പൗരത്വ നിയമ പ്രതിഷേധ കേസ്, സര്‍ക്കാര്‍ തിരക്കിട്ട നീക്കത്തില്‍

തിരുവനന്തപുരം.പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധവുമായി ബന്ധപ്പെട്ടു രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കാൻ സര്‍ക്കാര്‍ തിരക്കിട്ട നീക്കം തുടങ്ങി. പിൻവലിക്കാൻ തീരുമാനിച്ച കേസുകളുടെയെല്ലാം നടപടി പൂർത്തിയായെന്ന് ഉറപ്പിക്കണമെന്നു ചൂണ്ടിക്കാട്ടി ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. കേസുകൾ പിൻവലിക്കാത്തത് പ്രതിപക്ഷം ആയുധമാക്കിയതിന് പിന്നാലെയാണ്
സർക്കാരിന്റെ തിരക്കിട്ട നടപടി.

പൗരത്വ നിയമം നടപ്പിലാക്കില്ലെന്നു നിലപാട് എടുത്ത സർക്കാർ പ്രതിഷേധത്തിനെതിരെയുള്ള കേസ് പിൻവലിക്കാത്തത് ഇരട്ടത്താപ്പെന്നായിരുന്നു പ്രതിപക്ഷ വിമർശനം.ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രതിപക്ഷം
ഇത് ആയുധമാക്കുകയും ചെയ്തു.

പിന്നാലെയാണ് പ്രതിഷേധവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റ‍ര്‍ ചെയ്ത കൂടുതൽ കേസുകൾ പിൻവലിക്കാൻ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നൽകി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറകിയത്.ആഭ്യന്തര സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവിൽ നേരത്തെ പിൻവലിക്കാൻ ഉത്തരവിട്ട കേസുകളുമായി ബന്ധപ്പെട്ട അപേക്ഷകൾ കോടതിയിൽ എത്തിയോ എന്ന് ഉറപ്പാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.സംസ്ഥാനത്തു സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് ആകെ 835 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബഹുജന പ്രക്ഷോഭത്തിനും സിപിഐഎം തീരുമാനിച്ചിട്ടുണ്ട്.

Advertisement