‘ഒന്ന് തണുത്തോട്ടെ’! കൈക്കൂലി ഒളിപ്പിച്ചത് ഫ്രിഡ്ജിൽ! ചെക്ക്പോസ്റ്റിലെ വിജിലൻസ് റെയ്ഡിൽ പിടിച്ചത് 14000 രൂപ

പാലക്കാട്: പാലക്കാട് ഗോപാലപുരം നട്പുണി ചെക്ക്പോസ്റ്റിൽ നടത്തിയ വിജിലൻസ് റെയ്ഡിൽ 14,000 രൂപ പിടികൂടി. ഇതിൽ 5800 ഒളിപ്പിച്ചിരുന്നത് ഫ്രിഡ്ജിനുള്ളിലായിരുന്നു. മൃ​ഗസംരക്ഷണ വകുപ്പിന്റെ ചെക്ക് പോസ്റ്റിൽ നിന്നാണ് പണം പിടിച്ചെടുത്തത്. മുൻപ് വാഴത്തണ്ടിനുള്ളിൽ കൈക്കൂലി പണം ഒളിപ്പിച്ചത് ഈ ചെക്ക്പോസ്റ്റിലായിരുന്നു.

കൈക്കൂലി പണം ഒളിപ്പിക്കാൻ വ്യത്യസ്ത മാർഗങ്ങളാണ് ഉദ്യോഗസ്ഥർ സ്വീകരിക്കുന്നത്. രണ്ട് മാസങ്ങൾക്ക് മുൻപ് വാളയാർ മോട്ടോർ വാഹന ചെക്ക്പോസ്റ്റിൽ കൈക്കൂലിപ്പണം കാന്തത്തിൽ കെട്ടി ഒളിപ്പിച്ചിരുന്നു. വിജിലൻസ് നടത്തിയ പരിശോധനയിലാണ് ഫ്ളക്സ് ബോഡിലെ ഇരുമ്പ് ഫ്രെയിമിൽ പണം ഒളിപ്പിച്ച് വെച്ചത് കണ്ടെത്തിയത്. റെയ്ഡിൽ 13,000 രൂപ പിടിച്ചെടുത്തു. ഇതിൽ 5500 രൂപ കാന്തത്തിൽ കെട്ടി ഒളിപ്പിച്ച നിലയിലും 7500 രൂപ ഓഫീസിനുള്ളിൽ നിന്നുമാണ് കണ്ടെത്തിയത്.

മുൻപ് ഗോവിന്ദാപുരം ചെക്ക് പോസ്റ്റിൽ വാഴയുടെ തണ്ടിനുള്ളിൽ നിന്നും കൈക്കൂലി പണം പിടിച്ചെടുത്തിരുന്നു. ഈ സമയം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, നാല് അസിസ്റ്റൻ്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ, ഓഫീസ് അസിസ്റ്റൻ്റ് എന്നിവർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്തു. വിജിലൻസ് ഡിവൈഎസ്പി ഷംസുദീനാണ് റെയ്ഡിന് നേതൃത്വം നൽകിയത്.

Advertisement