‘തുടക്കം മുതല്‍ ഒപ്പം നിന്നവർ, അവരോട് കടപ്പാടുണ്ട്’; 50 ജീവനക്കാര്‍ക്ക് പുതുപുത്തൻ കാർ സമ്മാനിച്ച് ഐടി സ്ഥാപനം

ചെന്നൈ: 50 ഐടി ജീവനക്കാര്‍ക്ക് പുതിയ കാര്‍ സമ്മാനിച്ച് സ്ഥാപന മേധാവി. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐഡിയസ്2ഐടി ടെക്‌നോളജി സർവീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ മേധാവി മുരളിയാണ് ജീവനക്കാര്‍ക്ക് കാര്‍ സമ്മാനമായി നല്‍കിയത്.

2009ലാണ് മുരളി ഭാര്യയ്ക്കൊപ്പം ഐടി സ്ഥാപനം തുടങ്ങിയത്. ഈ സംരംഭത്തിന്റെ തുടക്കം മുതൽ കുറച്ച് ജീവനക്കാർ തനിക്ക് എല്ലാ പിന്തുണയും നല്‍കി കൂടെ നിന്നിട്ടുണ്ടെന്നും അവരോട് കടപ്പെട്ടിരിക്കുന്നുവെന്നും മുരളി പറഞ്ഞു. നിലവില്‍ ഓഹരികള്‍ തന്‍റെയും ഭാര്യയുടെയും പേരിലാണ്. ദീര്‍ഘകാലമായി സ്ഥാപനത്തില്‍ ജോലിചെയ്യുന്നവരുടെ പേരിലേക്ക് 33 ശതമാനം ഓഹരികള്‍ മാറ്റുമെന്നും മുരളി അറിയിച്ചു. വരുമാനം പങ്കിടുന്നതിന്‍റെ ഭാഗമായി 50 ജീവനക്കാര്‍ക്ക് കാര്‍ സമ്മാനമായി നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജീവനക്കാരുടെ കഠിനാധ്വാനത്തിന് പ്രതിഫലം എന്ന നിലയിലാണ് സമ്മാനം നല്‍കുന്നതെന്ന് മുരളി വ്യക്തമാക്കി. കമ്പനി കഴിഞ്ഞ വർഷം 100 കാറുകൾ ജീവനക്കാര്‍ക്ക് സമ്മാനിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ദീപാവലി സമയത്ത് ഇതുപോലെ ജീവനക്കാര്‍ക്ക് മേധാവിമാര്‍ വാഹനങ്ങള്‍ സമ്മാനമായി നല്‍കിയ വാര്‍ത്തകള്‍ വന്നിരുന്നു. ഗുജറാത്തിലെ വജ്രവ്യാപാരിയായ സാവ്ജിഭായ് ധോലാകിയ, തന്റെ സ്ഥാപനമായ ഹരികൃഷ്ണ എക്‌സ്‌പോർട്ട്‌സിൽ ജോലി ചെയ്യുന്ന 600 പേര്‍ക്ക് കാറുകളും സ്ഥിര നിക്ഷേപങ്ങളും ഇൻഷുറൻസ് പോളിസികളും നൽകി. അഹമ്മദാബാദിലും സമാന സംഭവമുണ്ടായിരുന്നു. 13 ജീവനക്കാര്‍ക്കാണ് ഐടി സ്ഥാപനം കാര്‍ സമ്മാനമായി നല്‍കിയത്.

Advertisement