയോഗമെന്ന് മന്ത്രി പറഞ്ഞു. എഐ സാങ്കേതികവിദ്യയുടെ ദുരുപയോഗം നിയന്ത്രിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ യോഗം തീരുമാനം എടുത്തു. ഇതിനായി നിയമനിർമ്മാണത്തിലേക്ക് സർക്കാർ കടക്കുകയാണെന്ന് മന്ത്രി വ്യക്തമാക്കി. പത്തു ദിവസത്തിനുള്ളിൽ നടപടികൾ സർക്കാർ പ്രഖ്യാപിക്കും. വിഡിയോ നിർമ്മിക്കുന്നവർക്കും പ്രചരിക്കുന്ന പ്ലാറ്റ്ഫോമുകൾക്കെതിരെയും പിഴ ചുമത്തും.

നിയന്ത്രണങ്ങൾ സംബന്ധിച്ച് വിശദമായ ചർച്ചകൾക്ക് ഡിസംബർ ആദ്യ വാരം വീണ്ടും യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു. ഡീപ്പ് ഫെയ്ക്ക് വിഡിയോകൾക്കെതിരെ ലോകരാജ്യങ്ങൾ ഒന്നിച്ച് നില്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ജി 20 യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു.

Advertisement