27.7 C
Kollam
Sunday 20th September, 2026 | 01:19:45 AM
Home News National വിവാഹം കഴിഞ്ഞിട്ട് ഒന്നര മാസം; യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍

വിവാഹം കഴിഞ്ഞിട്ട് ഒന്നര മാസം; യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍

താനെ: വിവാഹം കഴിഞ്ഞ് ഒന്നര മാസത്തിന് ശേഷം യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. മഹാരാഷ്ട്രയിലെ അമ്പര്‍നാഥിലാണ് സംഭവം. 26-കാരിയായ വിശാഖ എന്ന യുവതിയാണ് മരിച്ചത്. ഭര്‍ത്താവ് നിതിന്‍ തില്‍ക്കറിനെ കൂടാതെ ഭര്‍തൃമാതാവിനെയും ഭര്‍തൃസഹോദരനെയും കേസില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. വിവാഹത്തിന് ശേഷം വിശാഖ നിരന്തരം മര്‍ദനത്തിന് ഇരയായിട്ടുണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്ത് വന്നിരുന്നു. പിന്നാലെയാണ് വിശാഖയുടെ ഭര്‍ത്താവും ഭര്‍തൃ വീട്ടുകാരും അറസ്റ്റിലായത്.
ഏപ്രില്‍ 30 നായിരുന്നു ഇരുവരുടെയും വിവാഹം. കഴിഞ്ഞ ചൊവ്വാഴ്ചയാണ് യുവതിയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വിവാഹത്തിന് മുന്‍പ് ഇരുവരും തമ്മില്‍ നല്ല സൗഹൃദമായിരുന്നുവെന്നും എന്നാല്‍ വിവാഹത്തിന് പിന്നാലെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയായിരുന്നുവെന്ന് വിശാഖയുടെ കുടുംബം ആരോപിച്ചു. വിവാഹ സമയത്ത് ലഭിച്ച സമ്മാനങ്ങളില്‍ സംതൃപ്തരല്ലെന്നും, കൂടുതല്‍ സ്വര്‍ണാഭരണങ്ങളും പണവും ഭര്‍തൃവീട്ടുകാര്‍ ആവശ്യപ്പെട്ടതായും പറയുന്നു.
കൂടാതെ ഡോ.നിതിന്‍ തില്‍ക്കര്‍ ഭാര്യയെ നിരീക്ഷിക്കുന്നതിനായി വീടിനകത്തും പുറത്തും സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചതായും കുടുംബം വെളിപ്പെടുത്തി. അയല്‍ക്കാരുമായി സംസാരിച്ചാല്‍ പോലും വിശാഖ മൃഗീയ മര്‍ദനത്തിന് ഇരയാകേണ്ടി വന്നിട്ടുണ്ടെന്നും ആരോപിച്ചു. ഭര്‍തൃവീട്ടിലെ മര്‍ദനം സംബന്ധിച്ച് വിശാഖ അമ്മയോട് സംസാരിക്കുകയും ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. വിശാഖയെ തിരികെ വീട്ടിലേക്ക് കൊണ്ടുവരാന്‍ പദ്ധതിയിട്ടിരുന്നു, എന്നാല്‍ അതിന് മുമ്പുതന്നെ മരണവാര്‍ത്തയെത്തിയെന്നും യുവതിയുടെ ബന്ധുക്കള്‍ പറയുന്നു. സംഭവത്തില്‍ അന്വേഷണം നടത്തി വരികയാണ്.