ഫ്രിഡ്‍ജിനുള്ളിൽ ടോയ്‍ലെറ്റ് പേപ്പർ വെച്ചുനോക്കൂ, സംഭവിക്കുക ഇത്, ട്രെൻ‌ഡ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

പല കാലത്തും പലതരം ട്രെൻഡുകൾ നാം കാണാറുണ്ട്. ആളുകളെല്ലാം സോഷ്യൽ മീഡിയ ഉപയോ​ഗിക്കുന്ന ഈ കാലത്ത് വളരെ വേ​ഗത്തിലാണ് ഓരോ പുതിയ ട്രെൻഡുകളും പടർന്ന് പിടിക്കുന്നത്. അതുപോലെ ഒരു പുതിയ ട്രെൻഡ് ഇപ്പോൾ ഉണ്ടായി വരുന്നതാണ് ടോയ്‍ലെറ്റ് പേപ്പർ, ടിഷ്യൂ റോളുകൾ ഫ്രിഡ്ജിൽ സൂക്ഷിക്കുക എന്നത്. നിരവധി ആളുകൾ ഇപ്പോൾ ടോയ്‍ലെറ്റ് പേപ്പറുകൾ തങ്ങളുടെ റെഫ്രിജേറ്ററുകളിൽ സൂക്ഷിക്കുന്നുണ്ട്. ആ അനുഭവം പലരും സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുന്നുമുണ്ട്.

ടിക്ടോക്കിലാണ് പലരും ഈ വീഡിയോകളും ചിത്രങ്ങളും അനുഭവങ്ങളും ഷെയർ ചെയ്യുന്നത്. ടിക്ടോക്കിൽ ആളുകൾ ഷെയർ ചെയ്യുന്ന വീഡിയോകളിൽ കുറച്ച് ടോയ്‍ലെറ്റ് പേപ്പർ റോളുകൾ എടുത്ത് ഫ്രിഡ്‍ജിൽ മറ്റ് സാധനങ്ങളുടെ അടുത്തായി വച്ചിരിക്കുന്നത് കാണാം. ഇനി എന്തിനാണ് ഇങ്ങനെ വയ്ക്കുന്നത് എന്നല്ലേ? ഇങ്ങനെ വയ്ക്കുമ്പോൾ ഈ പേപ്പറുകൾ ഫ്രിഡ്ജിനകത്തുള്ള നനവ് വലിച്ചെടുക്കുമത്രെ. അങ്ങനെ ഫ്രിഡ്ജിന്റെ അകത്തുള്ള മോശം മണം ഇല്ലാതാക്കാനും ഇത് സഹായിക്കും എന്നാണ് പറയുന്നത്. അങ്ങനെ ഫ്രിഡ്ജിന് നല്ല ഫ്രഷ് സ്മെൽ കിട്ടും എന്നും ടിക്ടോക്ക് യൂസർമാർ വീഡിയോയ്ക്കൊപ്പം പറയുന്നു.

ഇത്തരമൊരു വിചിത്രമായ പ്രവണത വൈറലാകുന്നത് ഇതാദ്യമായിട്ടല്ല. നേരത്തെ, ‘ഗ്രിമേസ് ഷേക്ക് ട്രെൻഡ്’ സോഷ്യൽ മീഡിയയിൽ തരം​ഗമായിരുന്നു. ഫോബ്‌സ് ഇതിനെ ‘ടിക് ടോക്ക് ട്രെൻഡ് ഓഫ് ദി സമ്മർ’ എന്നാണ് വിശേഷിപ്പിച്ചത്. ഗ്രിമേസ് ഷേക്ക് എന്ന പർപ്പിൾ നിറമുള്ള മിൽക്ക് ഷേക്കിനെ ചുറ്റിപ്പറ്റിയായിരുന്നു ഈ ട്രെൻഡ്. മക്‌ഡൊണാൾഡ്‌സ് അവതരിപ്പിച്ച ബ്ലൂബെറിയടങ്ങിയ മിൽക്ക്‌ഷേക്കാണിത്. മക്ഡൊണാൾഡിന്റെ പരസ്യങ്ങളിലായിരുന്നു ഇത് പ്രത്യക്ഷപ്പെട്ടത്. ആളുകൾ ഈ മിൽക്ക്ഷേക്ക് കുടിക്കുകയും പിന്നാലെ വീഴുന്നത് പോലെ അഭിനയിക്കുകയും ഛർദ്ദിക്കുന്നത് പോലെ അഭിനയിക്കുകയും ആയിരുന്നു. എന്നാൽ, ഈ മിൽക്ക്ഷേക്ക് സുരക്ഷിതമായിരുന്നു.

Advertisement