രണ്ട് മണിക്കൂർ കണ്ണടച്ചാൽ 25 ലക്ഷത്തിന്റെ കാർ : കാസ്റ്റിങ് കൗച്ച് അനുഭവം വെളിപ്പെടുത്തി താരം

Advertisement

കാസ്റ്റിങ് കൗച്ച് അനുഭവം തുറന്നു പറഞ്ഞ് നടി അഷിക അശോകൻ. ‘മിസ്സിങ് ഗേൾ’ എന്ന സിനിമയ്ക്കു ശേഷം ഒരു തമിഴ് ചിത്രത്തിൽ അഭിനയിക്കാൻ പോയപ്പോഴുണ്ടായ അനുഭവമാണ് അഷിക പങ്കുവച്ചത്. കാസ്റ്റിങ് കോർഡിനേറ്റർ ആയി ചമഞ്ഞ് ഒപ്പം കൂടിയ വ്യക്തിയാണ് അഷികയെ തെറ്റായി സമീപിച്ചത്.

രണ്ട് മണിക്കൂർ കണ്ണടച്ചാൽ 25 ലക്ഷം രൂപയുടെ കാർ വാങ്ങിത്തരാം എന്ന് വാഗ്ദാം ചെയ്തു. താൽപര്യമില്ലെന്ന് പറഞ്ഞപ്പോൾ കയ്യിൽ കയറി പിടിച്ചു ഉപദ്രവിക്കാൻ ശ്രമിച്ചെന്നും നടി വെളിപ്പെടുത്തി. ‘മിസ്സിങ് ഗേൾ’ എന്ന സിനിമയുടെ പ്രമോഷനിടെ സംസാരിക്കുകയായിരുന്നു അഷിക.

അഷികയുടെ വാക്കുകൾ:

‘‘ഒരു തമിഴ് സിനിമ വന്നു. ഞാൻ അഭിനയയിക്കാൻ പോയി. അതിലേക്ക് എന്നെ വിളിച്ച വ്യക്തി ഒരു കാസ്റ്റിങ് കോർഡിനേറ്റർ പോലും ആയിരുന്നില്ല. ഇൻഡസ്ട്രിയിൽ പോലും അയാളെ ആരും അറിയില്ല. പക്ഷേ ഇയാൾ പറയുന്നത് സമാന്തയെയും നയൻതാരയെയും ഒക്കെ സിനിമയിലേക്കു കൊണ്ട് വന്നത് ഇയാളാണ് എന്നായിരുന്നു. എന്നാൽ സോഷ്യൽമീഡിയയിൽ ആക്ടീവ് ആയി നിൽക്കുന്ന എല്ലാ പെൺകുട്ടികൾക്കും ഇയാൾ മെസേജ് അയയ്ക്കുന്നുണ്ട്. നടി പ്രിയ ആനന്ദിനെ സിനിമയിൽ കൊണ്ടുവന്നത് താനാണെന്ന് പറഞ്ഞ് അവരുടെ ഓഡിഷൻ വിഡിയോ ഒക്കെ കാണിച്ചു തന്നിട്ടുണ്ട്. അങ്ങനെ നമ്മളെ കൺവിൻസ് ചെയ്യാൻ ഇയാൾ ഒരുപാട് മാനിപുലേഷൻസ് നടത്തി. ഇൻഡസ്ട്രിയിൽ പ്രധാനപ്പെട്ട പല ആർട്ടിസ്റ്റുകളും ഇയാളുടെ കീഴിലാണ് എന്ന പിക്ച്ചറാണ് നമുക്ക് തന്നത്. നമ്മളൊക്കെ എത്ര വിദ്യാഭ്യാസം നേടിയതാണെങ്കിലും ഒരു സെക്കൻഡ് എങ്കിലും നമ്മൾ ഇയാളെ വിശ്വസിച്ചുപോകും.

ഒരു ദിവസം വലിയൊരു തമിഴ് സംവിധായകനെ ഫോണിൽ വിളിച്ച് എനിക്ക് തന്നു. അങ്ങനെയൊക്കെയാണ് എന്നെ വിശ്വസിപ്പിച്ചത്. ലോകേഷ് കനകരാജുമായി എനിക്ക് മീറ്റിങ് ഉണ്ടെന്ന് ഒക്കെയാണ് ഇയാൾ പറയുന്നത്. അതോടെ എന്റെ സ്വപ്നമാണ് നടക്കാൻ പോകുന്നത് എന്നൊരു പ്രതീക്ഷ എനിക്ക് വന്നു. അങ്ങനെ സിനിമയുടെ ഷൂട്ട് തുടങ്ങി.

പൊള്ളാച്ചിയിൽ വച്ചായിരുന്നു ഷൂട്ട്. 15 ദിവസം ആയിരുന്നു ചിത്രീകരണം. ഇയാളും വന്നു. രാത്രി ഒരു മണി രണ്ടു മണി ആയപ്പോൾ ഇയാൾ വാതിലിൽ വന്ന് മുട്ടും. ഭയങ്കര ഇറിറ്റേറ്റിങ് ആയിരുന്നു. മാനസികമായും ബുദ്ധിമുട്ടിച്ചു. ഷൂട്ടിന് വേണ്ടി ഞാൻ കാരവനിൽ ഇരിക്കെ ഇയാൾ വന്നിട്ട്, ‘‘അഷിക ഒരു രണ്ടു മണിക്കൂർ കണ്ണടച്ചാൽ 25 ലക്ഷത്തിന്റെ ഒരു കാർ ഞാൻ ഒരു മാസത്തിനുള്ളിൽ വാങ്ങി തരാമെന്ന്’’ പറഞ്ഞു.

അപ്പോൾ തന്നെ ഒന്ന് കൊടുത്തിട്ട് ഇറങ്ങി വരാൻ അറിയാൻ പാടില്ലാഞ്ഞിട്ടല്ല. പക്ഷേ ഇയാളൊക്കെ എന്ത് എന്ന സഹതാപമാണ് തോന്നിയത്. സിനിമ ഒരു പാഷനാണ്, ആഗ്രഹമാണ്, അല്ലാതെ നിവർത്തികേടല്ല. സിനിമയെ ബഹുമാനിക്കുന്ന ഒരുപാട് പേരുണ്ട്, ഒരു നാണവുമില്ലാത്ത കുറച്ചുപേർ മാത്രമേ ഇതുപോലെ പെരുമാറൂ. അടുത്തിടെ സിനിമ ഇറങ്ങിയ ഒരു നടിയെക്കുറിച്ച് വരെ എന്നോട് പറഞ്ഞിട്ടുണ്ട്. ചിലപ്പോൾ ഇയാൾ നാളെ മറ്റൊരാളുടെ അടുത്ത് എന്നെക്കുറിച്ചും ഇങ്ങനെയാകും പറയുന്നത്.അവിടെ വരണം ഇവിടെ വരണം, അത് ചെയ്യണം എന്നൊക്കെ പച്ചയ്ക്കാണ് ഇയാൾ പറയുന്നത്. അവസാനം ഇതെന്റെ സ്വപ്നമാണ്, നിവർത്തികേട് അല്ലെന്ന് കരഞ്ഞു പറയേണ്ടി വന്നു. ദയവ് ചെയ്ത് എന്നോട് ഇതും പറഞ്ഞ് വരരുത് എന്ന് പറഞ്ഞു.

അപ്പോൾ അയാൾ പറഞ്ഞത്, ‘‘ഇതൊക്കെ എന്താണ്, കുറച്ചു കാലം കഴിഞ്ഞ് മണ്ണിന് അടിയിലേക്ക് അല്ലേ പോകുന്നത്. ഇതൊക്കെ ഒരു മോറൽ ആണോയെന്നാണ്’’. എത്ര വൃത്തികെട്ട മനസ്സ് ആയിരിക്കും അയാളുടേത്. ഇതോടെ ഇമോഷനലി ടോർച്ചറിങ് തുടങ്ങി. അതൊക്കെ കഴിഞ്ഞ് ആദ്യ ഷെഡ്യൂൾ പൂർത്തിയായി. ഞാൻ അപ്പോഴേക്കും അവിടുത്തെ അസോഷ്യേറ്റ് ഡയറക്ടറുമായി ഇക്കാര്യം സംസാരിച്ചിരുന്നു. അവർ എന്നെ പ്രൊട്ടക്റ്റ് ചെയ്യാൻ തുടങ്ങി. ഞാൻ ഒറ്റയ്ക്ക് ആകുന്ന സാഹചര്യമൊക്കെ ഒഴിവാക്കി തരും. പിന്നീട് അയാൾ വരുന്നത് സെക്കൻഡ് ഷെഡ്യൂളിന്റെ അവസാനമാണ്. രാത്രി ഹോട്ടലിൽ വച്ച് ഇയാളെ കണ്ടു.

ഇയാൾ സംസാരിക്കണമെന്ന് ആവശ്യപ്പെട്ടു. ഞാൻ സംസാരിക്കാൻ താൽപര്യം ഇല്ലെന്ന് പറഞ്ഞു. പാക്കപ്പ് ദിവസം ഒരു ഹോട്ടലിൽ ഞാൻ ഇരിക്കുകയാണ്. പെട്ടന്ന് അയാൾ മുറിയിലേക്ക് വന്ന് എന്റെ കയ്യിൽ കയറി പിടിച്ചു. അതുവരെ ഉണ്ടായിരുന്ന എല്ലാ ഇമോഷണൽ ഫ്രസ്ട്രേഷനും ഞാൻ അപ്പോൾ തീർത്തു. അയാളെ അടിച്ചു. അസോഷ്യേറ്റ് ഡയറക്ടർമാരും ഓടി വന്നു. അവരും അയാളെ തല്ലി, അതോടെ അയാൾ അവിടെ നിന്ന് ഇറങ്ങിയോടി. പിന്നെ അയാളെ എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല. അയാൾ പേടിച്ചുപോയി. പക്ഷേ അയാൾക്ക് ഇപ്പോഴും ഇതൊക്കെ തന്നെയാണ് പണി.’’–അഷിക അശോകൻ പറഞ്ഞു.

Advertisement