മലയാള സിനിമയെ തകർക്കാനും പ്രോത്സാഹിപ്പിക്കാനും ഗൂഢസംഘം; ഒരു കോടി നൽകിയാൽ നെഗറ്റീവ് റിവ്യൂസ്: ഗണേഷ് കുമാർ

ദുബായ്: മലയാള സിനിമയെ നെഗറ്റീവ് റിവ്യൂസ് നൽകി തകർക്കാൻ യൂട്യൂബേഴ്സിന് പിന്നിൽ ഒരു ഗൂഢസംഘം പ്രവർത്തിക്കുന്നുവെന്നും അടുത്ത നിയമസഭാ സമ്മേളനത്തിൽ താനിക്കാര്യം ഉന്നയിക്കുമെന്നും നടനും എംഎൽഎയുമായ കെ.ബി.ഗണേഷ് കുമാര്‍. ഒരു കോടി രൂപ കൊടുത്താൽ ഈ ഗൂഢസംഘം പടം വിജയിപ്പിക്കും. ഈ രൂപ കൊണ്ട് ആദ്യ ദിവസം ആളുകളെ കയറ്റി പോസിറ്റീവ് പ്രചാരണം ഉണ്ടാക്കിക്കുന്നതായും കൊടുക്കാത്തവരുടെ പടം മോശമാണെന്ന് റിവ്യു ചെയ്യിക്കുന്നതായും അദ്ദേഹം ദുബായിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഇത്തരം ഗൂഢസംഘം ഉണ്ടെന്ന് സർക്കാരിനും നിർമാതാക്കൾക്കും അഭിനേതാക്കൾക്കുമെല്ലാം അറിയാം. ആ യാഥാർഥ്യത്തിൽ നിന്ന് ഒളിച്ചോടേണ്ടതില്ല. ഇവരെ നിഷ്പ്രയാസം കണ്ടെത്താൻ സാധിക്കും. ഒരു സിനിമ കണ്ടാൽ അതു കൊള്ളാമോ കൊള്ളത്തില്ലയോ എന്ന് എനിക്കെന്റെ കൂട്ടുകാരോട് പറയാം. എന്നാൽ അതു നാട്ടുകാരോട് പറയാൻ നിൽക്കുന്നത് ശരിയല്ല.

ടിക്കറ്റ് വിൽക്കുന്ന കമ്പനിയാണ് ഒരു ചിത്രത്തിന്റെ നിലവാരം തീരുമാനിക്കുന്നത് എന്ന പരിതാപകരമായ അവസ്ഥയാണ് ഇന്നുള്ളത്. ഏജൻസികളെ ഏൽപിക്കാതെ സർക്കാർ തന്നെ സിനിമാ ടിക്കറ്റുകൾ വിൽക്കണം. 2011ൽ ഇതുസംബന്ധിച്ച ആശയം ഞാൻ മുന്നോട്ടുവച്ചിരുന്നു. സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ടിക്കറ്റ് മെഷീൻ വരുമ്പോൾ നികുതി കൃത്യമായി ലഭിക്കും. ഒരു ടിക്കറ്റ് വിറ്റാൽ 3 രൂപ കലാകാരന്മാര്‍ക്കുള്ള ക്ഷേമനിധിയിലേക്ക് പോകും. അതു കൃത്യമായി വരണമെങ്കിൽ ഓൺലൈൻ ടിക്കറ്റിങ് സംവിധാനം മുഴുവൻ കൈകാര്യം ചെയ്യേണ്ടത് നിർബന്ധമായും സർക്കാരായിരിക്കണം. ആന്ധ്രപ്രദേശിൽ സ്വകാര്യ ടിക്കറ്റിങ് സംവിധാനം നിരോധിച്ചതുപോലെ കേരളത്തിലും നിരോധിച്ച് ഗവൺമെന്റിന്റെ തന്നെ ടിക്കറ്റിങ് സംവിധാനത്തിലേക്ക് അടിയന്തരമായി മാറണം. ഇല്ലെങ്കിൽ സിനിമാ വ്യവസായം തകരും.

ഒട്ടേറെ പുതിയ ആൾക്കാർ സിനിമയെടുക്കുന്നു. ഒരു പുതിയ സംവിധായകൻ എനിക്കായി കൊണ്ടുവരുന്ന സിനിമ എന്റെ പ്രായം വച്ച് ഒരുപക്ഷേ ഇഷ്ടപ്പെടണമെന്നില്ല. ആ ചിത്രം മോശമാണെന്നല്ല അതിനർഥം. എനിക്ക് അതിലെ തമാശ ഇഷ്ടപ്പെടാൻ കഴിഞ്ഞെന്ന് വരില്ല. കുതിരവട്ടം പപ്പുവിന്റെയും ജഗതിശ്രീകുമാറിന്റെയും ഇന്നസന്റിന്റെയുമൊക്കെ തമാശ കേട്ട് പൊട്ടിച്ചിരിച്ച ‍എനിക്ക് ഇന്നത്തെ തമാശ കേട്ട് ചിരിവരാത്തത് അവരുടെ കുറ്റമല്ല. എനിക്ക് അതാസ്വദിക്കാൻ പറ്റുന്നില്ല എന്നതാണ് യാഥാർഥ്യം.

ഭരണപക്ഷത്ത് നിന്ന് പ്രതിപക്ഷത്തെപ്പോലെ ‍ഞാൻ പെരുമാറുന്നുവെന്ന് പലരും ആരോപണമുന്നയിക്കുന്നുണ്ട് എന്നറിയാം. കേരളത്തിൽ തെറ്റുകൾ കാണിക്കുന്നത് മന്ത്രിമാരും എംഎൽഎമാരുമല്ല. ഞാൻ വിമർശിക്കുന്നത് സർക്കാരിനെയുമല്ല. മൊത്തത്തിലുള്ള സിസ്റ്റത്തിന്റെ തെറ്റു തിരുത്താനാണ് ശ്രമിക്കുന്നത്. എൽഡിഎഫിനോ യുഡിഎഫിനോ കേരള കോൺഗ്രസി(ബി)നോ വേണ്ടിയുമല്ല, പൊതുജനങ്ങൾക്ക് വേണ്ടിയാണ് താൻ പോരാടുന്നതെന്നും ഗണേഷ് കുമാർ പറഞ്ഞു.

Advertisement