‘പേരുകേട്ട ആ സംഗീതജ്ഞൻ എന്നോട് വിട്ടുവീഴ്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടു, ആ കടമ്പ കടന്ന് എനിക്ക് ഗായിക ആകേണ്ടായിരുന്നു’! വെളിപ്പെടുത്തലുമായി പ്രമുഖ നടി

ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം നേടിയ മഞ്ജുവാണി ഒരു ഗായിക കൂടിയാണെന്ന സത്യം അടുത്തിടെയാണ് പലരും അറിഞ്ഞത്. സ്കൂൾ, കോളജ് കാലഘട്ടങ്ങളിൽ നേട്ടങ്ങൾ കൊയ്ത ഗായിക എന്തുകൊണ്ട് തിരശീലയ്ക്കുള്ളിലേക്കു വലിഞ്ഞുവെന്നതിൽ ആർക്കും വ്യക്തത ഉണ്ടായിരുന്നില്ല. ഇപ്പോഴിതാ തന്റെ കലാജീവിതത്തെക്കുറിച്ചു മനസ്സു തുറക്കുകയാണ് മഞ്ജുവാണി. ഒരു വനിതാ പ്രസിദ്ധീകരണത്തിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നുപറച്ചിൽ.

‘ഒരു വ്യക്തി എന്ന നിലയിൽ എന്നോട് ഏറ്റവും ചേർന്നു നിൽക്കുന്നതു സംഗീതമാണ്. ചിട്ടയായ സംഗീത പഠനം ചെറുപ്പത്തിലേ ഉണ്ടായിരുന്നു. എത്രയോ വേദികൾ, അപൂർവങ്ങളിൽ അപൂർവമായ അംഗീകാരങ്ങൾ. അതായിരുന്നു ആ യാത്ര. നേട്ടങ്ങൾ സ്വന്തമാക്കിയുള്ള യാത്രയിൽ പിന്നണി ഗായികയെന്ന സ്വപ്നം മനസ്സിലിട്ട് നടന്നു. അപ്രതീക്ഷിതമെങ്കിലും വലിയൊരു അവസരം എന്നെ തേടി വന്നു.

പി.കെ.ഗോപി സാറിന്റെ ചിത്രത്തിലൂടെയാണ് പിന്നണി ഗായികയാകാനുള്ള അവസരം ആദ്യമായി എന്നെത്തേടിയെത്തിയത്. ഒരേ ഗാനം രണ്ടു തവണ പാടി, രണ്ടു തവണയും നന്നായി ചെയ്തു. പക്ഷേ ചില കോംപ്രമൈസുകൾ ചെയ്യേണ്ടി വരുമെന്ന ഘട്ടം വന്നു. പേരുകേട്ടൊരു സംഗീതസംവിധായകൻ. അദ്ദേഹത്തിന്റെ സമീപനം ശരിയല്ലായിരുന്നു. സംഗീതത്തിൽ നിന്നു തന്നെ അകന്നു പോകുന്ന സാഹചര്യമുണ്ടായി. പാട്ട് ഉപേക്ഷിക്കുന്ന ഘട്ടത്തിലെത്തി. മോശം അനുഭവങ്ങളിലൂടെ കടന്നു പോകേണ്ടിവന്നു. അച്ഛനാണ് ആ നിമിഷങ്ങളിൽ കൈപിടിച്ചു കയറ്റിയത്.

ഏത് ആപത്ഘട്ടത്തിലും നമ്മെ കൈപിടിക്കാൻ ഈശ്വരൻ ഉണ്ടാകും എന്നു പറയാറില്ലേ. എന്റെ ഈശ്വരൻ അച്ഛനാണ്. ആ സംഗീതസംവിധായകന്റെ മോശം സമീപനത്തിൽ നിന്നും അച്ഛൻ എന്നെ കൈപിടിച്ചു കയറ്റി. ഇങ്ങനെ ചില കടമ്പകൾ കൂടി കടന്നാലേ ഗായികയാകൂ എന്നായിരുന്നു എങ്കിൽ എനിക്ക് ആ അവസരം വേണ്ടായിരുന്നു.’, മഞ്ജുവാണി പറഞ്ഞു

Advertisement