കുടിയേറിയ മുസ്ലീങ്ങളുടെ പൗരത്വത്തെ നിയമവിരുദ്ധമാക്കുകയാണ് പൗരത്വനിയമത്തിന്‍റെ ലക്ഷ്യം,പിണറായി

പൗരത്വ നിയമം മുൻനിർത്തിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണം വിജയം കണ്ടുവെന്ന വിലയിരുത്തലില്‍ സിപിഎം

കോഴിക്കോട്. പൗരത്വ നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വിഷയത്തിൽ കോൺഗ്രസിന് നിലപാടില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. സിപിഐഎം കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച പൗരത്വ സംരക്ഷണ റാലിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

രാജ്യത്തിൻറെ മതനിരപേക്ഷ സ്വഭാവം തകർക്കാനുള്ള സംഘപരിവാർ അജണ്ട നടപ്പാക്കുകയാണ് കേന്ദ്ര സർക്കാർ. ഇതിൻ്റെ ഭാഗമാണ് പൗരത്വ ഭേദഗതി നിയമം. കുടിയേറിയ മുസ്ലീങ്ങളുടെ പൗരത്വത്തെ നിയമവിരുദ്ധമാക്കുകയാണ് ലക്ഷ്യം. അത് കേരളത്തിൽ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി.

പൗരത്വ നിയമത്തിന് എതിരെ പ്രതിരോധം തീർത്തത് ഇടത് പക്ഷം മാത്രമാണ്.കോൺഗ്രസിന് എതിരെയും രൂക്ഷ വിമർശനം. വിഷയത്തിൽ കോൺഗ്രസിന് നിലപാടില്ല. യോജിച്ച പ്രക്ഷോഭത്തിൽ പങ്കെടുത്ത പലർക്കെതിരെയും കോൺഗ്രസ് നടപടി സ്വീകരിച്ചുവെന്നും മുഖ്യമന്ത്രിയുടെ കുറ്റപ്പെടുത്തൽ.

കോഴിക്കോട് കടപ്പുറത്ത് നടന്ന റാലിയിൽ സമസ്ത ഉൾപ്പടെയുള്ള വിവിധ മതസാമുദായിക സംഘടനകളിലെ നേതാക്കളെ അണിനിരത്താനും സിപിഐഎമ്മിന് സാധിച്ചു. ആയിരങ്ങൾ കടപ്പുറത്തേക്ക് ഒഴുകിയെത്തിയതോടെ പൗരത്വ നിയമം മുൻനിർത്തിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണം വിജയം കണ്ടുവെന്ന വിലയിരുത്തലിലാണ് സിപിഐഎം. 

Advertisement