വിവാഹ ചിത്രങ്ങൾ ‘ചോർന്നു’, സ്വകാര്യത നഷ്ടമായെന്ന് ഷഹീൻ അഫ്രീദി, വിമർശനം

Advertisement

ഇസ്‍ലാമബാദ്: തന്റെ വിവാഹ ചിത്രങ്ങൾ പുറത്തുവന്നതിൽ രൂക്ഷഭാഷയിൽ പ്രതികരിച്ച് പാക്കിസ്ഥാൻ യുവപേസർ ഷഹീൻ അഫ്രീദി. ശനിയാഴ്ച കറാച്ചിയിൽ നടന്ന ചടങ്ങിലാണ് ഷഹീൻ അഫ്രീദിയും പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദിയുടെ മകൾ അൻഷയും വിവാഹിതരായത്. ഷഹീൻ അഫ്രീദി വിവാഹ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കും മുൻപേ, താരത്തിന്റെയും അൻഷയുടേയും ചിത്രങ്ങൾ വൈറലായിരുന്നു. ഇതാണു താരത്തെ പ്രകോപിപ്പിച്ചത്.

സമൂഹമാധ്യമത്തിൽ ചിത്രം പ്രചരിപ്പിച്ചവർ തന്റെയും ഭാര്യയുടേയും കുടുംബത്തിന്റേയും സ്വകാര്യതയെ ഹനിക്കുകയാണെന്ന് ഷഹീൻ അഫ്രീദി ട്വിറ്ററിൽ കുറിച്ചു. വളരെക്കുറച്ച് അതിഥികൾ മാത്രം പങ്കെടുത്ത വിവാഹ ചടങ്ങിൽ മൊബൈൽ ഫോൺ ഓഫ് ചെയ്തു വയ്ക്കണമെന്നു പ്രത്യേകം നിർദേശമുണ്ടായിരുന്നു. എന്നാൽ വിവാഹ ചിത്രങ്ങൾ എങ്ങനെയാണു ചോർന്നതെന്നു വ്യക്തമല്ല.

‘‘തുടർച്ചയായുള്ള അഭ്യർഥനകൾക്കിടെയും ഞങ്ങളുടെ സ്വകാര്യത നഷ്ടപ്പെട്ടെന്നതു ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. ആളുകൾ ഒരു കുറ്റബോധവുമില്ലാതെ ചിത്രങ്ങൾ പങ്കുവയ്ക്കുന്നതു തുടരുകയാണ്. എല്ലാവരും ഞങ്ങളോടു സഹകരിക്കണമെന്ന് അഭ്യർഥിക്കുകയാണ്. ഞങ്ങളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു ദിവസം നശിപ്പിക്കരുത്.’’– ഷഹീൻ അഫ്രീദി ട്വിറ്ററില്‍ കുറിച്ചു. കറാച്ചിയിൽ നടന്ന വിവാഹത്തിൽ പാക്കിസ്ഥാൻ ക്രിക്കറ്റ് താരങ്ങളായ ശതബ് ഖാൻ, ബാബർ അസം, ഫഖർ സമാൻ, സർഫറാസ് അഹമ്മദ് തുടങ്ങിയവർ പങ്കെടുത്തിരുന്നു.

കഴിഞ്ഞ വര്‍ഷമാണ് ഷഹീൻ അഫ്രീദിയുടേയും അൻഷയുടേയും വിവാഹം നിശ്ചയിച്ചത്. ട്വന്റി20 ലോകകപ്പിനിടെ പരുക്കേറ്റ ഷഹീൻ അഫ്രീദി തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ്. ആഭ്യന്തര ക്രിക്കറ്റ് ലീഗായ പാക്കിസ്ഥാൻ സൂപ്പർ ലീഗില്‍ താരം കളിക്കും. പിഎസ്എല്ലിൽ ലാഹോർ ക്വാലാൻഡേഴ്സ് ടീമിന്റെ ക്യാപ്റ്റനാണ് ഷഹീൻ അഫ്രീദി.

Advertisement