ബുർഖ ധരിച്ച്, വനിതാ ചെസ് കളിയിൽ പങ്കെടുത്ത് 34 ലക്ഷം നേടി; ഒടുവിൽ കള്ളി വെളിച്ചത് !

നെയ്റോബി: പണത്തിന് അത്യാവശ്യം വന്നപ്പോൾ കെനിയയിലെ ഒരു സർവ്വകലാശാലാ വിദ്യാർത്ഥി ചെയ്തത് ബുർഖ ധരിച്ച് വനിതാ ചെസ് മത്സരത്തിന് പങ്കെടുക്കുകയായിരുന്നു. നെയ്‌റോബിയിൽ വച്ച് നടന്ന ഒരു ചെസ് മത്സരത്തിൽ ബുർഖ ധരിച്ചെത്തിയ ഒരു യൂണിവേഴ്സിറ്റി വിദ്യാർത്ഥിനി എല്ലാ മത്സരങ്ങളിലും ജയിച്ച് മുന്നേറി. ഇങ്ങനെ ഇയാൾ നേടിയ സമ്മാന തുകയാകട്ടെ 42,000 ഡോളർ. അതായത് ഏകദേശം 34 ലക്ഷം രൂപ. കണ്ണട ധരിച്ച്, ബുർഖ ഇട്ടെത്തിയ സ്റ്റാൻലി ഒമോണ്ടി ഒരു വാക്ക് പോലും സംസാരിക്കാതെ മത്സരത്തിൻറെ നാലാം റൌണ്ടും ജയിച്ചതായി എസ്ബിഎസ് റിപ്പോർട്ട് ചെയ്തു. പക്ഷേ ഒടുവിൽ പിടിക്കപ്പെട്ടു.

വനിതാ ചെസ്സ് ടൂർണമെൻറിൽ ബുർഖ ധരിച്ചെത്തിയ ഓമോണ്ടി (25), മിലിസെൻറ് അവുർ എന്ന പേരിലാണ് രജിസ്റ്റർ ചെയ്തത്. ബുർഖ ധരിക്കുന്ന സ്ത്രീകൾ രാജ്യത്ത് സാധാരണമായതിനാൽ ആദ്യമാരും സംശയിച്ചില്ല. എന്നാൽ കളിക്കിടെ അവർ ഒരിക്കലും സംസാരിച്ചില്ല. ‘ഞങ്ങൾ അവളുടെ ഷൂ ശ്രദ്ധിച്ചു. അത് പുരുഷന്മാർ ധരിക്കുന്ന ഷൂ ആയിരുന്നു. മാത്രമല്ല ഇത് യുദ്ധമല്ല. ചെസ്സാണ്, സൌഹൃദമാണ്. കളിക്കിടയിൽ എതിരാളികളോട് സംസാരിക്കുന്നത് സാധാരണമാണ്. പക്ഷേ, അവർ മത്സരത്തിനിടെ ആരോടും ഒരക്ഷരം പോലും സംസാരിച്ചില്ല. കെനിയ ചെസ് പ്രസിഡൻറ് ബെർണാഡ് വഞ്ജാല ബിബിസിയോട് പറഞ്ഞു. ഒടുവിൽ മുൻ ദേശീയ ചാമ്പ്യൻ ഗ്ലോറിയ ജംബയെയും ഉഗാണ്ടൻ മുൻനിര താരം അമ്പൈറ ഷക്കീറയെയും ബുർഖ ധരിച്ച് ആരോടും സംസാരിക്കാതെ കളിക്കുന്ന സ്ത്രീ തോൽപ്പിച്ചപ്പോൾ എല്ലാവരുടെയും ശ്രദ്ധ അവരിലേക്ക് തിരിഞ്ഞു.

അങ്ങനെ മിലിസെൻറ് അവുരിനെ സംഘാടകർ സ്വകാര്യ മുറിയിലേക്ക് വിളിച്ച് വരുത്തി തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ടു. ഇതോടെ സ്റ്റാൻലി ഒമോണ്ടി സത്യം പറഞ്ഞു. താൻ ഒരു സർവ്വകലാശാലാ വിദ്യാർത്ഥിയാണെന്നും തനിക്ക് പണത്തിന് ആവശ്യം വന്നപ്പോൾ വേഷം മാറി വനിതാ ചെസ് ടൂർണ്ണമെൻറിൽ പങ്കെടുത്തതാണെന്നും അദ്ദേഹം സമ്മതിച്ചു. ഇതോടെ ഇയാളെ മത്സരത്തിൽ നിന്ന് പുറത്താക്കുകയും ഇയാൾ നേടി പോയൻറുകൾ എതിരാളികൾക്ക് തിരികെ നൽകുകയും ചെയ്തു. നെയ്‌റോബിയിലെ സരിത് എക്‌സ്‌പോ സെൻററിൽ ഏപ്രിൽ 6-10 വരെ നടന്ന ടൂർണമെൻറിൽ 22 ഫെഡറേഷനുകളിൽ നിന്നുള്ള 450 ഓളം കളിക്കാർ പങ്കെടുത്തിരുന്നു. പണത്തിൻറെ ആവശ്യത്തിനായാണ് അത്തരമൊരു സാഹസത്തിന് മുതിർന്നതെന്നും തൻറെ പ്രവർത്തിയിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ സ്റ്റാൻലിക്ക് നിരവധി വർഷത്തെ വിലക്ക് നേരിടേണ്ടിവരുമെന്ന് ചെസ് കെനിയ പ്രസിഡൻറ് ബെർണാഡ് വഞ്ജാല അറിയിച്ചു.

Advertisement