27.1 C
Kollam
Wednesday 9th September, 2026 | 09:02:36 AM
Home News Breaking News ഹോട്ടൽ ജീവനക്കാരനെന്ന് തെറ്റിദ്ധരിച്ച് തൈര് ചോദിച്ചു, ബിരിയാണിക്കടയിൽ പൊരിഞ്ഞതല്ല്; യുവാവിന് പരിക്ക്

ഹോട്ടൽ ജീവനക്കാരനെന്ന് തെറ്റിദ്ധരിച്ച് തൈര് ചോദിച്ചു, ബിരിയാണിക്കടയിൽ പൊരിഞ്ഞതല്ല്; യുവാവിന് പരിക്ക്

ഹൈദരാബാദ്: ഹോട്ടൽ ജീവനക്കാരനാണെന്ന് തെറ്റിദ്ധരിച്ച് ഭക്ഷണം ആവശ്യപ്പെട്ടതിനെച്ചൊല്ലി സംഘർഷം. തെലങ്കാനയിലെ മഞ്ചേരിയാൽ ജില്ലയിലെ ശ്രീരാംപൂർ ഏരിയ ബസ് സ്റ്റാൻഡിന് സമീപമുള്ള ശിവാജി ബിരിയാണി സെന്ററിലാണ് സംഭവം. പൊന്നല പ്രശാന്ത്, പൊന്നല കിഷോർ എന്നിവരുൾപ്പെട്ട സംഘവും മനുബോതുല പ്രശാന്തും തമ്മിലാണ് സംഘർഷമുണ്ടായത്.

Also Read: അഹാനയും നിമിഷും തമ്മളിലുള്ള വിവാഹം! സൈബർ ഇടത്തിലെ ചർച്ചയായി രവിയും കൃഷ്ണകുമാറും തമ്മിലുള്ള ബന്ധം

ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയിലാണ് സംഭവം. ഹോട്ടൽ ജീവനക്കാരനാണെന്ന് കരുതി ഭക്ഷണം കഴിക്കാനെത്തിയ മനുബോതുല പ്രശാന്തിനോട് പൊന്നല പ്രശാന്തും പൊന്നല കിഷോറും തൈര് ആവശ്യപ്പെടുകയായിരുന്നു. താൻ ഹോട്ടൽ ജീവനക്കാരനല്ലെന്ന് മനുബോതുല പ്രശാന്ത് അറിയിച്ചതോടെ പൊന്നല പ്രശാന്ത് ഇയാളെ ആക്രമിക്കുകയായിരുന്നു. പിന്നാലെ, പൊന്നല കിഷോറും ആക്രമണത്തിൽ പങ്കാളിയായി. സംഘർഷത്തിൽ മനുബോതുല പ്രശാന്തിന് പരിക്കേറ്റു.

സംഭവത്തിൽ മനുബോതുല പ്രശാന്തിൻ്റെ പരാതിയിൽ പൊന്നല പ്രശാന്ത്, പൊന്നല കിഷോർ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്.

പ്രദേശത്ത് അടുത്ത കാലത്തായി ഇത്തരം അക്രമ സംഭവങ്ങൾ വർധിച്ചുവരുന്നതിൽ നാട്ടുകാർ വലിയ ആശങ്കയിലാണ്. പത്ത് ദിവസം മുൻപ് ശ്രീരാംപൂർ പ്രഗതി സ്റ്റേഡിയത്തിലും ഇരുവിഭാഗങ്ങൾ തമ്മിൽ വലിയ രീതിയിലുള്ള തല്ല് ഉണ്ടായിരുന്നു. പ്രദേശത്ത് അനധികൃത മദ്യവിൽപ്പന ശാലകൾ വ്യാപകമായി പ്രവർത്തിക്കുന്നതും രാത്രി ഒരുമണിവരെ മദ്യവിൽപന നടത്തുന്നുണ്ടെന്നും നാട്ടുകാർ ആരോപിക്കുന്നു. ക്രമസമാധാനം പാലിക്കുന്നതിൽ പൊലീസ് പരാജയപ്പെടുന്നു എന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു.