കൊച്ചി: സിപിഎം നേതാവും കുന്നത്തുനാട് മുന്‍ എംഎല്‍എയുമായ പി വി ശ്രീനിജിനെതിരെ വിജിലന്‍സ് അന്വേഷണം. ശ്രീനിജിന്റെ നേതൃത്വത്തില്‍ മണ്ഡലത്തില്‍ നടപ്പാക്കിയ വിദ്യാഭ്യാസ പദ്ധതിയില്‍ ക്രമക്കേട് നടന്നെന്ന പരാതിയിലാണ് വിജിലന്‍സിന്റെ പ്രാഥമികാന്വേഷണം. യൂത്ത് കോണ്‍ഗ്രസ് നേതാവ് ജെയ്‌സല്‍ ജബ്ബാര്‍ ആണ് പരാതി നല്‍കിയത്.
കുന്നത്തുനാട് മണ്ഡലത്തിലെ സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളില്‍ ‘സ്ലേറ്റ്’ എന്ന പേരില്‍ നടപ്പാക്കിയ വിദ്യാഭ്യാസ പദ്ധതിയാണ് വിജിലന്‍സ് അന്വേഷണത്തിന്‍റെ പരിധിയിലേക്ക് വരുന്നത്. പൊതുമേഖല സ്ഥാപനത്തിന്‍റെ സിഎസ്ആര്‍ ഫണ്ട് വാങ്ങി നടപ്പാക്കിയ പദ്ധതിയില്‍ ഒരു കോടി തൊണ്ണൂറു ലക്ഷം രൂപയുടെ ക്രമക്കേട് നടന്നെന്നാണ് ആരോപണം.
പൊതുമേഖലാ സ്ഥാപനമായ ബിപിസിഎല്ലിന്‍റെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ചായിരുന്നു പദ്ധതി നടപ്പാക്കിയത്. സെന്‍റ് തെരേസാസ് വെല്‍ഫെയര്‍ സൊസൈറ്റിയായിരുന്നു നടത്തിപ്പുകാര്‍. ആദ്യ ഘട്ടത്തില്‍ 2023- 24 അധ്യയന വര്‍ഷത്തില്‍ തുടങ്ങിയ പദ്ധതിയ്ക്ക് രണ്ടു ഘട്ടങ്ങളിലായി ഒരു കോടി തൊണ്ണൂറു ലക്ഷം രൂപ ബിപിസിഎല്‍ നല്‍കിയെന്ന് പരാതിക്കാരന്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ സര്‍ക്കാരിന്‍റെ അവസാന കാലത്താണ് യൂത്ത് കോൺഗ്രസ് നേതാവ് പരാതി നൽകിയത്.






























