ചെസ് ലോകകപ്പ് ഫൈനൽ‌: പൊരുതി തോറ്റ് പ്ര​ഗ്യാനന്ദ

Advertisement

ബാക്കു (അസർബൈജാൻ); ചെസ് ലോകകപ്പ് ഫൈനലില്‍ നോർവെയുടെ ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാൾസനോടു പൊരുതിത്തോറ്റ് ഇന്ത്യയുടെ ആർ. പ്രഗ്നാനന്ദ. ടൈബ്രേക്കറിലെ ആദ്യ ഗെയിം ജയിച്ചാണ് കാള്‍സൻ കരിയറിലെ ആദ്യ ലോകകപ്പ് വിജയം സ്വന്തമാക്കിയത്. രണ്ടാം ഗെയിം സമനിലയിൽ പിരിഞ്ഞു.

ലോക ഒന്നാം നമ്പർ താരമായ കാൾസൻ കറുത്ത കരുക്കളുമായി കളിച്ചാണ് ഇന്ത്യയുടെ പ്രഗ്നാനന്ദയെ കീഴടക്കിയത്. ആദ്യ രണ്ടു ഗെയിമുകളിൽ നിന്നായി 1.5 പോയിന്റ് നേടുന്നയാൾ വിജയിക്കും. (ബെസ്റ്റ് ഓഫ് 2). സമനിലയെങ്കിൽ അടുത്ത ഒരു സെറ്റ് ടൈബ്രേക്കർ നടക്കും. വീണ്ടും സമനിലയായാൽ മൂന്നാം സെറ്റ് ടൈബ്രേക്കർ. അതുകഴിഞ്ഞുള്ള ബ്ലിറ്റ്സ് ടൈബ്രേക്കറിൽ ആദ്യം ജയിക്കുന്നയാൾ ലോകകപ്പിന് അവകാശിയാകും.

ചൊവ്വ, ബുധൻ ദിവസങ്ങളിലെ ആദ്യ ഗെയിമും രണ്ടാം ഗെയിമും സമനിലയിലായതോടെയാണു മത്സരം ടൈ ബ്രേക്കറിലേക്കു നീണ്ടത്. ആദ്യ ഗെയിമിൽ 35 നീക്കങ്ങൾക്കു ശേഷവും രണ്ടാം ഗെയിമിൽ‌ 30 നീക്കങ്ങൾക്കു ശേഷവുമായിരുന്നു സമനിലയിൽ പിരിഞ്ഞത്. ചെസ് ലോകകപ്പിന്റെ നാലാം റൗണ്ടിൽ ലോക രണ്ടാം നമ്പർ ഹിക്കാരു നക്കാമുറയെ അട്ടിമറിച്ചാണ് പ്രഗ്നാനന്ദ ക്വാർട്ടറിലെത്തിയത്. സെമിയിൽ ലോക മൂന്നാം നമ്പർ ഫാബിയാനോ കരുവാനയെ കീഴടക്കി പ്രഗ്ഗ ഫൈനലുറപ്പിച്ചു.

വിശ്വനാഥൻ ആനന്ദിനു ശേഷം ചെസ് ലോകകപ്പിന്റെ ഫൈനൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് പ്രഗ്നാനന്ദ. ആനന്ദ് രണ്ടു വട്ടം ലോകകപ്പ് ചാംപ്യനായിട്ടുണ്ട്. 2005 ൽ ലോകകപ്പിന്റെ ഫോർ‌മാറ്റ് നോക്കൗട്ട് രീതിയിലേക്കു പരിഷ്കരിച്ചിരുന്നു. അതിനു ശേഷം ഫൈനൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് പ്രഗ്ഗ. ലോക ചെസ് ചാംപ്യൻഷിപ്പിൽ ചൈനയുടെ ഡിങ് ലിറന്റെ എതിരാളിയെ തീരുമാനിക്കുന്ന കാൻഡിഡേറ്റ് ചെസിനും പ്രഗ്നാനന്ദ യോഗ്യത നേടിയിട്ടുണ്ട്.

ആദ്യ ഗെയിം

വെള്ളക്കരുക്കളുമായി പ്രഗ്നാനന്ദയുടേതായിരുന്നു ആദ്യ നീക്കം. നാലുകുതിരകളെ ആദ്യം കളത്തിലിറക്കിയുള്ള ഫോർ നൈറ്റ്സ് ഇംഗ്ലിഷ് പ്രാരംഭം. തുടക്കം തന്നെ സമ്മർദത്തിലാഴ്ത്തിയതോടെ ആദ്യനീക്കങ്ങളിൽ മാഗ്നസ് ചിന്തയിലാണ്ടു. സംശയിച്ചു സംശയിച്ചുള്ള ലോക ഒന്നാം നമ്പർ താരത്തിന്റെ മറുനീക്കങ്ങൾക്ക് രാജ്ഞിയുടെ വശം തുറന്നുള്ള ക്വീൻ–റൂക്ക് സംയുക്ത മുന്നേറ്റത്തിലൂടെ പ്രഗ്ഗയുടെ മറുപടി. സമയത്തിന്റെ ആനുകൂല്യവും പ്രഗ്നാനന്ദയ്ക്ക് അനുകൂലമായിരുന്നു.ബി 7 കളത്തിലെ കാലാളെയും പിന്നീട് മാഗ്നസിന്റെ രാജ്ഞിയുടെ വശത്ത് രൂപപ്പെട്ടേക്കാവുന്ന ദുർബലതകളെയും ലാക്കാക്കിയായിരുന്നു പ്രഗ്ഗയുടെ നീക്കങ്ങൾ മുഴുവൻ.

കൃത്യതയാർന്ന മറുനീക്കങ്ങളുമായി കളി മധ്യഘട്ടത്തിലെത്തിച്ചു മാഗ്നസ്. 18–ാം നീക്കത്തിൽ രാജ്ഞിയെ പരസ്പരം വെട്ടിമാറ്റിയതോടെ ചെറിയ ന്യൂനതകൾ മുതലെടുത്ത് മുന്നേറ്റം നടത്തുന്ന അന്ത്യഘട്ടത്തിലേക്ക് കളി പ്രവേശിച്ചു. എ നിരയിലെ ഒറ്റക്കാലാൾ (പാസ്ഡ് പോൺ) ആയിരുന്നു പ്രഗ്ഗയുടെ തുറുപ്പുചീട്ടെങ്കിൽ മധ്യകളങ്ങളിലെ കാലാൾച്ചങ്ങലയായിരുന്നു മാഗ്നസിന്റെ ബലം. മധ്യകളത്തിലെ കാലാളുകളെ മുന്നോട്ടുനീക്കി പ്രഗ്ഗയെ സമ്മർദത്തിലാക്കാനായിരുന്നു മാഗ്നസിന്റെ ശ്രമം. പ്രഗ്ഗ ആ മുന്നേറ്റങ്ങളെ തടഞ്ഞ് കരുക്കൾ‌ വെട്ടിമാറ്റി.

രണ്ടാം ഗെയിം

രണ്ടാം ഗെയിമിൽ വെള്ളക്കരുക്കളുമായി ഇറങ്ങിയ കാൾസനെ 30 നീക്കങ്ങളിൽ പ്രഗ്നാനന്ദ സമനിലയിൽ തളച്ചു. അതിശാന്തമായ ഫോർ നൈറ്റ്സ് പ്രാരംഭത്തിലായിരുന്നു കളിയുടെ തുടക്കം. പ്രക്ഷുബ്ധമായ കരുനിലയിലേക്ക് കളിയെ നയിക്കാൻ മാഗ്നസ് കാൾസൻ തുടക്കത്തിലേ മുതിർന്നില്ല. എട്ടാം നീക്കത്തിൽ പരസ്പരം വെട്ടിമാറ്റാവുന്ന നിലയിൽ ഇരുവരും രാജ്ഞിയെ വിന്യസിച്ചു. പത്താം നീക്കത്തോടെ പ്രഗ്ഗ അൽപം ചിന്തയിലാണ്ടെങ്കിലും രാജ്ഞിമാരെ വെട്ടിമാറ്റി അതിവേഗം കളി അന്ത്യഘട്ടത്തിലേക്ക് ഇരുവരും അടുപ്പിച്ചു.15–ാം നീക്കത്തിൽ റൂക്കിനെ തുറന്ന നിരയിൽ വിന്യസിച്ച് കാലാളെ ബലികൊടുത്ത് പ്രഗ്ഗയെ ഒന്നു കുഴക്കാൻ മാഗ്നസ് ശ്രമിച്ചെങ്കിലും ആ കുഴിയിൽ പ്രഗ്ഗ വീണില്ല. വൈകാതെ, ഒരു ബിഷപ്പും കാലാളുകളുമൊഴിച്ചുള്ള കരുക്കളെ പരസ്പരം വെട്ടിമാറ്റി ടൈബ്രേക്കർ പോരാട്ടത്തിനായി ഊർജം മാറ്റിവച്ച് ഇരുവരും കൈകൊടുത്തു പിരിഞ്ഞു.

Advertisement