വിവിധ സംസ്ഥാനങ്ങളിലായി ഒന്നിലധികം വോട്ടര്‍ ഐഡി കാര്‍ഡുകള്‍ കൈവശം വെച്ചെന്ന കേസില്‍ നടന്‍ പ്രകാശ് രാജിന് ജാമ്യം. ബെംഗളൂരുവിലെ 48-ാമത് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ഉപാധികളോടെ താരത്തിന് ജാമ്യം അനുവദിച്ചത്.
കേസുമായി ബന്ധപ്പെട്ട് കോടതി നേരത്തെ പുറപ്പെടുവിച്ചിരുന്ന ജാമ്യമില്ലാ വാറന്റ് റദ്ദാക്കിക്കൊണ്ടാണ് നടപടി. കര്‍ണാടക, തമിഴ്നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലായി പ്രകാശ് രാജിന് നാല് വോട്ടര്‍ ഐഡി കാര്‍ഡുകളുണ്ടെന്ന് ആരോപിച്ച് ശേഷാദ്രിപുരം സ്വദേശിയാണ് കോടതിയെ സമീപിച്ചത്.
ബെംഗളൂരുവിലെ ശാന്തിനഗര്‍, തെലങ്കാനയിലെ സെരിലിംഗംപള്ളി, തമിഴ്‌നാട്ടിലെ വേളാച്ചേരി എന്നിവിടങ്ങളിലായി വോട്ടര്‍ കാര്‍ഡുകളുണ്ടെന്നും വേളാച്ചേരിയില്‍ മാത്രം രണ്ട് വോട്ടുകളുണ്ടെന്നുമാണ് പരാതിയിലെ ആരോപണം.
കേസില്‍ കോടതി നേരത്തെ മൂന്ന് തവണ സമന്‍സ് അയച്ചിട്ടും താരം ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നത്. എന്നാല്‍ തനിക്ക് സമന്‍സുകളൊന്നും ലഭിച്ചിരുന്നില്ലെന്നും മാധ്യമങ്ങളിലൂടെയാണ് വിവരമറിഞ്ഞതെന്നും പ്രകാശ് രാജിന്റെ അഭിഭാഷകര്‍ കോടതിയെ അറിയിച്ചു.
തുടര്‍ന്ന് കോടതിയില്‍ നേരിട്ട് ഹാജരായ താരം ജാമ്യാപേക്ഷ സമര്‍പ്പിക്കുകയായിരുന്നു. വാദങ്ങള്‍ അംഗീകരിച്ച കോടതി 4,000 രൂപയുടെ വ്യക്തിഗത ബോണ്ടിന്മേല്‍ ജാമ്യം അനുവദിക്കുകയും വാറന്റ് പിന്‍വലിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് ചട്ടപ്രകാരം രാജ്യത്ത് ഒരാള്‍ക്ക് ഒരു സ്ഥലത്ത് മാത്രമേ വോട്ടവകാശം പാടുള്ളൂ.




























