10 വർഷം മുൻപ് മരിച്ച് പോയ അധ്യാപികയ്ക്ക് 7.56 കോടിയുടെ നികുതി നോട്ടീസ്

ഭോപ്പാൽ: 10 വർഷങ്ങൾക്ക് മുൻപ് മരിച്ചുപോയ വനിതയ്ക്ക് 7.56 കോടിയുടെ ടാക്സ് നോട്ടീസ്. മധ്യപ്രദേശിലാണ് ആദായ നികുതി വകുപ്പ് മരിച്ചുപോയ വനിതയ്ക്ക് നികുതി നോട്ടീസ് അയച്ചതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഉഷാ സോണി എന്ന വനിതയുടെ കുടുംബം പരാതിയുമായി പൊലീസിനെ ബന്ധപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. ബെതൂൽ പൊലീസ് സൂപ്രണ്ടിനാണ് ഉഷാ സോണിയുടെ കുടുംബം പരാതി നൽകിയത്.

2013ൽ മരിച്ചു പോയ ഉഷാ സോണിക്ക് 7.56 കോടി രൂപയുടെ ടാക്സ് നോട്ടീസ് ലഭിച്ചുവെന്നാണ് കുടുംബം വിശദമാക്കുന്നത്. നോട്ടീസ് ലഭിച്ചതിന് പിന്നാലെ ആദായ നികുതി ഓഫീസുമായി ബന്ധപ്പെട്ടപ്പോൾ ഉഷാ സോണിയുടെ പാൻ അക്കൌണ്ട് വിവരങ്ങൾ ഒരു ആക്രി വിൽപന കമ്പനി 2017-18 കാലത്ത് ഉപയോഗിച്ചതായാണ് വിശദമാക്കുന്നത്. ആക്രി വിൽപന നടത്തുന്ന സ്ഥാപനം മറ്റൊരു സ്ഥാപനവുമായി നടത്തിയ ഇടപാടിനാണ് ഉഷാ സോണിയുടെ പാൻ വിവരങ്ങൾ ഉപയോഗിച്ചത്. ഇതോടെ അനധികൃതമായി വനിതയുടെ പാൻ വിവരങ്ങൾ ഉപയോഗിച്ചവർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പൊലീസിൽ പരാതി നൽകിയിട്ടുള്ളത്.

മധ്യപ്രദേശിൽ അധ്യാപികയായി ജോലി ചെയ്തിരുന്ന ഉഷാ സോണി കരൾ സംബന്ധിയായ അസുഖങ്ങളേ തുടർന്നാണ് മരിച്ചത്. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ ഉഷ സോണിയുടെ മകനായ പവൻ സോണിക്ക് ഇത്ര വലിയ തുക അടയ്ക്കാനുള്ള കഴിവില്ലെന്നും കുടുംബം വിശദമാക്കുന്നു. സംഭവത്തിൽ നടന്നതെന്താണെന്ന് കണ്ടെത്തി നികുതി നോട്ടീസിന് പരിഹാരം കാണണമെന്നും ഇവർ പരാതിയിൽ വിശദമാക്കുന്നു.

അതേസമയം ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന തിയതി ഇന്നലെ അവസാനിച്ചിരുന്നു. നികുതി റിട്ടേൺ ഫയൽ ചെയ്യാത്തവരിൽ നിന്ന് ഐ-ടി നിയമങ്ങൾ അനുസരിച്ച് 10,000 രൂപ വരെ പിഴ ഈടാക്കാം. ആദായനികുതി നിയമം 1961 – ലെ സെക്ഷൻ 234 എ യിലെ വ്യവസ്ഥകൾ അനുസരിച്ച്, മറ്റ് പിഴകൾക്ക് പുറമെ നികുതി ചുമത്താവുന്ന വരുമാനത്തിന് പലിശയും വകുപ്പിന് ഈടാക്കാം.

Advertisement