ഏകദിന ലോകകപ്പ്:വിറപ്പിച്ചും വിറച്ചും ഇന്ത്യക്ക് ജയം;6 വിക്കറ്റിന്

ചെന്നൈ: ആദ്യന്തം ഉദ്വേഗം നിറഞ്ഞ മത്സരത്തിൽ ഇന്ത്യയുടെ ലോകകപ്പ് പോരട്ടത്തിന് ജയത്തോടെ തുടക്കം. ചെന്നൈ എം.എ. ചിദംബരം സ്റ്റേഡിയത്തിൽ ഓസ്ട്രേലിയയെ ആറു വിക്കറ്റിനു പരാജയപ്പെടുത്തിയെങ്കിലും, സ്കോർ ലൈൻ സൂചിപ്പിക്കുന്നത്ര അനായാസമായിരുന്നില്ല വിജയം.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസ്ട്രേലിയക്ക് സ്പിൻ കെണിക്കു മുന്നിൽ കാലിടറിയപ്പോൾ 49.3 ഓവറിൽ 199 റൺസിന് ഓൾഔട്ട്. എന്നാൽ, അതേ നാണയത്തിൽ തിരിച്ചടിച്ച ഓസ്ട്രേലിയൻ ബൗളർമാർ ഒരു ഘട്ടത്തിൽ ഇന്ത്യയെ രണ്ടു റൺസെടുക്കുന്നതിനിടെ മൂന്നു വിക്കറ്റ് നിലയിലാക്കിയിരുന്നു. അവിടെ ഒരുമിച്ച വിരാട് കോലി (85) – കെ.എൽ. രാഹുൽ (97*) സഖ്യമാണ് 165 റൺസ് കൂട്ടുകെട്ടുമായി നാണക്കേട് ഒഴിവാക്കിയത്. 52 പന്ത് ശേഷിക്കെ നാലു വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ ലക്ഷ്യം നേടിയത്.

നേരത്തെ, ആറു പന്ത് നേരിട്ട് റണ്ണൊന്നുമെടുക്കാത്ത മിച്ചൽ മാർഷിനെ മൂന്നാമത്തെ ഓവറിൽ ജസ്പ്രീത് ബുംറ പുറത്താക്കിയ ശേഷം ഇന്ത്യൻ സ്പിന്നർമാർ രംഗം കൈയടക്കുന്ന കാഴ്ചയായിരുന്നു. ആർ. അശ്വിൻ – രവീന്ദ്ര ജഡേജ – കുൽദീപ് യാദവ് എന്നിങ്ങനെ രാജ്യത്തെ ഏറ്റവും മികച്ച സ്പിന്നർമാരെ ഒരുമിച്ച് അണിനിരത്തിയ ഇന്ത്യൻ തന്ത്രം ഫലിച്ചു. മൂവരും കൂടി എറിഞ്ഞ 30 ഓവറിൽ വീണത് ആറ് വിക്കറ്റ്, വിട്ടുകൊടുത്തത് 104 റൺസ്.

ജഡേജ 28 റൺസ് മാത്രം വഴങ്ങി സ്റ്റീവൻ സ്മിത്ത് (46), മാർനസ് ലബുഷെയ്ൻ (27), അലക്സ് കാരി (0) എന്നിവരുടെ നിർണായക വിക്കറ്റുകൾ സ്വന്തമാക്കി. ഡേവിഡ് വാർനറെയും (41) ഗ്ലെൻ മാക്സ്‌വെല്ലിനെയും (15) പുറത്താക്കിയ കുൽദീപാണ് കൂടുതൽ അപകടകാരിയായതെങ്കിലും 42 റൺസ് വഴങ്ങി. 34 റൺസ് വഴങ്ങിയ അശ്വിൻ കാമറൂൺ ഗ്രീനിന്‍റെ (8) വിക്കറ്റ് വീഴ്ത്തി.

പത്തോവർ ക്വോട്ട തികച്ച ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റ് നേടി. ഓവറിൽ ആറു റൺസിനു മേൽ വിട്ടുകൊടുത്തത് ഹാർദിക് പാണ്ഡ്യ മാത്രം. മൂന്നോവറിൽ 28 റൺസ് വഴങ്ങിയ ഹാർദിക്കും ഒരു വിക്കറ്റ് നേടി. ബുംറയ്ക്കൊപ്പം നല്ല നിയന്ത്രണത്തോടെ പന്തെറിഞ്ഞ മുഹമ്മദ് സിറാജ് 6.3 ഓവറിൽ 26 റൺസിനും ഒരു വിക്കറ്റെടുത്തു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ആദ്യ ഓവറിലെ നാലാം പന്തിൽ തന്നെ ഓപ്പണർ ഇഷാൻ കിഷനെ (0) നഷ്ടമായി. അടുത്ത ഓവറിൽ ക്യാപ്റ്റൻ രോഹിത് ശർമയും (0) ശ്രേയസ് അയ്യരും (0) കൂടി കൂടാരം കയറിയപ്പോൾ സ്കോർ ബോർഡിൽ എക്സ്ട്രാ ഇനത്തിൽ ലഭിച്ച രണ്ടു റൺസ് മാത്രമാണുണ്ടായിരുന്നത്.

അവിടെ ഒരുമിച്ച കോലിയും രാഹുലും അപകടം ഒഴിവാക്കാനാണ് ആദ്യം ശ്രദ്ധിച്ചത്. ആവശ്യമായ റൺ നിരക്ക് ഒരിക്കലും പരിധി വിട്ടതുമില്ല. ജയിക്കാൻ 33 റൺസ് കൂടി വേണ്ടപ്പോഴാണ്, സെഞ്ചുറിയിലേക്കു കുതിക്കുകയായിരുന്നു വിരാട് കോലിയുടെ പുറത്താകൽ. 116 പന്തിൽ ആറു ഫോർ ഉൾപ്പെടെ 85 റൺസായിരുന്നു സമ്പാദ്യം.

തുടർന്നെത്തിയ ഹാർദിക് പാണ്ഡ്യ അറ്റാക്കിങ് ഗെയിമിലൂടെ രാഹുലിന് ഉറച്ച പിന്തുണ നൽകിയപ്പോൾ ഓസ്ട്രേലിയൻ ബൗളർമാർക്ക് പിന്നെ അവസരമില്ലാതായി. കളി അവസാനിക്കുമ്പോൾ, രാഹുലിനൊപ്പം ഹാർദിക്കും (11) പുറത്താകാതെ നിന്നു. 115 പന്തിൽ എട്ട് ഫോറും രണ്ടു സിക്സും ഉൾപ്പെടെയാണ് രാഹുൽ 97 റൺസെടുത്തത്

Advertisement