ചെസ്…. ലോക ഒന്നാം നമ്പര്‍ താരം മാഗ്‌നസ് കാള്‍സനെ സമനിലയില്‍ തളച്ച് മലയാളി

ചെസ് മത്സരങ്ങളിലെ ലോക ഒന്നാം നമ്പര്‍ താരം മാഗ്‌നസ് കാള്‍സനെ സമനിലയില്‍ തളച്ച് മലയാളി. ഗ്രാന്‍ഡ് മാസ്റ്റര്‍ നിഹാല്‍ സരിന്‍ ആണ് കരിയറില്‍ ആദ്യമായി കാള്‍സനുമായി ഏറ്റുമുട്ടി സമനില പിടിച്ചത്. ഉസ്‌ബെക്കിസ്ഥാനിലെ സമര്‍കന്‍ഡില്‍ നടക്കുന്ന ലോക ബ്ലിറ്റ്‌സ് ചെസ് ചാമ്പ്യന്‍ഷിപ്പിന്റെ 11-ാം റൗണ്ടിലാണ് നിഹാല്‍ കാള്‍സനുമായി ഏറ്റുമുട്ടിയത്. നേരത്തെ ഓണ്‍ലൈന്‍ പോരാട്ടങ്ങളില്‍ ഇരുവരും ഏറ്റുമുട്ടിയിട്ടുണ്ട്.
അതേസമയം 15-ാം റൗണ്ടില്‍ റഷ്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ യാന്‍ നീപോംനീഷിയോടു പരാജയപ്പെടുകയും തുടര്‍ച്ചയായ പോരാട്ടങ്ങളില്‍ സമനില വഴങ്ങുകയും ചെയ്തതോടെ താരം പത്താം സ്ഥാനത്തേക്ക് വീണു. ടൂര്‍ണമെന്റ് റാങ്കിങ്ങില്‍ താരം 20-ാം സ്ഥാനത്തായിരുന്നു. പത്ത് റൗണ്ട് പിന്നിടുമ്പോള്‍ നിഹാല്‍ ആദ്യ അഞ്ചിലേക്ക് എത്തി.
11-ാം റൗണ്ട് കഴിഞ്ഞപ്പോള്‍ 8.5 പോയിന്റുമായി നിഹാല്‍ കാള്‍സനും നീപോംനീഷിയ്ക്കുമൊപ്പം ടോപ് ഓര്‍ഡറില്‍ തുല്യനിലായിരുന്നു. എന്നാല്‍ പിന്നീടുള്ള മൂന്ന് റൗണ്ടുകളില്‍ സമനിലയും 15-ാം റൗണ്ടില്‍ നീപോംനീഷിയോടു പരാജയപ്പെട്ടതും താരത്തിനു തിരിച്ചടിയായി. അതോടെ പോയിന്റും കുറഞ്ഞു. 16, 17, 18 റൗണ്ടുകളിലെ സമനിലകളുടെ ബലത്തില്‍ താരം 11 പോയിന്റുമായി നിലവില്‍ പത്താം സ്ഥാനത്ത്.

Advertisement