വിദ്യാർഥിനികളോട് മോശം പെരുമാറ്റം; അധ്യാപകനായ സി.പി.എം പ്രാദേശിക നേതാവിനെ സസ്​പെൻഡ്​ ചെയ്​തു

Advertisement

മാവേലിക്കര: വിദ്യാർഥിനികളോട് മോശമായി പെരുമാറിയതിന് അറസ്റ്റിലായ അധ്യാപകനും ഗ്രാമപഞ്ചായത്ത് അംഗവുമായ സി.പി.എം നേതാവിനെ പാർട്ടിയിൽനിന്ന്​ സസ്പെൻഡ് ചെയ്തു. സി.പി.എം ചെട്ടികുളങ്ങര തെക്ക് ലോക്കൽ കമ്മിറ്റി അംഗമായ കൈതവടക്ക് ശ്രീഭവനിൽ എസ്. ശ്രീജിത്തിനെയാണ് സസ്പെൻഡ് ചെയ്തത്. ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷനാണ്. കഴിഞ്ഞ ദിവസം ചേർന്ന മാവേലിക്കര ഏരിയ കമ്മിറ്റിയുടേതാണ് തീരുമാനം. ഞായറാഴ്ച ലോക്കൽ കമ്മിറ്റി യോഗത്തിൽ നടപടി റിപ്പോർട്ട് ചെയ്യും.

അമ്പലപ്പുഴ കാക്കാഴത്തെ എയ്ഡഡ് ടി.ടി.ഐ അധ്യാപകനായ ഇയാൾക്കെതിരെ ആദ്യം നാലു വിദ്യാർഥിനികളാണ് സ്കൂൾ മാനേജ്മെന്‍റിന്​ പരാതി നൽകിയത്. സ്കൂൾ അധികൃതർ പൊലീസിന് പരാതി കൈമാറാൻ തയാറായില്ല. തുടർന്ന് വിദ്യാർഥികൾ ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകിയതോടെ അമ്പലപ്പുഴ പൊലീസ് കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ ഇയാൾക്ക് ജാമ്യം അനുവദിച്ചെങ്കിലും പിന്നീട് മറ്റൊരു വിദ്യാർഥിനി നൽകിയ പരാതിയിൽ പുന്നപ്ര പൊലീസ് കേസെടുത്തതോടെ റിമാൻഡിലായി.

ശ്രീജിത്തിനെതിരെ നടപടി ആവശ്യപ്പെട്ട് ചെട്ടികുളങ്ങരയിൽ ബി.ജെ.പിയും യൂത്ത്​ കോൺഗ്രസും സമരരംഗത്ത് എത്തിയിരുന്നു. ഇയാൾക്കൊപ്പം കമ്മിറ്റിയിൽ പങ്കെടുക്കാൻ കഴിയില്ലെന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ടും പഞ്ചായത്ത് സെക്രട്ടറിക്ക് ബി.ജെ.പി അംഗങ്ങൾ കത്തുനൽകിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ബി.ജെ.പിയും യൂത്ത് കോൺഗ്രസ് പ്രവർത്തകരും പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചിരുന്നു

Advertisement