ആവേശപ്പോരിൽ കൊൽക്കത്ത…4 റൺസിന്റെ ത്രസിപ്പിക്കുന്ന ജയം

ഐപിഎല്ലിലെ ഈ സീസണിലെ ആവേശം നിറഞ്ഞ മത്സരത്തില്‍ ഹൈദരാബാദ് സണ്‍ റൈസേഴ്‌സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ആവേശകരമായ ജയം. നാലു റൺസിന്റെ ത്രസിപ്പിക്കുന്ന വിജയമാണ് കൊൽക്കത്ത നേടിയത്. അവസാന ഓവറുകളില്‍ ജയം പിടിച്ചെടുക്കാൻ സണ്‍ റൈസേഴ്‌സ് ശ്രെമിച്ചെങ്കിലും വിജയത്തിലേക്ക് എത്തിയില്ല. സ്‌കോര്‍: കൊല്‍ക്കത്ത- 208/7 (20 ഓവര്‍). ഹൈദരാബാദ്- 204/7 (20 ഓവര്‍).

17 ഓവറില്‍ 149 റണ്‍സ് എന്ന നിലയിലായിരുന്നു ഹൈദരാബാദ്. എന്നാൽ പിന്നീട് വരുണ്‍ ചക്രവര്‍ത്തിയെറിഞ്ഞ പതിനെട്ടാം ഓവറില്‍ 21 റണ്‍സാണ് ശഹബാസ് അഹ്‌മദും ഹെന്റിച്ച് ക്ലാസനും ചേര്‍ന്ന് നേടിയത്. സ്റ്റാര്‍ക്കിന്റെ പത്തൊന്‍പതാം ഓവറില്‍ നാല് സിക്‌സ് ഉള്‍പ്പെടെ 26 റണ്‍സ് നേടി. ഒടുക്കം ഒരു പന്ത് ബാക്കി നില്‍ക്കെ ക്ലാസന്‍ ഔട്ടായി മടങ്ങിയതോടെ ടീമിന്റെ പ്രതീക്ഷകൾ അസ്തമിച്ചു. അവസാന പന്ത് നേരിടാനെത്തിയ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന് പന്ത് തൊടാന്‍ പോലുമായില്ല. ഇതോടെ നാല് റണ്‍സിന്റെ തോല്‍വി ഹൈദരാബാദിന് ഏറ്റുവാങ്ങേണ്ടി വന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത, നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സെടുത്തു. റസ്സല്‍ ഏഴ് കൂറ്റന്‍ സിക്‌സുകളും മൂന്ന് ഫോറും സഹിതം 25 പന്തില്‍ 64 റണ്‍സെടുത്തു പുറത്താകാതെ നിന്നു.

Advertisement