പുഞ്ചിരിച്ചുകൊണ്ട് സ്വാ​ഗതം ചെയ്യുമ്പോൾ ഞങ്ങൾ ‘എബിപി’യെ തിരയുകയാണ്, വൈറലായി എയർഹോസ്റ്റസിന്റെ വെളിപ്പെടുത്തൽ

വിമാനത്തിലേക്ക് കയറുമ്പോൾ ഫ്ലൈറ്റ് അറ്റൻഡന്മാർ നമ്മളെ സ്നേഹത്തോടെ എതിരേൽക്കുന്നത് നാം കാണാറുണ്ട് അല്ലേ? തൊഴുകയ്യോടെ തല അൽപ്പം കുനിച്ച് അങ്ങനെ… എന്നാൽ, നാമെല്ലാവരും കരുതുന്നത് ഇത് അവരുടെ സർവീസിന്റെ ഭാ​ഗമാണ് അവരുടെ കസ്റ്റമേഴ്സിനോട് അവർ ബഹുമാനം കാണിക്കുന്നതാണ് എന്നൊക്കെ ആയിരിക്കും. എന്നാൽ, അങ്ങനെ മാത്രമല്ല എന്നാണ് ഇപ്പോൾ ഫ്ലൈറ്റ് അറ്റൻഡന്റായ കാറ്റ് കമലാനി പറയുന്നത്.

ടിക്ടോക്കിൽ @katkamalani എന്ന് അറിയപ്പെടുന്ന അവർ പറയുന്നത് നാം വിമാനത്തിലേക്ക് കയറുമ്പോൾ തന്നെ നമ്മളെ മൊത്തത്തിൽ അവരൊന്ന് വിലയിരുത്തുകയാണ് എന്നാണ്. വിമാനത്തിൽ ഒരു അടിയന്തരാവസ്ഥ വന്നാൽ നമുക്ക് അവരെ സഹായിക്കാൻ സാധിക്കുമോ എന്ന് അറിയാനാണത്രെ ഇങ്ങനെ നോക്കുന്നത്.

‘നിങ്ങൾ വിമാനത്തിൽ കയറുമ്പോൾ തന്നെ ഞങ്ങളുടെ പുഞ്ചിരിക്കുന്ന മുഖം കാണാറുണ്ട്. ആ സമയത്ത് ഞങ്ങൾ നിങ്ങളെ അടിമുടി നോക്കാറുമുണ്ട്. അത് ഞങ്ങൾ ഞങ്ങളുടെ എബിപികളെ കണ്ടെത്താൻ ശ്രമിക്കുന്നതാണ്’ എന്നാണ് കമലാനി വീഡിയോയിൽ പറയുന്നത്. എബിപി എന്നാൽ ‘able body person’ എന്നാണ്. അതായത്, വിമാനത്തിലെ ജീവനക്കാരെ അടിയന്തര സാഹചര്യങ്ങളിൽ സഹായിക്കാൻ കഴിയുന്ന ഒരാൾ.

സൈനികർ, പൈലറ്റുമാർ, അഗ്നിശമന സേനാംഗങ്ങൾ, പൊലീസുകാർ, ഫിസിഷ്യൻമാർ എന്നിവരെല്ലാം ഇതിൽ പെടുന്നു. വിമാനത്തിൽ ആർക്കെങ്കിലും വയ്യാതായാൽ അല്ലെങ്കിൽ ലാൻഡിങ് സമയത്തോ മറ്റോ എന്തെങ്കിലും സംഭവിച്ചാൽ, സുരക്ഷാ ലംഘനം ഉണ്ടായാൽ ഒക്കെ ഇവരുടെ സഹായം ആവശ്യമായി വരാറുണ്ട് എന്നും കമലാനി പറയുന്നു.

അതുപോലെ തന്നെ മനുഷ്യക്കടത്ത് എളുപ്പത്തിൽ മനസിലാക്കാനും ഫ്ലൈറ്റ് അറ്റൻഡന്റുമാർക്ക് പരിശീലനം കിട്ടിയിട്ടുണ്ട് എന്നും അത് അവർക്ക് പെട്ടെന്ന് തന്നെ മനസിലാക്കാൻ സാധിക്കും എന്നും കൂടി അവർ പറയുന്നു.

Advertisement