പത്തിൽ പത്തുമായി സ്വപ്‌നതുല്യ തേരോട്ടം; ഒരു ജയമകലെ ഇന്ത്യക്ക് വിശ്വകിരീടം

ഒരേയൊരു വിജയം കൂടി. ലോക ക്രിക്കറ്റിന്റെ രാജാക്കൻമാരാകാൻ ഇന്ത്യക്ക് വേണ്ടത് അത്ര മാത്രം. ഈ ലോകകപ്പിൽ കളിച്ച പത്ത് മത്സരങ്ങളിലും തോൽവിയറിയാതെ കുതിക്കുന്ന ഇന്ത്യക്ക് കലാശപ്പോരിലും ആ മികവ് കാണിക്കാൻ ആകുമോ. പത്ത് മത്സരങ്ങളിലും സമ്പൂർണ ആധിപത്യത്തോടെയുള്ള വിജയമാണ് ഇന്ത്യ കരസ്ഥമാക്കിയത്. ബാറ്റ്‌സ്മാൻമാരും ബൗളർമാരുമെല്ലാം അമ്പരപ്പിക്കുന്ന ഫോമിലും. ഇത് തന്നെയാണ് കോടിക്കണക്കിന് വരുന്ന ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെയും ത്രസിപ്പിക്കുന്നത്.

വിരാട് കോഹ്ലിയുടെ സ്വപ്‌നതുല്യമായ ഫോം ആണ് ഇന്ത്യക്ക് മുതൽക്കൂട്ടാകുന്നത്. ഈ ലോകകപ്പിലെ പത്ത് മത്സരങ്ങളിൽ നിന്ന് കോഹ്ലി നേടിയത് മൂന്ന് സെഞ്ച്വറിയും അഞ്ച് അർധ സെഞ്ച്വറികളും. ഓപണിംഗ് വിക്കറ്റിൽ തകർപ്പനടികളോടെ തുടക്കമിടുന്ന രോഹിത് പിന്നാലെ വരുന്ന ബാറ്റ്‌സ്മാൻമാരുടെ സമ്മർദവും കുറയ്ക്കുന്നു. നാലാമനായി ക്രീസിലെത്തുന്ന ശ്രേയസ്സും അഞ്ചാമനായി എത്തുന്ന രാഹുലും വമ്പനടികളുമായി ക്രീസിൽ കളം വാഴുമ്പോൾ ഭൂരിഭാഗം മത്സരങ്ങളിലും ഇന്ത്യ അനായാസമാണ് കൂറ്റൻ സ്‌കോറിലേക്ക് കുതിച്ചെത്തിയത്

ബൗളിംഗിൽ മുഹമ്മദ് ഷമിയാണ് നയിക്കുന്നത്. ലോകകപ്പിലെ ആദ്യ മത്സരങ്ങളിൽ പുറത്തിരുന്ന ഷമി പിന്നീടുള്ള ആറ് മത്സരങ്ങളിൽ നിന്ന് 23 വിക്കറ്റുകളാണ് വീഴ്ത്തിയത്. ന്യൂസിലാൻഡിനെതിരെ ഇന്നലെ നടന്ന സെമി ഫൈനൽ മത്സരത്തിൽ ഏഴ് വിക്കറ്റുകൾ സ്വന്തമാക്കി പ്ലെയർ ഓഫ് ദ ടൂർണമെന്റ് പുരസ്‌കാരവും അദ്ദേഹം നേടി. ലോകകപ്പിൽ വേഗത്തിൽ 50 വിക്കറ്റുകൾ നേടുന്ന താരമെന്ന റെക്കോർഡും ഷമിക്കാണ്. മുഹമ്മദ് സിറാജും ജസ്പ്രീത് ബുമ്രയും തങ്ങളുടെ റോളുകൾ ഗംഭീരമാക്കുന്നതോടെ ഇന്ത്യയുടെ പേസ് നിര പൂർണസജ്ജം

Advertisement