ബാംഗ്ലൂർ എറിഞ്ഞത് 3.4 കോടി; ദക്ഷിണാഫ്രിക്കയിൽ ആഘോഷിച്ച് സ്മൃതിയും ടീം ഇന്ത്യയും

മുംബൈ∙ പ്രഥമ വനിതാ പ്രീമിയർ ലീഗിന്റെ താരലേലം ദക്ഷിണാഫ്രിക്കയിലെ ലോകകപ്പ് ടീം ക്യാംപിലിരുന്ന് ആഘോഷമാക്കി ഇന്ത്യൻ താരങ്ങൾ. സൂപ്പർ താരം സ്മൃതി മന്ഥനയെ വമ്പൻ തുകയ്ക്ക് റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ സ്വന്തമാക്കിയപ്പോൾ ആർപ്പുവിളികളോടെയാണ് ഇന്ത്യൻ വനിതാ താരങ്ങൾ ആഘോഷിച്ചത്. 3.4 കോടിക്കാണ് ഇന്ത്യൻ ഓപ്പണർ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിലെത്തിയത്.

സ്മൃതിയെ സ്വന്തമാക്കാൻ മുംബൈ ഇന്ത്യൻസും ശ്രമിച്ചിരുന്നു. അതേസമയം ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിനെ 1.8 കോടിക്ക് മുംബൈ ടീമിലെടുത്തു. ഹർമൻപ്രീതിനായി ഡൽഹി ക്യാപിറ്റൽസും ആർ‌സിബിയും ലേലത്തിൽ പങ്കെടുത്തിരുന്നു. ഹർമൻപ്രീതിന്റെ നേട്ടം ഇന്ത്യൻ താരങ്ങൾ കയ്യടിച്ച് ആഘോഷിച്ചു.

ഇന്ത്യൻ താരം ദീപ്തി ശർമ 2.6 കോടി രൂപയ്ക്ക് യുപി വാർയേഴ്സ് ടീമിൽ ചേരും. യുവ ഓപ്പണർ‌ ഷെഫാലി വർമയെ രണ്ടു കോടിക്ക് ഡൽഹി ക്യാപിറ്റൽസ് വാങ്ങി. ഓൾ റൗണ്ടർ പൂജ വസ്ത്രകാറിന് 1.90 കോടിയാണു ലഭിച്ചത്. വനിതാ ട്വന്റി20 ലീഗിൽ താരം മുംബൈ ഇന്ത്യൻസിൽ കളിക്കും. റിച്ച ഘോഷ് 1.90 കോടിക്ക് ആർസിബിയിലെത്തി.

Advertisement