ദക്ഷിണേന്ത്യക്കുമേല്‍ വട്ടമിട്ട് പ്രധാനമന്ത്രി

ഒറ്റ ദിവസം മൂന്ന് സംസ്ഥാനങ്ങളിൽ ഇന്ത്യ മുന്നണിയ്ക്കെതിരെ രൂക്ഷ വിമർശനം കോയമ്പത്തൂരിൽ റോഡ് ഷോ നടത്തി

കോയമ്പത്തൂര്‍.മോദി പ്രഭാവത്തിൽ ദക്ഷിണേന്ത്യയിൽ നിന്ന് പരമാവധി സീറ്റുകൾ നേടണം, ബിജെപിയുടെ ലക്ഷ്യം വ്യക്തമാണ്. ദക്ഷിണേന്ത്യയിൽ തുടരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മൂന്ന് സംസ്ഥാനങ്ങളിലെ പ്രചാരണ പരിപാടികളിൽ പങ്കെടുത്തു. നാളെ കേകളത്തിലുമെത്തും. തെലങ്കാനയിലെ ജഗ്ത്യാലിലും കർണാടകയിലെ ശിവമോഗയിലും പൊതുസമ്മേളനത്തിൽ പങ്കെടുത്ത മോദി, അതിരൂക്ഷ വിമർശനമാണ് ഇന്ത്യ മുന്നണിയ്ക്കെതിരെയും രാഹുൽഗാന്ധിയ്ക്കെതിരെയും ഉന്നയിച്ചത്. വൈകിട്ട് കോയമ്പത്തൂരിൽ നടത്തിയ റോഡ് ഷോയിലും മോദി പങ്കെടുത്തു.

ദക്ഷിണേന്ത്യ പിടിയ്ക്കാൻ ബിജെപി പ്രധാനമന്ത്രി നരേന്ദ്രമോദിയെ തന്നെയാണ് കളത്തിലിറക്കിയിട്ടുള്ളത്. മോദി പ്രഭാവത്തിൽ ദക്ഷിണേന്ത്യയിൽ നിന്ന് പരമാവധി സീറ്റുകൾ നേടുകയാണ് ലക്ഷ്യം. ഇന്ന് തെലങ്കാന,കർണാടക, തമിഴ് നാട് സംസ്ഥാനങ്ങളിലാണ് മോദി എത്തിയത്. നാളെ പാലക്കാടും സേലത്തും തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ മോദി പങ്കെടുക്കും. തെലങ്കാനയിലെ ജഗ്ത്യാലിലായിരുന്നു ഇന്ന് മോദിയുടെ ആദ്യ പരിപാടി. രാഹുൽ ഗാന്ധിയുടെ ശക്തിയ്ക്കെതിരായ പ്രസ്താവനയ്ക്കെതിരെ രൂക്ഷമായ പ്രതികരണമാണ് മോദി നടത്തിയത്. ശക്തിയ്ക്കെതിരായ പോരാട്ടമാണ് ഇന്ത്യ സഖ്യം നടത്തുന്നതെന്നും എല്ലാ സ്ത്രീകളെയും ശക്തി സ്വരൂപത്തിൽ കണ്ട് ആരാധിക്കുന്നവനാണ് ഞാൻ. ശക്തി സ്വരൂപത്തെ നശിപ്പിയ്ക്കാൻ ശ്രമിക്കുന്നവരും സംരക്ഷിക്കാൻ ശ്രമിക്കുന്നവരും തമ്മിലുള്ള പോരാട്ടാമാണ് നടക്കുന്നത്. അതിനുള്ള മറുപടി ജൂൺ നാലിന് അറിയാമെന്നും പ്രധാനമന്ത്രി.

തുടർന്ന് കർണാടകയിലെ ശിവമോഗയിലെത്തിയ മോദി, കോൺഗ്രസ് സർക്കാറിനെ രൂക്ഷമായി വിമർശിച്ചു. ബ്രിട്ടീഷുകാർ ഉപയോഗിച്ചിരുന്ന ഭിന്നിപ്പിച്ച് ഭരിയ്ക്കൽ നയമാണ് കോൺഗ്രസ് തുടരുന്നതെന്നും ജാതിയുടെയും മതത്തിൻ്റെയും ഭാഷയുടെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിച്ചാണ് കോൺഗ്രസ് ഭരണം കൈവശപ്പെടുത്തുന്നതെന്നും മോദി പറഞ്ഞു. 

പിന്നീട് തമിഴ് നാട്ടിലെ കോയമ്പത്തൂരിലെത്തിയ പ്രധാനമന്ത്രി മേട്ടുപ്പാളയം റോഡ് മുതൽ ആർഎസ് പുരം വരെ റോഡ് ഷോയിൽ പങ്കെടുത്തു. തുടർന്ന് ആർഎസ് പുരത്ത് 1998 ലെ സ്ഫോടനത്തിൽ മരിച്ചവരുടെ സ്മാരകത്തിൽ പുഷ്പാർച്ഛനയും നടത്തി. അതിനിടെ, പട്ടാളി മക്കൾ കക്ഷി എൻഡിഎ സഖ്യത്തിനൊപ്പം ചേർന്നു. നാളെ സേലത്ത് പിഎംകെ നേതാക്കൾ പ്രധാനമന്ത്രിയെ കാണും. ഏഴ് ലോക് സഭ സീറ്റുകളും ഒരു രാജ്യസഭാ സീറ്റും നൽകിയേക്കും 
Advertisement