കാമുകനെ കണ്ടാൽ മുറിയിൽ പൂട്ടിയിടുമെന്ന് ഭീഷണി; അമ്മയ്ക്ക് വിഷച്ചായ നൽകി 16കാരി

Advertisement

ലക്നൗ ∙ കാമുകനെ സന്ദർശിക്കുന്നതു വിലക്കിയ അമ്മയ്ക്ക് ചായയിൽ വിഷം കലർത്തി നൽകി പതിനാറുകാരി. റായ്ബറേലിയിൽ വെള്ളിയാഴ്ചയാണ് സംഭവം.

കാമുകനുമായുള്ള ബന്ധത്തെ എതിർക്കുകയും കാണുന്നതിൽ വിലക്കേർപ്പെടുത്തുകയും ചെയ്തതിനാണ് മകളുടെ പ്രതികാര നടപടി. സംഗീത യാദവ്(48) എന്ന സ്ത്രീക്കാണ് മകൾ ചായയിൽ വിഷം കലർത്തി നൽകിയത്.

വിഷം ഉള്ളിൽ ചെന്ന അമ്മ അബോധാവസ്ഥയിൽ ആയതു കണ്ട് ഭയന്ന കുട്ടി വിവരം അയൽവാസികളെ അറിയിച്ചു. ചായ കുടിച്ചതിനു പിന്നാലെ അമ്മ ബോധരഹിതയായെന്നാണ് കുട്ടി പറഞ്ഞത്. സംഗീതയെ പെട്ടെന്ന് ആശുപത്രിയിൽ എത്തിച്ചതിനാൽ ജീവൻ തിരിച്ചുകിട്ടി. കാമുകൻ വഴിയാണ് പെൺകുട്ടി വിഷം വാങ്ങിയതെന്നാണ് പൊലീസ് പറയുന്നത്. കാമുകനെ ഇനി കണ്ടാൽ മുറിയിൽ പൂട്ടിയിടുമെന്ന് അമ്മ ഭീഷണിപ്പെടുത്തിയെന്നും ഇതിൽ പ്രകോപിതയായ പെൺകുട്ടി വിഷം നൽകുകയായിരുന്നു എന്നുമാണു പൊലീസ് പറയുന്നത്.

പെൺകുട്ടിക്കും കാമുകനുമെതിരെ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. സംഭവം നടന്നതിനു പിന്നാലെ കാമുകൻ ഒളിവിൽ പോയതിനാൽ പൊലീസ് പെൺകുട്ടിയെ ചോദ്യം ചെയ്‌തു വരികയാണ്. കാമുകന്റെ പേരു പറഞ്ഞ് പെൺകുട്ടി സ്ഥിരമായി അമ്മയുമായി വഴക്കാണെന്ന് പൊലീസ് അറിയിച്ചു. ജോലി സംബന്ധമായ ആവശ്യവുമായി പെൺകുട്ടിയുടെ പിതാവ് മറ്റൊരു ജില്ലയിലാണ്.

Advertisement