ക്ഷേത്ര ഭാരവാഹികള്‍ക്കെതിരേ ശബ്ദസന്ദേശം അയച്ച് വീട്ടമ്മ ആത്മഹത്യ ചെയ്തു; പോലീസിനെതിരെയും ആരോപണം

Advertisement

തിരുവനന്തപുരം: ഉള്ളൂര്‍ പുലയനാര്‍ കോട്ടയില്‍ ക്ഷേത്രം ഭാരവാഹികള്‍ ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് പോലീസിന് സന്ദേശം അയച്ചശേഷം വീട്ടമ്മ ആത്മഹത്യ ചെയ്തു. ആക്കുളം തുറവിയ്ക്കല്‍ ശിവശക്തി നഗര്‍ ശിവകൃപയില്‍ എസ്. വിജയകുമാരി (46) യെയാണ് ശനിയാഴ്ച വീടിന്റെ സണ്‍ഷേഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

അതിര്‍ത്തി തര്‍ക്കത്തിന്റെ പേരില്‍ ക്ഷേത്രം പ്രസിഡന്റിന്റെ നേതൃത്വത്തില്‍ മര്‍ദ്ദിച്ചെന്ന് ചൂണ്ടിക്കാട്ടി മെഡിക്കല്‍ കോളേജ് പോലീസിന് പരാതി നല്‍കിയിരുന്നു. കേസില്‍ പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായ വീഴ്ചയും ജീവനോടുക്കാന്‍ കാരണമായെന്നാണ് ആക്ഷേപം. വീടിന്റെ പിന്നാമ്പുറത്ത് സണ്‍ഷേയ്ഡിഡില്‍ ശനിയാഴ്ചയാണ് വീട്ടമ്മയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. മെഡിക്കല്‍ കോളേജ് സിഐക്ക് സന്ദേശം അയച്ചശേഷമായിരുന്നു വിജയകുമാരി ആത്മഹത്യ ചെയ്തത്.

വീട്ടില്‍നിന്ന് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പിലും മരണത്തിന് കാരണമെന്ന് ആരോപിച്ച് ചിലരുടെ പേരുകളുണ്ട്. ആത്മഹത്യാ കുറിപ്പിലെ പേരുകാരെല്ലാം വിജയകുമാരിയുടെ സമീപമുള്ള ദേവസ്വം ബോഡിന്റെ കീഴിലുള്ള കുന്നം മഹാദേവക്ഷേത്രം ഭാരവാഹികളാണ്. ക്ഷേത്ര കമ്മിറ്റിയും വിജയകുമാരിയുടെ കുടുംബവും തമ്മില്‍ അതിര്‍ത്തി തര്‍ക്കമുണ്ട്. ക്ഷേത്രഭരണസമിതി
പ്രസിഡന്റ് അശോകന്റെ നേതൃത്വത്തില്‍ കഴിഞ്ഞയാഴ്ച ഇവരുടെ സര്‍വ്വേക്കല്ല് പിഴുതു മാറ്റിയിരുന്നെന്ന് പരാതിയുണ്ടായിരുന്നു.

എതിര്‍ത്തപ്പോള്‍ വിജയകുമാരിയെ മണ്‍വെട്ടി ഉപയോഗിച്ച് തലയ്ക്ക് വെട്ടുകയും ആക്രമിക്കുകയും ചെയ്തു. ആക്രമണത്തിന് ശേഷവും ഈ സംഘത്തിലുള്ളവര്‍ വെട്ടുകത്തിയും ആയുധങ്ങളുമായി കുടുംബത്തിന് നേരെ വധഭീഷണി മുഴക്കി. അതിന്റെ ദൃശ്യങ്ങളും കുടുംബം പോലീസിന് കൈമാറിയിരുന്നു. വിജയകുമാരിക്ക് പ്ലസ് വണ്ണിന് പഠിക്കുന്ന ഒരു മകളുണ്ട്.

ഇതെല്ലാം ചൂണ്ടിക്കാട്ടി മെഡിക്കല്‍ കോളേജ് പോലീസില്‍ പരാതി നല്‍കിയെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്തതല്ലാതെ മറ്റു നടപടികള്‍ ഒന്നും സ്വീകരിച്ചില്ലെന്നാണ് ആരോപണം. പ്രതികളുടെ ഭാഗത്തുനിന്ന് വീണ്ടും ഉപദ്രവമുണ്ടായതോടെയാണ് വിജയകുമാരി ആത്മഹത്യ ചെയ്തതെന്നാണ് ആരോപണം. ആത്മഹത്യയെ കുറിച്ച് അന്വേഷിക്കുമെന്ന് മെഡിക്കല്‍ കോളജ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.

Advertisement