രാജൻ മോഡൽ തിരോധാനം; 31 വർഷത്തിന് ശേഷം പൊലീസ് ഉദ്യോഗസ്ഥന് ശിക്ഷ

അമൃത്സർ: രാജൻ മോഡൽ തിരോധാന കേസിൽ പഞ്ചാബിലെ മുൻപൊലീസുകാരന് 10 വർഷത്തെ കഠിന തടവിന് വിധിച്ച് പ്രത്യേക സിബിഐ കോടതി. അടിയന്തരാവസ്ഥക്കാലത്താണ് പൊലീസ് വിദ്യാർഥിയായ രാജനെ പിടിച്ചുകൊണ്ടുപോകുന്നത്. പിന്നീട് രാജനെ ആരും കണ്ടിട്ടില്ലായിരുന്നു. മകന്റെ തിരോധാനവുമായി ബന്ധപ്പെട്ട് പിതാവായ ഈച്ചരവാരിയർ നടത്തിയ നിയമ പോരാട്ടവുമെല്ലാം ഏറെ ചർച്ചയായിരുന്നു.

രാജൻ വധക്കേസ് പോലെ കോളിളക്കമൊന്നുമുണ്ടാക്കിയിട്ടില്ലെങ്കിലും ഇവിടെ മകനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പോരാട്ടം നടത്തിയത് അമ്മയായിരുന്നു. സംഭവം നടന്ന് 31 വർഷത്തിന് ശേഷമാണ് ശിക്ഷ വിധിക്കുന്നത് എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. പഞ്ചാബിലെ മുൻ പൊലീസ് ഇൻസ്‌പെക്ടർ മേജർ സിങ്ങിനാണ് (77) ഐപിസി സെക്ഷൻ 364 പ്രകാരം മൊഹാലിയിലെ സിബിഐ കോടതി 10 വർഷത്തെ കഠിന തടവിനും 70,000 രൂപ പിഴയും വിധിച്ചത്. സിബിഐ പ്രത്യേക ജഡ്ജി ഹരീന്ദർ സിദ്ധുവാണ് ശിക്ഷ വിധിച്ചത്.

1991 ൽ പഞ്ചാബ് സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിലെ ജീവനക്കാരനായ സന്തോഷ് സിങ്ങിനെ പൊലീസ് ഉദ്യോഗസ്ഥൻ തട്ടിക്കൊണ്ടുപോയി അനധികൃതമായി തടവിൽ പാർപ്പിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നെന്നാണ് കേസ്. അമൃത്സർ ജില്ലയിലെ ജസ്പാൽ മേത്ത സ്വദേശിയാണ് കൊല്ലപ്പെട്ട സന്തോഖ് സിങ്. 1991 ജൂലൈ 31 ന് ഡ്യൂട്ടി കഴിഞ്ഞ് രാത്രി എട്ടരയോടെ വീട്ടിലെത്തിയതായിരുന്നു സന്തോഷ്. ഈ സമയം പ്രതിയായ ഇൻസ്‌പെക്ടർ മേജർ സിങ്ങും പൊലീസ് സംഘം സന്തോഷ് സിങ്ങിന്റെ വീട് റെയ്ഡ് ചെയ്യുകയും ഇയാളെ കസ്റ്റഡിയിലെടുക്കുകയുംചെയ്തു. പിന്നീട് ഇയാളെകുറിച്ച് വിവരമൊന്നും ലഭിച്ചില്ല.

സന്തോഖ് സിങ്ങിന്റെ അമ്മ സ്വരൺ കൗർ 1996-ൽ പഞ്ചാബ് ആൻഡ് ഹരിയാന ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി സമർപ്പിച്ചു. തന്റെ മകനെ പഞ്ചാബ് പോലീസ് ഹാജരാക്കണമെന്നും അല്ലെങ്കിൽ മകന്റെ തിരോധാനം അന്വേഷിക്കണമെന്നും അവർ ഹരജിയിൽ ആവശ്യപ്പെട്ടു.എന്നാൽ സന്തോഷിനെ കസ്റ്റഡിയിലെടുത്തില്ലെന്നായിരുന്നു പൊലീസിന്റെ വാദം.

1998 ജനുവരി 21ന് ഈ കേസിൽ സിബിഐയോട് അന്വേഷണം നടത്താൻ ഹൈക്കോടതി നിർദേശിച്ചു. ഇൻസ്പെക്ടർ മേജർ സിങ്ങാണ് സന്തോഖ് സിങ്ങിനെ തട്ടിക്കൊണ്ടുപോയി അനധികൃതമായി തടങ്കലിൽ വെച്ചതെന്നും സിബിഐ അന്വേഷണത്തിലൂടെ കണ്ടെത്തി.28 സാക്ഷികളുടെ മൊഴികളും രേഖപ്പെടുത്തിയിരുന്നു. 1998 ആഗസ്റ്റ് 21 ന് സിബിഐ കേസ് രജിസ്റ്റർ ചെയ്യുകയും 1999 ഏപ്രിൽ 21 ന് കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. എന്നാൽ 31 വർഷത്തിന് ശേഷമാണ് വിധി വന്നത്.

അതേ സമയം കോടതി വിധിയിൽ തൃപ്തയല്ലെന്ന് സന്തോഷ് സിങ്ങിന്റെ മാതാവ് സ്വരൺ കൗർ പറഞ്ഞു. 31 വർഷമെടുത്തെങ്കിലും വിധി വന്നു എന്നത് മാത്രമാണ് സന്തോഷം. എന്നാൽ പ്രതിക്ക് ലഭിച്ചിരിക്കുന്നത് ഏറ്റവും കുറഞ്ഞ ശിക്ഷയാണ്. തന്റെ മകനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം ശിക്ഷ ലഭിക്കാൻ ഏതറ്റം വരെ പോകുമെന്നും വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും അവർ പറഞ്ഞു.

Advertisement