വാഹനാഭ്യാസം: അഞ്ചുവാഹനങ്ങൾ പിടിച്ചെടുത്തു; അഞ്ചുപേർ അറസ്റ്റിൽ

ദുബായ് : അപകടകരമായ രീതിയിൽ വാഹനാഭ്യാസം നടത്തിയ അഞ്ചുവാഹനങ്ങൾ കണ്ടുകെട്ടിയതായി പോലീസ് അറിയിച്ചു.
നാദ് അൽ ഷെബ, അൽ മെയ്ദാൻ സ്ട്രീറ്റ് എന്നിവിടങ്ങളിൽ വാഹനാഭ്യാസം നടത്തുകയും അമിത ശബ്ദമുണ്ടാക്കുകയും ചെയ്‌തിനാണ് ബുധനാഴ്ച അഞ്ചു യുവാക്കളെ അറസ്റ്റ് ചെയ്‌തതെന്നും അവരുടെ വാഹനങ്ങൾ പിടിച്ചെടുത്തതെന്നും പോലീസിലെ ട്രാഫിക് ജനറൽ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ മേജർ ജനറൽ സൈഫ് മുഹൈർ അൽ മസ്റൂഇ വ്യക്തമാക്കി.
വാഹനങ്ങൾ വിട്ടുകിട്ടണമെങ്കിൽ 50,000 ദിർഹം പിഴ നൽകണം. അശ്രദ്ധമായ ഡ്രൈവിങ് മറ്റു റോഡ് ഉപയോക്താക്കളുടെ ജീവനും ഭീഷണി ഉയർത്തിയിരുന്നു.

ഡ്രൈവർമാർ സുരക്ഷിത ഡ്രൈവിങ് രീതികൾ പിന്തുടരണം. യുവ ഡ്രൈവർമാരുടെ റോഡിലെ പെരുമാറ്റങ്ങൾ നിരീക്ഷിക്കാൻ മുതിർന്നവർ പ്രത്യേകം ശ്രദ്ധിക്കണം.

ഗുരുതര ഗതാഗത നിയമലംഘനങ്ങൾക്ക് കർശന നിയമനടപടികൾ നേരിടേണ്ടിവരും. നിയമലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ ദുബായ് പോലീസ് ആപ്പിലെ ‘പോലീസ് ഐ’ സേവനത്തിലൂടെ പൊതുജനങ്ങൾ റിപ്പോർട്ട് ചെയ്യണമെന്നും അൽ മസ്റൂഇ നിർദേശിച്ചു.

Advertisement