മിഗ്ജൗമ് ചുഴലിക്കാറ്റ് ആന്ധ്രയിലേക്ക്; ചെന്നൈയിൽ മഴയ്ക്ക് ശമനം, എട്ട് മരണം; വിമാന സർവീസുകൾ പുനരാരംഭിച്ചു

ചെന്നൈ:
മിഗ്ജൗമ് തീവ്ര ചുഴലിക്കാറ്റ് ആന്ധ്രയിലേക്ക് അടുക്കുന്നു. മച്ചിലിപട്ടണത്തും ബാപ്ടയിലും കനത്ത മഴയാണ് പെയ്യുന്നത്. 110 കിലോമീറ്റർ വേഗതയിൽ ആന്ധ്രയിലെ നെല്ലൂരിനും മച്ചിലിപട്ടണത്തിനും ഇടയിൽ ചുഴലിക്കറ്റ് കര തൊടുമെന്നാണ് കരുതുന്നത്. അതേസമയം ചെന്നൈയിൽ മഴയ്ക്ക് ശമനമുണ്ട്. ചെന്നൈ അടക്കം തമിഴ്‌നാട്ടിലെ നാല് ജില്ലകളിൽ ഇന്നും പൊതു അവധിയാണ്
മഴയ്ക്ക് ശമനം വന്നതോടെ ചെന്നൈയിൽ വിമാന, മെട്രോ സർവീസുകൾ പുനരാരംഭിച്ചു. ചൊവ്വാഴ്ച രാവിലെ 9 മണി വരെ വിമാനസർവീസുകൾ നിർത്തിവെച്ചിരിക്കുകയായിരുന്നു. മഴ കുറഞ്ഞെങ്കിലും നഗരത്തിലെ പല മേഖലകളിലും ഇപ്പോഴും വെള്ളക്കെട്ട് രൂക്ഷമാണ്. രാവിലെ 11 മണിയോടെ ചെന്നൈയിലെ 80 ശതമാനം സ്ഥലത്തും വൈദ്യുതി പുനഃസ്ഥാപിക്കാനാകുമെന്നും അധികൃതർ അറിയിച്ചു

മഴക്കെടുതിയിൽ ചെന്നൈയിൽ മരിച്ചവരുടെ എണ്ണം എട്ടായി. ഒരു സ്ത്രീയും ഏഴ് പുരുഷൻമാരുമാണ് മരിച്ചത്. നഗരത്തിലെ 17 സബ് വേകൾ അടഞ്ഞു കിടക്കുകയാണ്. അതേസമയം ആന്ധ്രയിൽ കനത്ത ജാഗ്രത തുടരുകയാണ്. എട്ട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Advertisement